ചിമ്പു അവതരിപ്പിക്കുന്ന നായക കഥാപാത്രം കാര്‍ത്തിക് ഒരു തമിഴ് ഹിന്ദു യുവാവാണ്. മെക്കാനിക്കല്‍ എന്‍ജിനിയറായ കാര്‍ത്തിക്കിന്റെ സ്വപ്‌നം സിനിമയാണ്. സിനിമാ സംവിധായകനാവുകയെന്ന മോഹവുമായി ജീവിക്കുന്ന സ്വപ്‌നജീവിയായ റൊമാന്റിക് ഹീറോയാണ് കാര്‍ത്തിക്. ചിമ്പുവിന്റെ തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഈ ചിത്രം വ്യത്യസ്‌തമായ അനുഭവം നല്‍കും. ഒരു നടനെ അയാളുടെ മാനറിസങ്ങളുടെ തടവറയില്‍നിന്നും പിടിച്ചിറക്കി തനിക്കാവശ്യമുള്ള രീതിയില്‍ ഒരു സംവിധായകന്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നുകാണാന്‍ ഈ ചിത്രം കണ്ടാല്‍മതി. ചിമ്പുവിന്റെ ബോറന്‍ മാനറിസങ്ങള്‍ ഈ ചിത്രത്തിലില്ല, എന്നതും റൊമാന്റിക് നായക വേഷം അയാള്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നതും ചിത്രത്തിന്റെ മികവാണ്. തൃഷ അവതരിപ്പിക്കുന്ന ജെസ്സി, ഒരു ക്രിസ്‌ത്യന്‍ ഐ ടി പ്രൊഫഷണലാണ്. തമിഴ്‌നാട്ടില്‍ താമസമാക്കിയിരിക്കുന്ന മലയാളി കുടുംബമാണ് ജെസ്സിയുടേത്. കുടുംബത്തെ പട്ടാള ചിട്ടയില്‍ നയിക്കുന്ന അച്ഛനും അമ്മയുടെ ഒരു ചൂടന്‍ സഹോദരനും അടങ്ങുന്നതാണ് ജെസ്സിയുടെ കുടുംബം. അനായാസവും ആകര്‍ഷകവുമായ അഭിനയം തൃഷയുടെ കഥാപാത്രത്തെ മികച്ചതാക്കുന്നു.
`ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പഴയപ്രണയ ഫോര്‍മുലതന്നെയാണ് ഈ ചിത്രവും സ്വീകരിച്ചിരിക്കുന്നത്. ജെസ്സിയെ കണ്ടമാത്രയില്‍തന്നെ കാര്‍ത്തിക്കിന് അവളോട് അനുരാഗം തോന്നുന്നു. ജെസ്സിയുടെ വീടിന്റെ താഴത്തെ നിലയില്‍ കാര്‍ത്തിക്കിന്റെ കുടുംബം താമസത്തിന് വരുന്നതോടെ പ്രണയത്തിന് അനുകൂലമായ കാലാവസ്ഥയൊരുങ്ങുന്നു. പ്രണയാതുരനായി ചുറ്റിപ്പറക്കുന്ന കാമുകനില്‍നിന്നും പതിവുപോലെ അകലം പാലിക്കുന്ന അച്ചടക്കവും വിവേകവുമുള്ള പെണ്‍കുട്ടിയായി നായിക നടിക്കുന്നു. പ്രേക്ഷകര്‍ക്ക് അറിയാവുന്നതുപോലെ ഈ നാട്യത്തിന് വലിയ ആയുസൊന്നും ഉണ്ടായിരുന്നില്ല. നായകന്റെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി നായിക അതില്‍ വീണുകൊടുക്കുന്നു. പൊടുന്നനെ പതിവുപ്രണയഗാന രംഗങ്ങള്‍ ആരംഭിക്കുകയായി. ആട്ടവും പാട്ടും എന്ന പതിവിനെ ദൃശ്യപരമായി മറികടക്കുന്നിടത്താണ് സംവിധായകന്‍ വിജയിക്കുന്നത്. മികച്ച കോറിയോഗ്രാഫിയും എ ആര്‍ റഹ്‌മാന്റെ സംഗീതവും മനോജ് പരമഹംസയുടെ ക്യാമറയും ദൃശ്യങ്ങളെ അസാധാരണമാക്കുന്നുണ്ട്. കാര്‍ത്തിക്കിന്റെയും ജെസ്സിയുടെയും അനശ്വരപ്രണയത്തിന് ജെസ്സിയുടെ വീട്ടുകാര്‍ വഴിമുടക്കുന്നതോടെ സിനിമയുടെ ആഖ്യാനം സംഘര്‍ഷഭരിതമാകുന്നു. വ്യത്യസ്‌തമായ ക്ലൈമാക്‌സ് ട്രീറ്റ്‌മെന്റിലൂടെ അവരുടെ അനുരാഗത്തിന് എന്തുസംഭവിച്ചുവെന്നതിന്റെ ചുരുള്‍നിവര്‍ത്തുകയാണ് ചലച്ചിത്രം.
പ്രഭുദേവയും കാജോളും ചേര്‍ന്നഭിയിച്ച മിന്‍സാരക്കനവ് എന്ന രാജീവ് മേനോന്‍ ചിത്രത്തില്‍ എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് `വെണ്ണിലവേ... വെണ്ണിലവേ...' എന്ന പ്രണയഗാനത്തില്‍ നിന്നുമാണ് ഗൗതം മേനോന്‍ ഈ ചിത്രത്തിന് പേര് സ്വീകരിച്ചിരിക്കുന്നത്. ആ പ്രണയ ചിത്രത്തിന്റെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തിക്കൊണ്ട് ചിലമ്പരശനും തൃഷയും അനുരാഗത്തിന്റെ മറ്റൊരു സംഗീത കാലം തീര്‍ക്കുന്നു. തമിഴ് കവി താമരെയുടെ വരികള്‍ക്ക് സംഗീതമൊരുക്കിയത് എ ആര്‍ റഹ്‌മാനാണ്. മനോഹരമായ ദൃശ്യങ്ങളിലൂടെ, സവിശേഷമായ ആഖ്യാനത്തിലൂടെ വിസ്‌മയ സംഗീതത്തിലൂടെ പ്രേക്ഷകരെ പ്രണയാതുരമായൊരു കാലത്തേക്ക് സിനിമ കൂട്ടിക്കൊണ്ടുപോകുന്നു.
Jikkumon's Rating: 3.5 / 5
1 Comments:
ഈ ചിത്രത്തിന്റെ സംഗീതം എടുത്ത് പറയേണ്ട ഒന്നാണ്. കഴിഞ്ഞ മാസം. ഈ ചിത്രത്തിന്റെ collectors edition album ഇറങ്ങി. കേട്ട് നോക്കുക....
Post a Comment