``ശ്ശൊ, നാശം, മനസമാധാനമായി ഒന്നു പ്രേമിക്കാന്‍ പോലും സമ്മതിക്കില്ല! ഓരോരുത്തരിങ്ങനെ ഇറങ്ങിക്കൊള്ളും. മനസമാധാനത്തില്‍ ഇടംകോലിട്ടളക്കാന്‍. ടെന്നീസ് മഹതി സാനിയ മിര്‍സയുടെ മനസില്‍ ഇപ്പോള്‍ ഇതായിരിക്കും ചിന്ത. രണ്ടു മൂന്നു മാസം മുന്‍പ് ബാല്യകാല സുഹൃത്തായ ഒരു ചെറുപ്പക്കാരന്റെ കഞ്ഞിയില്‍ ഒരുപിടി ഉരുളന്‍ കല്ലുകള്‍ വാരിയിട്ടാണ് പാകിസ്‌ഥാനിലേക്കുള്ള വിവാദ വാതകക്കുഴലില്‍ കയറിപ്പറ്റിയത്. സുമുഖനായ കുറുക്കന്‍ (ക്രിക്കറ്റ്) കളിക്കാരന്‍ (സല്‍സ്വഭാവംകൊണ്ട് ആളിപ്പോള്‍ സസ്‌പെന്‍ഷനിലാണ്). മതത്തിനും പ്രകൃതിക്കും അനുകൂലമായ വാതകക്കുഴലിന്റെ ഇരുധ്രുവങ്ങളിലുമിരുന്ന് സൊറ പറഞ്ഞ് അടുപ്പത്തിലായി.
അങ്ങനെയങ്ങനെ കല്യാണം കഴിക്കാനും തീരുമാനിച്ചു. ഏതായാലും അനുരാഗനീരാവിക്ക് വിഘ്‌നംവരുത്താന്‍ സാനിയയുടെ നാട്ടില്‍നിന്നും ഒരു കശ്‌മലന്‍ അവതരിച്ചിരിക്കുന്നു. ഒരു അറുപത്തിരണ്ടു വയസുകാരന്‍. തന്റെ മകള്‍ ആയിഷ സിദ്ദിഖിയെ സാനിയയുടെ പുതുകാമുകന്‍ ഷോയിബ് മാലിക് നിയമപരമായി വിവാഹം കഴിച്ചെന്നാണ് വാദം. കേള്‍ക്കുന്നവന് എന്തുസുഖം. വാര്‍ത്തകള്‍ വരുന്നു. പ്രസ്‌താവനകള്‍ പടരുന്നു. പക്ഷേ കാമുകി സാനിയയ്‌ക്ക് ഇതൊന്നും അത്ര സന്തോഷഷകരമാകുന്നില്ല. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സാനിയ പത്രലേഖാരോട് മൗനവൃതം ആചരിച്ചത്രേ. വെയിലുകൊള്ളുന്നവനല്ലേ ചൂടിന്റെ കാഠിന്യമറിയൂ. എന്തായാലും സാനിയയ്‌ക്ക് പുത്തരിയില്‍ കല്ലുകടയായിരിക്കുകയാണ്. എം.എ. സിദ്ദിഖി എന്ന അമ്മായിയപ്പന്റെ പ്രസ്‌താവന നിയമപരമായി ഭാര്യയെ മൊഴിചൊല്ലിയാല്‍ മാത്രമേ പുതിയ സംബന്‌ധത്തിന് സ്‌കോപ്പുള്ളൂ എന്നാണ്. മതനിയമങ്ങള്‍ കാറ്റില്‍പ്പറത്തി യുവമിഥുനങ്ങളാകാന്‍ ഒരുമ്പെട്ട ആഗോള താരങ്ങളെ നിയന്ത്രണരേഖയ്‌ക്കുള്ളില്‍ നിര്‍ത്താന്‍ പുതിയ വിവാദം വഴിതെളിക്കും.
മാലികിന്റെ ആദ്യവിവാഹം 2002ലാണ് നടന്നത്. ആറുവര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ബോറടിച്ച പാക് താരം പുതിയ പിച്ച് അന്വേഷിച്ചപ്പോഴാണ് ലോണ്‍ ടെന്നീസിന്റെ കോര്‍ട്ട് കണ്ടെത്തിയത്. പിന്നെ കണ്ണുംപൂട്ടി ഡൈവേഴ്‌സ് നോട്ടീസടിച്ച് അമ്മായിയപ്പന്റെ കൈയില്‍ കൊടുത്തു. ഭാര്യയെ സ്വീകരിച്ചതിനേക്കാള്‍ ഉത്തരവാദിത്തത്തോടെ തിരിച്ചേല്‍പ്പിച്ചു. ആദ്യ ഭാര്യ ആയിഷ സിദ്ദിഖി എം.ബി.എയൊക്കെ പഠിച്ച് ഇപ്പോള്‍ സൗദിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ്. എന്തായാലും പാക് പിച്ചുകളില്‍ കളിച്ചുവളര്‍ന്ന് ഇന്ത്യന്‍ സ്‌റ്റേഡിയങ്ങളില്‍ സിക്‌സറുകളുടെ ആവേശം പടര്‍ത്തിയ മാലിക് ഇനി ടെന്നീസ് കോര്‍ട്ടില്‍ ക്രിക്കറ്റിനെ കെട്ടാനുള്ള ശ്രമമാണ്. അപ്പോള്‍ `ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ'? ഇനിയും അവസരങ്ങള്‍ വരും അപ്പോള്‍ ലോണ്‍ കോര്‍ട്ടില്‍നിന്ന് ക്ലേകോര്‍ട്ടിലേക്കോ ബോളിവുഡ് കോര്‍ട്ടിലേക്കോ മാലിക് ബാറ്റുവെച്ചെന്നു വരും.
How to post comments?:
Click here for details
Join on Facebook Fan club:
Click here for details
1 Comments:
madaniyamam adullavarakkalle?
Post a Comment