April 25, 2010

ഫാന്‍സുകാരെ നിങ്ങള്‍ക്ക് സലാം

ഏതാനുംവര്‍ഷങ്ങള്‍ക്കു മുമ്പ്‌ രജനീകാന്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കാനായി ഫിലിം അടങ്ങിയ പെട്ടി ഘോഷയാത്രയായാണ്‌ തിരുവനന്തപുരത്തെ തിയേറ്ററിലേക്ക്‌ കൊണ്ടുവന്നത്‌. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ്‌ പൂജയും സ്‌ക്രീനില്‍ പാലഭിഷേകവും നടന്നു. തിയേറ്റര്‍ കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും മൂക്കത്തുവിരല്‍വച്ച്‌ മലയാളി പറഞ്ഞു: `ഈ തമിഴന്മാരുടെയൊരു കാര്യം. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ!' വെറും പാണ്ടി'കളായ, നിരക്ഷരകുക്ഷികളായ തമിഴന്മാരെ നമ്മള്‍ അന്ന്‌ കളിയാക്കിക്കൊന്നു. തിരഞ്ഞെടുപ്പിനു നിന്നാല്‍ കെട്ടിവച്ച കാശ്‌പോലും കിട്ടാതെ സിനിമാതാരങ്ങളെ കെട്ടുകെട്ടിക്കുന്ന മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധതയെ നമ്മള്‍ ഉച്ചൈസ്‌തരംഘോഷിച്ചു.

എന്നിട്ട്‌, നമ്മള്‍ ഇപ്പോള്‍ `വെറും പാണ്ടി'കളെക്കാള്‍ കഷ്‌ടമായിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ വളര്‍ത്തുന്ന കുറേ പണിയില്ലാത്ത ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപീകരിച്ച്‌ മലയാളിയുടെ മാനംകെടുത്തുന്നു. `ഞങ്ങളുടെ ലാലേട്ടനെയും ഞങ്ങളുടെ മമ്മൂക്ക'യെയും തൊട്ടുകളിച്ചാല്‍ തൊട്ടുകളിക്കുന്നവന്റെ കൈവെട്ടുമെന്ന്‌ ഈ വിവരദോഷികളായ ചെറുപ്പക്കാര്‍ ചാനലില്‍ വീമ്പിളക്കുന്നു. തമിഴന്മാരെ നാണിപ്പിക്കുംവിധം സൂപ്പര്‍താരങ്ങളുടെ സിനിമ കളിക്കുന്ന തീയേറ്ററുകളെ അലങ്കാരങ്ങളാല്‍ മൂടുന്നു. ഫിലിം പെട്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജിക്കുന്നു. കഷ്‌ടംതന്നെ


കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ നിന്ന്‌ പാലവരെ സഞ്ചരിച്ചപ്പോഴാണ്‌ ഫാന്‍സ്‌ അസോസിയേഷനുകാര്‍ കേരളത്തിന്റെ സാംസ്‌കാരിക റോഡോരം എത്രയധികം മലിനമാക്കുന്നുവെന്ന്‌ നേരിട്ട്‌ ബോധ്യപ്പെട്ടത്‌. എല്ലാ ചെറിയ ജങ്‌ഷനില്‍പ്പോലും സൂപ്പര്‍താരങ്ങളെ വാഴ്‌ത്തുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍. ജന്മനാവൈരികളായ മമ്മൂട്ടി-മോഹനലാല്‍ ഫാന്‍സുകള്‍ മത്‌സരിച്ചാണ്‌ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌. അറയ്‌ക്കുന്ന വാചകങ്ങളാണ്‌ ഫ്‌ളെക്‌സുകളില്‍. ഇത്‌ വെറും നാട്ടുരാജാവല്ല, ഇവന്‍ ദിഗന്തങ്ങള്‍ അടക്കിഭരിക്കുന്ന പഴശ്ശിരാജ' എന്ന്‌ ഒരു ഫ്‌ളെക്‌സ്‌ മമ്മൂട്ടിയെ പ്രകീര്‍ത്തിക്കുമ്പോള്‍ `ഇവന്‍ വെറും പഴശ്ശിരാജാവോ സേതുരാമയ്യരോ അല്ല. ഇവനാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി അഥവാ ഉലകനായകന്‍ എന്ന്‌ മോഹന്‍ലാല്‍ ഫ്‌ളെക്‌സ്‌ ആക്രോശിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാള്‍ക്കും കാറിത്തുപ്പാന്‍ തോന്നുന്ന ഡയലോഗുകള്‍. ആരാധനവേണം. പക്ഷേ അത്‌ ഇങ്ങനെ മാനസികരോഗമായി മാറിയാലോ!!

അഴീക്കോട്‌ മാഷ്‌ സൂപ്പര്‍താരങ്ങളെ മൂക്കറ്റം ചീത്തവിളിച്ചത്‌ ഫാന്‍സുകാരെ ഞെട്ടിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌ `ആരാണ്‌ അഴീക്കോട്‌' എന്ന ചോദ്യവുമായാണ്‌ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ തലപ്പത്തുള്ള ഒരു മാനസികരോഗി ചാനല്‍ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്‌. മോഹന്‍ലാലിനോടുള്ള ആരാധനയും ബഹുമാനവും അഴീക്കോടിനോടുള്ള രോഷവും കാരണം കക്ഷിയുടെ വായില്‍നിന്ന്‌ വാചകങ്ങള്‍ പുറത്തേക്കുവരുന്നില്ല. കുറച്ചുനേരത്തെ അഭ്യാസത്തിനുശേഷം ഇത്രയും കേട്ടു. `ആരാ, ആരാ അയാള്‌: അഴീക്കോടാണത്രേ ലാലേട്ടന്റെ മുന്നില്‍ ആരാ അയാള്‌?'

ആരാണ്‌ അഴീക്കോട്‌ എന്ന്‌ പ്രസ്‌തുത ഫാന്‍ ആത്‌മാര്‍ത്ഥമായി ചോദിച്ചതാവണം. കാരണം, സൂപ്പര്‍താരത്തിന്റെ കാല്‍തിരുമ്മി നടക്കുന്ന ഫാന്‍സുകാര്‍ അഴീക്കോടിനെപ്പറ്റി കേട്ടിരിക്കാന്‍ സാധ്യതയില്ല. ആ തുറന്നുപറച്ചില്‍ ഏതായാലും നന്നായി.

പാര്‍ട്ടി വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന ചാവേറുകള്‍ എന്ന കുട്ടിക്കുരങ്ങന്മാര്‍ക്ക്‌ യാതൊരു ക്ഷാമവുമില്ലാത്ത നാടാണിത്‌. എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലാനും വീട്‌ കുളംതോണ്ടാനും കുരങ്ങന്മാര്‍ എപ്പോഴും റെഡിയാണ്‌. അതുപോലെ തന്നെയാണ്‌ ഫാന്‍സുകാരുടെയും കാര്യം. മറ്റുള്ളവരുടെ സിനിമയെ കൂവി തോല്‌പിക്കാനും സൂപ്പര്‍താരത്തിനു വേണ്ടി പ്രസ്‌കോണ്‍ഫറന്‍സ്‌ നടത്താനുമെല്ലാം ഫാന്‍സ്‌ ചാവേറുകള്‍ റെഡി. സൂപ്പര്‍താരമാരകട്ടെ, ഫാന്‍സ്‌ അസോസിയേഷനുമായി തനിക്ക്‌ യാതൊരു ബന്‌ധവുമില്ലെന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം പറയും. അതൊന്നും കാര്യമായി എടുക്കേണ്ടതില്ല. നമുക്ക്‌ വാലാട്ടി പിന്നാലെ നടക്കുന്നതിന്‌ ചെല്ലും ചെലവും കിട്ടിയാല്‍ പോരെ! പോരാത്തതിന്‌ ഒരിക്കലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത മുഖങ്ങള്‍ക്ക്‌ ചാനല്‍ ചര്‍ച്ചകളില്‍ സീറ്റു കിട്ടുന്നതും ചില്ലറക്കാര്യമാണോ?
അതുകൊണ്ട്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ തഴച്ചുവളരട്ടെ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ ആസനത്തില്‍ ആല്‍ കിളിര്‍ത്താല്‍ അതുമൊരു തണല്‌!

By: ബൈജു എന്‍. നായര്‍


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 24, 2010

പ്രണയിക്കാന്‍ 101 വഴികള്‍

ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ?

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌.

പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്‌. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.

ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌ എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌ നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.

എന്തായാലും എന്ന്‌ പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.
രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌.


മൂന്നാം ഘട്ടം: ഇത്‌ സംഗതി തുറന്നുപറയേണ്ട ഘട്ടമാണ്‌ അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്‌. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച്‌ പറയുക. പറയുന്നത്‌ സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്‌.

നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട്‌ പറയുക. അവള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്‌. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്‌ സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്‌ മുതിരരുത്‌.
അഞ്ചാം ഘട്ടം: ഇത്‌ അവസാനത്തെ ഘട്ടമാണ്‌. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക്‌ അവളോട്‌ പ്രണയമാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ്‌ തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.

എന്തായാലും കാര്യം പറയുന്നത്‌ നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ്‌ തുറക്കാന്‍ ശ്രമിക്കരുത്‌. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 18, 2010

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്.

ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌

കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത്വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്

ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷംകഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്

നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്

ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തുകഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.

നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണംകഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.

എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നുംബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്

കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെമറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.

മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെവിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയുംഅള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.


ആവലാതികളുടെയും പരിഭവങ്ങളുടെയും കത്തുകള്‍ തുടരുന്നു. ജമാലിന്‍റെ പ്രവാസവും. !!

By: അനോണിമസ് അക്ബര്‍ വാഴക്കാട്


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 17, 2010

മൊബൈല്‍ ട്യൂണും പിന്നെ കുറെ ഗുലുമാലുകളും

പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ...

മടിച്ചുനില്‍ക്കേണ്ട എന്നു പറഞ്ഞാലും അങ്ങനെയങ്ങ് ചെയ്യാന്‍ പറ്റുമോ...

ഒരു ഫോണ്‍ ട്യൂണാണ് കേട്ടോ...

കൂട്ടുകാരനല്ല... സുന്ദരിയായ ഒരു പരിചിതയുടെ ഫോണാണ്... എന്തു ചെയ്യും...?

അത്തരമൊരു ആഹ്വാനം ഉണ്ടെന്നുവെച്ച് ആയിക്കൂടല്ലോ...

സൌമ്യമായി പറയാനുള്ളതു പറഞ്ഞു ഫോണ്‍ വെച്ചു...

പക്ഷേ എന്തായാലും മനസ്സില്‍ പൊന്നേ മടിച്ചുനില്‍ക്കാതെ എന്ന വിളിമാത്രം അടങ്ങുന്നില്ല...

നാശങ്ങള്‍ ഓരോരോ പണി ഉണ്ടാക്കി വെച്ചിരിക്കുവാ. മനുഷ്യനെ വെറുതെ പിഴപ്പിക്കാന്‍... എന്ന സാത്വിക ഭാവം നടിച്ചു ശപിച്ചു...

പിന്നല്ലാതെ!

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു പ്രായഭേദമില്ല.


ആബാലവൃദ്ധം ജനങ്ങളും ഇന്ന് മൊബൈല്‍ ഉപഭോക്താക്കളാണ്.

ഓരോരുത്തരും അവര്‍ക്കിഷ്ടപ്പെട്ട പാട്ടും ട്യൂണും ഇട്ടിട്ടുണ്ടാവും. അവയാകട്ടെ സമയവും സന്ദര്‍ഭവും നോക്കാതെ പാടാന്‍ തുടങ്ങുമ്പോഴാണ് പൊരുത്തക്

കേട് രസമാകുന്നത്.

അച്ഛന്‍ മകന്റെ ഫോണിലേക്ക് വിളിച്ചു...

നീ പോടാ കൂത്താടീ... നീ പോടാ തെമ്മാടീ...

ഫോണടിക്കുകയാണ്. അച്ഛന്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ സമാശ്വസിപ്പിച്ചു. ശരിയാണേ തെമ്മാടി തന്നേ അല്ലെങ്കില്‍ അവനും ഈ ഫോണും ഉണ്ടാകുമായിരുന്നില്ല. ബാലന്‍ സാര്‍ കണക്കു പഠിപ്പിക്കുകയാണ്. പൊതുവേ നല്ല അദ്ധ്യാപകന്‍ എന്നപേരുള്ള ബാലന്‍ സാറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. അദ്ദേഹം പൈപ്പിന്റെ വ്യാസം കാണുന്നതെങ്ങനെ എന്നു വിശദീകരിക്കുകയാണ്. പെട്ടെന്നു കേള്‍ക്കാം "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.... ഹൈസ്കൂള്‍ ക്ളാസ് മുറിയാണ്. ഒരു പതിന്നാലുകാരന്റെ ഫോണാണ്... ബാലന്‍സാര്‍ വിളറിനിന്നു.

എന്തുചെയ്യാന്‍ നേഴ്സറിക്കുട്ടിയുടെ ടിഫിന്‍ ബോക്സിനൊപ്പവും വെച്ചിട്ടുണ്ടാവും അവളുടെ സ്വന്തം മൊബൈല്‍!

"ഡാഡിയ്ക്കും മമ്മിയ്ക്കും മോളെ വിളിക്കാനാ... പിന്നെ മോള്‍ക്കും!''

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് സ്കൂളിലെ കുട്ടികളോട് അദ്ധ്യാപകനു പറയാനാവുമോ? പറഞ്ഞാലൊട്ടു നടക്കുമോ...

