മറ്റുള്ളവരുടെ കാര്യം പോകട്ടെ, തിലകനെ എങ്ങനെ മലയാള സിനിമാവ്യവസായത്തിന് ഒഴിവാക്കാന്‍ സാധിക്കും? ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനാണദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആ സൂര്യന്റെ അഭിനയപ്രഭയില്‍ മങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ മാത്രം. ഏതു നടനെയും നിഷ്‌പ്രഭമാക്കുന്ന അഭിനയപാടവമാണ് തിലകന്റേത്. സ്വഭാവമാകട്ടെ തികഞ്ഞ തന്റേടിയുടെയും മുഖംനോക്കാതെ സത്യം വിളിച്ചുപറയും എന്ന `കുഴപ്പം'. പോരേ, പൂരം അഭിനയത്തിലൂടെ തങ്ങളെ കവച്ചുവെയ്‌ക്കുന്നത് തന്നെ വലിയ തെറ്റ്. അതോടൊപ്പം അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുക കൂടി ചെയ്‌താലോ! പിന്നെ മാര്‍ഗം തിലകന്റെ വായടപ്പിക്കുക മാത്രമാണ്. പണിയില്ലാതെ വീട്ടിലിരുന്നാല്‍ പിന്നെ തിലകന്റെ രോഷപ്രകടനം ആരു ശ്രദ്ധിക്കാന്‍!
അതിനുവേണ്ടിത്തന്നെയാണ് സൂപ്പര്‍താരങ്ങളും അവരുടെ കുഴലൂത്തുകാരായ മറ്റ് നടന്മാരും കുറേ സാങ്കേതിക പ്രവര്‍ത്തകരും ചരടുവലിച്ചത്. അങ്ങനെ തിലകന് രഹസ്യമായ ഉപരോധം ഏര്‍പ്പെടുത്തി. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട് തിലകന്. അദ്ദേഹം ഓരോ ഉപരോധത്തിന്റെയും കാരണങ്ങള്‍ കണ്ടെത്തി വിളിച്ചു പറഞ്ഞു. അതോടെ ശത്രുക്കളുടെ എണ്ണവും കൂടി.
മലയാളസിനിമയെ നശിപ്പിക്കുന്ന സൂപ്പര്‍താരങ്ങളുടെ മറ്റൊരു പൊറാട്ടുനാടകമാണ് തിലകനുമേലുള്ള രഹസ്യഉപരോധം. മൂക്കില്‍ പല്ലുവന്നിട്ടും നായകപ്പട്ടം കൈവിടാനോ സൂപ്പര്‍ താരപദവിയില്‍നിന്ന് ഇറങ്ങിപ്പോകാനോ മമ്മൂട്ടിയും മോഹന്‍ലാലും തയാറല്ല. ഗള്‍ഫ് ഗേറ്റ്‌വിഗ്ഗിന്റെയും മേക്കപ്പ്‌മാന്റെയും പച്ചയിലാണ് ഈ രണ്ട് വൃദ്ധരും ഇപ്പോഴും മലയാളസിനിമയെ ഇക്കിളിയിട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ അവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. പ്രതിഭകളെ ഉപരോധിക്കാന്‍ അത്രയെളുപ്പമല്ല. പീഡനക്കേസില്‍പെട്ട ജഗതിയെ ആര്‍ക്കും എഴുതിത്തള്ളാന്‍ കഴിഞ്ഞില്ലല്ലോ. സൂപ്പര്‍താരങ്ങള്‍ക്കു പോലും അപ്രാപ്യമായ ആരാധനാതലത്തിലാണ് ജഗതി. ജഗതിയെ തൊട്ടാല്‍ അക്കളി തീക്കളിയാണെന്ന് സൂപ്പര്‍താരങ്ങള്‍ക്കറിയാം. എന്നാല്‍ തിലകന് സിനിമാലോകത്തില്‍ പിന്തുണ കുറവാണ്. `പ്രിയംവദ' നല്ലാത്തതുതന്നെ കാരണം.
പക്ഷേ, സിനിമയെ സ്‌നേഹിക്കുന്നവര്‍ തിലകന്റെ പക്ഷത്താണ്. ആ അഭിനയചാതുരിയുടെ മുന്നില്‍ മറ്റെല്ലാം പ്രേക്ഷകര്‍ മറക്കും. അതുകൊണ്ട് മലയാളത്തനിമയെ നശിപ്പിക്കാന്‍ ജന്മംകൊണ്ട അമ്മയേയും ഫെഫ്‌കയെയും പിരിച്ചുവിട്ട്, സൂപ്പര്‍താരങ്ങള്‍ക്ക് മൂക്കുകയറിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എളിയപ്രേക്ഷകരായ ഞങ്ങള്‍ക്ക് നല്ല സിനിമകളാണുവേണ്ടത്. നടീനടന്മാരുടെ സ്‌ക്രീനിനു പിന്നിലെ ഗുണ്ടായിസം ഞങ്ങളുടെ സംവേദനക്ഷമതയുടെ മുകളില്‍ കയറിനിന്നു കൊണ്ടാവരുത്. ജസ്റ്റ് റിമംബര്‍ ദാറ്റ്!
By: ബൈജു എന്‍. നായര്‍
0 Comments:
Post a Comment