March 30, 2010

പ്രവാസികളേ ഒരു നിമിഷം...

പ്രവാസം.....

ഉരുകിയൊലിക്കുന്ന വിയര്‍പ്പു കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍.

ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച്‌ അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു .ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ്‌ ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്‍വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് .എങ്കിലും അതില്‍ വലിയൊരു പങ്ക്‌ പ്രവാസികളായ നമുക്കും ഇല്ലേ ?...... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്‌.

ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചുവെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര പിന്നീട് അതുപയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.

ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീട്കളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്‍ത്തി ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്‍ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച്‌ കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.

ക്രുരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ്‌ തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞു ഏല്‍പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത്‌ വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ്‌ ചെയ്യുമ്പോള്‍ ഓര്‍ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക്‌ ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.

നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക തന്റേ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.


By: സാബിറ സിദീഖ്‌; ജിദ്ദ


How to post comments?: Click here for details

Join on Facebook: Click here for details

March 29, 2010

സെക്‌സ്‌ വീരന്മാരുടെ ശ്രദ്ധയ്ക്ക്

ഫോണ്‍ സെക്‌സ്‌ തലയ്‌ക്കുപിടിച്ച ഭ്രാന്തന്‍മാരുടെ ശ്രദ്ധയ്‌ക്ക്‌. സമയവും മാനവും കളഞ്ഞ്‌ എത്രയുംവേഗം ജയിലറ സ്വന്തമാക്കാം. അമരാവതിക്കാരന്‍ അമിത്‌ വാങ്കടയുടെ അതിരുകടന്ന കാടത്തത്തിന്‌ 40 ലക്ഷം രൂപയാണ്‌ ബി.എസ്‌.എന്‍.എല്‍ വിധിച്ചത്‌. അമിത്തിനെ തലമണ്ടയില്ലാത്തവനെന്നോ ഭ്രാന്തനെന്നോ വിളിക്കാന്‍ വരട്ടെ, ആള്‌ ബുദ്ധിമാനോ, സര്‍ഗ്ഗപ്രതിഭയോ എന്ന്‌ ഈ കഥയ്‌ക്ക്‌ ശേഷം വിലയിരുത്താം. അമിത്തിന്റെ അമ്മായിയാണ്‌ പ്രമീള ഹാണ്ട. അമരാവതിയില്‍ തന്നെയാണ്‌ താമസം.32 വയസുകാരനായ അമിത്‌ രണ്ട്‌ കൂട്ടുകാര്‍ക്കൊപ്പം ആന്റിയുടെ വീടിന്‌ അല്‌പംമാറിയാണ്‌ താമസിക്കുന്നത്‌. ഒരുദിവസം ആന്റിയുടെ വീട്ടില്‍ അമിത്തെത്തി. ന്യൂസ്‌ പേപ്പര്‍ വരുത്താനാണെന്ന്‌ പറഞ്ഞ്‌ ആന്റിയുടെ മേല്‍വിലാസം ചോദിച്ചു. അനന്തിരവന്റെ വിജ്‌ഞാനദാഹത്തില്‍ അഭിമാനം പൂണ്ട പ്രമീള സുമനസ്സാലെ തന്റെ മേല്‍വിലാസത്തിന്റെ സകലവിവരവും നല്‍കി. അമിത്‌ വളരെ ആദരവോടെയത്‌ വാങ്ങി. ആന്റിയോട്‌ ടാറ്റ പറഞ്ഞു. ഇനിയാണ്‌ അമിത്തിന്റെ ബുദ്ധിതെളിഞ്ഞുവരുന്നത്‌. ഇദ്ദേഹം അഡ്രസ്‌ കൊണ്ടുപോയി വരിക്കാരനായി. പത്രത്തിന്റേയല്ല, ബി.എസ്‌.എന്‍.എല്‍ മൊബൈല്‍ ഫോണിന്റെ. ഒന്നല്ല നാലെണ്ണമാണ്‌ വീരന്‍ ഇതേ മേല്‍വിലാസത്തില്‍ സംഘടിപ്പിച്ചത്‌. പിന്നീട്‌ ഉറങ്ങാതെയുള്ള ഫോണ്‍വിളിയായി.

രണ്ടുമാസം കഴിഞ്ഞപ്പോള്‍ ആന്റി പ്രമീളയ്‌ക്ക്‌ 40 ലക്ഷത്തിന്റെ ഒരു ഷോക്ക്‌ വന്നു; ടെലിഫോണ്‍ ബില്ലിന്റെ രൂപത്തില്‍. ബില്ലിലെ തുക കണ്ട്‌ കണ്ണുതള്ളിയ പ്രമീള ബി.എസ്‌.എന്‍.എല്‍ കാരുടെ പിഴവായിരിക്കുമെന്നാശ്വസിച്ചു. എന്നാല്‍ വീണ്ടും നോട്ടീസുകളുമായി ബി.എസ്‌.എന്‍എല്‍ രംഗത്തെത്തി. അവസാനം നിയമനടപടിക്ക്‌ വേണ്ടി കത്തെത്തിയപ്പോള്‍ പ്രമീളയ്‌ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി. ആരാണ്‌ തന്റെ പേരില്‍ ഇത്ര കളിക്കുന്നതെന്നന്വേഷിച്ചപ്പോഴാണ്‌ കള്ളിവെളിച്ചത്തായത്‌.

അനന്തിരവന്‍ അമിത്‌ ഉറക്കമില്ലാതെ രാജ്യാതിര്‍ത്തിക്കപ്പുറത്തുള്ള `മദാലസ'കളുമായി നടത്തിയ ടെലിഫോണ്‍ സല്ലാപമാണ്‌ തന്റെ ഉറക്കം കെടുത്തിയതെന്ന്‌ ആന്റിക്ക്‌ മനസ്സിലായി. ഇരുപതോളം രാജ്യങ്ങളിലെ `ചിയര്‍ഗേള്‍സു'മായി മധുരമനോജ്‌ഞമായി ഇരുപത്‌ ദിവസംകൊണ്ട്‌ സല്ലപിച്ചുണ്ടാക്കിയതാണ്‌ 40 ലക്ഷം രൂപ. കൂടാതെ ഈ മഹാവീരന്‍ ഇന്റര്‍നെറ്റിലൂടെയും ചാറ്റ്‌ റൂമിലൂടെയെല്ലാം തന്റെ സ്വര്‍ഗീയ കാമുകിമാരെ ഇന്ത്യയിലേക്ക്‌ വരാന്‍ ക്ഷണിച്ചിട്ടുണ്ടത്രേ.

എന്തായാലും അനന്തിരവന്റെ സ്വഭാവമഹിമകാരണം അമ്മായി അമരാവതിയിലെ പൊലീസ്‌ സ്‌റ്റേഷനിലെ അഴി എണ്ണിക്കൊണ്ടിരിക്കുകയാണ്‌. പൊലീസ്‌ ചോദ്യചെയ്‌തപ്പോള്‍ പ്രമീള വള്ളിപുള്ളി തെറ്റാതെ മേല്‍വിലാസം കൈമാറിയകാര്യം പൊലീസിനോട്‌ പറഞ്ഞു. ബി.എസ്‌.എല്‍.എല്‍ ക്രമിനല്‍ കേസ്‌ ഫയല്‍ ചെയ്‌തതിനെത്തുടര്‍ന്നാണ്‌ പൊലീസ്‌ പ്രമീളയെ കസ്‌റ്റഡിയിലെടുത്തത്‌. വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ അമിത്‌ വാങ്കടയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ്‌ പറയുന്നു. അമിത്‌ മുമ്പ്‌ പല ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ്‌ വെളിപ്പെടുത്തി. ഇത്തരത്തിലുളള വീരസാഹസിക കഥകള്‍ കേരളത്തിലെ സുമുഖന്‍മാര്‍ക്കും ബാധകമാണ്‌. ഹോട്ടല്‍ മുറികളിലെ മച്ചിന്‍ പുറത്ത്‌ കഷ്‌ടപ്പെട്ട്‌ മൊബൈല്‍ തിരുകി ആശ്വാസം കണ്ടെത്തുന്ന മലയാളി യുവത്വത്തിന്‌ ഇത്‌ പാഠമാക്കാം.


How to post comments?: Click here for details

March 27, 2010

പ്രവാസികളെ ഇത് നിങ്ങള്‍ക്കായി...

ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...
ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്.
അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍.
ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...
അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി... നാം അയച്ച എസ്.എം.എസ്. എത്ര?

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)

ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.


ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.

ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്‍പ്പിടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.

ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.

കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്‍ത്തുന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...

ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്‍ഫ് ഭൂമിയില്‍നിന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.

ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്‍കി ആകര്‍ഷിച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.

ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്‍ക്ക'യോ മറ്റ് ഏജന്‍സികളോ മുന്‍കൈ എടുത്തില്ല.

സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ. ആരും ഈ പ്രതിസന്ധി ചര്‍ച്ചചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്‍മിനേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍പോലും ഞങ്ങള്‍ അര്‍ഹരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.

എന്തു നേടി? നാലു ചുവരുകള്‍ക്കുള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്‍ഫുഡുകളുടെ ദുര്‍മേദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്‍ച്ചയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്‍ത്തുകയാണ്.

ഗള്‍ഫില്‍നിന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.

ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്‍ഫില്‍നിന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്‍ത്തന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''

ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം ദിര്‍ഹം വരെ പ്രതിവര്‍ഷം വാടക വേണ്ടിവരും. രണ്ടു വര്‍ഷത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്‍പ്പിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.

ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്‍ഫുകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്‍ക്കുമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്‍ഷമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.

പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.

ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്‍ത്തും വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.

കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്‍സ്' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്‍ഹവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.

കാലിടറുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്‍പതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്‍ഗറും പിസ്സയും കഴിച്ച് വളരുന്ന മോള്‍ക്കതറിയില്ല.

കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്‍ന്ന ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍ക്കുലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?''

By: ഫസീല റഫീഖ്‌

കടപ്പാട്: മാതൃഭൂമി

How to post comments?: Click here for details

March 24, 2010

അവശേഷിപ്പുകള്‍

ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല എയര്‍മെയിലായിരുന്നു. ഗ്രീഷ്മകാല നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങിത്തളര്‍ന്ന ശരീരം പതിവുപോലെ പിന്നെയും പിന്നെയും അബോധത്തിലേക്ക്‌ നൂണ്ടു പോവാന്‍ നിര്‍ബ്ബ‍ന്ധിച്ചിട്ടും അതനുസരിക്കാതെ വന്നുമൂടുന്ന നിദ്രയെ തല കുടഞ്ഞെറിഞ്ഞ് അന്നും അയാള്‍ പെട്ടെന്ന് തന്നെ കട്ടിലില്‍ എഴുനേറ്റിരുന്നു. തലേന്ന് രാത്രി നേരമേറെ വൈകി തന്റെ തൂവിപ്പോയ ദൈന്യങ്ങള്‍ അരിച്ചെടുത്തും സ്നേഹമിടിപ്പുകളുടെ ശ്വാസവായു ഊതി നിറച്ചും എഴുതിയുണ്ടാക്കിയ നാലര പേജുള്ള ഒരു മനസ്സ് ആമിനയുടെ കൈകളിലേക്ക്‌ യാത്രയാവാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന ചിന്ത എന്നെത്തെയുംപോലെ ജമാലിനെ പെട്ടെന്ന് ഉന്മേഷവാനാക്കി. തെല്ലിട, ഒരുങ്ങിവന്ന ഒരു കോട്ടുവായുടെ പൂര്‍ണ്ണ സാക്ഷാത്കാരത്തിനു പഴുതനുവദീച്ച് കട്ടിലിലുണ്ടായിരുന്ന തോര്‍ത്തുമുന്ടെടുത്ത് തലയില്‍ ചുറ്റി അയാള്‍ കുളിക്കാനൊരുങ്ങി.

പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെ തുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരു രാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കും ബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാം ഭാഗം പുതിയൊരു ജമാലിനെയാ ണ്‌ എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ള കുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായി അയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ് അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍ തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടു റിയാലിന്റെ ബസ്‌ യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നു ചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ്‌ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട് ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.