ടീച്ചര്‍ ക്ളാസ്സില്‍ ഇംഗ്ളീഷ് പഠിപ്പിക്കുകയാണ്. സുന്ദരി ഉടനെ വിവാഹിതയാകാന്‍ പോകുന്നു. മേശപ്പുറത്ത് അവരുടെ ചെറിയ പേഴ്സുണ്ട്. പെട്ടെന്ന് ഫോണടിക്കുന്നു.

"ആട്ടുകട്ടിലില്‍ നിന്നെ കിടത്തിയുറക്കി നിന്‍ പളുങ്കു കവിള്‍ത്തടങ്ങളില്‍...''

പ്ളസ് വണ്‍ ക്ളാസിലെ കൌമാരകൌതുകങ്ങള്‍ അതുകേട്ട് അന്യോന്യം നോക്കി ഒത്തിരി സങ്കല്പങ്ങള്‍ നെയ്തുവെന്നുവേണം പറയാന്‍...!

തീര്‍ന്നില്ല ഒരു വിരുതന്‍ വിളിച്ചു ചോദിച്ചു ടീച്ചര്‍ അത് ഫ്യൂച്ചര്‍ ടെന്‍സ്സാണോ?

തിരക്കുള്ള ബസ്സ്. ഒരു മാന്യന്‍ സീറ്റിനോട് ചേര്‍ന്നു നില്‍ക്കുകയാണ്. അറ്റത്ത് ഒരു മദ്ധ്യവയസ്കയായ സ്ത്രീയാണ് ഇരിക്കുന്നത്. തിരക്കുമൂലം ഇടയ്ക്കിടെ അയാള്‍ അവരെ ചേര്‍ന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. പെട്ടെന്നാണ് സ്ത്രീ ചാടി എഴുന്നേറ്റ് ആക്രോശിച്ചത്. "തെമ്മാടീ എന്തോന്നാടാ പുറത്തുവെച്ചനക്കുന്നത്...'' ബസ്സിലെ സദാചാരന്മാര്‍ ഉണര്‍ന്നു. "മര്യാദകേടിന് അടി കൊടുക്കണം?'' പാവം യാത്രക്കാരന്‍. "ഒന്നുമല്ല ചേച്ചീ ഈ ഫോണാ, അത് വൈബ്രേറ്റു ചെയ്തതാ...'' പാന്റ്സിന്റെ പോക്കറ്റീന്നു ഫോണെടുത്തു കാട്ടി പിന്നെ വിളിച്ചു 'ഹലോ...' എന്താ കഥ...

പാട്ടായാലും വിറപ്പീരായാലും സംഗതി ചിലനേരം അശടുതന്നെ!

.......................................................................

സാമൂഹ്യപാഠം

സ്കൂളില്‍ മൊബൈല്‍ നിരോധിക്കുമെന്ന് മന്ത്രി...


രതിയ്ക്ക് വീണ്ടും ഭര്‍ത്താവിനെ നഷ്ടമാകുമെന്നോ...?


By: അനില്‍ പെണ്ണുക്കര‍

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 14, 2010

താരം വാഴുമ്പോള്‍ തരം താഴുന്ന മലയാള സിനിമ‍

സീന്‍ 1: ലൊക്കേഷന്‍ എറണാകുളത്തെ ഒരു മിഷന്‍ ആശുപത്രിയുടെ മുന്‍വശം. പാഞ്ഞുവന്നു നില്‍ക്കുന്ന ആംബുലന്‍സില്‍നിന്നു മരണത്തോടു മല്ലടിക്കുന്ന ഒരാളെ പുറത്തിറക്കി. അടിയന്തര ചികില്‍സയ്‌ക്കൊടുവില്‍, ആയുസിന്റെ നേരിയ ബലത്തില്‍ മരണാസന്നന്‍ ജീവിതത്തിലേക്ക്‌. കഥയറിയാതെ ആശുപത്രിയില്‍ പാഞ്ഞെത്തിയ സഹപ്രവര്‍ത്തകരുടെയും പരിചയക്കാരുടെയും മുഖത്ത്‌ അമ്പരപ്പ്‌. പിന്നീട്‌, കഥാനായകന്റെ വീട്ടിലെ തലയണയ്‌ക്കടിയില്‍നിന്ന്‌ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതോടെ അമ്പരപ്പു സഹതാപത്തിനു വഴിമാറി.

മേല്‍പ്പറഞ്ഞത്‌ എഴുതിത്തയാറാക്കിയ ഒരു തിരക്കഥയിലെ രംഗമല്ല. ദുരന്തപര്യവസായിയാകേണ്ടിയിരുന്ന ഈ രംഗം ഒരു സിനിമാ നിര്‍മാതാവിന്റെ ജീവിതത്തിലുണ്ടായതാണ്‌. താരാധിപത്യത്തിന്റെ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ തറ്റുതകര്‍ന്ന്‌ ആത്മഹത്യക്കൊരുങ്ങിയ ഒരു സാധുനിര്‍മാതാവിന്റെ.

തന്റെ ചിത്രങ്ങള്‍ നിരന്തരം തിയറ്ററില്‍ മൂക്കുകുത്തുന്നതു തിരിച്ചറിഞ്ഞ സൂപ്പര്‍താരം മുമ്പു നല്ല ചിത്രങ്ങള്‍ പലതും നിര്‍മിച്ചിട്ടുള്ള ഈ നിര്‍മാതാവിനെ സമീപിക്കുകയായിരുന്നു. തനിക്കുവേണ്ടി ഒരു പടം ചെയ്യണം എന്നതായിരുന്നു ആവശ്യം. നിര്‍മാതാവ്‌ ആദ്യമൊന്നു മടിച്ചപ്പോള്‍ വീണ്ടും വാഗ്‌ദാനം- ഒന്നു നിന്നു തന്നാല്‍ മതി. പണം ഒപ്പിച്ചുതരാം.

പടം തുടങ്ങി. നായിക ഹിന്ദി നടി. അതിനിടെ നിര്‍മാതാവ്‌ സാമ്പത്തികമായി ഞെരുങ്ങിത്തുടങ്ങി. നടന്‍ ആശ്വസിപ്പിച്ചു. ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ നായകന്‍ വില്ലന്‍ സ്വഭാവം പുറത്തെടുത്തു. ഡബ്ബ്‌ ചെയ്യണമെങ്കില്‍ പണം മുഴുവന്‍ തരണമെന്നായി. നിര്‍മാതാവ്‌ വീടു പണയംവച്ചു. ചിത്രത്തിന്റെ പ്രിന്റ്‌ അടിക്കാന്‍ വീണ്ടും പണം വേണം. ആദ്യം തന്നെ സമീപിച്ച സൂപ്പര്‍താരത്തെ നിര്‍മാതാവു ചെന്നുകണ്ടു. താരം കൈമലര്‍ത്തി. പടം പൂര്‍ത്തിയാക്കേണ്ട ചുമതല നിര്‍മാതാവിന്റേതാണെന്ന്‌ ഒരുപദേശവും. ക്ലൈമാക്‌സില്‍, ആത്മഹത്യാശ്രമം പോലും പരാജയപ്പെട്ട നിര്‍മാതാവിന്റെ ദയനീയചിത്രം. മറ്റൊരു സൂപ്പര്‍താരം 20 ദിവസം അഭിനയിച്ചശേഷം ലൊക്കേഷനില്‍നിന്നു പിണങ്ങിപ്പോയതോടെയാണു നിര്‍മാതാവു പെരുവഴിയിലായത്‌. പ്രഗത്ഭനായ തിരക്കഥാകൃത്തിന്‌ ആ പണി അറിയില്ലെന്നായിരുന്നു താരത്തിന്റെ മുട്ടായുക്‌തി. താരത്തിനു മുന്നില്‍ മൗനം ഭൂഷണമാക്കിയ സംവിധായകന്‍ നിര്‍മാതാവിന്റെ കാലുവാരി. ഇഷ്‌ടകഥ പെരുവഴിയില്‍ 'പഞ്ചറാ'യതു കണ്ട്‌ കഥാകാരന്റെ നെഞ്ചു തകര്‍ന്നു. തന്നെ പിന്തുണച്ച സംവിധായകനു സൂപ്പര്‍താരത്തിന്റെ മറ്റൊരു ഡേറ്റ്‌ കിട്ടി. മറ്റൊരു സംവിധായകന്‍ മറ്റൊരു നടനെവച്ചു പഴയ കഥ ചെയ്‌തു. എട്ടുനിലയില്‍ പൊട്ടുകയും ചെയ്‌തു. ഇതൊക്കെ സമകാലിക മലയാള സിനിമയുടെ ചീഞ്ഞുനാറുന്ന പിന്നാമ്പുറക്കഥകളില്‍ ചിലതു മാത്രം.

പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ പ്രതിഭയുടെ ബലത്തില്‍ ആര്‍ക്കും മുന്നില്‍ തലകുനിക്കാതിരുന്ന ഒരു സുവര്‍ണകാലം മലയാള സിനിമയ്‌ക്കുണ്ടായിരുന്നു. ആ സ്‌ഥാനത്ത്‌ ഇപ്പോള്‍ താരങ്ങളിലെ സൂപ്പറുകളും അവരുടെ സില്‍ബന്തികളുമൊക്കെച്ചേര്‍ന്നു 'മല്ലുവുഡ്‌' എന്ന മലയാള സിനിമയെ മരണത്തിലേക്കു തള്ളിവിടുകയാണ്‌. 'പാണ്ടിപ്പട'മെന്നു നാം പുച്‌ഛിച്ചുതള്ളിയ തമിഴ്‌ സിനിമയാകട്ടെ പുതുജീവന്‍ നേടി ഒരു നവോത്ഥാന ഘട്ടത്തിലും. താരാധിപത്യത്തിന്‍ കീഴില്‍ മലയാള സിനിമ കഥാവശേഷമാകുമ്പോള്‍ കഥകളിലെ പുതുപരീക്ഷണങ്ങളും പുതുമുഖതാരങ്ങളുടെ വലിയൊരു നിരയുമായി തമിഴകം മാതൃകയാകുന്നു. മലയാള സിനിമയുടെ അധഃപതനം ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളില്‍പ്പോലും നമ്മെ നാണം കെടുത്തുകയും ചെയ്യുന്നു.

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാപ്രദര്‍ശനകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ്‌. സിനിമ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്ന തമിഴ്‌മക്കള്‍ തീയറ്ററുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്നതില്‍ എന്തത്ഭുതം എന്നു ചോദിക്കാന്‍ വരട്ടെ. കാരണം, തമിഴന്റെ അന്ധമായ സിനിമാഭ്രാന്തിനെ പരിഹസിച്ചിരുന്ന നാം ഇപ്പോള്‍ ആ ചോദ്യം ഉന്നയിച്ചാല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാകും എന്നതുതന്നെ.

തമിഴകത്ത്‌ ഈ ദിവസങ്ങളില്‍ തീയറ്ററുകള്‍ക്കു മുന്നില്‍ ഉത്സവാന്തരീക്ഷം തീര്‍ക്കുന്നതു 'സ്‌റ്റൈല്‍മന്നന്റെ'യോ 'ഉലകനായകന്റെ'യോ ഒന്നും ബ്രഹ്‌മാണ്ഡ ചിത്രമല്ല. 'അങ്ങാടിതെരു' എന്ന, പുതുമുഖതാരങ്ങള്‍ മാത്രം അണിനിരക്കുന്ന ചിത്രമാണ്‌ അവരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്‌. 'സുബ്രഹ്‌മണ്യപുര'വും 'പരുത്തിവീരനു'മൊന്നും തമിഴ്‌സിനിമയിലെ ഒറ്റപ്പെട്ട പ്രതിഭാസങ്ങളായിരുന്നില്ല എന്നു തെളിയിക്കുന്നതാണ്‌ വസന്തബാലന്‍ സംവിധാനം ചെയ്‌ത 'അങ്ങാടിതെരു'വിന്റെ ജൈത്രയാത്ര തെളിയിക്കുന്നത്‌. മഹേഷ്‌, അഞ്‌ജലി, പാണ്ടി, വെങ്കിടേഷ്‌ തുടങ്ങിയ പുതുമുഖങ്ങളാണു താരങ്ങള്‍. ജനപ്രിയ ഫോര്‍മുലകള്‍ തെറ്റിച്ച്‌, നായകന്റെ മരണശേഷവും 15 മിനിട്ടോളം കഥ നീണ്ട 'സുബ്രഹ്‌മണ്യപുരം' പോലെയുള്ള ചിത്രങ്ങള്‍ തമിഴര്‍ക്കൊപ്പം മലയാളികളും നിറഞ്ഞ സദസില്‍ ആസ്വദിച്ചു. ചിലരുടെ 'ഇമേജു'കളില്‍ മാത്രം തളച്ചിടപ്പെട്ട മലയാള സിനിമയില്‍ സമീപകാലത്തൊന്നും പുതുപരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല. അഥവാ അത്തരം സംരംഭങ്ങള്‍ മലയാള സിനിമയെ അള്ളിപ്പിടിച്ചിരിക്കുന്ന 'കടല്‍ക്കിഴവന്‍'മാര്‍ അനുവദിക്കില്ല.

