October 27, 2009

മധുരമുള്ള ഓര്‍മ്മകള്‍........


വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി.മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും.കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും.വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്...ഒരു പൊതിച്ചോറ്.  പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്. എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്. പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും. അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു. പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു. യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്.അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും.നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം.കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു. കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്.ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു.ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു. ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്.തോരന്റെ മഞ്ഞ,തീയലിന്റെ ബ്രൗണ്‍,അച്ചാറിന്റെ ചുവപ്പ്..ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്. പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും.അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക.വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും. അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു.കോളേജുകളുടെ ദാവണിപ്രായം.കണ്ണുകള്‍ വിടര്‍ന്ന,കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു.ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു.നേതാക്കന്മാരുടെ കാന്റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍.പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി.ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും.എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും.അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍.ഒരു തേങ്ങാക്കൊത്ത്. ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്.അത് ചിലപ്പോള്‍ പ്രണയത്തിന്റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും.അമ്മയോടു പറ ഞ്ഞ നുണ അവന് ഇഷ്ടമുള്ള വിഭവമായി ചോറിനുള്ളില്‍ ഒളിച്ചിരിക്കും.ഒരു മരച്ചോട്ടില്‍ ആദ്യമായി ഒന്നിച്ചിരുന്നുണ്ട ദിവസമാണ് കന്നിസ്​പര്‍ശനത്തിന്റെ സുഖമറിഞ്ഞതും.ചോറും കറിയും പുരണ്ട പത്തു വിരലുകള്‍ ചേര്‍ന്നുള്ള ചുംബനം.ജീവിതം റയില്‍പ്പാളങ്ങള്‍ പോലെ നീണ്ടപ്പോള്‍ പൊതിച്ചോര്‍ പിന്നെയും വളര്‍ന്നു.അണുകുടുംബങ്ങളുടെ അന്നമായി അതിന്നും പരശുവിലും വേണാടിലും ചെന്നൈമെയിലിലും യാത്രചെയ്തുകൊണ്ടേയിരിക്കുന്നു.പൊതിച്ചോര്‍ ഇന്നും സ്വന്തം ഗന്ധത്തോടെ ബാക്കി നില്‍ക്കുന്നത് തീവണ്ടിക്കൂപ്പേകളില്‍ മാത്രമാണ്. രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറിന്റെ
ആസ്വാദ്യത.എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു. പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ.നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം. പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം.ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം. ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്‍പ്പിറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍........

By: Sarath

9 Comments:

Unknown said...

NANNAYITTUNDE

Bijith :|: ബിജിത്‌ said...

നല്ല എഴുത്ത്... ഉള്ളില്‍ തട്ടി...

പിള്ളേച്ചന്‍‌ said...

good one.. brought back memories of old times..

ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു. പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.

ഭായി said...

അനീ...

വളരെ നന്നായിട്ടുണ്ട്...
ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയതിന് ഒരുപാട് നന്ദി..
വീണ്ടും കാണം.

വിശ്വ പൌരന്‍ said...

നാട്ടുകാരെ ഇത് മോഷണം ആണേ...വിശ്വസിക്കല്ലേ...ഇത് മാതൃഭുമിയില്‍ ശരത്കൃഷ്ണ എഴുതുന്ന 'ഓര്‍ത്തു നോക്കുമ്പോള്‍' എന്നാ പംക്തിയില്‍ നിന്ന് പച്ചയ്ക്ക് അടിച്ചു മാറ്റിയത്‌ ആണേ. വല്ലവനും കഷ്ടപ്പെട്ട് എഴുതുന്നത്‌ അടിച്ചു മാറ്റി ഒരു ഉളുപ്പും ഇല്ലാതെ പബ്ലിഷ് ചെയ്യുന്നവനെ എന്ത് വിളിക്കണം? എന്തായാലും ലിങ്ക് താഴെ കൊടുക്കുന്നു. സംശയമുള്ളവര്‍ക്ക് നോക്കാം
http://nri.mathrubhumi.com/story.php?id=53291

Jikkumon - Thattukadablog.com said...

താങ്ക്സ് വിശ്വപൌരാ... ഇതു ഒരു ഓപ്പണ്‍ ഫോറം ആയത്‌ കൊണ്ട് ആരെഴുതി എന്നു അറിയാന്‍ വളരെ പാടാണ്‌. ഓരോരുത്തരുടെ ആര്‍ട്ടിക്കിള്‍സ് എനിക്ക്‌ തരുന്നു ഞാന്‍ അതു പോസ്റ്റ് ചെയ്യുന്നു താറ്റ്സ് ഇറ്റ്. ഇനിയും ഈ C.I.D പണി തുടരുക. വളരെ നന്ദി

Gopansgk said...

kollam nannaayirikkunnu....ithinu jiivithathinte manamuntu...keep it up...aasamsakalode......

Rijopedikkattu said...

FENTASTIC, NOW I CAN FEEL MY COLEGE DAYS. THAX

Simsonvj said...

really great. Touched my heart. took me back to my school, college life. I used to take pothichoru 6 years in my schooling. So i know that feeling very well. However i tasted the same feeling without going to the college. I got it. Well done. Keep it up.

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon