ഇപ്പോള്‍ വേറൊരു സമരകാരണം ഉദ്‌ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം. കേന്ദ്ര ഗവണ്‍മെന്റിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് സമരം ചെയ്യുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ കേന്ദ്രം ഭരിക്കുന്നവര്‍ സമരം ചെയ്യും. ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യും. ഹര്‍ത്താലുകളും ബന്ദുകളും കോടതി നിരോധിച്ചിട്ടുള്ളതാണ്. പക്ഷേ ഗവണ്‍മെന്റുകളുടെ ശക്തിയില്‍ ഇന്നും ഹര്‍ത്താല്‍ നിര്‍ബാധം തുടരുകയാണ്.
വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരു വിഭാഗം കോളേജ് ജീവനക്കാര്‍ അവരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ജി.കുമാരപിള്ള റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് ഗവണ്‍മെന്റിനെ സമീപിച്ചു. അധികാരസ്ഥര്‍ സംഘടനാനേതാക്കളോട് ഉപദേശിച്ചത് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ വന്ന് സമരം ചെയ്യാനാണ്. സംഘടനാ നേതാക്കള്‍ക്ക് പ്രത്യേക രാഷ്‌ട്രീയമൊന്നുമില്ല. തന്മൂലം ആകാം അന്ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റു മെമ്പറും രാഷ്‌ട്രീയവും ഇല്ലാത്ത എന്നോട് ഇക്കാര്യം പറഞ്ഞു. ജി.കുമാരപിള്ള റിപ്പോര്‍ട്ട് ഞാന്‍ പഠിച്ചു. ശമ്പള പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശം കൃത്യമായി റിപ്പോര്‍ട്ടിലുണ്ട്. അത് ഗവണ്‍മെന്റ് നടപ്പിലാക്കിയാല്‍ മതി. ഇതിനെന്താണ് തടസ്സം? എനിക്ക് മനസ്സിലായില്ല. ആ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയോട് ഞാന്‍ ഇത് സൂചിപ്പിച്ചു. സംഘടനാ പ്രതിനിധി എന്ന നിലയിലല്ല ഒരു പൗരനെന്ന നിലയില്‍,അവര്‍ അതു പഠിക്കാം എന്ന് വാഗ്‌ദാനം ചെയ്‌തു. സംഘടനാ നേതാവിനോട് ഞാന്‍ ഈ വിവരം പറയുകയും സമര സാഹസങ്ങള്‍ താല്‌ക്കാലികമായി അവസാനിപ്പിക്കുകയും ചെയ്‌തു. 15 ദിവസത്തിനകം നീതിന്യായബോധമുള്ള ആ ഉദ്യോഗസ്ഥ നിവേദനം അംഗീകരിച്ച് ഉത്തരവിടുകയും ചെയ്‌തു. ഇത് പത്രത്തിലൊന്നും വന്നില്ല.
``ശരി, നന്മ വരട്ടെ' എന്നു ഞാന്‍ ആശംസിച്ചു. നന്മ വരുകയും ചെയ്‌തു!
വലിയ ഫാക്‌ടറികളില്‍ പലപ്പോഴും ജീവനക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്നത് മാനേജ്‌മെന്റുതെയാണ് എന്ന കാര്യം എനിക്കു നന്നായി അറിയാം. ഉദാഹരണം ``മാവൂര്‍ റയോണ്‍സ് ഫാക്‌ടറി''. ഒരു കാലത്ത് ഇതര വ്യവസായങ്ങള്‍ക്കാവശ്യമായ ഒരു അസംസ്‌കൃത വസ്‌തുവാണ് മാവൂര്‍ റയോണ്‍സ് ഫാക്‌ടറി ഉദ്‌പാദിപ്പിച്ചിരുന്നത്. ഈ അസംസ്‌കൃത വസ്‌തുവിന്റെ കുത്തക വിതരണക്കാര്‍ ഫാക്‌ടറിയുമായി അടുത്തു ബന്ധമുള്ളവരായിരുന്നു. 6 മാസം നന്നായി ഫാക്‌ടറി പ്രവര്‍ത്തിപ്പിച്ച് വിഭവങ്ങള്‍ വിതരണക്കാര്‍ക്ക് കൊടുക്കുന്നു. വിതരണക്കാര്‍ അത് പൂഴ്‌ത്തി വയ്‌ക്കുന്നു. 6 മാസംകൊണ്ട് ഒരു കൊല്ലത്തേക്കാവശ്യമായ സ്റ്റോക്ക് സമ്പാദിച്ചാല്‍ എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടാക്കി ഫാക്‌ടറിയില്‍ സമരം നടത്തും, ലേ ഓഫ് പ്രഖ്യാപിക്കും. ലേ ഓഫ് പ്രഖ്യാപിക്കുമ്പോള്‍ ഉല്‌പന്നത്തിന് മാര്‍ക്കറ്റില്‍ ന്യായമായും വില ഉയര്‍ത്താന്‍ ഏജന്റിനു കഴിയും. തൊഴിലാളിക്ക് ശമ്പളവും നഷ്‌ടപ്പെടും. അങ്ങനെ വില ഉയര്‍ത്തി ഫാക്‌ടറികള്‍ക്കു നല്‍കിയതിനു ശേഷമാണ് ലേ ഓഫ് പിന്‍വലിക്കുന്നത്. അപ്പോഴേക്കും ലക്ഷക്കണക്കിന് പണം വിതരണക്കാര്‍ക്ക് ലഭിച്ചിരിക്കും.
ഫാക്‌ടറി ഉടമകള്‍ക്ക് ആദായവും
ഇപ്പോള്‍ ബിര്‍ളാ തന്നെ ഈ വിഭവം ഉല്‌പാദിപ്പിക്കുതിന് വടക്കേ ഇന്ത്യയില്‍ ഫാക്‌ടറി സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ഫാക്‌ടറിയിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എല്ലാം വളരെ ഉയര്‍ന്നതായിരുന്നു. തന്മൂലം ഫാക്‌ടറി അടച്ചു പൂട്ടുന്നതാണ് ആദായകരമെന്ന് ബിര്‍ളാ കമ്പനിയുടെ തലച്ചോര്‍ അവരോട് പറഞ്ഞു. ഫാക്‌ടറിക്കുള്ളില്‍ തൊഴിലാളികളെക്കൊണ്ട് സമരം ചെയ്യിച്ചു. പരിസ്ഥിതി വാദികളെക്കൊണ്ട് സമരം ചെയ്യിപ്പിച്ചു. അവസാനം ഫാക്‌ടറി പൂട്ടി. അപ്പോഴേക്കും ബിര്‍ളാ അവിടെ മുതലിറക്കിയതിന്റെ നൂറിരട്ടി എങ്കിലും നേടിയിട്ടുണ്ടായിരിക്കും? ഇന്ന് മാവൂര്‍ റയോണ്‍സ് ഫാക്‌്‌ടറി ഇരുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിര്‍ളയ്‌ക്ക് എന്തു നഷ്‌ടം? അവിടെയാണ് ബിസിനസ് തലച്ചോറ്!
ഒരുകാലത്ത് ട്രെയ്‌ഡ് യൂണിയന്‍ നേതാക്കന്മാര്‍ അതീവ സമ്പന്നരായിരുന്നു. കാരണം ഓരോ സമരത്തോടനുബന്ധിച്ച് തൊഴിലാളികളില്‍നിന്നും പിരിവ് നടത്തുന്നു. ഒത്തുതീര്‍പ്പ് അവസരത്തില്‍ വിട്ടു വീഴ്‌ചകള്‍ക്കായി മനേജ്‌മെന്റും പണം നല്‍കുന്നു.
കിഴക്കന്‍ മേഖലയിലെ തേയില തോട്ടത്തില്‍ ഇത് ഒരു പതിവായിരുന്നു എന്ന് ഒരു തോട്ടം ഉടമ എന്നോടു പറഞ്ഞതോര്‍ക്കുന്നു.
ഇന്ന് സ്റ്റേറ്റ് ഗവണ്‍മെന്റിനെതിരെ കേന്ദ്രം ഭരിക്കുന്നവരും കേന്ദ്രത്തിനെതിരെ സ്റ്റേറ്റും സമരം ചെയ്യുതിന്റേയും ലക്ഷ്യം ഒന്നുതന്നെയാണ്. സ്റ്റേറ്റിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങളുടെ സമരം ഉപകരിച്ചു എന്ന് മണ്ടന്മാരായ ജനങ്ങളെ അറിയിക്കണം!
കേന്ദ്രഗവണ്‍മെന്റിനുവേണ്ടി സമരം ചെയ്യുവര്‍ കേന്ദ്ര ഗവണ്‍മെന്റ്, സ്റ്റേറ്റ് ഗവണ്‍മന്റിന് എന്തെല്ലാം കൊടുത്തു എന്നും ജനങ്ങളെ അറിയിക്കണം. ഈ സമരങ്ങളുടെ മധ്യത്തില്‍ യാതന അനുഭവിക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്. എല്ലാ മാധ്യമങ്ങളും ഇത്തരം സമരങ്ങളെ അപലപിക്കാറുണ്ട്. കോടതി അപലപിക്കുന്നു. ജനങ്ങളും ഉള്ളിന്റെയുള്ളില്‍ അപലപിക്കുന്നു. പക്ഷേ ഈ അപലപനത്തിന്റെ വീചികളൊന്നും ആരുടെയും സമര തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലാ എന്നു വ്യക്തം.
By: ജോസഫ് പുലിക്കുന്നേല്‍
How to post comments?: Click here for details
Join Facebook Fan club: Click here to be a fan
2 Comments:
Very good and nice information
I appreciate this post. Really good
Post a Comment