തമിഴകം വിട്ട്‌ ഇനി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ റിലീസിംഗ്‌ സെന്ററുകളിലേക്ക്‌. മലയാളസിനിമ അടക്കിവാഴുന്ന സൂപ്പര്‍താരങ്ങളുടെ പുതിയ ചിത്രങ്ങളുടെ റിലീസിംഗ്‌ അവരുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ കൊണ്ടാടുകയാണ്‌. പണ്ടു തമിഴന്റെ താരാരാധനയ്‌ക്കു നേരേ ആട്ടിത്തുപ്പിയിരുന്ന അതേ മലയാളികളാണു ഫിലിംപെട്ടി ആനപ്പുറത്തെഴുന്നള്ളിച്ചും കട്ടൗട്ടുകളില്‍ ആരതിയുഴിഞ്ഞും പാലഭിഷേകം നടത്തിയുമൊക്കെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌. തമിഴരുടെ ആരാധന, താരം മരിച്ചാല്‍ ആത്മഹത്യക്കുപോലും തുനിയുന്നത്ര നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായിരുന്നെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതു താരങ്ങളുടെ 'കൂലിപ്പട്ടാളങ്ങള്‍' തമ്മിലുള്ള പരാക്രമങ്ങളാണ്‌. താരങ്ങള്‍ വിലയ്‌ക്കെടുക്കുന്ന ഈ ആരാധനയാകട്ടെ മലയാള സിനിമയെത്തന്നെയാണ്‌ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുന്നത്‌.
 ആനപ്പുറത്തു ഫിലിംപെട്ടി എഴുന്നള്ളിച്ച 'സാഗര്‍ ഏലിയാസ്‌ ജാക്കി'
എന്ന സൂപ്പര്‍സ്‌റ്റാര്‍ ചിത്രം നിലംതൊടാതെയാണു പൊട്ടിയത്‌. എണ്‍പതുകളുടെ ഒടുവില്‍ ഗംഭീരവിജയം നേടിയ 'ഇരുപതാം നൂറ്റാണ്ടി'ന്റെ രണ്ടാം ഭാഗത്തിനാണ്‌ ഈ ഗതി വന്നതെന്നോര്‍ക്കണം. പണ്ട്‌ ആനപ്പുറത്തേറിയതിന്റെ തഴമ്പ്‌ ഇപ്പോള്‍ പ്രയോജനപ്പെട്ടില്ല എന്നു സാരം. മലയാള സിനിമയില്‍ 'വീരഗാഥ' രചിച്ച എം.ടി/ഹരിഹരന്‍/മമ്മൂട്ടി/ഒ.എന്‍.വി. ടീമിന്റെ 'പഴശിരാജ'യുടേതായിരുന്നു അടുത്ത ഊഴം. താരതമ്യേന കുറഞ്ഞ പ്രേക്ഷകസമൂഹമുള്ള മലയാളത്തിന്റെ കൊക്കിലൊതുങ്ങാത്ത ബിഗ്‌ബജറ്റ്‌ ചിത്രം. ബോക്‌സ് ഓഫീസില്‍ പഴയ വീരഗാഥ ആവര്‍ത്തിച്ചില്ലെങ്കിലും തീയറ്ററുകള്‍ക്കു മുന്നില്‍ മെഗാതാരത്തിന്റെ 'രാജാപ്പാര്‍ട്ട്‌' കട്ടൗട്ടുകളില്‍ ഫാന്‍സുകാര്‍ പാലഭിഷേകം നടത്തി. അടുത്തിടെ താരം 'പ്രമാണി'യായി അവതരിച്ചപ്പോഴും റോഡുകളില്‍ പാല്‍ ഏറെ ഒഴുകി. തമിഴ്‌ സിനിമയായ 'അസല്‍' റിലീസ്‌ ചെയ്‌തപ്പോള്‍ മറുഭാഷാ നായകന്‍ അജിത്തിന്റെ മലയാളം ഫാന്‍സുകാര്‍ പടുകൂറ്റന്‍ കട്ടൗട്ടുയര്‍ത്തിയതിനു കോട്ടയം നഗരമാണു സാക്ഷ്യം വഹിച്ചത്‌.


അതിശയോക്‌തി കലര്‍ന്ന ആക്ഷനെന്നും അതിമാനുഷ പരിവേഷമുള്ള നായകന്‍മാരെന്നുമൊക്കെ പറഞ്ഞു നാം ആക്ഷേപിച്ചിരുന്ന തമിഴ്‌ സിനിമ ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്‌. ജീവിതഗന്ധിയായ കഥകളുമായി അവര്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍, എണ്‍പതുകള്‍വരെ മണ്ണിലുറച്ചുനിന്ന നമ്മുടെ അഭിനയപ്രതിഭകള്‍ താരരാജാക്കന്‍മാരായി വിണ്ണിലേക്കുയര്‍ന്നു. തമിഴകത്തിന്റെ വിശാലമായ പ്രേക്ഷകസമൂഹം നെഞ്ചേറ്റിയ താരസമ്പുഷ്‌ടമല്ലാത്ത സിനിമകള്‍ കൊച്ചുകേരളത്തിലും 'ബോണസ്‌ വിജയം' കൊയ്യുകയാണ്‌. ഇതേപ്പറ്റി പത്രസമ്മേളനങ്ങളില്‍പ്പോലും പരിതപിച്ച നമ്മുടെ താരരാജാക്കന്‍മാര്‍, ഇനി പറയുന്ന യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാനിടയില്ല.

കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച്‌ ഇറക്കുന്ന മലയാള സിനിമകളില്‍ ഭൂരിപക്ഷവും ഫാന്‍സുകാരുടെ ആഘോഷപ്പേക്കൂത്തുകള്‍ക്ക്‌ അപ്പുറം മൂക്കുകുത്തുന്നത്‌ എന്തുകൊണ്ടാണ്‌? ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തതുപോലെ, 'മറ്റവന്റെ' സിനിമ വിജയിക്കരുതെന്ന വാശി താരങ്ങളും അവര്‍ ചുടുചോര്‍ വാരിക്കുന്ന വാനരപ്പടയും പുലര്‍ത്തിത്തുടങ്ങിയതോടെ കുടുംബങ്ങള്‍ തീയറ്ററുകളില്‍നിന്ന്‌ അകന്നു. നല്ലൊരു സിനിമ ഇറങ്ങിയാലും നാലുനാള്‍ തികച്ചു തീയറ്ററുകളില്‍ ഓടാന്‍ അനുവദിക്കാത്തതും മറ്റൊരു കാരണമാണ്‌. അടുത്തിടെ ഇറങ്ങിയ, മികച്ച കഥയെന്നു വിലയിരുത്തപ്പെട്ട ഒരു സിനിമ തീയറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പു നിര്‍മാതാവിനുതന്നെ സിഡിയായി വിപണിയിലെത്തിക്കേണ്ടിവന്നു. ഈ വിഷുദിനത്തില്‍ പ്രമുഖ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കുക. തീയറ്ററുകളില്‍ റിലീസ്‌ ചെയ്‌ത്, ഒട്ടിച്ച പോസ്‌റ്ററിനുമേല്‍ മറ്റൊന്നു പതിയുന്നതിനു മുമ്പേ, 'മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതാദ്യമായി' എന്ന അറിയിപ്പോടെ പുതുപുത്തന്‍ സിനിമകള്‍ നമ്മുടെ സ്വീകരണമുറികളില്‍ എത്തുകയാണ്‌. ഏതു പൊട്ടപ്പടം റിലീസ്‌ ചെയ്‌താലും ആദ്യദിനംതന്നെ, ടിവി ചാനലുകളിലെ വാര്‍ത്തകളില്‍ അതു ഗംഭീരവിജയമായി നിറയും. അണിയറശില്‍പ്പികളെ വാര്‍ത്താ അവതാരകര്‍ വാനോളം പുകഴ്‌ത്തും. അധികം വൈകാതെ അതേ പ്രേക്ഷകര്‍ക്കു മുന്നില്‍ അതേ ചിത്രം 'മിനിസ്‌ക്രീനില്‍ ഇതാദ്യമായി ബ്ലോക്‌ബസ്‌റ്റര്‍' ചലച്ചിത്രം എന്ന അറിയിപ്പോടെ എത്തുകയും ചെയ്യും.
പല ചലച്ചിത്ര സംരംഭങ്ങളും നിര്‍മാണഘട്ടത്തില്‍ത്തന്നെ 'സാറ്റലൈറ്റ്‌ റൈറ്റ്‌' (സംപ്രേഷണാവകാശം) വില്‍ക്കപ്പെടുന്ന അവസ്‌ഥയിലാണ്‌. തീയറ്ററുകളില്‍ ഓടിയില്ലെങ്കിലും സംപ്രേഷണാവകാശം വിറ്റും വിതരണക്കാരില്‍നിന്ന്‌ അഡ്വാന്‍സ്‌ വാങ്ങിയുമൊക്കെ മുടക്കുമുതല്‍ ഊരിയെടുക്കാം എന്ന വാഗ്‌ദാനത്തില്‍ പ്രലോഭിപ്പിച്ചാണു പല പുതുമുഖ നിര്‍മാതാക്കളെയും വീഴ്‌ത്തുന്നത്‌. ചില പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സാറ്റലൈറ്റ്‌ റൈറ്റ്‌ഏകദേശം ഇങ്ങനെ: മമ്മൂട്ടി/മോഹന്‍ലാല്‍- രണ്ടുകോടി, പൃഥ്വിരാജ്‌- ഒന്നരക്കോടി, ജയസൂര്യ മുതല്‍പ്പേര്‍- 80 ലക്ഷവും അതില്‍ താഴോട്ടും. ഏതെങ്കിലും രീതിയില്‍ താരത്തിന്റെ ഡേറ്റ്‌ സംഘടിപ്പിക്കുന്ന നിര്‍മാതാവിനും സംവിധായകനുമൊക്കെ പിന്നെ ആ ചൊല്‍പ്പടിയില്‍ നില്‍ക്കുക എന്ന ചുമതലയേയുള്ളൂ. സാറ്റലൈറ്റ്‌ റൈറ്റിന്റെ നിയന്ത്രണം മിക്കവാറും താരങ്ങള്‍ക്കുതന്നെ. ആ തുക മിക്കവാറും അവരുടെ പ്രതിഫലമായി വരവുവയ്‌ക്കും.

സ്വന്തം ഇമേജ്‌, (എന്നു സ്വയം തെറ്റിദ്ധരിക്കുന്ന) സംരക്ഷിക്കാനായി നല്ല തിരക്കഥകളുടെ പോലും ഗതി മാറ്റിയെഴുതിക്കുന്ന താരാധിപത്യമാണ്‌ മലയാള സിനിമയുടെ ഇന്നത്തെ ഗതികേട്‌. താരങ്ങളും സംവിധായകരെ വരെ നിയന്ത്രിക്കുന്ന അവരുടെ കിങ്കരന്‍മാരും അങ്ങനെ ഈ കലയെ കൊല ചെയ്യുന്നു....

തയാറാക്കിയത്‌: ഐ. ഗോപിനാഥ്‌, സി.എന്‍. കൃഷ്‌ണന്‍കുട്ടി, രാജു പോള്‍, രമേഷ്‌ പുതിയമഠം, എം.എസ്‌. സന്ദീപ്‌.

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍

വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ ' ... ' എന്നാണ് അയ്യപ്പപ്പണിക്കരുടെ കവിതയില്‍ കണിക്കൊന്ന പറയുന്നത്. പൊന്നുരുക്കിയപോലത്തെ കൊന്നപ്പൂക്കളും വിഷുപ്പക്ഷിയുടെ പാട്ടും നിറയെ ഫലങ്ങളുമായി തലകുനിക്കുന്ന വൃക്ഷങ്ങളും... ആകെ ഒരുത്സവപ്രതീതിയായിരുന്നു.


ശരിക്കും കാര്‍ഷികോത്സവംതന്നെയായിരുന്നു വിഷു. വിഷുപ്പക്ഷിയുടെ പാട്ടുതന്നെ ,

' വിത്തും കൈക്കോട്ടും
കള്ളന്‍ ചക്കേട്ടു
കണ്ടാ മിണ്ടണ്ട
കൊണ്ടോയ് തിന്നോട്ടെ. '
എന്നാണല്ലോ.

കാര്‍ഷിക സംസ്കൃതി അന്യംനിന്നുപോവുന്നു. വയലേലകളില്‍ നിറയുന്നതാവട്ടെ കര്‍ഷകന്റെ കണ്ണീരും. എങ്കിലും കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ നമുക്ക് വിഷു ആഘോഷിക്കാതിരിക്കാനുമാകില്ല.

സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ സന്ദേശം. വിഷു എന്ന വാക്കുതന്നെ ഇതിന്റെ സൂചനയാണ്. വിഷുവം എന്ന സംസ്കൃതപദത്തില്‍നിന്നാണു വിഷു എന്ന പദത്തിന്റെ വരവ്. രണ്ടു സമഭാഗമായ എന്നാണു വിഷുവിന്റെ അര്‍ഥം. സമരാത്രദിനമാണു വിഷു. സൂര്യന്‍ മീനം രാശിയില്‍നിന്നു മേടം രാശിയിലേക്കു കടക്കുന്ന ദിനമാണ് വിഷുവായി ആഘോഷിക്കുന്നത്.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 13, 2010

ഒളിക്യാമറകള്‍ കുട്ടികള്‍ക്ക് പിന്നാലെ - Child Pornography

അശ്ലീലചിത്രങ്ങളുടെ പ്രചരണം ലോകത്ത്‌ പുതിയ സംഭവമല്ല. വലിയ മാഫിയാ സംഘങ്ങള്‍തന്നെ ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനു പിന്നിലുണ്ട്‌. ഇപ്പോഴിതാ പുതിയ വാര്‍ത്ത. കോടികളുടെ ലാഭം കൊയ്യുന്ന ഒരു വന്‍ വ്യാപാരം അരങ്ങുതകര്‍ക്കുന്നു. കുട്ടികളുടെ നഗ്‌നതയാണ്‌ ഇവിടെ വില്‌പനച്ചരക്ക്‌.
ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതയെ (ദുരു)ഉപയോഗപ്പെടുത്തി തഴച്ചുവളരുന്ന വമ്പന്‍ കച്ചവടമാണിത്‌. കുട്ടികളുടെ അശ്ലീലഫോട്ടോകളും വീഡിയോ ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ കോടിക്കണക്കിന്‌ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ വന്‍ മാഫിയ സംഘങ്ങള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു. കച്ചവടത്തിനായി വന്‍ പദ്ധതികളാണ്‌ അവര്‍ ആവിഷ്‌കരിക്കുന്നത്‌.

അടുത്തിടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്‌ കാലിഫോര്‍ണിയയില്‍ അറസ്‌റ്റിലായ ഡാന്റല്‍ ഹില്ലിന്റെ പക്കല്‍നിന്നു ലഭിച്ച തെളിവുകള്‍ വെളിപ്പെടുത്തുന്നത്‌ നഗ്‌നതാക്കച്ചവടത്തിന്റെ വിപുല ലോകത്തെയാണ്‌. നൂറുകണക്കിന്‌ അശ്ലീലചിത്രങ്ങളും അനേകം വീഡിയോകളും ഇയാളുടെ പക്കലുണ്ടായിരുന്നു. നഗ്‌നതാപ്രദര്‍ശനത്തിന്‌ കുട്ടികളെ പ്രേരിപ്പിച്ച്‌ ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ തൊഴില്‍. ഇതിനുപിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാജ്യങ്ങളിലെല്ലാം കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.
ചൈല്‍ഡ്‌ പോണോഗ്രഫി എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ പ്രവണത ഇന്റര്‍നെറ്റ്‌ ഉപഭോക്‌താക്കളെ വന്‍തോതി സ്വാധീനിക്കുകയാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളുടെ പരസ്യപ്രചരണമെന്നാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിക്ക്‌ നിയമപരമായി നല്‍കിയിരിക്കുന്ന നിര്‍വചനം. ഇത്തരത്തില്‍ അശ്ലീലത പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ ലോകത്ത്‌ ഒരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ല എന്നതും അത്‌ഭുതാവഹമാണ്‌. ചൈല്‍ഡ്‌ പോണോഗ്രാഫിയില്‍ കൂടുതല്‍ കണ്ടുവരുന്നത്‌ 12 വയസില്‍താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ്‌. ഇതിന്റെ വന്‍തോതിലുള്ള പ്രചരണം സമൂഹത്തിന്റെ മാനസികാവസ്‌ഥയെത്തന്നെ മാറ്റിമറിക്കുമെന്ന്‌ കുട്ടികളുടെ അവകാശസംരക്ഷണ സംഘടനയായ ചൈല്‍ഡ്‌ എക്‌സ്‌പ്ലോയിന്റേഷന്‍ ആന്‍റ്‌ ഓണ്‍ലൈന്‍ പ്രൊട്ടക്‌ഷന്‍ സെന്റര്‍ സി ഇ ഒ ജിം ഗ്യാംബിള്‍ പറയുന്നു. ലോകത്ത്‌ അറിയപ്പെടുന്ന വമ്പന്‍ വ്യാപാരികളാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫി വ്യാപകമാക്കുന്നതിന്‌ പിന്നില്‍. മള്‍ട്ടിമില്യണ്‍ ബിസിനസായി ഇത്‌ രൂപാന്തരം പ്രാപിച്ചതിനു പിന്നില്‍ വന്‍ ലാഭക്കൊതിയാണുള്ളതെന്നും ജിം പറയുന്നു.


ചൈല്‍ഡ്‌ പോണോഗ്രഫി ടൂറിസത്തിന്റെ ശാഖയായി വളരുന്നു എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്‌തുത. കേരളംപോലെ ലോകത്തെ ടൂറിസത്തിനു വന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിക്കാര്‍ വന്‍ ലാഭക്കൊയ്‌ത്തിന്‌ ലക്ഷ്യമിടുന്നത്‌. ഇന്ത്യ, തായ്‌ലന്റ്‌, തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ കുട്ടികളാണ്‌ ചൈല്‍ഡ്‌ പോണോഗ്രഫിയില്‍ ബലിയാടുകളാകുന്നതില്‍ അധികവും. ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്ന അശ്ലീലസൈറ്റുകളെ നിയന്ത്രിക്കാന്‍ മൂന്നാംലോക രാജ്യങ്ങളില്‍ അനുയോജ്യമായ നിയമങ്ങളൊന്നും നിലവിലില്ല. ഈ സാഹചര്യത്തില്‍ അതിരുകളില്ലാത്ത ഇന്റര്‍നെറ്റ്‌ സാധ്യതയെ ഉപയോഗപ്പെടുത്തി അശ്ലീല തരംഗം സൃഷ്‌ടിക്കുന്ന `മനോവൈകൃതം' വ്യാപകമാക്കപ്പെടും.

അടുത്തിടെ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍ അശ്ലീല സൈറ്റുകളുടെ നിരോധനത്തെ സംബന്‌ധിച്ച്‌ നടത്തിയ പ്രസ്‌താവന ഇതിനോട്‌ കൂട്ടി വായിക്കപ്പെടാവുന്നതാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നതയെ ചൂഷണംചെയ്‌ത്‌ ലാഭക്കൊയ്‌ത്ത്‌ നടത്തുന്ന ആഗോള വ്യാപാരഭീമന്‍മാര്‍ നിയമം കൈയിലെടുത്ത്‌ പന്താടുന്നത്‌ നോക്കിനില്‍ക്കാനേ ഭരണകര്‍ത്താക്കള്‍ക്ക്‌ കഴിയുന്നുള്ളൂ. കുട്ടികളുടെ വ്യക്‌തി വികാസത്തെയും ആത്‌മവിശ്വാസത്തേയും തകര്‍ത്തെറിയുകയും സമൂഹത്തിന്റെ കെട്ടുറപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്ന ചൈല്‍ഡ്‌ പോണോഗ്രാഫി കച്ചവടക്കാര്‍ക്കെതിരെ ലോക വ്യാപകമായ നടപടികള്‍ ഉണ്ടാകണമെന്ന്‌ ആവശ്യമുയര്‍ന്നുതുടങ്ങിയിട്ടുണ്ട്‌.


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 12, 2010

ഒരു ഇടിവെട്ട് മെയില്‍ - തറ...തറ...കൂതറ..!

ഒരു ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന സാംസ്‌കാരിക നായകനോട്‌ ഏതോ പുതിയ ഗ്രന്ഥത്തെക്കുറിച്ച്‌ അഭിമുഖകാരന്‍ ചോദിക്കുന്നു. എങ്ങനെയുണ്ട്‌ സാര്‍ പുസ്‌തകം? സാംസ്‌കാരികത്തിന്റെ മറുപടി. ''സംഗതി അടിപാളി''

അഭിമുഖം കണ്ട പലരും മൂക്കത്ത്‌ വിരല്‍ വച്ചു. ശബ്‌ദതാരാവലിയിലെ പദസഞ്ചയത്തില്‍ നിന്നു പോലും തെരഞ്ഞെടുക്കപ്പെട്ട ആഢ്യപദങ്ങള്‍ മാത്രം പ്രയോഗിച്ച്‌ ശീലിച്ച സാക്ഷാല്‍ സാംസ്‌കാരികമാണ്‌ അടിപൊളിയെന്ന്‌ ഉരുവിടുന്നത്‌. മലയാളിയുടെ പൊതുശീലങ്ങളില്‍ നിന്ന്‌ അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും മാറിനില്‍ക്കാനാവില്ലെന്ന്‌ വ്യംഗ്യം. വാസ്‌തവത്തില്‍ ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളീയ സമൂഹത്തിലെ നിത്യജീവിതത്തില്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന വാക്കാണ്‌ അടിപൊളി.എസ്‌.എം.എസ്‌.സന്ദേശങ്ങള്‍ അടക്കം ഇതിന്‌ തെളിവാകുന്നു.സമുഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും അടിപൊളിയുടെ വക്‌താക്കളായി മാറുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്‌ ഈ വാക്കിന്റെ ശരിയായ അര്‍ത്ഥമെന്നോ ഏത്‌ സാഹചര്യത്തിലാണ്‌ ഉപയോഗിക്കേണ്ടതെന്നതോ സംബന്ധിച്ച്‌ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.


''അളിയാ ഇന്നലത്തെ പാര്‍ട്ടി അടിപൊളി''എന്ന്‌ പറഞ്ഞാല്‍ തലേന്നത്തെ ഡിന്നര്‍ നന്നായി,ഗംഭീരമായി അഥവാ ഉഗ്രനായിരുന്നെന്ന്‌ വ്യാഖ്യാനിക്കാം. ''ഞായറാഴ്‌ച നമുക്ക്‌ ഒന്ന്‌ അടിച്ചൂപൊളിക്കണം''എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഞായറാഴ്‌ച ആഘോഷിക്കണമെന്നാണ്‌.അപ്പോള്‍ സാന്ദര്‍ഭികമായി അടിപൊളിയുടെ അര്‍ത്ഥം മാറിക്കൊണ്ടേയിരിക്കുന്നു. കൃത്യമായ ധാരണയോടെ നിര്‍മ്മിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്‌ത വാക്കല്ലാത്തതു കൊണ്ടാണ്‌ ഇത്‌ സംഭവിച്ചത്‌.

ഇതൊക്കെയാണെങ്കിലും അടിപൊളിയുടെ ഉത്ഭവത്തെക്കുറിച്ച്‌ അവ്യക്‌തതകള്‍ നിലനില്‍ക്കുന്നു.ആദ്യമായി ഈ വാക്ക്‌ ഉപയോഗിച്ചത്‌ ആരാണെന്നോ ഏത്‌ നാട്ടിലാണെന്നോ ആര്‍ക്കും അറിയില്ല. ഇന്ന്‌ അഛനും മക്കളും ഉള്‍പ്പെടുന്ന കുടുംബസദസുകളില്‍ പോലും പരസ്യമായി 'അടിച്ചുപൊളി' എന്ന വാക്ക്‌ ഉപയോഗിക്കപ്പെടുന്നു.യഥാര്‍ത്ഥത്തില്‍ സഭ്യേതരമായ ഒരു വ്യംഗ്യാര്‍ത്ഥം കൂടി ഇതിനുണ്ടെന്ന്‌ പലരും തിരിച്ചറിയുന്നില്ല.

തറ...തറ...കൂതറ..!

തറ എന്ന വാക്കിന്‌ നിലം എന്നാണ്‌ സാമാന്യഗതിയില്‍ പ്രചാരത്തിലുള്ള അര്‍ത്ഥം. 'അവന്‍ ആള്‌ തറയാണ്‌' എന്നു പറഞ്ഞാല്‍ വളരെ താഴ്‌ന്ന നിലവാരം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലും സാധാരണ സംസാരത്തില്‍ ഈ വാക്ക്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ നാലു പടി കൂടി കടന്ന്‌ തറയെ കൂതറയാക്കിയിരിക്കുകയാണ്‌ പുതിയ തലമുറയും ചില സിനിമാക്കാരും ചേര്‍ന്ന്‌. കൂതറയെന്നാല്‍ മാക്‌സിമം അഥവാ പരമാവധി തറയെന്ന്‌ വിവക്ഷ. മ്മൂട്ടി നായകനായി വന്‍ ഹിറ്റായ 'രാജമാണിക്യം' സിനിമയിലൂടെ നടന്‍ സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌ ഈ പ്രയോഗത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത്‌.

ഇപ്പോള്‍ പുതിയ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം മുതല്‍ പല പ്രായക്കാരായ മലയാളികള്‍ ഒന്നടങ്കം 'കൂതറ'യെ സ്‌നേഹപുര്‍വം ഏറ്റെടുത്തിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പിന്‍ബലം സിദ്ധിച്ചവര്‍ പോലും യാതൊരു ഉളുപ്പും കൂസലുമില്ലാതെ പരസ്യമായി കൂതറ എന്ന്‌ ഉരുവിടുന്നു.കൂതറയ്‌ക്ക് പുതിയ വ്യാഖ്യാനഭേദം ചമയ്‌ക്കുന്ന ഭാവനാശാലികള്‍ക്കും പഞ്ഞമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന ഒരു നടന്‍ ഒരു സുഹൃത്‌് സദസില്‍ നടത്തിയ പരാമര്‍ശം നോക്കാം.

''എന്ത്‌ ചെയ്യാനാ ആശാനേ ആ കൂതറച്ചി പ്രേമമാണെന്നും പറഞ്ഞ്‌ എന്റെ പിന്നാലെ നടക്കുകാ...'' ഇവിടെ കൂതറച്ചിക്ക്‌ വൃത്തികെട്ടവള്‍ ,പിഴച്ചപെണ്ണ്‌, സ്വഭാവശുദ്ധിയില്ലാത്തവള്‍ എന്നെല്ലാം അര്‍ത്ഥം. പുതിയ പടങ്ങള്‍ റിലീസാവുമ്പോള്‍ സൃഹൃത്തുക്കള്‍ തമ്മിലുള്ള അന്വേഷണത്തിലും കടന്നു വരും കൂതറ.

''എങ്ങനെയുണ്ട്‌ പടം?''

''കൂതറ''ആ സിനിമയുടെ ഗതി അധോഗതിയെന്ന്‌ സാരം.

ഇടിവെട്ട്‌
അടിപൊളിയുടെ ട്വിന്‍ ബ്രദര്‍ അഥവാ ഇരട്ട സഹോദരനും കുറെനാള്‍ മുന്‍പ്‌ കളത്തിലിറങ്ങി.അവന്‍ താന്‍ 'ഇടിവെട്ട്‌' .കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം കൂട്ടുകാരനുമായി പങ്ക്‌ വയ്‌ക്കുന്നത്‌ ഇങ്ങനെ. ''അളിയാ കാലത്തെ ഞാന്‍ വരുമ്പോള്‍ ആ സ്‌റ്റാച്യൂവിന്‌ മുന്നിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്നു ഒരു ഇടിവെട്ട്‌ സാധനം'' അതിഭയങ്കരം, ഗംഭീരം തുടങ്ങിയ മാന്യമായ പദങ്ങളുടെ സമാനാര്‍ത്ഥത്തിലാണ്‌ ഇത്തരം വികൃതപദങ്ങള്‍ എടുത്ത്‌ ഇക്കൂട്ടര്‍ 'അലക്കു' ന്നത്‌.

അലക്കി
തട്ടി, കാച്ചി തുടങ്ങിയ അത്ര സുഖകരമല്ലാത്ത പ്രയോഗങ്ങളുടെ പിന്‍തുടര്‍ച്ചക്കാരനാണ്‌ 'അലക്ക്‌'.ഉദാഹരണത്തിന്‌ രണ്ട്‌ സഹപാഠികള്‍ തമ്മില്‍ സംസാരിക്കുന്നു.

''എക്‌സാം എപ്പടി''

''ടഫായിരുന്നളിയാ. ഞാന്‍ പിന്നെ അടുത്തിരുന്നവന്റെ ആന്‍സര്‍ പേപ്പറ്‌ നോക്കി വച്ച്‌ അലക്കി''

വച്ചു കാച്ചി, ട്ടിക്കൊടുത്തു എന്ന്‌ പറഞ്ഞാലും സമാനാര്‍ത്ഥം തന്നെ.അലക്ക്‌ പുതിയ പരിഷ്‌കാരമാണ്‌. സര്‍ഫ്‌ എക്‌സലും വിംബാറുമില്ലാത്ത അലക്കാണെന്ന്‌ മാത്രം.

കോടാലിയും കെട്ടിയെടുപ്പും
ഇനി വേറെ രണ്ട്‌ സുഹൃത്തുക്കളുടെ കിഞ്ചന വര്‍ത്തമാനം ഇതാ...

''പുതിയ കെമിസ്‌ട്രി സാറ്‌ എങ്ങനുണ്ട്‌''

''അതൊരു കോടാലിയാ മച്ചാ''

പ്രശ്‌നക്കാരന്‍, കുഴപ്പക്കാരന്‍ എന്നൊക്കെയാണ്‌ കോടാലിക്കൈ കൊണ്ടുദ്ദേശിക്കുന്നത്‌.

വ്യക്‌തികളെക്കുറിച്ച്‌ മാത്രമല്ല ജീവിതാവസ്‌ഥകളെയും കോടാലി എന്ന്‌് വിശേഷിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്‌.ഉദാഹരണത്തിന്‌ രണ്ട്‌ സുഹൃത്തുക്കളുടെ സംഭാഷണം തന്നെയെടുക്കാം.

''എങ്ങനെയുണ്ട്‌ പുതിയ ജോലി?''

''ഭയങ്കര കോടാലിയാ. പഴയ കമ്പനി തന്നെയായിരുന്നു ഭേദം''

സമീപകാലത്ത്‌ ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പോലും കോടാലി പ്രയോഗം കടന്നു വന്നു. ചുരുക്കത്തില്‍ അച്ചടി ഭാഷയായി പോലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അന്തസും ആഭിജാത്യവും കൈവരിച്ചു തുടങ്ങിയിരിക്കുന്നു നമ്മുടെ 'കോടാലി'. ഒട്ടേറെ ബഹുമതികള്‍ വാരിക്കൂട്ടിയ മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകന്‍ ദൈനംദിന ജീവിതത്തില്‍ സ്‌ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്‌ കോടാലി. അപ്പോള്‍ വളരെ സാധാരണക്കാര്‍ മാത്രമല്ല വിവരവും വിദ്യാഭ്യാസവും ഉള്ള പൊതുസമൂഹം ആദരവോടെ പരിഗണിക്കുന്നവര്‍ കൂടി ഇത്തരം വാക്കുകളുടെ ആരാധകരായി മാറിയിരിക്കുന്നു. പത്രത്തില്‍ പുതുതായി ജോയിന്‍ ചെയ്‌ത സഹപ്രവര്‍ത്തകനെക്കുറിച്ച്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ കമന്റ ്‌ ശ്രദ്ധിക്കാം.

''എന്താ സാറേ മുഖത്തൊരു തെളിച്ചമില്ലല്ലോ?''

''എങ്ങനെ തെളിയാനാ പുതിയൊരു കോടാലി കെട്ടിയെടുത്തിരിക്കുകയല്ലേ'' കെട്ടിയെടുക്കുക എന്ന വാക്കും ഈ തരത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞ നെഗറ്റിവ്‌ പ്രയോഗമാണ്‌. ഭാഷയില്‍ ആ വാക്ക്‌ മരണവുമായി ബന്ധപ്പെടുത്തിയാണ്‌ മുന്‍പ്‌ പറയപ്പെട്ടിരുന്നത്‌. ഇപ്പോള്‍ ഒരാളുടെ ആഗമനത്തെ സൂചിപ്പിക്കുന്ന വാക്കായി അവന്‍ മാറി. അതായത്‌ പലഹാരം വാങ്ങാനായി ബേക്കറിയിലേക്ക്‌ ധൃതിവച്ചോടുന്നയാളോട്‌ നാട്ടുകാരന്റെ കുശലം.

''എങ്ങോട്ടാ നൂറേല്‍ കൊളുത്തുന്നത്‌?''

''കാലത്തെ ഒരു മാരണം കെട്ടിയെടുത്തിട്ടുണ്ട്‌''

വീട്ടില്‍ വിരുന്നു വന്ന അത്ര പഥ്യമല്ലാത്ത അതിഥിയെക്കുറിച്ചാണ്‌ സൂചന.

'നൂറേല്‍ കൊളുത്തുക' എന്ന വാക്കും ഈ തരത്തില്‍ പുതിയ ഇറക്കുമതിയാണ്‌. വളരെ വേഗതയില്‍ പോകുന്നത്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. നൂറുകിലോമീറ്ററാണല്ലോ വാഹനങ്ങളുടെ പരമാവധി സ്‌പീഡ്‌. അത്‌ മുന്നില്‍ നിര്‍ത്തിയാവാം ഈ പ്രയോഗം ഉയിര്‍കൊണ്ടത്‌.

അവശ്യവസ്‌തു വാങ്ങാന്‍ തയ്യാറായി വന്ന ഉപഭോക്‌താവിനോട്‌ ഉടമ.

''പറഞ്ഞ കാശ്‌ കൊണ്ടു വന്നിട്ടുണ്ടോ''

''കാശ്‌ ശരിയായിട്ടില്ല''

ഉടമയുടെ മറുപടി- ''എന്നാ കുഞ്ഞ്‌ വിട്ടുപൊയ്‌ക്കോ.റെഡി ക്യാഷും കൊണ്ട്‌ ആളുകള്‍ ഇവിടെ ക്യൂ നില്‍ക്കുമ്പഴാ അവന്റെയൊരു കടം പറച്ചില്‌''

'സ്‌ഥലം കാലിയാക്കിക്കോ' 'വേഗം സ്‌ഥലംവിട്ടോ' എന്നിങ്ങനെ പഴയ നാടന്‍ പ്രയോഗങ്ങള്‍ക്ക്‌് സമാനമായി പുതിയ തലമുറയുടെ സൃഷ്‌ടിയാണ്‌ 'വിട്ടുപൊയ്‌ക്കോ'

അളിയനും മച്ചാനും

'അളിയാ' 'മച്ചാ' തുടങ്ങിയ വാക്കുകളും സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്‌പര സ്‌നേഹത്തിന്റെ പാരമ്യതയിലുള്ള വെറുംവാക്കുകള്‍ മാത്രം.അല്ലാതെ വിളിക്കുന്നവന്റെ പെങ്ങളെ മറ്റവന്‍ കല്യാണം കഴിക്കുകയോ ആ വഴി ഒരു ആലോചന പോലുമോ ഉണ്ടാവില്ല.സ്വന്തം പെങ്ങളെ കുറെക്കൂടി നിലവാരമുള്ള മച്ചാന്‍മാര്‍ക്ക്‌ കെട്ടിച്ചുകൊടുക്കാനേ കുടുംബസ്‌നേഹമുള്ള ഏതൊരു ആങ്ങളയും ആഗ്രഹിക്കൂ.

വെടിക്കെട്ടും ചെത്തും
അടിപൊളിയുടെയും ഇടിവെട്ടിന്റെയും മച്ചാനാണ്‌ വെടിക്കെട്ട്‌.ഭയങ്കരം,ഗംഭീരം,ഉഗ്രന്‍ എന്നൊക്കെത്തന്നെ അര്‍ത്ഥം.ഇവന്‍മാരുടെ ഗ്രാന്‍ഡ്‌ഫാദറായ ചെത്തിന്‌ ഇന്ന്‌ വലിയ ഡിമാന്‍ഡില്ല. പ്രായാധിക്യത്താല്‍ കാലഹരണപ്പെട്ട അവസ്‌ഥയിലാണ്‌ ഇന്ന്‌ ചെത്ത്‌.

അവന്‍ ആള്‌ ചെത്താ...എന്നൊക്കെ പറഞ്ഞാല്‍ ഒരു കാലത്ത്‌ സ്‌റ്റൈലിഷ്‌ എന്ന്‌ കരുതിയിരുന്നു.നല്ല ചെത്ത്‌ പയ്യന്‍ എന്നൊക്കെ്‌ അന്ന്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നു.

''കാലത്തെ ചെത്തി നടക്കുകാണല്ലേ'' എന്നൊക്കെ കുശലം ചോദിച്ചിരുന്ന കാലം പോയി. ഒരു കാലത്ത്‌ സുപ്പര്‍സ്‌റ്റാറായിരുന്ന ചെത്തിന്‌ അടിപൊളി എന്ന മെഗാസ്‌റ്റാര്‍ വന്നതോടെയാണ്‌ തട്ടുകേട്‌ സംഭവിച്ചത്‌.എന്നിരുന്നാലും മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യം ചെത്തിന്‌ കൈവന്നു.ജോഷിയുടെ മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഗാനം കേള്‍ക്കാം.

''ബാഗി പാന്റ്‌സും ജീന്‍സുമണിഞ്ഞ്‌ ബൈക്കില്‍ ചെത്തി നടക്കാം.ഹണ്‍ഡ്രഡ്‌ സീസീ ബൈക്കും അതിലൊരു പുജാബട്ടും വേണം.''- സിനിമാഗാനം വഴി ചരിത്രത്തിലും സ്‌ഥാനം പിടിച്ചു ചെത്ത്‌ മാഹാത്മ്യം.

കലക്കന്‍
കലക്കി, കലക്കന്‍, കലക്കി കപ്പയിട്ടു തുടങ്ങിയ വാക്കുകളും കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നിഘണ്ടുവിലില്ലാത്ത വാക്കുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവനെയും അവഗണിക്കാന്‍ സാധിക്കില്ല.'കലക്കി' എന്ന വാക്ക്‌ മലയാള ഭാഷയുമായി ലേശം ബന്ധമുള്ളതാണ്‌. 'അവന്‍ ആ പെങ്കൊച്ചിന്റെ കല്യാണം കലക്കി' അഥവാ എതിര്‍പാര്‍ട്ടിക്കാര്‍ യോഗം കലക്കി എന്ന്‌ പറഞ്ഞാല്‍ തകര്‍ത്തു ,നശിപ്പിച്ചു എന്നിങ്ങനെ സംഗതി വിപരീതാര്‍ത്ഥത്തിലാണ്‌.എന്നാല്‍ ഇവിടെ കലക്കി ക്ക്‌ നന്നായി, ഭംഗിയായി എന്നൊക്കെയാണ്‌ അര്‍ത്ഥം.കലക്കി കപ്പയിട്ടു എന്നതിലെ കപ്പ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌ അതിന്റെ സൃഷ്‌ടി കര്‍ത്താവിന്‌ മാത്രമേ പറയാന്‍ കഴിയൂ.അങ്ങേയറ്റം നന്നായി എന്നോ മറ്റോ ആവാം .

ചളുക്ക്‌

ചളുക്ക്‌ എന്നാല്‍ ചളുങ്ങിയ വസ്‌തു എന്നോ മറ്റോ ആണ്‌ സൂചന.എന്നാല്‍ കോളജ്‌ കാമ്പസില്‍ സംഗതി വേറെയാണ്‌.തന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ചെറുപ്പക്കാരനെക്കുറിച്ച്‌ പെണ്‍കുട്ടി സ്വന്തം കൂട്ടുകാരിയോട്‌ നടത്തുന്ന അഭിപ്രായ പ്രകടനമാണ്‌.

''അയ്യടാ പ്രേമിക്കാന്‍ പറ്റിയ ഒരു ചളുക്ക്‌''

ആള്‌,സംഗതി,സാധനം എന്നിങ്ങനെ അര്‍ത്ഥം പറയാമെങ്കിലും അനിഷ്‌ടസൂചകമായ ഒരു പ്രയോഗമാണിത്‌.

കണാകുണായും ക്‌ണാപ്പും
''ചുമ്മാ ഒരു മാതിരി കണാ കുണാ വര്‍ത്തമാനം പറയരുത്‌''

പലപ്പോഴും നമ്മള്‍ കേട്ടു ശീലിച്ച പ്രയോഗമാണിത്‌.അര്‍ത്ഥശൂന്യമായ അഥവാ അപ്രസക്‌തമായ വര്‍ത്തമാനം പറയരുത്‌ എന്നാവാം ഉദ്ദേശിക്കുന്നത്‌. എന്നാല്‍ പ്രഥമ ശ്രവണമാത്രയില്‍ അസ്വാരസ്യം ദ്യോതിപ്പിക്കുന്ന വാക്കാണിത്‌.ഒഴിഞ്ഞുമാറി രക്ഷപ്പെടുന്ന വിധത്തില്‍ വ്യക്‌തതയില്ലാത്ത മറുപടിക്കാണ്‌ പലരും കണാകുണാ എന്ന്‌ ഉപയോഗിക്കുന്നത്‌.ഇവിടെയും സഭ്യേതരമായ ഒരു പ്രയോഗത്തിന്റെ ലാഞ്‌ജന കാണാം.

സമാനദുരന്തം പതിയിരിക്കുന്ന മറ്റൊരു പ്രയോഗമാണ്‌ 'ക്‌ണാപ്പ്‌'

''ആശാനേ ഒരു മാതിരി ക്‌ണാപ്പ്‌ വര്‍ത്തമാനം പറയരുത്‌''

ക്‌ണാപ്പിന്‌ ഇവിടെ ശരിയല്ലാത്ത എന്നാവാം അര്‍ത്ഥം.നാടന്‍ വര്‍ത്തമാനത്തില്‍ വരുന്ന നിര്‍ദ്ദോഷമായ ഒരു പ്രയോഗം എന്ന്‌ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും അസുഖകരമായ എന്തോ ഒന്ന്‌ ക്‌ണാപ്പിലുമുണ്ട്‌.

ഒരു മാതിരി പന്തിയല്ലാതെ സംസാരിക്കുന്നവരെ ഉദ്ദേശിച്ച്‌-

''അവന്റെയൊരു കണസാ കുണസാ വര്‍ത്താനം കേട്ടാല്‍ ദേഷ്യം വരും''

എന്നൊരു പറച്ചിലുണ്ട്‌.

കുട്ടകളി
അവര്‌ തമ്മില്‍ പിണക്കമൊന്നുമില്ല.ചുമ്മാ മനുഷ്യരെ പറ്റിക്കാനുള്ള കുട്ടകളിയാണെന്നേ''

നാടന്‍കളികളുടെ പട്ടികയിലൊന്നും പെടാത്ത ഈ 'കുട്ടകളി'യുടെ അര്‍ത്ഥം തേടി തല പുകയണ്ട.അഡ്‌ജസ്‌റ്റമെന്റ്‌, ഒത്തുകളി, ഉരുണ്ടുകളി എന്നൊക്കെയാണ്‌ അര്‍ത്ഥമാക്കുന്നത്‌. അവര്‌ വാണിയനും വാണിയത്തിയും കളിക്കുകയാ.. എന്ന്‌ സമാനാര്‍ത്ഥം വരുന്ന ഒരു നാടന്‍ പ്രയോഗം തന്നെയുണ്ട്‌. ഈ പറഞ്ഞ സാമാന്യം തെറ്റില്ലാത്ത പ്രയോഗങ്ങള്‍ നിലനില്‍ക്കുമ്പോഴും ലേശം എരിവും പുളിയും തോന്നിക്കുന്ന 'കുട്ടകളി'യിലാണ്‌ ആളുകള്‍ക്ക്‌ കൗതുകം.

തെറിപ്പിക്കും..?

''മര്യാദക്ക്‌ അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിക്കും''

ജോലി കളയും എന്ന മാന്യമായ പ്രയോഗമാണ്‌ ഇവിടെ തെറിപ്പിക്കലായി രൂപാന്തരപ്പെടുന്നത്‌.തൊണ്ണൂറുകളില്‍ കേരളത്തില്‍ ഒരിടത്തും കേട്ടുശീലിച്ചിട്ടില്ലാത്ത ഈ വാക്ക്‌ പെട്ടെന്ന്‌ ഒരു നാള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.ഇക്കാര്യത്തില്‍ സിനിമകളുടെ സംഭാവന വളരെ വലുതാണ്‌.ഈ തരത്തില്‍ ഉയര്‍ന്നു വരുന്ന പല വാക്കുകള്‍ക്കും ജനപ്രീതി ലഭിക്കാന്‍ സിനിമകള്‍ കാരണമാവുന്നുണ്ട്‌.

വെടിച്ചില്ല്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം.ഗംഭീരം,ഭേഷ്‌,ഉഗ്രന്‍ എന്നിവയുടെ സമാനാര്‍ത്ഥമാണ്‌ വെടിച്ചില്ലിനും. എന്നാല്‍ ആരാലും അറിയപ്പെടാതെ കിടന്ന വെടിച്ചില്ലിനെ ഇത്രയും പ്രശസ്‌തമാക്കിയത്‌ നിസാര വ്യക്‌തികളല്ല. ഇടിവെട്ട്‌,വെടിച്ചില്ല്‌ ഷോട്ടുകള്‍ എടുക്കുന്നതില്‍ വിഖ്യാതനായ ഒരു ചലച്ചിത്രസംവിധായകനാണ്‌ തന്റെ ഒരു സിനിമയുടെ പരസ്യ വാചകമായി ഈ പദങ്ങള്‍ വെണ്ടയ്‌ക്ക വലിപ്പത്തില്‍ പോസ്‌റ്ററുകളില്‍ ചേര്‍ത്തത്‌. ക്രമേണ കേരളത്തില്‍ അങ്ങോളമിങ്ങോളം ആ വാക്ക്‌ നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങി.

തരികിട

''അവന്‍ ആള്‌ പിശകാ'' പണ്ട്‌ മുതലേ പ്രചാരത്തിലിരുന്ന പ്രയോഗമാണിത്‌.ആ വ്യക്‌തി ശരിയല്ലെന്ന്‌ അര്‍ത്ഥം.പുതിയ തലമുറയുടെ കണ്ടെത്തലായ 'തരികിട'യ്‌ക്ക് കുറെക്കൂടി വ്യാപകമായ അര്‍ത്ഥമുണ്ട്‌.അവന്‍ ആള്‌ തരികിടയാണെന്ന്‌ പറഞ്ഞാല്‍ ആള്‌ വെറും കുഴപ്പക്കാരനെന്ന്‌ മാത്രമല്ല എല്ലാത്തരത്തിലും പ്രശ്‌നകാരിയായ ഒരു ഫ്രാഡാണെന്ന്‌ വ്യംഗ്യം.ഉരുണ്ടുകളിക്കുന്നവരെക്കുറിച്ച്‌ അവന്‍ ഒരു മാതിരി ''തക്കടതരികിട' വര്‍ത്താനമാ പറയുന്നത്‌ എന്നൊരു ചൊല്ലുണ്ട്‌.ഇവിടത്തെ തരികിട താരതമ്യേന നിര്‍ദ്ദോഷിയാണ്‌.അങ്ങനെ കേവലം തരികിടയ്‌ക്ക് തന്നെ സാന്ദര്‍ഭികമായി എന്തെല്ലാം അര്‍ത്ഥഭേദങ്ങള്‍.

ഉഡായിപ്പ്‌
ഈ ജനുസില്‍ 2000 ആണ്ടിലെ സൂപ്പര്‍ഹിറ്റ്‌ നമ്പരാണ്‌ സര്‍വ്വശ്രീ.ഉഡായിപ്പ്‌. ഏതെങ്കിലും ഒരു ഐപ്പിന്റെ ഇരട്ടസഹോദരനല്ല ഈ 'ഉഡായിപ്പ്‌'.പിന്നെയോ? തട്ടിപ്പും വെട്ടിപ്പും തരികിടയും കറക്കുകമ്പനിയും അങ്ങനെ സര്‍വ്വത്ര കുഴപ്പക്കാരായ വ്യക്‌തികള്‍ക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഭിനവ എഴുത്തഛന്‍മാര്‍ കനിഞ്ഞരുളിയ ബഹുമതിയാണ്‌ സാക്ഷാല്‍ 'ഉഡായിപ്പ്‌'

ഇന്ന്‌ പ്രൊഫഷനല്‍ബിരുദധാരികള്‍ അടക്കമുള്ളവര്‍ ദൈനംദിന ജീവിതത്തില്‍ ഒരു ഉളുപ്പും കൂടാതെ എടുത്ത്‌ പ്രയോഗിക്കുകയാണ്‌ ഇവനെ.

''അവന്‍ ആള്‌ ഉഡായിപ്പാണ്‌ കേട്ടോ'' ''അണ്ണാ ഒരുമാതിരി ഉഡായിപ്പ്‌ വര്‍ത്താനം പറയരുത്‌ ''എന്നൊക്കെ 'അടിച്ചുവിടുന്ന' വരുണ്ട്‌.പറയുക എന്ന അര്‍ത്ഥത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന നമ്പരാണ്‌ തട്ടി വിടുക,അടിച്ചുവിടുക,ഇവയൊക്കെ.

''ഞങ്ങളവനെയൊന്ന്‌ വാരി'' എന്ന്‌ പറഞ്ഞാല്‍ കളിയാക്കി എന്നാണ്‌.''കെമിസ്‌ട്രി മിസിനെ കറക്കി കയ്യിലെടുത്തു'' എന്നാല്‍ സോപ്പിട്ടു എന്ന്‌ തന്നെ. വശത്താക്കി അഥവാ പ്രീതിപ്പെടുത്തി തുടങ്ങിയവയ്‌ക്ക് തൊണ്ണൂറുകളില്‍ കൈവന്ന പുതിയ വാക്കാണ്‌ സോപ്പിടുക.

ചരക്കും ഉരുപ്പടിയും

റോഡിലൂടെ നടന്നു പോകുന്ന സുന്ദരിയായ പെണ്‍കുട്ടിയെ നോക്കി ''നല്ലുഗ്രന്‍ ചരക്ക്‌'' എന്ന്‌ പറഞ്ഞിരുന്ന കാലം പോയി.ആ വാക്ക്‌ തന്നെ ഔട്ട്‌ഡേറ്റഡായപ്പോള്‍ പകരം വന്ന മാന്യനാണ്‌ 'ഉരുപ്പടി'. സാധാരണഗതിയില്‍ സ്വര്‍ണ്ണം പോലെ വിലയേറിയ വസ്‌തുക്കള്‍ക്ക്‌ നല്‍കിയിരുന്ന വിശേഷണം തരുണീമണികള്‍ക്ക്‌ നല്‍കി സ്‌ത്രീത്വത്തെ ആദരിച്ചതായി പുരുഷകേസരികള്‍ ന്യായീകരിച്ചേക്കാം.എന്നിരുന്നാലും നല്ലതല്ലാത്ത ഒരു പ്രയോഗം തന്നെയാണ്‌ ഇതും.

''ആശാനേ ദേ ഒരു കിണ്ണന്‍ ഉരുപ്പടി ഇതിലെ പോയി''എന്ന്‌ പറയുന്നതിലെ സൗന്ദരാസ്വാദനം ഒരു പരിധി വരെ അശ്‌ളീലദ്യോതകമാണ്‌.ചരക്ക്‌,ഉരുപ്പടി എന്ന പോലെ സാധനം എന്നും പെണ്‍കുട്ടികളെ വിശേഷിപ്പിക്കുന്നവരുണ്ട്‌.സ്‌ത്രീത്വത്തോടുള്ള അനാദരവായി ഇത്‌ കാണുന്ന സ്‌ത്രീകളുമുണ്ട്‌.

''ആ പോകുന്ന സാധനം കൊള്ളാം'' എന്ന്‌ ഒരു പെണ്‍കുട്ടിയെ നോക്കി പറയുന്നവന്‍ തീര്‍ച്ചയായും സ്‌ത്രീയെ ഒരു ഉപഭോഗ വസ്‌തുവായാണ്‌ കാണുന്നത്‌. എന്നാല്‍ ചെറുപ്പത്തിന്റെ നിര്‍ദ്ദോഷമായ കമന്റുകളായി ഇതിനെ കാണുന്നവരുമുണ്ട്‌.

ലൊട്ടുലൊടുക്കും ആപ്പയൂപ്പയും

സാമൂഹ്യമാന്യതയോ മൂല്യമോ ഇല്ലാത്ത അനാദരണീയരായ വ്യക്‌തികളെ വിശേഷിപ്പിക്കുന്ന വാക്കാണിത്‌.

''കണ്ട ആപ്പയൂപ്പയോടൊന്നും ഞാന്‍ സംസാരിക്കാറില്ല'' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ പറയുന്നയാള്‍ ഉന്നതസ്‌ഥാനീയനും അയാള്‍ ആപ്പയൂപ്പയായി കാണുന്നവര്‍ അയാളുടെ സോഷ്യല്‍സ്‌റ്റാറ്റസിന്‌ തീര്‍ത്തും യോജിക്കാത്ത അധമനുമാണെന്ന്‌ നാം മനസിലാക്കി കൊള്ളണം. പുതിയ വീട്ടിലേക്ക്‌ മാറി താമസിക്കാന്‍ ഒരുങ്ങുന്നയാള്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്‌ അടുത്ത രംഗം.

''എടോ ആ വില കൂടിയ സാധനങ്ങള്‍ മാത്രം ലോറിയില്‍ കയറ്റിയാല്‍ മതി.ബാക്കി ലൊട്ടുലൊടുക്ക്‌ എല്ലാം വല്ല പെട്ടി ആട്ടോയിലും കയറ്റാം'' താരമമ്യേന വില കുറഞ്ഞ സാധനങ്ങളെയാണ്‌ അത്ര പ്രാധാന്യമില്ലാത്ത, പ്രസക്‌തമല്ലാത്ത എന്ന അര്‍ത്ഥത്തില്‍ ടിയാന്‍ ലൊട്ടുലൊടുക്ക്‌ എന്നു വിശേഷിപ്പിച്ചത്‌.

ഇടുക്ക്‌ വഴികള്‍ക്ക്‌ 'ഗുഡുസ്‌'' എന്നും വണ്ണക്കൂടുതലുളളവരെ 'ഗുണ്ടുമണി'യെന്നുമൊക്കെ വിശേഷിപ്പിക്കുന്നത്‌ ഭാഷയുടെ ഭാഗമായിത്തന്നെ മലയാളി അംഗീകരിച്ചു കഴിഞ്ഞു.

'പാര വയ്‌പ്പ്' ഈ തരത്തില്‍ സുസമ്മതനായ വാക്കാണ്‌.പാര കുറെക്കൂടി അപ്‌ഡേറ്റ്‌ ചെയ്‌തപ്പോള്‍ 'തിരി' ആയി.''അവന്‍ തിരി വച്ചിട്ടാണെന്നേ എന്റെ പണി പോയത്‌'' എന്ന്‌ പറഞ്ഞാല്‍ അയാള്‍ പാര പണിത്‌ ടിയാന്റെ ജോലി കളഞ്ഞു എന്ന്‌ അര്‍ത്ഥം.

''അറിഞ്ഞോ ഇരുപത്തയ്യായിരം രൂപയാ അവന്‌ സ്‌റ്റാര്‍ട്ടിംഗ്‌ സാലറി''

''ഇരുപത്തയ്യായിരം തൂമ്പാ..അവന്‍ ചുമ്മാ കാച്ചുന്നതാ..''ഇവിടെ കാച്ചുക എന്നാല്‍ പപ്പടം കാച്ചലല്ല.നുണ പറയുകയാണ്‌, സത്യവിരുദ്ധമാണ്‌ എന്നൊക്കെ അര്‍ത്ഥം.

പലപ്പോഴും മികച്ച പദപ്രയോഗങ്ങളേക്കാള്‍ സാഹചര്യങ്ങളുടെ അഥവാ സന്ദര്‍ഭത്തിന്റെ തീവ്രത സംവേദനം ചെയ്യാന്‍ ഇത്തരം വാക്കുകള്‍ ഉപകരിക്കുന്നതായി കാണാം. എന്നിരുന്നാലും ഇത്തരം പ്രയോഗങ്ങള്‍ അഭിലഷണീയമായി പൊതുവെ കരുതപ്പെടുന്നില്ല.

''അവനൊരു മണുക്കൂസാണെന്നേ..''പലപ്പോഴും നാം കേള്‍ക്കാറുള്ള വാക്കാണ്‌്. ഇവിടെ മണുക്കൂസ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തി കാര്യശേഷിയില്ലാത്ത ദുര്‍ബലനായ ഒരുവനാണെന്ന്‌ സാരം. ക്‌ണാപ്പന്‍, മണുമണാപ്പന്‍ എന്നും ഇത്തരക്കാരെ വിശേഷിപ്പിച്ചു കേള്‍ക്കാറുണ്ട്‌.

''അവന്‍ വല്യ കൊണാണ്ട്രനല്ലേ'' എന്ന്‌ പറഞ്ഞാല്‍ വലിയ പുള്ളിയല്ലേ എന്ന്‌ സാരം.ഇത്‌ പക്ഷേ ആദരവോടെയല്ല ലേശം പരിഹാസത്തോടെയാണ്‌ ഉപയോ ഗിക്കുക.

''ഇന്നലത്തെ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ശ്രീകാന്ത്‌ തകര്‍ത്തു കളഞ്ഞു'' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ശ്രീകാന്ത്‌ ഗംഭീര പ്രകടനം കാഴ്‌ച വച്ചു എന്നാണ്‌. എന്നാല്‍ ഇതേ വാക്കിന്‌ നശിപ്പിച്ചു എന്നാണ്‌ ശരിയായ അര്‍ത്ഥം.

ചുരുക്കത്തില്‍ ഇത്തരം പുതിയ പദങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒരു ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങൂന്നതല്ല. ഇനിയൊരു കാലത്ത്‌ ഇത്തരം വാക്കുകള്‍ക്ക്‌ മാത്രമായി ഒരു നിഘണ്ടു നിലവില്‍ വന്നാലും അതിശയിക്കേണ്ടതില്ല.കാരണം ഇത്തരം 'ഉഡായിപ്പ്‌' വാക്കുകളുടെ ബാഹുല്യം അത്രയേറെയാണ്‌.

Thanks: സജില്‍ ശ്രീധര്‍

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 10, 2010

പ്രിയപെട്ട ലാലേട്ടന് തുറന്ന കത്ത്

പ്രിയപെട്ട ലാലേട്ടന്.

ഞങ്ങള്‍ ലാലേട്ടന്റെ കടുത്ത ആരാധകരാണ്. താങ്കളുടെ പടങ്ങള്‍ ഒന്നും വിടാതെ കാണുന്നവരാണ്. ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളില്‍’ തുടങ്ങിയ ആ നടനവിസ്മയത്തിന്റെ വിജയഘോഷയാത്ര സാകൂതം വീക്ഷിക്കുന്നവരാണ് ഞങ്ങള്‍ . 2000 ന്റെ തുടക്കത്തിലാണ് താങ്കള്‍ തട്ടുപൊളിപ്പന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ദേവദൂതന്‍ പോലുള്ള സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപെടുന്നതും നരസിംഹം പോലുള്ള സിനിമകള്‍ വിജയിക്കുന്നതും വിഷമത്തോടെയാണ് ഞങ്ങള്‍ നോക്കി നിന്നത്. പിന്നീട് താങ്കള്‍ ടൈപ്പ് കഥാപത്രങ്ങളിലേക്ക് മാറി. നവരസങ്ങള്‍ അഭിനയിക്കാന്‍ കഴിവുള്ള നടന്റെ രൗദ്രഭാവം മാത്രം സ്‌ക്രീനില്‍ നിറഞ്ഞുനിന്നു. തല്ലിപൊളി സിനിമകളുടെ ഉദാഹരണമായി ലോകാവസാനംവരെ എടുത്ത് കാണിക്കാന്‍ കഴിയുന്ന ഒന്നാമന്‍ , താണ്ഡവം തുടങ്ങിയ സിനിമകള്‍ അങ്ങനെയാണുണ്ടാവുന്നത്. തുടരെ തുടരെയുള്ള പരാജയങ്ങളെ തുടര്‍ന്ന് താങ്കള്‍ പരസ്യചിത്രങ്ങളിലേക്ക് ചുവടുമാറ്റി. ഈ ചുവടുമാറ്റം ഞങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വലിയമാറ്റമാണുണ്ടക്കിയത്. അതിനെകുറിച്ചാണ് ഞങ്ങള്‍ ഇവിടെ തുറന്നെഴുതുന്നത്. 



ഞങ്ങള്‍ ബാംഗ്ലുരില്‍ ജോലിചെയ്യുന്ന ബാച്‌ലേഴ്‌സ് ആണ്. ജോലികഴിഞ്ഞ് വൈകീട്ട് റൂമില്‍ വന്ന് പ്രത്യേകിച്ച്  പണിയൊന്നും ഇല്ലാത്തതിനാല്‍ ചൊറിയും കുത്തിയിരിക്കുകയാണ് പതിവ്. ആയിടയ്ക്കാണ് താങ്കളുടെ ”വൈകീട്ടെന്താ പരിപാടി’ എന്നപരസ്യവാചകം വരുന്നത്. പുതിയ സിനിമയിലെ പഞ്ച് ഡയലോഗാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അത് ‘Original Choice’എന്ന മദ്യത്തിന്റെ പരസ്യമാണെന്നു മനസിലായത്. ”നിങ്ങളില്ലാതെ എനിയ്‌ക്കെന്താഘോഷം’. ഞങ്ങളില്ലാതെ താങ്കള്‍ക്ക് ഒരാഘോഷവുമില്ലല്ലൊ. വൈകീട്ടു റൂമില്‍ ചുമ്മാ ഈച്ചയാട്ടിയിരുന്ന ഞങ്ങള്‍ അങ്ങനെ താങ്കളുടെ കൂടെ ”വൈകീട്ടുള്ള പരിപാടികളില്‍’ അംഗമായി. ഇപ്പോള്‍ ഞങ്ങളുടെ മാസവരുമാനത്തില്‍ നിന്നും നല്ലൊരുതുക താങ്കള്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന ”Original Choice’ ന്റെ മുതലാളിക്ക് (താങ്കള്‍ക്ക് ഷെയര്‍ ഉണ്ടോ?) എത്തിച്ച് കൊടുക്കുന്ന കാര്യം നിര്‍വികാരതയോടെ നിസംഗതയോടെ അറിയിച്ചുകൊള്ളട്ടെ.


താങ്കള്‍ ” Mohan Lal’s Taste Buds’എന്ന പേരില്‍ പപ്പടം, പൊറോട്ട, കുടംപുളി തുടങ്ങിയ സാധനങ്ങളുടെ പരസ്യത്തില്‍ തകര്‍ത്തഭിനയിക്കുന്ന സമയം. ”’ Mohan Lal’s Taste Buds’ ന്റെ ഭാഗമായി ബാംഗ്ലൂരില്‍ ” The Harbour Markte’ എന്ന ഹോട്ടല്‍ തുടങ്ങി. ലാലേട്ടന്‍ തുടങ്ങിയ ഹോട്ടലാണ് നമ്മള്‍ ആരാധകര്‍ അത് പ്രോത്സാഹിപ്പിക്കണം എന്നു കരുതി ഞങ്ങള്‍ ഒരു ദിവസം ഹോട്ടലില്‍ പോയി. സ്വാദിഷ്ടമായ ആറേഴ് കേരള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയതു. ഭക്ഷണം ‘Not good not bad’. വിഭവങ്ങള്‍ എല്ലം കഴിച്ച് അവസാനം നിക്ടഷ്ടമായ ആ സാധനം(ബില്ല്) വന്നപ്പോള്‍ ഞങ്ങള്‍ പതറിപ്പോയി. 2738 രൂപ. (ബില്ലിന്റെ കോപ്പി ഈ കത്തിനോടൊപ്പം ചേര്‍ക്കുന്നു). ഭാഗ്യത്തിന് ഞങ്ങളില്‍ ഒരാരാധകന്റെ കയ്യില്‍ ‘ Credit Card’ എന്ന സാധനം ഉണ്ടായിരുന്നതുകൊണ്ട് അടുക്കളയില്‍ പോകേണ്ടിവന്നില്ല. (ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ ലാലേട്ടന്റെ ആരാധകരാണെന്ന്). ജീവിതത്തില്‍ ഇത്രയുംകാലം കഴിച്ച പഴംപൊരിയുടെ മൊത്തം തുക 250 രൂപ വരില്ല.

പക്ഷെ ഈ അവസരങ്ങളിലൊന്നും ലാലേട്ടനെ തള്ളിപറയാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഞങ്ങള്‍ പാവപെട്ട ആരാധകര്‍ കുത്തുപാളയെടുത്താലും തരക്കേടില്ല ലാലേട്ടന്‍ പരസ്യത്തിലൂടെ പണം സമ്പദിച്ചാല്‍ മതി. എന്നിട്ട് ചെന്നൈയിലും ഡെല്‍ഹിയിലും ഓരോ ‘The Harbour Marktet’ തുടങ്ങണം. അവിടെയുള്ള ആരാധകര്‍ക്കും കിടക്കട്ടെ ഒരു പണി


രണ്ട് പട്ടാളസിനിമകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താങ്കള്‍ക്ക് ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിക്കുകയുണ്ടയി. വളരെ സന്തോഷമുള്ള കാര്യം കാരണം താങ്കളെപോലെ charsimatic ആയ ഒരുവ്യക്തിയ്ക്ക് യുവജനങ്ങളെ മിലിട്ടറിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. പക്ഷെ അവിടെയും താങ്കള്‍ ഞങ്ങളുടെ പ്രതീക്ഷ തകര്‍ത്തു. ആ മിലിട്ടറി യൂണിഫോമിട്ട് താങ്കള്‍ നേരെ പൊയത് ‘Malabar Gold’ന്റെ പരസ്യത്തിലേക്കാണ്. രാജ്യം താങ്കള്‍ക്ക് സമ്മാനിച്ച ലഫ്റ്റനന്റ് കേണല്‍ പദവി ജ്വല്ലറി പരസ്യത്തില്‍ ഉപയോഗിച്ച് താങ്കള്‍ ദുരുപയോഗം ചെയതു. താങ്കളുടെ പരസ്യംകണ്ട് ഏതെങ്കിലും പട്ടാളക്കാരന്റെ ഭാര്യയ്ക്ക് മതിഭ്രമ (Hallucination) വരുകയാണെങ്കില്‍ അടുത്തതവണ ലീവിന് നാട്ടില്‍ വരുമ്പോള്‍ 5 പവന്റെ നെക്ലേസുമായി വന്നാല്‍ മതിയെന്നു മൊഴിയും. തോക്കിനുമുന്‍പില്‍ തോല്‍ക്കാത്ത പട്ടാളക്കാരന്‍ താങ്കളുടെ മുന്‍പില്‍ തോറ്റുപോവും.

കേരളീയരുടെ മദ്യാസക്തിയെപറ്റിയും ഒരുസൂപ്പര്‍സ്റ്റാര്‍ തന്നെ മദ്യത്തിന്റെ പരസ്യത്തിലഭിനയിക്കുന്നതിനെ പറ്റിയും BBC ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. താങ്കള്‍ക്ക് ലഭിച്ച പത്മശ്രീ, ഭരത്, ഡോക്ടറേട്ട് ബഹുമതികള്‍ക്ക് മുകളിലായി Black Mark നിലനില്‍ക്കുന്നു എന്ന കാര്യം താങ്കള്‍ ഓര്‍മ്മിക്കണം. ഒരുകലാകാരന് പണസമ്പാദ്യത്തിലുപരിയായി Social Responsibility ഉണ്ടെന്നകാര്യം താങ്കള്‍ മറക്കരുത്. ‘Cola’ അംബാസഡര്‍ ആയിരുന്ന അമിതാബ് ബച്ചന്‍ പിന്നീട് അതിന്റെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി പരസ്യത്തില്‍ നിന്നും പിന്മാറിയത് താങ്കളെ ഓര്‍മപെടുത്തുകയണ്. കേരളത്തിലെ പ്രമുഖ യുവജന സംഘടന ആയ DYFI താരങ്ങള്‍ സ്വര്‍ണ്ണപരസ്യത്തില്‍ അഭിനയിക്കുന്നതിനെതിരെ പ്രമേയം കൊണ്ടുവന്നതും സൂചിപ്പിക്കുന്നു.

ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് താങ്കള്‍ക്ക് ഉയരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു. കത്ത് ചുരുക്കുന്നു. ”വൈകീട്ട് പരിപാടിയുണ്ട്’.

എന്ന് സ്‌നേഹപൂര്‍വം

താങ്കളുടെ ആരാധകര്‍ .

By: ലാല്‍ അത്തോളി



How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 7, 2010

ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍

ചാറ്റിങ്ങ് ക്ലാസ്സ് - 4500 നൂതനാശയങ്ങള്‍ കിട്ടി

ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്‍ക്ക് അത് ജന്മാനാ തന്നെ പൈതൃക
ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ
ആര്‍ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന
വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .


അധ്യായം - ഡാ

നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്‍ക്കണം..എന്നാലെ
നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ്
, അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍
തെറ്റിദ്ധരിക്കും

for ex : - iam going da , you come da , poda , same to you da , good
morning da ,

നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന്
വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ
കാലഘട്ടത്തില്‍ പെണ്‍കുട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..

for ex : ഇത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സംസാരമാണ് ,

A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa
ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും
തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .

പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ
ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി
ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ
ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി
പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന
വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്‍ത്ഥം " laughing out
loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ
ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍
നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം ,
പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും
കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി
പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്‍ത്ഥോം പര്യായൊമൊക്കെ .

for ex :

how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol


രണ്ടാം അധ്യായം - [chatting special മലയാളം ]

 “കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍
മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന്
നിര്‍ബന്ധബുദ്ധിയുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍
പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍
മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും

good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്

മൂന്നാം അധ്യായം [ American english ]

ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും
മലയാളത്തില്‍ തെറി പോലെ
ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും
പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,

for ex - you wanna gonna for a food.


How to post comments?: Click here for details

Join Facebook Fan club: Click here to be a fan


April 6, 2010

ടോം & ജെറി - 70 വയസ്സ്

ഏപ്രില്‍ മാസത്തില്‍ മുഴുവന്‍ സമയവും ടോമിനേയും ജെറിയേയും കണ്ടുകൊണ്ടിരിക്കാം. ലോകത്തെയാകെ ചിരിപ്പിക്കുന്ന ഈ കുസൃതികളുടെ എഴുപതാം `പിറന്നാള്‍' പ്രമാണിച്ചാണ്‌ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ ചാനല്‍ ഒരുമാസം എല്ലാദിനവും ടോമിനേയും ജെറിയേയും പ്രദര്‍ശിപ്പിക്കുന്നത്‌.
ടോമും ജെറിയും ഓട്ടംതുടങ്ങിയിട്ട്‌ വര്‍ഷം 70 കഴിഞ്ഞു. ആബാലവൃദ്ധം ജനങ്ങളുടെയും ഹരമായ ഈ പൂച്ചയും എലിയും ലോകത്തിലേറ്റവുമധികം ഇഷ്‌ടപ്പെടുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്‌. 2000 ല്‍ ലോകചരിത്രത്തിലെ ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ ഷോ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുത്തത്‌ ടോം ആന്റ്‌ ജെറിയേയാണ്‌.

1930 ല്‍ വില്യം ഹന്ന എന്ന സംവിധായകനും സ്‌റ്റോറി ബോര്‍ഡ്‌ എഴുത്തുകാരനായ ജോസഫ്‌ ബാര്‍ബറയും ചേര്‍ന്ന്‌ എം.ജി.എം സ്‌റ്റുഡിയോയില്‍വച്ചാണ്‌ ഈ കുസൃതിക്കുരുന്നുകളായ പൂച്ചയ്‌ക്കും എലിക്കും രൂപംകൊടുത്തത്‌. ആദ്യം ഇവര്‍ക്കു നല്‍കിയ പേര്‌ `പസ്‌ഗെറ്റ്‌സ്‌' എന്നും `ബൂട്ട്‌' എന്നും ആയിരുന്നു. 1940 ഫെബ്രുവരി 10ന്‌ `പസ്‌ഗെറ്റ്‌സ്‌ - ബൂട്ട്‌' മൂവി റിലീസ്‌ ചെയ്‌തു. ആ ചിത്രം ആരും ശ്രദ്ധിക്കാതെ തീയേറ്റര്‍ വിടുകയും ചെയ്‌തു. ഹന്നയും ജോസഫും വേറെ പ്രോജക്‌ടുകളില്‍ മുഴുകി. പൂച്ചയെയും എലിയെയും അവരും മറന്നു.

എന്നാല്‍ 1941 ല്‍ ഓസ്‌കാര്‍ അവാര്‍ഡിനു പരിഗണിക്കപ്പെട്ടതോടെ `പസ്‌ഗെറ്റ്‌സ്‌ - ബൂട്ട്‌' മൂവി വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഓസ്‌കാര്‍ ലഭിച്ചില്ലെങ്കിലും പൂച്ച-എലി സിരീസില്‍ ശ്രദ്ധിക്കാന്‍ എം.ജി.എമ്മിലെ പ്രൊഡ്യൂസര്‍ ഫ്രെസ്‌ ക്വിംബി, ഹന്നയോടും ജോസഫിനോടും ആവശ്യപ്പെട്ടു. അങ്ങനെ 1941 ല്‍ത്തന്നെ `മിഡ്‌നൈറ്റ്‌ സ്‌നാക്ക്‌' എന്ന കാര്‍ട്ടൂണ്‍ സിനിമയോടെ ടോം ആന്റ്‌ ജെറി ജനിച്ചു. പിന്നീട്‌ ഒരിക്കലും ഹന്നയും ജോസഫും വേറെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെയും വരച്ചിട്ടില്ല!

 
2006 ല്‍ ടോമും ജെറിയും ചെയ്യുന്ന പല കാര്യങ്ങളും `യുവാക്കള്‍ക്ക്‌' ചേര്‍ന്നതല്ലെന്നു പറഞ്ഞ്‌ ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ പരാതി കോടതി `ചിരിച്ചുതള്ളി'.
അങ്ങനെ അജയ്യരായി തുടരുകയാണ്‌ 70 വയസ്‌ കഴിഞ്ഞിട്ടും ടോമും ജെറിയും. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ ചാനലിന്റെ പഠനം തെളിയിച്ചത്‌ ടോം ആന്റ്‌ ജെറിയുടെ കാഴ്‌ചക്കാരില്‍ 50 ശതമാനവും മുതിര്‍ന്നവരാണെന്നാണ്‌. 70 ാം പിറന്നാള്‍ ആഘോഷം പ്രമാണിച്ച്‌ ഏപ്രില്‍ മാസം കാര്‍ട്ടൂണ്‍ ചാനലില്‍ 160 ടോം ആന്റ്‌ ജെറി എപ്പിസോഡുകളും 10 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

April 4, 2010

എത്ര സുന്ദരമായ സാനിയ സ്വപ്‌നം

``ശ്ശൊ, നാശം, മനസമാധാനമായി ഒന്നു പ്രേമിക്കാന്‍ പോലും സമ്മതിക്കില്ല! ഓരോരുത്തരിങ്ങനെ ഇറങ്ങിക്കൊള്ളും. മനസമാധാനത്തില്‍ ഇടംകോലിട്ടളക്കാന്‍. ടെന്നീസ്‌ മഹതി സാനിയ മിര്‍സയുടെ മനസില്‍ ഇപ്പോള്‍ ഇതായിരിക്കും ചിന്ത. രണ്ടു മൂന്നു മാസം മുന്‍പ്‌ ബാല്യകാല സുഹൃത്തായ ഒരു ചെറുപ്പക്കാരന്റെ കഞ്ഞിയില്‍ ഒരുപിടി ഉരുളന്‍ കല്ലുകള്‍ വാരിയിട്ടാണ്‌ പാകിസ്‌ഥാനിലേക്കുള്ള വിവാദ വാതകക്കുഴലില്‍ കയറിപ്പറ്റിയത്‌. സുമുഖനായ കുറുക്കന്‍ (ക്രിക്കറ്റ്‌) കളിക്കാരന്‍ (സല്‍സ്വഭാവംകൊണ്ട്‌ ആളിപ്പോള്‍ സസ്‌പെന്‍ഷനിലാണ്‌). മതത്തിനും പ്രകൃതിക്കും അനുകൂലമായ വാതകക്കുഴലിന്റെ ഇരുധ്രുവങ്ങളിലുമിരുന്ന്‌ സൊറ പറഞ്ഞ്‌ അടുപ്പത്തിലായി.



അങ്ങനെയങ്ങനെ കല്യാണം കഴിക്കാനും തീരുമാനിച്ചു. ഏതായാലും അനുരാഗനീരാവിക്ക്‌ വിഘ്‌നംവരുത്താന്‍ സാനിയയുടെ നാട്ടില്‍നിന്നും ഒരു കശ്‌മലന്‍ അവതരിച്ചിരിക്കുന്നു. ഒരു അറുപത്തിരണ്ടു വയസുകാരന്‍. തന്റെ മകള്‍ ആയിഷ സിദ്ദിഖിയെ സാനിയയുടെ പുതുകാമുകന്‍ ഷോയിബ്‌ മാലിക്‌ നിയമപരമായി വിവാഹം കഴിച്ചെന്നാണ്‌ വാദം. കേള്‍ക്കുന്നവന്‌ എന്തുസുഖം. വാര്‍ത്തകള്‍ വരുന്നു. പ്രസ്‌താവനകള്‍ പടരുന്നു. പക്ഷേ കാമുകി സാനിയയ്‌ക്ക്‌ ഇതൊന്നും അത്ര സന്തോഷഷകരമാകുന്നില്ല. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സാനിയ പത്രലേഖാരോട്‌ മൗനവൃതം ആചരിച്ചത്രേ. വെയിലുകൊള്ളുന്നവനല്ലേ ചൂടിന്റെ കാഠിന്യമറിയൂ. എന്തായാലും സാനിയയ്‌ക്ക്‌ പുത്തരിയില്‍ കല്ലുകടയായിരിക്കുകയാണ്‌. എം.എ. സിദ്ദിഖി എന്ന അമ്മായിയപ്പന്റെ പ്രസ്‌താവന നിയമപരമായി ഭാര്യയെ മൊഴിചൊല്ലിയാല്‍ മാത്രമേ പുതിയ സംബന്‌ധത്തിന്‌ സ്‌കോപ്പുള്ളൂ എന്നാണ്‌. മതനിയമങ്ങള്‍ കാറ്റില്‍പ്പറത്തി യുവമിഥുനങ്ങളാകാന്‍ ഒരുമ്പെട്ട ആഗോള താരങ്ങളെ നിയന്ത്രണരേഖയ്‌ക്കുള്ളില്‍ നിര്‍ത്താന്‍ പുതിയ വിവാദം വഴിതെളിക്കും.


മാലികിന്റെ ആദ്യവിവാഹം 2002ലാണ്‌ നടന്നത്‌. ആറുവര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ബോറടിച്ച പാക്‌ താരം പുതിയ പിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ ലോണ്‍ ടെന്നീസിന്റെ കോര്‍ട്ട്‌ കണ്ടെത്തിയത്‌. പിന്നെ കണ്ണുംപൂട്ടി ഡൈവേഴ്‌സ്‌ നോട്ടീസടിച്ച്‌ അമ്മായിയപ്പന്റെ കൈയില്‍ കൊടുത്തു. ഭാര്യയെ സ്വീകരിച്ചതിനേക്കാള്‍ ഉത്തരവാദിത്തത്തോടെ തിരിച്ചേല്‍പ്പിച്ചു. ആദ്യ ഭാര്യ ആയിഷ സിദ്ദിഖി എം.ബി.എയൊക്കെ പഠിച്ച്‌ ഇപ്പോള്‍ സൗദിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ്‌. എന്തായാലും പാക്‌ പിച്ചുകളില്‍ കളിച്ചുവളര്‍ന്ന്‌ ഇന്ത്യന്‍ സ്‌റ്റേഡിയങ്ങളില്‍ സിക്‌സറുകളുടെ ആവേശം പടര്‍ത്തിയ മാലിക്‌ ഇനി ടെന്നീസ്‌ കോര്‍ട്ടില്‍ ക്രിക്കറ്റിനെ കെട്ടാനുള്ള ശ്രമമാണ്‌. അപ്പോള്‍ `ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ'? ഇനിയും അവസരങ്ങള്‍ വരും അപ്പോള്‍ ലോണ്‍ കോര്‍ട്ടില്‍നിന്ന്‌ ക്ലേകോര്‍ട്ടിലേക്കോ ബോളിവുഡ്‌ കോര്‍ട്ടിലേക്കോ മാലിക്‌ ബാറ്റുവെച്ചെന്നു വരും.


How to post comments?: Click here for details

Join on Facebook Fan club: Click here for details

April 3, 2010

പ്രവാസം അഥവാ "മരണം"

മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.

നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...



വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.

മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്‍സ്​പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.

കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്​പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല..

ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.

എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.

സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി ആ വിവരമാണ് പോലീസ് അറിയിച്ചത്.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

By: ഫസീല റഫീഖ്‌


How to post comments?: Click here for details

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon