പടം തുടങ്ങി. നായിക ഹിന്ദി നടി. അതിനിടെ നിര്‍മാതാവ് സാമ്പത്തികമായി ഞെരുങ്ങിത്തുടങ്ങി. നടന്‍ ആശ്വസിപ്പിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ നായകന്‍ വില്ലന്‍ സ്വഭാവം പുറത്തെടുത്തു. ഡബ്ബ് ചെയ്യണമെങ്കില്‍ പണം മുഴുവന്‍ തരണമെന്നായി. നിര്‍മാതാവ് വീടു പണയംവച്ചു. ചിത്രത്തിന്റെ പ്രിന്റ് അടിക്കാന്‍ വീണ്ടും പണം വേണം. ആദ്യം തന്നെ സമീപിച്ച സൂപ്പര്‍താരത്തെ നിര്‍മാതാവു ചെന്നുകണ്ടു. താരം കൈമലര്‍ത്തി. പടം പൂര്‍ത്തിയാക്കേണ്ട ചുമതല നിര്‍മാതാവിന്റേതാണെന്ന് ഒരുപദേശവും. ക്ലൈമാക്‌സില്‍, ആത്മഹത്യാശ്രമം പോലും പരാജയപ്പെട്ട നിര്‍മാതാവിന്റെ ദയനീയചിത്രം. മറ്റൊരു സൂപ്പര്‍താരം 20 ദിവസം അഭിനയിച്ചശേഷം ലൊക്കേഷനില്‍നിന്നു പിണങ്ങിപ്പോയതോടെയാണു നിര്‍മാതാവു പെരുവഴിയിലായത്. പ്രഗത്ഭനായ തിരക്കഥാകൃത്തിന് ആ പണി അറിയില്ലെന്നായിരുന്നു താരത്തിന്റെ മുട്ടായുക്‌തി. താരത്തിനു മുന്നില്‍ മൗനം ഭൂഷണമാക്കിയ സംവിധായകന്‍ നിര്‍മാതാവിന്റെ കാലുവാരി. ഇഷ്‌ടകഥ പെരുവഴിയില്‍ 'പഞ്ചറാ'യതു കണ്ട് കഥാകാരന്റെ നെഞ്ചു തകര്‍ന്നു. തന്നെ പിന്തുണച്ച സംവിധായകനു സൂപ്പര്‍താരത്തിന്റെ മറ്റൊരു ഡേറ്റ് കിട്ടി. മറ്റൊരു സംവിധായകന്‍ മറ്റൊരു നടനെവച്ചു പഴയ കഥ ചെയ്‌തു. എട്ടുനിലയില്‍ പൊട്ടുകയും ചെയ്‌തു. ഇതൊക്കെ സമകാലിക മലയാള സിനിമയുടെ ചീഞ്ഞുനാറുന്ന പിന്നാമ്പുറക്കഥകളില്‍ ചിലതു മാത്രം.
പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ പ്രതിഭയുടെ ബലത്തില്‍ ആര്‍ക്കും മുന്നില്‍ തലകുനിക്കാതിരുന്ന ഒരു സുവര്‍ണകാലം മലയാള സിനിമയ്‌ക്കുണ്ടായിരുന്നു. ആ സ്‌ഥാനത്ത് ഇപ്പോള്‍ താരങ്ങളിലെ സൂപ്പറുകളും അവരുടെ സില്‍ബന്തികളുമൊക്കെച്ചേര്‍ന്നു 'മല്ലുവുഡ്' എന്ന മലയാള സിനിമയെ മരണത്തിലേക്കു തള്ളിവിടുകയാണ്. 'പാണ്ടിപ്പട'മെന്നു നാം പുച്‌ഛിച്ചുതള്ളിയ തമിഴ് സിനിമയാകട്ടെ പുതുജീവന്‍ നേടി ഒരു നവോത്ഥാന ഘട്ടത്തിലും. താരാധിപത്യത്തിന്‍ കീഴില്‍ മലയാള സിനിമ കഥാവശേഷമാകുമ്പോള്‍ കഥകളിലെ പുതുപരീക്ഷണങ്ങളും പുതുമുഖതാരങ്ങളുടെ വലിയൊരു നിരയുമായി തമിഴകം മാതൃകയാകുന്നു. മലയാള സിനിമയുടെ അധഃപതനം ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളില്‍പ്പോലും നമ്മെ നാണം കെടുത്തുകയും ചെയ്യുന്നു.
എന്ന സൂപ്പര്‍സ്‌റ്റാര്‍ ചിത്രം നിലംതൊടാതെയാണു പൊട്ടിയത്. എണ്‍പതുകളുടെ ഒടുവില്‍ ഗംഭീരവിജയം നേടിയ 'ഇരുപതാം നൂറ്റാണ്ടി'ന്റെ രണ്ടാം ഭാഗത്തിനാണ് ഈ ഗതി വന്നതെന്നോര്‍ക്കണം. പണ്ട് ആനപ്പുറത്തേറിയതിന്റെ തഴമ്പ് ഇപ്പോള്‍ പ്രയോജനപ്പെട്ടില്ല എന്നു സാരം. മലയാള സിനിമയില്‍ 'വീരഗാഥ' രചിച്ച എം.ടി/ഹരിഹരന്‍/മമ്മൂട്ടി/ഒ.എന്‍.വി. ടീമിന്റെ 'പഴശിരാജ'യുടേതായിരുന്നു അടുത്ത ഊഴം. താരതമ്യേന കുറഞ്ഞ പ്രേക്ഷകസമൂഹമുള്ള മലയാളത്തിന്റെ കൊക്കിലൊതുങ്ങാത്ത ബിഗ്‌ബജറ്റ് ചിത്രം. ബോക്‌സ് ഓഫീസില്‍ പഴയ വീരഗാഥ ആവര്‍ത്തിച്ചില്ലെങ്കിലും തീയറ്ററുകള്‍ക്കു മുന്നില്‍ മെഗാതാരത്തിന്റെ 'രാജാപ്പാര്‍ട്ട്' കട്ടൗട്ടുകളില്‍ ഫാന്‍സുകാര്‍ പാലഭിഷേകം നടത്തി. അടുത്തിടെ താരം 'പ്രമാണി'യായി അവതരിച്ചപ്പോഴും റോഡുകളില്‍ പാല്‍ ഏറെ ഒഴുകി. തമിഴ് സിനിമയായ 'അസല്‍' റിലീസ് ചെയ്‌തപ്പോള്‍ മറുഭാഷാ നായകന്‍ അജിത്തിന്റെ മലയാളം ഫാന്‍സുകാര്‍ പടുകൂറ്റന്‍ കട്ടൗട്ടുയര്‍ത്തിയതിനു കോട്ടയം നഗരമാണു സാക്ഷ്യം വഹിച്ചത്.
അതിശയോക്‌തി കലര്‍ന്ന ആക്ഷനെന്നും അതിമാനുഷ പരിവേഷമുള്ള നായകന്‍മാരെന്നുമൊക്കെ പറഞ്ഞു നാം ആക്ഷേപിച്ചിരുന്ന തമിഴ് സിനിമ ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. ജീവിതഗന്ധിയായ കഥകളുമായി അവര്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍, എണ്‍പതുകള്‍വരെ മണ്ണിലുറച്ചുനിന്ന നമ്മുടെ അഭിനയപ്രതിഭകള്‍ താരരാജാക്കന്‍മാരായി വിണ്ണിലേക്കുയര്‍ന്നു. തമിഴകത്തിന്റെ വിശാലമായ പ്രേക്ഷകസമൂഹം നെഞ്ചേറ്റിയ താരസമ്പുഷ്‌ടമല്ലാത്ത സിനിമകള്‍ കൊച്ചുകേരളത്തിലും 'ബോണസ് വിജയം' കൊയ്യുകയാണ്. ഇതേപ്പറ്റി പത്രസമ്മേളനങ്ങളില്‍പ്പോലും പരിതപിച്ച നമ്മുടെ താരരാജാക്കന്‍മാര്‍, ഇനി പറയുന്ന യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാനിടയില്ല.
കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് ഇറക്കുന്ന മലയാള സിനിമകളില്‍ ഭൂരിപക്ഷവും ഫാന്‍സുകാരുടെ ആഘോഷപ്പേക്കൂത്തുകള്‍ക്ക് അപ്പുറം മൂക്കുകുത്തുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തതുപോലെ, 'മറ്റവന്റെ' സിനിമ വിജയിക്കരുതെന്ന വാശി താരങ്ങളും അവര്‍ ചുടുചോര്‍ വാരിക്കുന്ന വാനരപ്പടയും പുലര്‍ത്തിത്തുടങ്ങിയതോടെ കുടുംബങ്ങള്‍ തീയറ്ററുകളില്‍നിന്ന് അകന്നു. നല്ലൊരു സിനിമ ഇറങ്ങിയാലും നാലുനാള്‍ തികച്ചു തീയറ്ററുകളില്‍ ഓടാന്‍ അനുവദിക്കാത്തതും മറ്റൊരു കാരണമാണ്. അടുത്തിടെ ഇറങ്ങിയ, മികച്ച കഥയെന്നു വിലയിരുത്തപ്പെട്ട ഒരു സിനിമ തീയറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പു നിര്‍മാതാവിനുതന്നെ സിഡിയായി വിപണിയിലെത്തിക്കേണ്ടിവന്നു. ഈ വിഷുദിനത്തില്‍ പ്രമുഖ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കുക. തീയറ്ററുകളില്‍ റിലീസ് ചെയ്‌ത്, ഒട്ടിച്ച പോസ്‌റ്ററിനുമേല്‍ മറ്റൊന്നു പതിയുന്നതിനു മുമ്പേ, 'മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതാദ്യമായി' എന്ന അറിയിപ്പോടെ പുതുപുത്തന്‍ സിനിമകള്‍ നമ്മുടെ സ്വീകരണമുറികളില്‍ എത്തുകയാണ്. ഏതു പൊട്ടപ്പടം റിലീസ് ചെയ്‌താലും ആദ്യദിനംതന്നെ, ടിവി ചാനലുകളിലെ വാര്‍ത്തകളില്‍ അതു ഗംഭീരവിജയമായി നിറയും. അണിയറശില്‍പ്പികളെ വാര്‍ത്താ അവതാരകര്‍ വാനോളം പുകഴ്‌ത്തും. അധികം വൈകാതെ അതേ പ്രേക്ഷകര്‍ക്കു മുന്നില്‍ അതേ ചിത്രം 'മിനിസ്‌ക്രീനില്‍ ഇതാദ്യമായി ബ്ലോക്‌ബസ്‌റ്റര്‍' ചലച്ചിത്രം എന്ന അറിയിപ്പോടെ എത്തുകയും ചെയ്യും.
സ്വന്തം ഇമേജ്, (എന്നു സ്വയം തെറ്റിദ്ധരിക്കുന്ന) സംരക്ഷിക്കാനായി നല്ല തിരക്കഥകളുടെ പോലും ഗതി മാറ്റിയെഴുതിക്കുന്ന താരാധിപത്യമാണ് മലയാള സിനിമയുടെ ഇന്നത്തെ ഗതികേട്. താരങ്ങളും സംവിധായകരെ വരെ നിയന്ത്രിക്കുന്ന അവരുടെ കിങ്കരന്‍മാരും അങ്ങനെ ഈ കലയെ കൊല ചെയ്യുന്നു....
തയാറാക്കിയത്: ഐ. ഗോപിനാഥ്, സി.എന്‍. കൃഷ്‌ണന്‍കുട്ടി, രാജു പോള്‍, രമേഷ് പുതിയമഠം, എം.എസ്. സന്ദീപ്.
How to post comments?: Click here for details
Join Facebook Fan club: Click here to be a fan
1 Comments:
u r definitely doing well nalla karyngal veendum parayunnathil enthanu thettu..?
Post a Comment