ശബ്ദമൊഴിഞ്ഞ ആമിന എഴുതുന്ന കത്തുകള്‍ അയാളെ സംബന്ധിച്ചിടത്തോളം ഒരിക്കലുമൊരു മറുകരയുടെ വിതുമ്പലോ അല്ലലിന്റെ വര്‍ത്തമാനങ്ങളോ ആയിരുന്നില്ല. പുതുമഴയുടെ ഗന്ധത്തിലും നിഷ്കളങ്കമായ ചിരിയിലുമലിയിച്ച ആര്‍ദ്രമായ സ്നേഹത്തിന്റെ ശോണമുദ്രകളിലൂടെയുള്ള ഒരു സുഖദമായ കാവ്യസഞ്ചാരം. നാവിന് ശബ്ദമുണ്ടായിരുന്നെന്കില്‍ പറഞ്ഞിരിക്കാവുന്നതും പറയേണ്ടതുമായ എല്ലാവിധ സ്നേഹവ്യാകരണങ്ങളുമാണതെന്നു അയാള്‍ക്കറിയാം. എല്ലാം പറഞ്ഞു നിര്‍ത്തുന്നിടം മാത്രം പേരിനും ചുവടെയായി അവളെന്നുമൊരു കുഞ്ഞുമുഖം രേഖാ ചിത്രമായി വരച്ചു വെച്ചുകൊണ്ടിരുന്നു. ഒരു ഗൂഡസ്മിതം പൊഴിക്കുന്ന ആമിന അപ്പോളയാളില്‍ മിന്നിമറയുക പതിവാണ്. പിന്നെ കടലാസിലെ ഓമനത്തമുള്ള കുഞ്ഞു മുഖം ഒരു കുഞ്ഞാമിയായി ഏറെ നേരം അയാളോട് സംസാരിക്കുമായിരുന്നു. ആ നേരങ്ങളില്‍ ജമാലിന്റെ വിരഹക്കടല്‍ വല്ലാതെ പ്രക്ഷുബ്ധമായി അലയടിച്ചുകൊണ്ടിരിക്കും. അതുവഴി വിവാഹ ജീവിതത്തിന്റെ മുപ്പതു നാളുകളെ മന:പാഠമായി കിട്ടുമ്പോള്‍ മണലാരണ്യത്തില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ കുറിച്ചോര്‍ത്ത് അയാളെന്നും സങ്കടം കൊണ്ടു. ആമിനയുടെ സ്നേഹപച്ചപ്പുകളില്‍ നിന്നും നെടുവീര്‍പ്പിന്റെയും കണ്ണീരിന്റെയും മഞ്ചലില്‍ മരുഭൂമിയിലെക്കൊരു യാത്ര പൊടുന്നനേ സംഭവിച്ചതാണ്. എങ്കിലുമപ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞിരുന്നു. അറുതിയാവുന്ന കഷ്ടപ്പാടുകള്‍, തങ്ങളുടെയും ചുറ്റിലുമുള്ളവരുടെയും ജീവിതത്തില്‍ തെളിയിച്ചു വെക്കാവുന്ന വെളിച്ചം ഈ പാലായനത്തിലൂടെ സാധ്യമാവുമെന്ന് അയാള്‍ വിചാരിച്ചു. പക്ഷെ കഴിഞ്ഞ നാലുവര്‍ഷക്കാലമായി നഗര മാലിന്യങ്ങള്‍ നീക്കം ചെയ്തു പോന്നിട്ടും സ്വന്തം ജീവിതത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യാനാവാത്ത ഒരു പാഴ്വസ്തുവായി തുടര്‍ന്നു.


നഗരവീഥികളെ വൃത്തിയാക്കുന്ന വലിയ കനത്ത ഇരുമ്പുപാളികളാല്‍ നിര്‍മിതമായ ആനവണ്ടിയെന്നു തോന്നിച്ച കൂറ്റന്‍ ശുചീകരണ ട്രക്ക്‌ ആദ്യം കാണുമ്പോള്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു ജമാലിന് . തെരുവിലെ മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ വലിയ പ്ലാസ്റ്റിക് പെട്ടികളുടെ രണ്ടറ്റവും ലോഹച്ചരടുകളില്‍ കോര്‍ത്ത്‌ അതിന്റെ തുറന്ന വായില്‍ വെച്ച് കൊടുക്കുമ്പോള്‍ അത് സ്വയം കമഴ്ത്തി ഒരു ഭീമാകാരമുള്ള ജന്തുവിനെപോലെ ഞെരിച്ചമര്‍ത്തിയും ചതച്ചരച്ചും കിട്ടിയതെല്ലാം ആഹാരമായത് ഭക്ഷിക്കുന്നു. മാര്‍ഗമദ്ധ്യെ കാണുന്ന തടസ്സങ്ങള്‍ എടുത്തുമാറ്റുന്നതുപോലുള്ള പുണ്യ പ്രവര്‍ത്തിയായി വിചാരിക്കുമ്പോഴും കത്തുന്ന വെയിലില്‍ അതിനെ ഊട്ടിയും ഉറക്കിയുമുള്ള നഗരം വൃത്തിയാക്കലാണ്‌ തന്റെ ജോലിയെന്നത് ആമിനയില്‍ നിന്നും അയാള്‍ എന്തുകൊണ്ടോ മറച്ചു വെച്ചു. അല്ലെങ്കില്‍ ആമിനയങ്ങനെയൊരു ചോദ്യത്തിലെത്താന്‍ മറന്നു പോയിരുന്നു. തന്റെ ദൈന്യതയിലും കഷ്ടപ്പാടുകളിലും ഇനിയുമവളുടെ കണ്‍നിഴല്‍ വീണു ഖിന്നയാവരുതെന്നു അയാള്‍ എപ്പോഴു ആഗ്രഹിച്ചു.അവളിലെ തന്റെ തെളിച്ചമുള്ള രൂപം മരുഭൂമിയിലെ പൊടിക്കാറ്റിലും മാലിന്യങ്ങളിലും മുങ്ങിയ വെറുമൊരു കോലമാവുന്നത് ജമാലിനിഷ്ടവുമായിരുന്നില്ല.

വൈകുന്നേരങ്ങളില്‍ തപാലാപ്പീസിലെ എഴുത്തുകുത്തുകളുടെ ജോലിയെല്ലാം പൂര്‍ത്തിയാക്കി വീട്ടിലേക്കുള്ള മടക്കത്തിലാണ് ജമാല്‍ ലോകത്തിന്റെ നടപ്പു ഗതികള്‍ അറിഞ്ഞിരുന്നത്. നാട്ടുകാരനായ ബഷീറിന്റെ താമസ സ്ഥലം അയാളെ സംബന്ധിച്ച് പുറം വാതില്‍ കാഴ്ചയിലെക്കുള്ള ദൂരദര്‍ശിനിയായിരുന്നു. ജോലികഴിഞ്ഞൊത്തുകൂടുന്ന ചങ്ങാതിമാരാല്‍ എപ്പോഴും ഇളകിമറിയുന്ന അവിടുത്തെ ചടുലമായ ഒരന്തരീക്ഷത്തില്‍ നിന്നും അയാള്‍ക്ക്‌ വര്‍ത്തമാന ലോകത്തെ മുറയ്ക്ക് പകര്‍ന്നു കിട്ടി. ഇറാക്ക് യുദ്ധവും, അമേരിക്കന്‍ ഭടന്‍ തന്റെ ആരാധ്യ പുരുഷനായ സദ്ദാമിന്റെ വായ തുറന്നു ടോര്‍ച് ലൈറ്റ് മിന്നിച്ചുകൊണ്ട് അണപ്പല്ലുകള്‍ ‍ പരിശോധിക്കുന്നതും പിന്നീടൊരിക്കല്‍ കയര്‍ കഴുത്തില്‍ കുരുക്കി കൊല്ലുന്നതും ഒരു പഴയ കാല സിനിമയിലെന്നപോലെ നേര്‍ത്ത വെളിച്ചത്തില്‍ കണ്ടത്‌ അവിടെ വെച്ചാണ്. മരണത്തിനു മുന്നിലും പഞ്ചേന്ദ്രിയങ്ങള്‍ തെല്ലും അയഞ്ഞുലയാതെ ഒരാള്‍ക്ക്‌ തന്റെ നിറം മങ്ങിയ പരിസരങ്ങളുമായി സംവദിച്ചു നില്‍ക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്നാദ്യമായി ജമാലറിയുകയായിരുന്നു. ഏതൊരു മരണത്തിന്റെയും ഇത്തരം ഓര്‍മ്മകള്‍ ഒരു നീണ്ട നടത്തത്തിന്റെ ആയാസങ്ങളെ ശരീരത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു നിര്‍ത്താന്‍ ജമാലിനെ സഹായിച്ചു. ഒന്നിന് പിറകെ ഒന്നായി കേട്ടറിഞ്ഞ മരണങ്ങളെല്ലാം ഒരു ഘോഷയാത്രയായി അപ്പോള്‍ മനസ്സിലെത്തുക പതിവാണ്. ഓരോ വാര്‍ത്തയിലും മരണത്തിന്റെ ആസന്നനിമിഷങ്ങള്‍ക്കരികെ അറിയാതെ ഒരു വിഹ്വല സാക്ഷിയായി നിന്നുപോവുകയോ താദാത്മ്യപ്പെടുകയോ ചെയ്യുന്നൊരു ശീലവും ജമാലിനുണ്ടായിരുന്നു. ഓരോന്നിലും അയാള്‍ സ്വയം മരണത്തെ നോക്കിനില്‍ക്കുകയോ മനസ്സില്‍ അനുഭവിക്കുകയോ ചെയ്തു പോന്നു. അപ്പോഴൊക്കെ എന്നും പതിവുപോലെ അറ്റം കാണാത്ത മണല്‍ക്കാട്ടില്‍ ഒരു യാത്രിക കുടുംബത്തോടൊപ്പം ജമാലിനും വഴിതെറ്റിപ്പോവാറുണ്ട്. ഓര്‍മകളില്‍ വിഹ്വലതയുണര്‍ത്തുന്ന കഥയില്‍ ദിക്കറിയാതെ.. കത്തുന്ന സൂര്യന്റെ കൊടും താപത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അപരിചിതരായ രണ്ടു കുട്ടികളും ബാപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തോടൊപ്പം ജമാലും ദാഹിച്ചു വിണ്ടുകീറുന്നു. മരുഭൂമിയുടെ വിജനതയില്‍ വെന്തുരുകുന്ന നിസ്സഹായത അതുപോലെ അനുഭവിക്കുന്നു. ഒരു തുള്ളി ദാഹജലത്തിനായി പിടഞ്ഞു ചലനം നിലക്കുന്ന കുരുന്നുകളില്‍ നിന്നും ശബ്ദമില്ലാതെ ഓരോന്നായി പറന്നു പോവുന്ന പ്രാണന്റെ പക്ഷികളെ അയാള്‍ മൂകമായി നോക്കി നില്‍ക്കുന്നു. വാര്‍ത്തകളിലെ ഇത്തരം മരണങ്ങളില്‍ ഏറെ അനുഭവിക്കുന്ന ഒരു കഥയായി അതെന്നും തുടര്‍ന്നു പോന്നു

ബഷീറിന്റെ താമസ സ്ഥലത്തെത്തിയപ്പോഴേക്കും ജമാലിന്റെ ഗാഡമായ വിചാരങ്ങളില്‍ നിന്നും മരണങ്ങളെല്ലാം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി. അവിടെ കളി തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലോകം ഇരമ്പിയാര്‍ത്തു. കുന്നോത്ത് തെരുവിലെ റെഡ്‌ സ്റാര്‍ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ഒരു പകര്‍പ്പ് അവിടെ പുനര്നിര്‍മ്മിക്കപ്പെടുകയാണ്. മുരളിയും ബാവയും ചെസ്സില്‍ തല പൂഴ്ത്തിയിരിക്കുന്ന പതിവ് കാഴ്ച. കാരംസില്‍ ഒരു പങ്കാളിയെ കാത്തു ചീട്ടു കളിയില്‍ കമ്പമില്ലാത്ത മുജീബ്‌ ചതുര കോണങ്ങളുടെ ഒരറ്റത്തിരിക്കുന്നു. ബാബുവും മൊയ്തീനുമടങ്ങുന്ന ആറംഗ സംഘം ചീട്ടുകളിയുടെ ലഹരിയിലും അശ്ലീല ഫലിതങ്ങളുടെ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ നിറയ്ക്കുന്നു. ബഷീര്‍ ഇനിയും ജോലി കഴിഞ്ഞെത്തിയിട്ടില്ല. അടുക്കളയില്‍ കയറിയ ഉടന്‍ ഒരു ചായയിടാനുള്ള ഒരുക്കത്തില്‍ ജമാല്‍ മുഴുകി. ഈ പതിവ്ചായ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. ഓര്‍ത്തിരിക്കാതെ ഒരു ചായ മുന്നിലെത്തുമ്പോള്‍ എല്ലാവരും സന്തോഷപൂര്‍വ്വം തന്നെ പുകഴ്ത്തി സംസാരിക്കുന്നത് കേള്‍ക്കാന്‍ ജമാലിനിഷ്ടമാണ്. കാരണം പ്രവാസത്തിലെ ചായ പലര്‍ക്കും ഒരു കൈപ്പുണ്യമല്ല.

ഏലക്കാ മണമുള്ള ചായ എല്ലാവരിലുമെത്തുന്നത്തിനിടയില് ബഷീര്‍ ടൈയില്‍ നിന്നും കഴുത്തിനെ മോചിപ്പിച്ചുകൊണ്ട്‌ അസ്വസ്ഥനായി കടന്നു വന്നു. ഒരു വല്ലായ്മയുടെ ഓളങ്ങള്‍ ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ഡേയ്.. ഈ മാന്ദ്യം നമ്മളെ തെണ്ടിക്കുമെന്നാ തോന്നുന്നത്.. ഇങ്ങനെ പോയാല്‍ കെട്ടുകെട്ടെണ്ടിവരും” എല്ലാവരും കേള്‍ക്കെ .മുരളിയോടായി ബഷീര്‍ പറഞ്ഞു.

മുരളി ചെസ്സില്‍ നിന്നും തലയുയര്‍ത്തി ബഷീറിലേക്ക് മെല്ലെ വിടുതലായി.
“നീയറിഞ്ഞോ ..കമ്പനി ആളെ കുറക്കാന്‍ തലയെണ്ണി തുടങ്ങി”. ആയിരം റിയാല്‍ തികച്ചു കിട്ടാത്ത സാദാ തൊഴിലാളികളാണ് ആദ്യ ഇരകള്‍ .....

പതിയെ ഓരോ കമ്പനികളിലെയും കേട്ടറിഞ്ഞ ആശങ്കകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.

“അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എണ്‍പത്‌ ലക്ഷം... . ദൌ ജോണ്‍സും നസ്ടാക്കും ഇടിഞ്ഞു. ബേങ്ക് കള്‍ പൊളിഞ്ഞു തുടങ്ങി.. സ്റ്റീല്‍ വിലയാണെങ്കില്‍ ഇപ്പൊ പകുതി...”
സഖാവ് ബാലന്‍ ചീട്ടുപെക്ഷിച്ചു പാര്‍ട്ടി സ്റ്റഡിക്ലാസ്സിലെന്ന പോലെ ഗൌരവം പൂണ്ടു.

മാന്ദ്യത്തിന്റെ കാറ്റ്‌ പതുക്കെ പതുക്കെ ചീട്ടുകളി മേശയിലേക്ക് പൂര്‍ണ്ണമായി പടര്‍ന്നു. ചീട്ടുകളെല്ലാം ഒരു വിശ്രമത്തിലെന്നപോലെ കമഴ്ന്നടിച്ചു കിടന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റും ജപ്പാനിലെ നിക്കിയും ലണ്ടനിലെ എഫ് ടി എസ് ഇ യും ഇന്ത്യയിലെ സെന്സെക്സും കടന്ന് ജനറല്‍ മോട്ടോര്‍സ്, വാള്‍മാര്‍ട്ട്, ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍, വേറിസണ് തുടങ്ങിയ കമ്പനികളിലേക്കും ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ് എന്നീ നഗരസഭകളുടെ ലേ ഓഫിലെക്കും ചര്‍ച്ചകളായി മാന്ദ്യ കാറ്റിനെ ബാലന്‍ മുന്നോട്ട് നീക്കി.

“ഈ കൊടുങ്കാറ്റില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കുക ചൈനയും ഇന്ത്യയുമാവും.. മുജീബ്‌ ചതുര കോണങ്ങളെ ഉപേക്ഷിച്ചുകൊണ്ട് പെട്ടെന്ന് പ്രവാചകനായി..”

ചര്‍ച്ചകള്‍ കത്തിക്കയറുമ്പോഴും കാര്യമായി ഒന്നും മനസ്സിലാവാതെ ജമാല്‍ വിഷണനായി എല്ലാം കേട്ടിരുന്നു. ഏതോ ഒരു ദുരന്തം വരാനിരിക്കുന്നുവെന്നു മാത്രം അയാള്‍ക്ക്‌ മനസ്സിലായി. ആഴ്ച്ചയറുതിയുടെ ആവേശങ്ങള്‍ പിന്നെയും പല വിഷയങ്ങളുമായി നീണ്ടു. എല്ലാം കെട്ടടങ്ങാന്‍ ഇനിയും മണിക്കൂറുകല്‍ ശേഷിക്കുന്നു. ബഷീറിനെ തനിച്ചു കണ്ടു കയ്യിലുണ്ടായിരുന്ന കുറച്ചു റിയാലുകള്‍ ആമിനക്കയച്ചു കൊടുക്കാന്‍ ഏല്‍പ്പിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ തിരിച്ചറിയാനാവാത്ത ഒരസ്വാസ്ഥ്യം മുളപൊട്ടുന്നതായി ജമാലറിഞ്ഞു.

റൂമില്‍ മടങ്ങിയെത്തിയിട്ടും ഒരു വല്ലായ്മ പൊതിഞ്ഞു നിന്നു. അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ ആമിനയെ കാണണമെന്ന ചിന്ത പൊടുന്നനെ അയാളെ അലട്ടി. ഇനിയും ആറു മാസങ്ങളുടെ ദൂരം നടന്നു തീര്‍ക്കാന്‍ ബാക്കികിടക്കുന്നു. തന്നെപോലൊരു താഴെക്കിട ജോലിക്കാരനെ സംബന്ധിച്ച് പ്രവാസമെന്നത് മരുഭൂമിയിലെ ഒരു തുറന്ന ജയില്‍ വാസം തന്നെയാണ്. ഇളവുകളോ എളുപ്പ വഴികളൊ ഇല്ലാതെ പൂര്‍ത്തിയാക്കേണ്ടുന്ന എഴുതപ്പെട്ട കാലാവധി. കുബ്ബൂസ് പോലെ രണ്ടായോ നാലായോ മുറിച്ചെടുക്കാനാവാത്ത ഒരു പരുത്ത നിര്‍വികാരതയാണത് . മറ്റൊന്നുമാലോചിക്കാതെ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു പെട്ടെന്ന് തന്നെ ആമിനയുടെ അടുത്തെത്തി. കടുംച്ചുവപ്പിന്റെ മൈലാഞ്ചിക്കൈവിരല്‍ പ്രേമപൂര്‍വം ഗ്രഹിച്ച് കണ്‍നിറയെ അവളെ കണ്ടു. പിന്നെ മുല്ലപ്പൂക്കള്‍ വിതറിയ പട്ടുമെത്തയിലെ ആദ്യരാവിന്റെ ഊഷ്മളതയിലൂടെ പതിയെ നിദ്രയിലേക്ക്‌ യാത്രയായി.. ഉറക്കത്തിലും ജമാല്‍ സ്വപ്നങ്ങളുടെ പുഴകള്‍ ഓരോന്നായി താണ്ടി എന്നും ആമിനയുടെ പറയാത്ത മോഹത്തിന്നരികേയെത്തി. അവള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മനസ്സില്‍ നിറങ്ങള്‍ നല്‍കി പ്രഭാതങ്ങളെ തന്റെതെന്ന പോലെ എന്നും സ്വന്തമാക്കുകയും ചെയ്തു.

അന്ന് ... ഹാജര്‍ നല്‍കി ജോലിക്ക് പുറപ്പെടുമ്പോള്‍ പാകിസ്ഥാനിയായ സൂപ്പര്‍വൈസര്‍ ജമാലിനോട് പതിവില്ലാത്തവിധം സൌഹൃദത്തോടെ പെരുമാറി. കുശലാന്വേഷണങ്ങള്‍ ചോദിച്ച ശേഷം കമ്പനി വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒരു മുഖവുരയെന്നപോലെ വിവരിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ അന്നാദ്യമായി അധികാരത്തിന്റെ ചുവപ്പ് രാശി മാഞ്ഞു പോയതായി ജമാല്‍ കണ്ടു. പിന്നെ അയാള്‍ സ്നേഹപൂര്‍വ്വം ജമാലിന്റെ തോളില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു..

“ജമാല്‍ കമ്പനി ഒടുക്കം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്ട്രാക്ട്കള്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് തീരുമ്പോള്‍ ഞാനും നീയുമെല്ലാം നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും.. പടച്ചവന്‍ തുണയാവാന്‍ പ്രാര്‍ത്ഥിക്കുക.” എല്ലാം കേട്ട ജമാലിന്റെ അമ്പരപ്പുകളിലേക്ക് അയാളുടെ നിസ്സംഗതയും സങ്കടവും ഒരിറ്റു നനവോടെ വന്നു വീണു. ജമാല്‍ സ്തബ്ധനായി ഒന്നുമുരിയാടാതെ നിന്ന് അയാളുടെ കൈ പിടിച്ചു കുലുക്കുക മാത്രം ചെയ്തു.

ആ രാത്രിയില്‍ പതിവുപോലെ ജമാല്‍ ആമിനയുടെ പുതിയ കത്ത് ഒരാവര്‍ത്തികൂടി വായിച്ച് മറുപടി എഴുതാനിരുന്നു. പക്ഷെ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കടല്‍ക്കരയില്‍ അനാഥമാക്കപ്പെട്ട് നാലുദിക്കും തുറന്നു വെച്ച ഒരു ജീര്‍ണിച്ച സത്രം പോലെ താന്‍ ശൂന്യമായിരിക്കുന്നുവെന്നു ജമാല്‍ സ്വയമറിഞ്ഞു. സാധാരണ എഴുതാനിരിക്കുമ്പോള്‍ വന്നു നിറയുന്ന തന്നിലെ വികാര വിചാരങ്ങളുടെ ഉറവ ഇന്ന് തന്റെ മുന്നിലെ വെളുത്ത കടലാസിലേക്ക് ഒരക്ഷരം പോലും കൊണ്ടു വന്നു വെക്കില്ലെന്നുറപ്പായപ്പോള്‍ ജമാല്‍ എഴുത്തുപേക്ഷിച്ചു മെല്ലെ മെത്തയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു ആമിനയെ തേടി. ജലരാശിയിലെന്ന പോലെ ഇളകിയാടുന്ന ഒരു രൂപത്തിനപ്പുറം ആമിന മന:ക്കണ്ണുകളില്‍ തെളിഞ്ഞു വന്നില്ല. ജമാല്‍ പരിഭ്രാന്തനായി മെത്തയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരമേറെ ചെന്നിട്ടും ഉണര്‍ച്ചയുടേയോ ഉറക്കത്തിന്റെയോ ഇടയിലേക്ക് ആമിന വന്നതേയില്ല. പകരം നാട്ടുകാരനായ ബഷീര്‍ സ്ഥലകാലം തെറ്റി പെയ്ത അപൂര്‍വമായൊരു പെരുമഴയോടെ ഒരു മരണ ദൂതനായി ജമാലിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ജമാല്‍ അസമയത്തെ ബഷീറിനെ കണ്ടു പകച്ചു. ബഷീറാകട്ടെ പതിയെ വിങ്ങിപ്പൊട്ടാറായ സങ്കടത്തോടെ കൈത്തലം അമര്‍ത്തിപ്പിടിച്ച് ചേതനയറ്റു നീലിച്ച ആമിനയെ ഉറക്കം പുരണ്ട ജമാലിന്റെ അര്‍ദ്ധ ബോധത്തിലേക്ക് അനേകം അയുക്തികളുടെ മുഖവുരയില്‍ പൊതിഞ്ഞു മെല്ലെ കൊണ്ടുവന്നു കിടത്തി. ജമാല്‍ കണ്ണുകള്‍ കുടഞ്ഞ് തൊണ്ട പൊട്ടുമാറുച്ചത്തില്‍ പടച്ച റബ്ബിനെ വിളിച്ചു…പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ലാതെ നിശ്ചലനായി കട്ടിലിലേക്ക് കൊഴിഞ്ഞു വീണു. ജമാലിനരികെ ഉറക്കച്ചടവോടെ ആളുകള്‍ പെരുകി. അപ്പോഴേക്കും ജമാല്‍ ഇടമുറിയാത്തൊരാവര്‍ത്തനമായി ഒരു കാഴ്ചയിലേക്ക് ചുരുങ്ങിപ്പോയിരുന്നു. വിറകു പുരയും ആമിനയും അവളുടെ കൈത്തണ്ടയിലെ രണ്ടു ചുവന്ന പൊട്ടുകളും വളഞ്ഞു പുളഞ്ഞു പോകുന്ന മരണ വേഗവും. ജമാല്‍ തൊട്ടരികെ അതെല്ലാം കനത്ത നെഞ്ചിടിപ്പോടെ കണ്ടു നിന്നു.

നിമിഷങ്ങളുടെ വലിഞ്ഞു മുറുകി തെറിച്ചു വീഴുന്ന വൃത്ത ശീലങ്ങളും ആഴ്ച്ചയുടെയോ മാസത്തിന്റെയോ അക്കങ്ങളുടെ കണിശ ദുശാഠ്യവും ജമാലിനെ സ്പര്‍ശിക്കാതെ കടന്നു പോവാന്‍ തുടങ്ങിയത് അനിവാര്യമായിരുന്ന ഒരു യാത്ര ഉപേക്ഷിച്ചതിനു ശേഷമായിരുന്നു. കണ്ണ് തുറക്കാത്ത.. ചിരിക്കുകയും കരയുകയും ചെയ്യാത്ത നിശ്ചെതനയെ പുല്‍കിയ ആമിനയെ ഒരു കാഴ്ചയിലുമിനി പ്രതിഷ്ഠിക്കാന്‍ ജമാല്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ പല രാത്രികളിലും ഉറക്കമിളച്ചിരുന്നു ആമിനയുടെ കത്തുകള്‍ വായിക്കുകയും വീണ്ടും വീണ്ടും മറുപടി എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. തന്റെ അയക്കാത്ത കത്തുകള്‍ എവിടെയോ ഒരിടത്തിരുന്ന് ആമിന വായിക്കുന്നുണ്ടെന്നു ജമാല്‍ വിശ്വസിച്ചു.

കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടതായുള്ള അറിയിപ്പ് കൈപ്പറ്റിയ ദിവസം ജമാലിന് പഴയ ഉത്സാഹം തിരിച്ചുകിട്ടിയതായി അനുഭവപ്പെട്ടു. മനസ്സില്‍ തികട്ടി വന്ന പൂര്‍ണ വിരാമത്തിലൂടെ ശുചീകരണ വണ്ടിയുടെ ഒരു കോണില്‍ തൂങ്ങി തെരുവിലേക്കുള്ള യാത്രയില്‍ അന്നെന്തുകൊണ്ടോ ജമാല്‍ കാണുന്ന നഗരം പുതിയൊരു ഭാവം കൈവരിച്ചു. വിജനത ഭീതിയുടെ തണുത്തുറയുന്ന ശ്വാസവായു സൃഷ്ടിക്കുന്നതുപോലെ കടന്നു പോകുന്ന ആള്‍ക്കൂട്ടങ്ങളെല്ലാം പരിഭ്രാന്തിയുടെ തിടുക്കപ്പെട്ട മരണപാച്ചിലായി മാറി. നഗരം മുഴുവന്‍ ചവറുകൂനകളാല്‍ മൂടപ്പെട്ടുകണ്ടു. മരണം വലിയ കാഹളം മുഴക്കി കര്‍ണ്ണ കഠോരമായി നടന്നു നീങ്ങുന്നതായി ജമാല്‍ കേട്ടു.

ആദ്യത്തെ തെരുവിലെത്തിയ ജമാല്‍ ശാന്തനായി ഇറങ്ങി ജോലി ആരംഭിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് പെട്ടിയില്‍ ലോഹച്ഛരടുകള്‍ ശ്രദ്ധയോടെ കൊരുത്ത്‌ തന്റെ വളര്‍ത്തു മൃഗത്തിനു പ്രഭാത ഭക്ഷണം നല്‍കി. ശൂന്യമായ പെട്ടിയില്‍ പിന്നെയും അവശേഷിപ്പുകള്‍ നിറച്ച് ലോഹച്ചരടുകളില്‍ പൂട്ടുമ്പോള്‍ ആകാശത്തോളമുയര്ന്നും ഭൂമിയിലേക്ക്‌ തിരിച്ചെത്തിയും വലിയ വൃത്തത്തില്‍ കറങ്ങുന്ന കളിത്തൊട്ടിലുകളെ ജമാല്‍ ഓര്‍ത്തു. ആളൊഴിഞ്ഞ കൂടുകള്‍ മനസ്സില്‍ കറങ്ങി. അനാഥമായ ഒരു ബാല്യം നേര്‍ത്ത മഞ്ഞുമറ നീക്കി മുന്നില്‍ തെളിഞ്ഞു വന്നു. പിന്നെ തിരശ്ശീലയിലെന്ന പോലെ ജീവിതത്തിന്റെ നെടുകെയും കുറുകെയുമുള്ള ഓരോ ചിത്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവന്റെ നോവുകളുമായി വെറും പാഴ്വസ്തുവായിപ്പോയ ഓരോ ജമാല്‍ മിന്നി മറഞ്ഞു. . ഏറ്റവുമൊടുവില്‍ തന്നെയും സ്വപ്നങ്ങളെയും ഉപേക്ഷിച്ചു പോയ പ്രിയപ്പെട്ടവള്‍ ഒരു പാഴ്വസ്തുവിന്റെ ജന്മാവൃതി പൂര്‍ത്തിയാക്കിയതോര്‍ത്തു. ജമാലിന്റെ ഓര്‍മയുടെ നക്ഷത്രങ്ങള്‍ പിന്നെ ഓരോന്നായി കെട്ടു. ലോഹച്ചരടുകള്‍ വലിഞ്ഞു മുറുകുന്ന യന്ത്രവിലാപം കേള്‍ക്കെ തനിക്ക് മുന്നിലെ പ്ലാസ്റ്റിക്‌ തൊട്ടിലില്‍ അവധാനതയോടെ കയറി മാലിന്യങ്ങളില്‍ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു ആമിനയെ നെഞ്ചോട്‌ ചേര്‍ത്തു കിടന്നു.

By: നാസ്സു; ജിദ്ദ

How to post comments?: Click here for details

March 23, 2010

കേരളീയത്തിനു 1 വയസ്സ്

കേരളീയം ഇ-വീക്കിലി ഒന്നാം വര്‍ഷത്തിലേയ്ക്ക്കേരളീയം ഇവീക്കിലിയുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചിട്ട് മാര്‍ച്ച് 23 ന് ഒരു വര്‍ഷം തികയുന്നു. മലയാളത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുടെ ഒരുമയില്‍ ഉണ്ടായി വന്നതാണ്‌ കേരളീയം ഇ-വീക്കിലി. ആദ്യ ലക്കം പുറത്തുവന്നപ്പോള്‍ കിട്ടിയ അനുമോദനങ്ങളാണ്‌ ആവേശത്തോടെ തുടര്‍ന്ന്കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അന്നുമുതല്‍ ഇന്നുവരെ 32 ലക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും ഇടമുറിയാതെ വന്നുകൊണ്ടിരിക്കുന്ന അനുമോദനങ്ങള്‍ മുന്നില്‍ ഈ അവസരത്തില്‍ ശിരസ്സു നമിക്കട്ടെ !

കേരളീയം ഇ വീക്കിലിയിലേയ്ക്ക് കഥകളും കവിതകളും ചിത്രങ്ങളും മറ്റു രചനകളും അയച്ചുതന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം തുടര്‍ന്നും കേരളീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളോരോരുത്തരും പങ്കാളികളാകുമെന്നു പ്രതീക്ഷിക്കട്ടെ.

കേരളീയം സംഘടിപ്പിച്ച കഥാരചന, ഫോട്ടോഗ്രാഫി മല്‍സരം, സമസ്യാപൂരണം എന്നിവ പങ്കാളിത്തം കൊണ്ട് സമ്പുഷ്ടമായിരുന്നു. അടിക്കുറിപ്പു മല്‍സരത്തിലും തുടര്‍ച്ചയായ പങ്കാളിത്തം ഉണ്ടാവുന്നുണ്ട്.
ഈ വീക്കിലി എന്ന ഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീ. നിതീഷ് സേവ്യര്‍ , ശ്രീ. സജു ജോര്‍ജ്ജ്,ശ്രീ. റോണീ ഫ്രെഡി (ജിക്കുമോന്‍), ശ്രീ. സുമേഷ് കയ്പമംഗലം , ശ്രീ സലിത് സദാനന്ദന്‍, ശ്രീ.ഷാജു സൈന്‍ , ശ്രീ.രാജേഷ്. എന്‍,കാര്‍ട്ടൂണിസ്റ്റ് ശ്രീ.മോഹന്‍ റാം എന്നിവരെയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായ ശ്രീ. വിനോദ് നായര്‍ , ശ്രീ. എം .എന്‍ .പി നമ്പൂതിരി, ശ്രീ. ജാഫര്‍ നസീബ്, ശ്രീമതി. മിനി, കുമാരി വാണി, ശ്രീ. വേണു വാര്യത്ത്, ശ്രീ മോഹനന്‍ കരണാത്ത്,ശ്രീ.റഫീക്ക് എന്നിവരെയും ഇത്തരുണത്തില്‍ സ്മരിക്കട്ടെ ! മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങളും ക്രിയാത്മക സംഭാവനകളും തന്നു വഴികാട്ടികളായ ശ്രീ.കൃഷ്ണന്‍ കാവില്‍ , ശ്രീമതി.റിതു എന്നിവരെ പ്രത്യേകം സ്മരിക്കുന്നു.

മലയാളം ഫണ്‍ .കോം, കേരളീയത്തിനോടു കാട്ടിയ താല്പര്യം അളവറ്റതാണ്. മലയാളം ഫണിനോടും അതിന്റെ അംഗങ്ങളോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.

വീക്കിലിയോടനുബന്ധിച്ച് ആരംഭിച്ച കേരളീയം നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തി അഞ്ഞൂറില്‍ പ്പരം അംഗങ്ങള്‍ കേരളീയത്തിനു കരുത്താകുന്നു.

എല്ലാവരുടേയും സഹകരണവും പ്രോല്‍സാഹനവും തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹാദരങ്ങളോടെ,

സജി പ്രഹ്ളാദന്‍
ചീഫ് എഡിറ്റര്‍
കേരളീയം ഇവീക്കിലി

കേരളീയത്തില്‍ അംഗമാകാന്‍ : ഇവിടെ ക്ലിക്കൂ


How to post comments?: Click here for details

March 22, 2010

ട്വിറ്റര്‍ ഫെസ്‌റ്റിവല്‍ - Twestival

2006 മാര്‍ച്ച്‌ 21 രാത്രി 9.50 ന്‌ ജാക്‌ ഡോര്‍സി ലോകത്തിലെ ആദ്യത്തെ ട്വീറ്റിന്‌ ജന്‍മം നല്‍കി ` ജസ്‌റ്റ്‌ സെറ്റിംഗ്‌ അപ്‌ മൈ ട്വിറ്റര്‍' എന്ന ആ ട്വീറ്റിന്‌ ശേഷം വിവാദങ്ങളിലൂടെയും വിമര്‍ശനങ്ങിലൂടെയും ആണ്‌ ട്വിറ്റര്‍ വളര്‍ന്നുവന്നത്‌. ഇന്നത്‌ ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനമാണ്‌. അഭിപ്രായങ്ങളും വികാരങ്ങളും പങ്കുവയ്‌ക്കാന്‍ ലോകത്തേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സംവിധാനമായി മാറാന്‍ കഴിഞ്ഞ നാല്‌ വര്‍ഷംകൊണ്ട്‌ ട്വിറ്ററിന്‌ കഴിഞ്ഞു. സൂര്യനു കീഴിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും ആശയസംവാദം നടത്തുന്നതിന്‌ ട്വിറ്റര്‍ അവസരം നല്‍കുന്നു. ഇത്തരത്തിലുള്ള ട്വിറ്ററിന്‌ ആഗോള പ്രചാരണം നല്‍കുക എന്ന ലക്ഷ്യത്തോടെ 2008 ലാണ്‌ ട്വിറ്റര്‍ ഫെസ്‌റ്റിവല്‍ അഥവാ ട്വീസ്‌റ്റിവലിന്‌ തുടക്കംകുറിച്ചത്‌.2008 ലാണ്‌ ട്വിറ്റര്‍ ഫെസ്‌റ്റിവലിന്‌ തുടക്കംകുറിച്ചത്‌ ലണ്ടനിലെ ട്വീപിളുകളാണ്‌ (പീപ്പിള്‍ ഹു യൂസ്‌ ട്വിറ്റര്‍) ഹാര്‍വെസ്‌റ്റ്‌ ട്വിസ്‌റ്റിവല്‍ എന്ന പേരില്‍ ഇങ്ങനെ ഒരു കൂട്ടായ്‌മക്ക്‌ തുടക്കംകുറിച്ചത്‌ അതിന്‌ ശേഷം 2009 ജനുവരി 8 നാണ്‌ ട്വീസ്‌റ്റിവല്‍ ഗ്ലോബലിന്‌ തുടക്കം കുറിച്ചത്‌.ട്വീസ്‌റ്റിവല്‍ ഗ്ലോബല്‍ 2010 ലോകമെങ്ങും 175 നഗരങ്ങളിലാണ്‌ ആഘോഷിക്കുന്നത്‌. ഇന്ത്യയില്‍ ഐ.ടി തലസ്‌ഥാനമായ ബാംഗ്ലൂരില്‍ മാര്‍ച്ച്‌ 25 നാണ്‌ ട്വിസ്‌റ്ററിവല്‍ നടക്കുക. ബാംഗ്ലൂര്‍ കൂടാതെ ചെന്നൈ, ഗോവ മുംബൈ ഡല്‍ഹി കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും ഈവര്‍ഷം ട്വിറ്റര്‍ ഫെസ്‌റ്റിവല്‍ അരങ്ങേറും.


ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഗോളതലത്തില്‍ പ്രചാരം നല്‍കുകയാണ്‌ ഇത്തവണത്തെ ട്വിസ്‌റ്റിവലിലൂടെ ലക്ഷ്യമിടുന്നത്‌. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരാണാര്‍ത്ഥം മാര്‍ച്ച്‌ 27ന്‌ ഇന്റര്‍ കോര്‍പ്പറേറ്റ്‌ ക്രിക്കറ്റ്‌ മത്‌സരവും സംഘടിപ്പിക്കുന്നുണ്ട്‌.

ഓണ്‍ലൈനിലൂടെ സംവദിക്കുക ഓഫ്‌ ലൈനിലൂടെ ഒത്തുചേരുക എന്നതാണ്‌ ട്വിറ്റ്‌ ഫെസ്‌റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ആയ വൈജയന്തി പറയുന്നു. ട്വിറ്റര്‍ വെറുതെ കൂട്ടുകൂടി പോകാനുള്ള സംവിധാനം എന്നതിലുപരിയായി സാമൂഹിക സേവനത്തിന്‌ കൂടി ഉപയോഗപ്രദമാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
2009 ഫെബ്രുവരിയില്‍ 1000, വൊളണ്ടിയര്‍മാര്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ 202 നഗരങ്ങളില്‍ ഒത്തുചേര്‍ന്ന്‌ ജലക്ഷാമംപരിഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം നടത്തി. ഓണ്‍ലൈനിലൂടെയും ധനസമാഹരണം നടന്നു. ഇതിലൂടെ ലഭിച്ച തുകയ്‌ക്ക്‌ ഇന്ത്യയിയിലടക്കം 17,000 ആളുകള്‍ക്ക്‌ സഹായകമാവുംവിധം 55 കിണറുകള്‍ നിര്‍മ്മിച്ചു. 2010ലെ ഗ്ലോബല്‍ ട്വീസ്‌റ്റിവലിന്‌ ഇന്ത്യയില്‍ നിന്നടക്കം കൂടുതല്‍ ധനസമാഹരണം നടത്താനാവുമെന്നാണ്‌ പ്രതീക്ഷ.

നിങ്ങള്‍ക്കും ഒരു ട്വിറ്റര്‍ അക്കൌണ്ട് ഉണ്ടാക്കണ്ടേ?? അതിനായി ഇവിടെ നോക്കൂ..


ട്വിറ്റര്‍ അക്കൌണ്ട് ഉള്ള എല്ലാ വായനക്കാര്‍ക്കും അവരുടെ ട്വിറ്റര്‍ ID അല്ലെങ്കില്‍ ട്വിറ്റര്‍ URL കമന്റായി പോസ്റ്റാം.

ഇതാണ്‌ എന്റെ ട്വിറ്റര്‍ URL: http://twitter.com/Jikkumon


How to post comments?: Click here for details

March 20, 2010

പാപ്പി അമ്മാവോ... എന്നാ ചാക്കോച്ചാ !!!

പാപ്പി അമ്മാവോ... എന്നാ ചാക്കോച്ചാ

ഇതു ഒരു മലയാളം ഗാനമല്ല.....

ഇവാന്‍ കുപ്പാളാ എന്ന റഷ്യന്‍ ഗായകന്‍ പാടിയ ഒരു റഷ്യന്‍ നാടോടി ഗാനം.

പക്ഷേ അതു മലയാളത്തില്‍ കേട്ടാല്‍ ഇങ്ങനെ !!!!!!!

താങ്ക്സ്: ബഫല്ലാക്സ്

March 19, 2010

പ്രണയത്തിന്റെ `വിണ്ണൈ താണ്ടിവരുവായാ'

എത്രപറഞ്ഞാലും മതിവരാത്ത വിഷയമാണ്‌ പ്രണയം. അനശ്വര പ്രണയഗാഥകളുടെ നിരവധി ഉദാഹരണങ്ങള്‍ സാഹിത്യത്തിലും സിനിമയിലും കണ്ടെത്താനാവും. അനുരാഗത്തിന്റെ ഈ മാസ്‌മരികാനുഭവത്തെയാണ്‌ ഗൗതം മേനോന്‍ അഭ്രപാളിയില്‍ പകര്‍ത്തുന്നത്‌. വിണ്ണൈ താണ്ടിവരുവായാ, സമീപകാല തെന്നിന്ത്യന്‍ ചിത്രങ്ങളില്‍നിന്ന്‌ വേറിട്ട അനുഭവമായി. വ്യത്യസ്‌ത ഭാഷ സംസാരിക്കുന്ന, വ്യത്യസ്‌ത ആചാരങ്ങള്‍ പിന്തുടരുന്ന, വ്യത്യസ്‌ത മതങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ടുവ്യക്തികള്‍ ഭാഷാദേശ ഭൂപടങ്ങളെ പ്രണയംകൊണ്ട്‌ അതിജീവിക്കുന്നതിന്റെ സംഘര്‍ഷങ്ങളാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം.
ചിമ്പു അവതരിപ്പിക്കുന്ന നായക കഥാപാത്രം കാര്‍ത്തിക്‌ ഒരു തമിഴ്‌ ഹിന്ദു യുവാവാണ്‌. മെക്കാനിക്കല്‍ എന്‍ജിനിയറായ കാര്‍ത്തിക്കിന്റെ സ്വപ്‌നം സിനിമയാണ്‌. സിനിമാ സംവിധായകനാവുകയെന്ന മോഹവുമായി ജീവിക്കുന്ന സ്വപ്‌നജീവിയായ റൊമാന്റിക്‌ ഹീറോയാണ്‌ കാര്‍ത്തിക്‌. ചിമ്പുവിന്റെ തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക്‌ ഈ ചിത്രം വ്യത്യസ്‌തമായ അനുഭവം നല്‍കും. ഒരു നടനെ അയാളുടെ മാനറിസങ്ങളുടെ തടവറയില്‍നിന്നും പിടിച്ചിറക്കി തനിക്കാവശ്യമുള്ള രീതിയില്‍ ഒരു സംവിധായകന്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നുകാണാന്‍ ഈ ചിത്രം കണ്ടാല്‍മതി. ചിമ്പുവിന്റെ ബോറന്‍ മാനറിസങ്ങള്‍ ഈ ചിത്രത്തിലില്ല, എന്നതും റൊമാന്റിക്‌ നായക വേഷം അയാള്‍ക്ക്‌ നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നതും ചിത്രത്തിന്റെ മികവാണ്‌. തൃഷ അവതരിപ്പിക്കുന്ന ജെസ്സി, ഒരു ക്രിസ്‌ത്യന്‍ ഐ ടി പ്രൊഫഷണലാണ്‌. തമിഴ്‌നാട്ടില്‍ താമസമാക്കിയിരിക്കുന്ന മലയാളി കുടുംബമാണ്‌ ജെസ്സിയുടേത്‌. കുടുംബത്തെ പട്ടാള ചിട്ടയില്‍ നയിക്കുന്ന അച്ഛനും അമ്മയുടെ ഒരു ചൂടന്‍ സഹോദരനും അടങ്ങുന്നതാണ്‌ ജെസ്സിയുടെ കുടുംബം. അനായാസവും ആകര്‍ഷകവുമായ അഭിനയം തൃഷയുടെ കഥാപാത്രത്തെ മികച്ചതാക്കുന്നു.

`ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌' എന്ന പഴയപ്രണയ ഫോര്‍മുലതന്നെയാണ്‌ ഈ ചിത്രവും സ്വീകരിച്ചിരിക്കുന്നത്‌. ജെസ്സിയെ കണ്ടമാത്രയില്‍തന്നെ കാര്‍ത്തിക്കിന്‌ അവളോട്‌ അനുരാഗം തോന്നുന്നു. ജെസ്സിയുടെ വീടിന്റെ താഴത്തെ നിലയില്‍ കാര്‍ത്തിക്കിന്റെ കുടുംബം താമസത്തിന്‌ വരുന്നതോടെ പ്രണയത്തിന്‌ അനുകൂലമായ കാലാവസ്ഥയൊരുങ്ങുന്നു. പ്രണയാതുരനായി ചുറ്റിപ്പറക്കുന്ന കാമുകനില്‍നിന്നും പതിവുപോലെ അകലം പാലിക്കുന്ന അച്ചടക്കവും വിവേകവുമുള്ള പെണ്‍കുട്ടിയായി നായിക നടിക്കുന്നു. പ്രേക്ഷകര്‍ക്ക്‌ അറിയാവുന്നതുപോലെ ഈ നാട്യത്തിന്‌ വലിയ ആയുസൊന്നും ഉണ്ടായിരുന്നില്ല. നായകന്റെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി നായിക അതില്‍ വീണുകൊടുക്കുന്നു. പൊടുന്നനെ പതിവുപ്രണയഗാന രംഗങ്ങള്‍ ആരംഭിക്കുകയായി. ആട്ടവും പാട്ടും എന്ന പതിവിനെ ദൃശ്യപരമായി മറികടക്കുന്നിടത്താണ്‌ സംവിധായകന്‍ വിജയിക്കുന്നത്‌. മികച്ച കോറിയോഗ്രാഫിയും എ ആര്‍ റഹ്‌മാന്റെ സംഗീതവും മനോജ്‌ പരമഹംസയുടെ ക്യാമറയും ദൃശ്യങ്ങളെ അസാധാരണമാക്കുന്നുണ്ട്‌. കാര്‍ത്തിക്കിന്റെയും ജെസ്സിയുടെയും അനശ്വരപ്രണയത്തിന്‌ ജെസ്സിയുടെ വീട്ടുകാര്‍ വഴിമുടക്കുന്നതോടെ സിനിമയുടെ ആഖ്യാനം സംഘര്‍ഷഭരിതമാകുന്നു. വ്യത്യസ്‌തമായ ക്ലൈമാക്‌സ്‌ ട്രീറ്റ്‌മെന്റിലൂടെ അവരുടെ അനുരാഗത്തിന്‌ എന്തുസംഭവിച്ചുവെന്നതിന്റെ ചുരുള്‍നിവര്‍ത്തുകയാണ്‌ ചലച്ചിത്രം.

ദില്‍സേ, മിന്‍സാരക്കനവ്‌, അലൈപായുതേ, കാക്കാ കാക്കാ തുടങ്ങിയ ചലച്ചിത്രങ്ങളുമായി പ്രമേയപരമായ വ്യത്യാസമൊന്നും ഈ ചിത്രത്തിനില്ല. അതേപ്രണയ ഫോര്‍മുലയില്‍ തന്നെയാണ്‌ വിണ്ണൈതാണ്ടിവരുവായാ ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ചില ആഖ്യാനസന്ധികള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കാന്‍ സംവിധായകന്‌ കഴിയുന്നു. ജെസ്സിയും കാര്‍ത്തിക്കും ഒന്നു ചേരുമോ? സിനിമാ സംവിധായകനാവുക എന്ന അവന്റെ സ്വപ്‌നം കാര്‍ത്തിക്കിന്‌ സാക്ഷാത്‌കരിക്കാനാവുമോ? ജെസ്സി അവനുവേണ്ടി കാത്തിരിക്കുന്നുണ്ടാവുമോ? തുടങ്ങിയ ആകാക്ഷകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ ചിത്രം പ്രേക്ഷകരെ ക്ലൈമാക്‌സിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയയും വിരഹത്തിന്റെ സങ്കടങ്ങളും കൃത്യമായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി പിരിമുറുക്കത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

പ്രഭുദേവയും കാജോളും ചേര്‍ന്നഭിയിച്ച മിന്‍സാരക്കനവ്‌ എന്ന രാജീവ്‌ മേനോന്‍ ചിത്രത്തില്‍ എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ `വെണ്ണിലവേ... വെണ്ണിലവേ...' എന്ന പ്രണയഗാനത്തില്‍ നിന്നുമാണ്‌ ഗൗതം മേനോന്‍ ഈ ചിത്രത്തിന്‌ പേര്‌ സ്വീകരിച്ചിരിക്കുന്നത്‌. ആ പ്രണയ ചിത്രത്തിന്റെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തിക്കൊണ്ട്‌ ചിലമ്പരശനും തൃഷയും അനുരാഗത്തിന്റെ മറ്റൊരു സംഗീത കാലം തീര്‍ക്കുന്നു. തമിഴ്‌ കവി താമരെയുടെ വരികള്‍ക്ക്‌ സംഗീതമൊരുക്കിയത്‌ എ ആര്‍ റഹ്‌മാനാണ്‌. മനോഹരമായ ദൃശ്യങ്ങളിലൂടെ, സവിശേഷമായ ആഖ്യാനത്തിലൂടെ വിസ്‌മയ സംഗീതത്തിലൂടെ പ്രേക്ഷകരെ പ്രണയാതുരമായൊരു കാലത്തേക്ക്‌ സിനിമ കൂട്ടിക്കൊണ്ടുപോകുന്നു.

Jikkumon's Rating: 3.5 / 5

March 16, 2010

അശ്ലീലവും സെക്‌സും പിന്നെ മലയാളിയും

അശ്ലീല ദൃശ്യങ്ങള്‍ മലയാളിയുടെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. എവിടെയും ഏതിലും എന്തിലും ഒരു അശ്ലീലച്ചുവ കണ്ടെത്തിയില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടുന്ന തലമുറയായി മാറിയിരിക്കുകയാണ് നവയുവത്വം. അവിടെ കളിക്കൂട്ടുകാരിയെന്നില്ല, ഓഫീസിലെ സഹപ്രവര്‍ത്തകയെന്നില്ല, സിനിമാതാരമെന്നില്ല...എന്തിനധികം സോണിയ ഗാന്ധിയെയും മീരാ കുമാറിനെയും പോലും ചിലര്‍ വെറുതെ വിടില്ല.

ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മാനസിക അര്‍ബുദമായി മൊബൈല്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ വിവരസാങ്കേതികവിദ്യകളിലായി ഈ അശ്ലീല ഭ്രമം പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ നിന്നും ശനിയാഴ്ച രാവിലെ മലയാളിയെ തേടിയെത്തിയ വാര്‍ത്തയും
ഇതിന്‍റെ ഭാഗമായിരുന്നു. തന്‍റേതെന്ന് കരുതുന്ന അശ്ലീലച്ചിത്രം മൊബൈലിലും
ഇന്‍റര്‍നെറ്റിലും പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് മനംനൊന്ത്
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്
പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിയെ പൊലീസ്
കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച്
സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അതിന് സ്കൂള്‍ അധികൃതരോ കുട്ടികളോ
പുല്ലുവില നല്‍കിയിട്ടില്ല എന്നതിന് തെളിവാണ് സമീപകാല സംഭവവികാസങ്ങള്‍.
കണ്ണൂരിലെ സംഭവത്തിന് കാരണമായ അശ്ലീല ചിത്രത്തില്‍ പെണ്‍കുട്ടിയോടൊപ്പം അവളുടെ
സഹപാഠിയായിരുന്നു ഉണ്ടായിരുന്നത്. ഇന്‍റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങള്‍
പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്കൂളില്‍ നിന്നും പെണ്‍കുട്ടിയെ
പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ കൌമാരക്കാരെ കൈകാര്യം
ചെയ്യുന്നതില്‍ നമ്മുടെ അധ്യാപകര്‍ക്ക് പിഴവ് പറ്റിയെന്ന് വേണം
അനുമാനിക്കാന്‍. പ്രായത്തിന്‍റെ ചപലതയില്‍ വിരിയുന്ന തെറ്റിനെ പറഞ്ഞു
മനസ്സിലാക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍, തന്‍റെ
അശ്ലീലച്ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ തന്‍റേടത്തോടെ നിലകൊള്ളാന്‍
അവള്‍ക്ക് കഴിഞ്ഞേനെ. പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അവളുടെ കാമുകനോടൊപ്പം
ആയിരുന്നു എന്നത് വാദങ്ങളെ ബലഹീനമാക്കുന്നെങ്കിലും മൊബൈല്‍ ഫോണും,
ഇന്‍റര്‍നെറ്റും അശ്ലീല പ്രചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഇനിയും
കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

സംഭവത്തില്‍ സ്കൂള്‍ അധികൃതരെയും സര്‍ക്കാരിനെയും വെറുതെ വിടാന്‍ കഴിയില്ല.

വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ദുരുപയോഗവും ഹയര്‍ സെക്കന്‍ഡറി, കോളജ്‌ എന്നിവിടങ്ങളില്‍ കാമറ ഫോണിന്‍റെ ദുരുപയോഗവും കണ്ടെത്തിയ
സര്‍ക്കാ‍ര്‍ മൊബൈല്‍ ഫോണുകള്‍ക്ക് സ്കൂള്‍ കാമ്പസുകളില്‍ കര്‍ശന നിരോധനം
ഏര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു. ഉത്തരവ് ഫലപ്രദമായില്ലെങ്കില്‍ മൊബൈല്‍
ഫോണ്‍ സ്കൂളുകളില്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും
നിയമമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അറിയിച്ചിരുന്നു.
എന്നാല്‍ നിയമനിര്‍മ്മാണം നടന്നതായി അറിവില്ല. (ഇതിനെക്കുറിച്ചറിയാന്‍
പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും
അദ്ദേഹത്തിന്‍റെ മൊബൈല്‍ പരിധിക്ക് പുറത്തായിരുന്നു. ഓഫീസ് ഫോണില്‍
വിളിച്ചപ്പോള്‍ അദ്ദേഹം സെക്രറ്റേറിയേറ്റില്‍ ഒരു മീറ്റിങ്ങില്‍
പങ്കെടുക്കാന്‍ പോയിരിക്കുകയാണ് എന്ന അറിയിപ്പാണ് ലഭിച്ചത്). ഇതു
സംബന്ധിച്ച് ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പ്രതികരിച്ച ഹയര്‍
സെക്കണ്ടറി ഡയറക്ടര്‍ ഡോ സി പി ചിത്ര മൊബൈല്‍ ഫോണ്‍ എല്ലാ സ്കൂളുകളിലും
നിരോധിച്ചതാണെന്ന് പറഞ്ഞെങ്കിലും നിരോധനം ഫലപ്രദമാക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ചു. ഇത്തരം ആത്മഹത്യകള്‍ക്ക് പൊതുസമൂഹത്തിനും
ഉത്തരവാദിത്തമുണ്ടെന്നും അവര്‍ പറഞ്ഞു.

ആര്‍ക്കും തള്ളിക്കളയാന്‍ കഴിയാത്ത പ്രസ്താവനയാണിത്. പൊതുസമൂഹത്തില്‍
ഒന്നാമതെത്തുന്നത് സ്വന്തം കുടുംബം തന്നെയാണ്. പിറന്നാള്‍ സമ്മാനമായും
സ്റ്റാറ്റസ് പ്രശ്നമായും മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍
വാങ്ങിക്കൊടുക്കുമ്പോള്‍ അപമാനവും മരണഭീതിയുമാണ് പലപ്പോഴും വിലയ്ക്കു
വാങ്ങുന്നതെന്നോര്‍ക്കുക. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും
ഈ നിരോധനമൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പല സ്കൂള്‍ അധികൃതരുടെയും
നിലപാട്.

മൊബൈലുമായി സ്കൂളില്‍ വരുന്നത് ക്ലാസ്സില്ലാത്തപ്പോള്‍ പാട്ടു കേള്‍ക്കാനാണെന്നാണ് ചില വില്ലന്‍ വിദ്യാര്‍ത്ഥികളുടെ ന്യായം. നമ്മുടെ സ്കൂളുകളില്‍ ഒരു അധ്യാപകന്‍ വന്നില്ലെങ്കില്‍ പകരം എത്തിയിരിക്കുന്ന അധ്യാപകന്‍ ക്ലാസെടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പതിവൊന്നും ഇല്ലെന്നാണ് അതിനര്‍ത്ഥം. ഇനി അധ്യാപകന്‍ വന്നില്ലെങ്കില്‍ തന്നെ കുട്ടികള്‍ക്ക് മൈതാനത്ത് ഇറങ്ങി കളിച്ചുകൂടേ, അല്ലെങ്കില്‍ പഠിപ്പിച്ചു തീര്‍ത്ത പാഠഭാഗങ്ങള്‍ പഠിച്ചു കൂടേ? അതിലും വലുതാണോ നമ്മുടെ
കുട്ടികള്‍ക്ക് സഹപാഠിയുടെ രഹസ്യദൃശ്യങ്ങള്‍.

മൊബൈല്‍ ദുരന്തം കേരളത്തില്‍ ഇതാദ്യമല്ല. 2008 നവംബറില്‍ അമ്പലപ്പുഴയില്‍
സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തത് മലയാള
മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയായ ആണ്‍കുട്ടിയുടെ മൊബൈലില്‍
പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നല്‍കുമെന്നുള്ള ബ്ലാക്ക്
മെയിലിങ്ങിലാണ് ഈ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞത്.

2009 മാര്‍ച്ചില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൃത്രിമമായി നിര്‍മ്മിച്ച അശ്ലീലചിത്രം
പ്രചരിപ്പിക്കുമെന്ന ഭീഷണി ഭയന്ന്‌ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌
ശ്രമിച്ചിരുന്നു. സ്കൂളില്‍ വെച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ
ആത്മഹത്യാശ്രമം. ഇവിടെയും പ്രതിസ്ഥാനത്ത് ചില സഹപാഠികളായിരുന്നു.
മോര്‍ഫിങ്‌ നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന്‌ സഹപാഠികള്‍
ഭീഷണിപ്പെടുത്തിയതാണ് കാരണം. മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടതായി
ചിലര്‍ പറഞ്ഞതോടെയാണ്‌ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതത്രേ.

മൊബൈല്‍ ക്യാമറയിലും ഇന്‍റര്‍നെറ്റിലും ചിത്രം വരുത്തുമെന്ന്‌ പറഞ്ഞ്‌ കുട്ടിയെ
മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും
ചെയ്‌തുവെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ സ്‌കൂളിനടുത്ത കടയിലെ
ജീവനക്കാരിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും വീട്ടുകാര്‍ പരാതി
നല്‍കിയിരുന്നു. ഈ സ്‌ത്രീയായിരുന്നു അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി
കുട്ടിയോട്‌ പറഞ്ഞത്‌.


പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിഷേധിച്ചാല്‍ പെണ്‍കുട്ടിയുടെ അശ്ലീല വെബ്സൈറ്റ്
നിര്‍മ്മിക്കുന്ന മലയാളികളുമുണ്ട്. 2008 ആദ്യം ബാംഗ്ലൂരിലായിരുന്നു
ഇത്തരത്തിലുള്ള കേസ് ഉണ്ടായത്. സംസ്ഥാനത്തെ ആദ്യ ‘സൈബര്‍ സ്റ്റാക്കിംഗ്’
കേസായിരുന്നു ഇത്. സംഭവത്തില്‍ പ്രതിസ്ഥാനത്ത് വന്നത് എറണാകുളം
സ്വദേശിയായിരുന്ന പ്രിന്‍സ് ജോര്‍ജ് ആണ്. 21 വയസ്സ് മാത്രമുണ്ടായിരുന്ന
ഇയാള്‍ ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട് വിവാഹാഭ്യര്‍ഥന നടത്തി
പരാജയപ്പെട്ടതിനെ തുടര്‍ന്ന് അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച്
ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്‍റര്‍നെറ്റിലൂടെ വ്യാപകമായി കുട്ടിയുടെ
അശ്ലീലചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇയാളെ
പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ചുരിദാറിന്‍റെ ഷാള്‍ അല്പമൊന്നു സ്ഥാനം തെറ്റിയാല്‍ സാരിത്തലപ്പ് അങ്ങോട്ടോ ഇങ്ങോട്ടോ
ഒന്നു മാറിയാല്‍ ഒളിഞ്ഞു നോക്കുകയും കമന്‍റ് അടിക്കുകയും ചെയ്യുന്ന
രീതിയിലേക്ക് നമ്മുടെ യുവാക്കള്‍ തരം താണിരിക്കുകയാണ്. എല്ലാവരുമല്ല
എങ്കിലും! ക്യാമറയുള്ള മൊബല്‍ ഫോണ്‍ രംഗത്തു വന്നതോടെ ഇത്തരം നിമിഷ
ദൃശ്യങ്ങളെ സ്വന്തം മൊബൈലിലാക്കി ബ്ലൂടൂത്തിലൂടെ കൂട്ടുകാരുടെ
മൊബൈലിലെത്തിക്കാന്‍ ഓരോരുത്തരും മത്സരമാണ്. അവന്‍റെ അമ്മയും
പെങ്ങളുമല്ലാത്ത ആരുടെയും അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിക്കാമെന്ന
രീതിയിലേക്ക് മലയാളിയുവത്വം മാനസികമായി ‘തളര്‍ന്നിരിക്കുന്നു’.
സ്വന്തമെന്നുള്ള ആരുടെയെങ്കിലും തുണ്ടു പടങ്ങള്‍ വന്നാല്‍ ഇവര്‍
വേദനിക്കുകയും ചെയ്യും.

ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന പല പെണ്‍കുട്ടികളും പരാതികള്‍ നല്കാനും
ഭയപ്പെടുന്നുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകാനും പരാതി നല്കാനും
മടിയുള്ളവര്‍ക്ക് ഓണ്‍ലൈനായി പരാതി നല്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍
അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇന്‍റര്‍നെറ്റ് വഴി പൊലീസിനു പരാതി
നല്കാവുന്ന ക്യാപ്സ് എന്ന കമ്പ്യൂട്ടര്‍ എയ്ഡഡ് പൊലീസ് സര്‍വ്വീസ് കഴിഞ്ഞ
വര്‍ഷം ജൂലൈയില്‍ നിലവില്‍ വന്നിരുന്നു. ഇത്തരം കേസുകളില്‍
ഇന്‍റര്‍നെറ്റിലൂടെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുന്ന ആദ്യസംസ്ഥാനമെന്ന
പദവിയും കേരളത്തിന്‌ സ്വന്തമായിരുന്നു.


പലപ്പോഴും പെണ്‍കുട്ടികളും ഇത്തരം കേസുകളുടെ പ്രതിസ്ഥാ‍നത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ ഡ്രസ്സ് മാറുന്ന കൂട്ടുകാരിയുടെ രഹസ്യ ഭാഗങ്ങളും മറ്റും ചില തല്പര കക്ഷികള്‍ക്കായി(അതു കാമികനാകാം ബോയ് ഫ്രണ്ട് ആകാം) ഇവര്‍ മൊബൈലിലേക്ക് പകര്‍ത്തുകയും കൈമാറുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ‘ഡിലീറ്റ്’ ചെയ്യാമെടീ എന്ന
പ്രസ്താവനയുമായി കൂട്ടുകാരിയെ കെണിയില്‍പ്പെടുത്തുന്ന വമ്പത്തികളുമുണ്ട്.

ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇത്തരം ഞരമ്പു രോഗികളെ കൈകാര്യം ചെയ്യാന്‍
നമ്മുടെ സര്‍ക്കാരിനും ജുഡീഷ്യറിക്കും കഴിയണം. എങ്കില്‍ മാത്രമേ ഇത്തരം
കാമകോമാളിത്തരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയുകയുള്ളൂ.


By: മുക്താര്‍ അബുദാബി

March 13, 2010

Letter to Tuttumol

എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍ പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്‍ ഇന്നും ഓര്‍ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്‍.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍ച്ചര്‍ലെസ്സ് നോട്ടി ബോയ്സ് ആന്‍ഡ്‌ ഗേള്‍സിന്‍റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍ സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത . കാണാന്‍ കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്‍ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍ കൊണ്ട് ചേര്‍ത്ത ഡാഡിക്ക് കൊട്ടേഷന്‍ ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്‍റെ എന്‍ട്രി . തവളപ്പച്ച കളര്‍ ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്‍റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്‍ ചട്ടി കമഴ്ത്തി വച്ച ഹെയര്‍ സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്‍ശിച്ചു .

നീ എന്‍റെ തൊട്ടടുത്ത ചെയറില്‍ തന്നെ വന്നിരുന്നപ്പോള്‍ നാന്‍ ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്‍റപ്പര്‍ത്തെ ചെയറില്‍ ‘ ഇനിച്ചെന്‍റെ ഡാഡീനെ കാണണംന്ന് ‘ വലിയവായില്‍ കാറിക്കോണ്ടിരുന്ന തടിയന്‍ ജെബിമോന്‍ വര്‍ഗീസ്‌ നിന്നെ കണ്ടതും ‘ ഡാഡിയോ ? എനിക്കോ ? സോറി , നാന്‍ ആ ടൈപ്പല്ലാ ‘ എന്ന രീതിയില്‍ കരച്ചിലും നിര്‍ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ എന്‍റെ ഡാഡിക്കിടാന്‍ വച്ചിരുന്ന കൊട്ടേഷന്‍ ജെബിമോന്‍ വര്‍ഗീസിന് ഡൈവേര്‍ട്ട് ചെയ്തു വിടാന്‍ നാന്‍ തീരുമാനിച്ചു . അവന്‍റെ കയ്യില്‍ ഡബ്ബര്‍ വച്ച പെന്‍സില്‍ ആണെങ്കില്‍ എന്‍റെ കയ്യില്‍ സെല്ലോ പിന്‍പോയിന്‍റ് പേനയാ . ആ നാന്‍ നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍ നാന്‍ എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്‍റെ ബാഗിന്‍റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്‌ കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്‌ ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്‍റെ കയ്യീന്ന് കിറ്റ്‌ കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ദുഖത്തിന്‍റെ ഒരായിരം ലഡ്ഡുക്കള്‍ പൊട്ടി . കിറ്റ്‌ കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍ . ഒപ്പം കയ്യിലുണ്ടായിരുന്ന മില്‍ക്കിബാര്‍ തിന്ന് തീര്‍ത്തതില്‍ കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍ ഒരു പക്ഷേ ജെബിമോന്‍റെ കിറ്റ്‌ കാറ്റിന് പകരം എന്‍റെ മില്‍ക്കി ബാറിന്‍റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്‍ , പിറ്റേ ദിവസം നിനക്കുള്ള മില്‍ക്കി ബാര്‍ വാങ്ങിയിട്ടേ നാന്‍ സ്കൂളിന്‍റെ പടി കടക്കൂ എന്ന് മനസ്സില്‍ പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്‌ കാറ്റ് കിട്ടിയപ്പോള്‍ സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്‍ ജെബിമോന്‍റെ സൈഡായി . സോ ക്രുവല്‍ ഓഫ് യൂ ട്ടുട്ടൂ …

പിറ്റേന്ന് , നിന്‍റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍ക്കി ബാറും ഒരു കിറ്റ്‌ കാറ്റും എന്‍റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍ ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്‍ നാന്‍ കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്‍ തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്‍റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍ വന്നു കേറിയത് കണ്ടപ്പോള്‍ പല്ലിന്‍റെ എടേലിരുന്ന കിറ്റ്‌ കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്‍ അന്ന് കുടിച്ചു തീര്‍ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്‍ വര്‍ഗീസ്‌ മുട്ടായി കൊണ്ട് വരാതിരുന്നത് അവന്‍റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍ അവനെ നാന്‍ ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്‍ ഉറപ്പിച്ചു .സൂസി ടീച്ചര്‍ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഡാഡിയെ കൊണ്ട് മില്‍ക്കി ബാറും കിറ്റ്‌ കാറ്റും വാങ്ങിപ്പിച്ചു , അപ്പൊ അതിന്‍റെ കൂടെ ഒരു ഡയറി മില്‍ക്കൂടി വാങ്ങി തന്നിട്ട് ഡാഡി പറയുവാ , ഇത് മോന്‍ സൂസി ടീച്ചര്‍ക്ക് മോന്‍റെ ഡാഡി തന്നതാണെന്നും പറഞ്ഞ് കൊടുക്കണംന്ന് , ‘ വാട്ട് എ സ്വീറ്റ് ഡാഡി ‘ !! അങ്ങനെ മൂന്നാം നാള്‍ മൊത്തം മൂന്നു ചോക്ലേറ്റുമായി നിനക്ക് വേണ്ടി നാന്‍ കാത്തിരുന്നു , എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വിരിച്ചു കൊണ്ട് നീ അന്ന് നേരത്തെ തന്നെ വന്നു . നാന്‍ പെട്ടെന്ന് തന്നെ കൈവശമുണ്ടായിരുന്ന മൂന്ന് ചോക്ലേറ്റും എടുത്ത് എന്‍റെ ടേബിളിന്‍റെ മോളില്‍ വച്ചു . അന്ന് നീ എന്നെ നോക്കി ഇളിച്ച ഇളി , ന്‍റെ ചെല്ലക്കിളീ .. അത് ജമ്മത്ത് മറക്കാന്‍ പറ്റൂല്ല !! പാവം ജെബിമോന്‍ വര്‍ഗീസ്‌ , അണ്ടി പോയ പട്ടിയെ പോലെ നിറകണ്ണുകളോടെ നിന്നെ നോക്കിയിരിപ്പുണ്ടായിരുന്നു . ചോക്ലേറ്റില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന കാരണം നീയത് കണ്ടില്ലെങ്കിലും , ലവനെ തോല്പ്പിച്ചതോര്‍ത്ത് വിജയശ്രീ ജയലളിതയായി .. സോറി … വിജയശ്രീലാളിതനായി നാന്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു . ഏതെങ്കിലും ഒരെണ്ണം എടുക്കും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ചോക്ലേറ്റും നീ കൈക്കലാക്കിയപ്പോള്‍ ഒരെണ്ണം ഒളിപ്പിക്കാന്‍ മറന്നു പോയതോര്‍ത്ത് നാന്‍ കുറ്റബോധനായി . ചോക്ലേറ്റ് നുണയുന്നതിനിടയില്‍ ഒഴുകിയിറങ്ങിയ മൂക്കള നാവു കൊണ്ട് തുടച്ച് നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ നിനക്ക് മാന്നേഴ്സ് പഠിപ്പിച്ചു തരാത്ത തനി കണ്ട്രിയായ നിന്‍റപ്പന് വിളിക്കാനാണ് തോന്നിയതെങ്കിലും ഒരു കാമുകനായിപ്പോയത് കൊണ്ട് മാത്രം നാനതങ്ങ് ക്ഷെമിച്ചു .


അങ്ങനെ എത്രയെത്ര ദിവസങ്ങള്‍ നീ എന്‍റെ കയ്യീന്ന് ചോക്ലേറ്റ് മേടിച്ച് തിന്നു ? നിനക്കോര്‍മ കാണില്ലായിരിക്കും , പക്ഷേ എനിക്കോര്‍മയുണ്ട് . എന്നിട്ടും നീയെന്നോട്‌ വെറും ഒരു ഫ്രണ്ട് എന്ന രീതിയില്‍ പെരുമാറിയപ്പോള്‍ ഉള്ളിലെ വിഷമം കടിച്ചമര്‍ത്തി നാനതെല്ലാം സഹിച്ചു . നീ എന്നെ സഹോദരനായി കണ്ടില്ലല്ലോ എന്നാശ്വസിച്ചു . ഇപ്പോള്‍ ഇയര്‍ ഔട്ട്‌ ആയതു കാരണം യു.കെ.ജി-യില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോഴും രണ്ടാങ്ക്ലാസില്‍ പഠിക്കുന്ന നിനക്ക് നാന്‍ ദിവസോം ചോക്ലേറ്റ് കൊണ്ട് തരുമായിരുന്നു . ഇല്ലേ ?? പക്ഷേ ഇന്നലെ ഇന്‍റെര്‍വെല്ലിനു കണ്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു . നിനക്ക് തരാന്‍ വേണ്ടി ചോക്ലേട്ടുമായി വന്ന നാന്‍ കണ്ടത് രണ്ട് ബിയിലെ അഭിജിത്തിന്‍റെ കയ്യീന്ന് സ്നിക്കേഴ്സ് ചോക്ലേറ്റ് വാങ്ങി മുണ്‌ങ്ങുന്ന നിന്നെയായിരുന്നു . അത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതാന്‍ എനിക്ക് തോന്നിയത് .


ഒരു കാര്യം എനിക്കിപ്പോ അറിയണം , നീ സ്നേഹിക്കുന്നത് എന്നെയാണോ അതോ ചോക്ലേറ്റിനെയാണോ ?? , എന്നെയാണെങ്കില്‍ ഇനി മേലാല്‍ വേറെ ഒരുത്തന്‍റെ കയ്യീന്നും ചോക്ലേറ്റ് മേടിച്ച് തിന്നല്ല് . ചോക്ലേറ്റിനെയാണെങ്കില്‍ നാന്‍ ഇത്രേം കാലം നിനക്ക് മേടിച്ച് തന്ന ചോക്ലേറ്റിനെനിക്ക് നഷ്ട പരിഹാരം തരണം . ഒന്നുകില്‍ ക്യാശായിട്ട് (ക്യാഷില്ലെങ്കില്‍ നിന്‍റെ ആ പരട്ട തന്തേടെ മൊബൈല്‍ ഫോണായാലും മതി) അല്ലെങ്കില്‍ നിന്‍റെ ക്ലാസില്‍ പഠിക്കുന്ന ബെറ്റി സി തോമസിനെ എനിക്ക് ലൈന്‍ ആക്കി തരണം . ഈ വിവരമെങ്ങാനും അഞ്ച് ബിയില്‍ പഠിക്കുന്ന നിന്‍റെ ചേട്ടന്‍ കുട്ടാരൂനെ അറിയിച്ച് അവന്‍റെ കൂട്ടുകാരെ കൊണ്ട് എന്നെ തല്ലിക്കാമെന്നുള്ള വല്ല വ്യാമോഹവും ഉണ്ടെങ്കില്‍ , പൊന്നുമോളെ അതങ്ങ് മാറ്റി വച്ചേരെ . കളി ഇക്രൂനോട് വേണ്ട .


എത്രയും പെട്ടെന്ന് നിന്‍റെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് കത്തവസാനിപ്പിക്കുന്നു .


സ്നേഹപൂര്‍വ്വം ഇക്ക്രുമോന്‍ ശശി ഡിക്രൂസ് .
യു.കെ.ജി സെക്കന്‍റിയര്‍
ഒപ്പ് . കുത്ത് . വെട്ട് .

By: Ashil

March 8, 2010

ഞാന്‍ പ്രവാസിയുടെ മകന്‍

തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര! ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ച തല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.

അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാര ങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗ ഗ്രസ്തമായ പ്രവാസ ക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച്ഛന്റെ ഉറച്ച തീരുമാനമായിരുന്നു.


"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച്ഛനുണ്ട്."

പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.

ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെ യായിട്ടാണ് അച്ഛന്‍ കത്തുകള്‍ അയക്കാറ്.

ഒരു പാട് ഉപദേശങ്ങള്‍, ഒരു പാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനു കുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യ നിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാ നുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്‌യത്തോ ടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.

വളരെ പ്രൗഢമാണ് വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍.

കുബേര പുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢംബര വീട്ടില്‍ ഉറങ്ങി... ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!! ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയ ത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം. "ഇനി മറ്റെന്തെങ്കിലും പഠിയ്ക്കണോ? ഉപരി പഠനത്തിന് ആഗ്രഹമു ണ്ടെങ്കില്‍ പറയണം. അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ. അതോണ്ടാ"

അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തി ലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല. എന്നൊക്കെ.

പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും, ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും, ഞങ്ങള്‍ ആവശ്യപ്പെട്ട സാധന ങ്ങളുമൊക്കെ മുറ തെറ്റാതെ വരും. കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.

"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി"

വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.

"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍"

ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.

ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍‌ ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ, നിമിഷങ്ങ ള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ്.

പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പ്പു ണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടി പ്പിടിച്ചു. "ഇത് എന്റെ ഗംഗയുടെ മോനല്ല. ഗംഗ തന്നെയാണ്." ബാലേട്ടന്റെ കണ്ണുകള്‍ ഈറന ണിഞ്ഞിരുന്നു. "ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ. അച്ഛനെ മുറിച്ച് വെച്ചത് പോലെ. ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം!!!" ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.

വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.

"ബാലേട്ടന് ഇന്ന് ഡ്യൂട്ടിയില്ലേ?"

അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"

തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസം ആയില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേ യിരിക്കുന്നു..."

ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.

ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പല വീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.

കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.

ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫ റന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പി ച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.

"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴി മാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍. അച്ഛനത് കാണും. സന്തോഷിക്കും."

പാവം അമ്മ!

എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരി ഭാഗവും ഞങ്ങള്‍ക്ക് വേണ്ടി...

കാര്‍ സഡന്‍ ബ്രേക്കിട്ട് നിന്നു.

മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.

"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.

വെറുതെ ചിരിച്ചു.

ഞങ്ങളിപ്പോള്‍ കെട്ടിട സമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരു വശങ്ങളിലും പരന്നു കിടക്കുന്ന മരു ഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.

ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.

അമ്പല വീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹു നില കെട്ടിട ത്തിലായി രിക്കുമെന്ന് കരുതിയ തനിക്ക് തെറ്റി യിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീര പ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റ മുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രി തമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.

കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസ സൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസ ങ്ങള്‍ക്കു മെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!

"വരൂ. ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും. ഹ ഹ ഹ ..."

കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യ ബന്ധന ബോട്ടുകള്‍.

രണ്ട് മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷ ത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.

"ഇതാണ് ഞാനും മോന്റെ അച്ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."

അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ട ഇടറിയിരുന്നു.

അകത്ത് -
ഇരു വശങ്ങളിലായി രണ്ടു കട്ടിലുകള്‍.

നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...

മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.

എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.

"ഇതാണ് മോന്റെ അച്ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.

കരച്ചില്‍ അടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടി ക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെ റിയണമെന്ന് തോന്നി.

ബാലേട്ടനെ കെട്ടി പ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നി ല്ലായിരുന്നു.

ചുമരില്‍ തൂങ്ങി ക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.

"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."

മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബി ക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.

അച്ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.

"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്ക് അനുഭവിയ്ക്കാ നായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."

തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്... ഈ ചെറിയ മര ക്കുടിലില്‍... ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ... ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച്ഛനെന്ന് അറിഞ്ഞിരുന്നെങ്കില്‍....

തന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്ന ആഢ്യനായ അച്ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞു കൊണ്ടിരിക്കുന്ന സ്നേഹ നിധിയായ അച്ഛന്‍.

"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കി ക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."

കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.

"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെ ത്താനായുള്ളൂ... അപ്പോഴേക്കും ഒരു പാട്..."

"വേണ്ട ബാലേട്ടാ... മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."

സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.

കയ്യിലെ അച്ഛന്റെ അറബി ക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു.

"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"

കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.

"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."

പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.

"അച്ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "

കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.

"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ... അച്ഛന്‍ ബാക്കി വെച്ച അച്ഛന്റെ ശേഷിപ്പുകള്‍..."

സാവധാനം പെട്ടി തുറന്നു. തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടോകള്‍! അമ്മയുടെ ഫോട്ടോ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടി വെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...

മറ്റൊന്നും ഇല്ലായിരുന്നു അതില്‍.

'ഒന്നുമില്ലമ്മേ... അച്ഛനായി അച്ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍, എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍... വീടിന്റെ... ഭൂമിയുടെ...

അഴുക്കു പിടിച്ച അറബി ക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.

ബാലേട്ടന്റെ കാറില്‍ - മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്...

അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....


By- സൈനുദ്ദീന്‍ ഖുറൈഷി

Thanks: ePathram

March 6, 2010

കല്യാണ തലേന്ന് സംഭവിക്കുന്നത്.......

പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.
ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.

മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.

മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.

ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!


By: Rafi

March 2, 2010

My Name is Thila-Khan

സംഘടന എന്തിനുവേണ്ടിയാണ്‌? തൊഴിലാളികളുടെ ക്ഷേമത്തിനോ അതോ അവരെ ഇല്ലാതാക്കാനോ? - പ്രമുഖ നടന്‍ തിലകന്‍ ചോദിക്കുന്ന ചോദ്യമാണിത്‌. വളരെ പ്രസക്തമായ ചോദ്യം. തൊഴിലാളിയുടെ ക്ഷേമത്തിനുവേണ്ടിത്തന്നെയാണ്‌, ആവണം, തൊഴിലാളിസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ തിലകന്‍ ഉള്‍പ്പെടെയുള്ള ചില നടന്മാരെ തൊഴില്‍രഹിതരാക്കാനാണ്‌ സിനിമാപ്രവര്‍ത്തകരുടെ സംഘടനകളായ അമ്മയും ഫെഫ്‌കയും പ്രവര്‍ത്തിക്കുന്നതെന്നത്‌ പരസ്യമായ രഹസ്യമാണ്‌. തിലകന്‍, സുധീഷ്‌, സ്ഥടികം ജോര്‍ജ്‌, ഇന്ദ്രന്‍സ്‌, മാള അരവിന്ദന്‍, ക്യാപ്‌റ്റന്‍ രാജു തുടങ്ങിയ പ്രമുഖരെ വീട്ടിലിരുത്തിയാല്‍ ഈ സംഘടനകളുടെ ലക്ഷ്യം സാധിച്ചു എന്ന മട്ടിലാണ്‌ കാര്യങ്ങളുടെ പോക്ക്‌.


മറ്റുള്ളവരുടെ കാര്യം പോകട്ടെ, തിലകനെ എങ്ങനെ മലയാള സിനിമാവ്യവസായത്തിന്‌ ഒഴിവാക്കാന്‍ സാധിക്കും? ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനാണദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആ സൂര്യന്റെ അഭിനയപ്രഭയില്‍ മങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ മാത്രം. ഏതു നടനെയും നിഷ്‌പ്രഭമാക്കുന്ന അഭിനയപാടവമാണ്‌ തിലകന്റേത്‌. സ്വഭാവമാകട്ടെ തികഞ്ഞ തന്റേടിയുടെയും മുഖംനോക്കാതെ സത്യം വിളിച്ചുപറയും എന്ന `കുഴപ്പം'. പോരേ, പൂരം അഭിനയത്തിലൂടെ തങ്ങളെ കവച്ചുവെയ്‌ക്കുന്നത്‌ തന്നെ വലിയ തെറ്റ്‌. അതോടൊപ്പം അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുക കൂടി ചെയ്‌താലോ! പിന്നെ മാര്‍ഗം തിലകന്റെ വായടപ്പിക്കുക മാത്രമാണ്‌. പണിയില്ലാതെ വീട്ടിലിരുന്നാല്‍ പിന്നെ തിലകന്റെ രോഷപ്രകടനം ആരു ശ്രദ്ധിക്കാന്‍!

അതിനുവേണ്ടിത്തന്നെയാണ്‌ സൂപ്പര്‍താരങ്ങളും അവരുടെ കുഴലൂത്തുകാരായ മറ്റ്‌ നടന്മാരും കുറേ സാങ്കേതിക പ്രവര്‍ത്തകരും ചരടുവലിച്ചത്‌. അങ്ങനെ തിലകന്‌ രഹസ്യമായ ഉപരോധം ഏര്‍പ്പെടുത്തി. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്‌ തിലകന്‌. അദ്ദേഹം ഓരോ ഉപരോധത്തിന്റെയും കാരണങ്ങള്‍ കണ്ടെത്തി വിളിച്ചു പറഞ്ഞു. അതോടെ ശത്രുക്കളുടെ എണ്ണവും കൂടി.

മലയാളസിനിമയെ നശിപ്പിക്കുന്ന സൂപ്പര്‍താരങ്ങളുടെ മറ്റൊരു പൊറാട്ടുനാടകമാണ്‌ തിലകനുമേലുള്ള രഹസ്യഉപരോധം. മൂക്കില്‍ പല്ലുവന്നിട്ടും നായകപ്പട്ടം കൈവിടാനോ സൂപ്പര്‍ താരപദവിയില്‍നിന്ന്‌ ഇറങ്ങിപ്പോകാനോ മമ്മൂട്ടിയും മോഹന്‍ലാലും തയാറല്ല. ഗള്‍ഫ്‌ ഗേറ്റ്‌വിഗ്ഗിന്റെയും മേക്കപ്പ്‌മാന്റെയും പച്ചയിലാണ്‌ ഈ രണ്ട്‌ വൃദ്ധരും ഇപ്പോഴും മലയാളസിനിമയെ ഇക്കിളിയിട്ടുകൊണ്ടിരിക്കുന്നത്‌. പക്ഷേ അവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്‌. പ്രതിഭകളെ ഉപരോധിക്കാന്‍ അത്രയെളുപ്പമല്ല. പീഡനക്കേസില്‍പെട്ട ജഗതിയെ ആര്‍ക്കും എഴുതിത്തള്ളാന്‍ കഴിഞ്ഞില്ലല്ലോ. സൂപ്പര്‍താരങ്ങള്‍ക്കു പോലും അപ്രാപ്യമായ ആരാധനാതലത്തിലാണ്‌ ജഗതി. ജഗതിയെ തൊട്ടാല്‍ അക്കളി തീക്കളിയാണെന്ന്‌ സൂപ്പര്‍താരങ്ങള്‍ക്കറിയാം. എന്നാല്‍ തിലകന്‌ സിനിമാലോകത്തില്‍ പിന്തുണ കുറവാണ്‌. `പ്രിയംവദ' നല്ലാത്തതുതന്നെ കാരണം.

പക്ഷേ, സിനിമയെ സ്‌നേഹിക്കുന്നവര്‍ തിലകന്റെ പക്ഷത്താണ്‌. ആ അഭിനയചാതുരിയുടെ മുന്നില്‍ മറ്റെല്ലാം പ്രേക്ഷകര്‍ മറക്കും. അതുകൊണ്ട്‌ മലയാളത്തനിമയെ നശിപ്പിക്കാന്‍ ജന്മംകൊണ്ട അമ്മയേയും ഫെഫ്‌കയെയും പിരിച്ചുവിട്ട്‌, സൂപ്പര്‍താരങ്ങള്‍ക്ക്‌ മൂക്കുകയറിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

എളിയപ്രേക്ഷകരായ ഞങ്ങള്‍ക്ക്‌ നല്ല സിനിമകളാണുവേണ്ടത്‌. നടീനടന്മാരുടെ സ്‌ക്രീനിനു പിന്നിലെ ഗുണ്ടായിസം ഞങ്ങളുടെ സംവേദനക്ഷമതയുടെ മുകളില്‍ കയറിനിന്നു കൊണ്ടാവരുത്‌. ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌!

By: ബൈജു എന്‍. നായര്‍
Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon