ഈയവസരത്തില്‍ വാസുവിന്റെ അമ്മയെക്കുറിച്ച് രണ്ടുവാക്ക് പറയാതിരിക്കുന്നത് കൃത്യവിലോപമാകും. ദാക്ഷായണി എന്ന് നാമധേയം. വാസുവിനെപ്പോലെ തന്നെ മെലിഞ്ഞ ശരീരം. നാട്ടുകാരുടെ രോമാന്‍ജകന്ജുകം. നാവില്‍ സരസ്വതി വിളയാടിയിരുന്നതുകൊണ്ട് ആരുംതന്നെ ദാക്ഷായണിയോട് വാക്കുതര്‍ക്കത്തിന് പോകാറില്ലായിരുന്നു. വെറുതെ ആരെങ്കിലും തീക്കൊള്ളികൊണ്ട് തലചൊറിയുമോ...? നാട്ടില്‍ അല്പസ്വല്പം അറിയപ്പെടുന്ന വ്യക്തിത്വം. ദാക്ഷായണിയെ കണികാണുന്നത് ശുഭകരമാണെന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. നാട്ടിലെ പല പ്രമാണിമാരും ദാക്ഷായണിയുടെ പറ്റുപടിക്കരായിരുന്നു . ഒരിക്കല്‍ നാട്ടിലെ പൊതുകാര്യ പ്രസക്തനായ ഭഗീരഥന്‍പിള്ള ദാക്ഷായണിയുടെ വീട്ടില്‍ ചെന്നപ്പോള്‍ പിള്ളയുടെ മകന് അവിടെയുണ്ടായിരുന്നെന്നും വലിയ പിള്ളയുടെ ശബ്ദം കേട്ടപ്പോള്‍ ചെറിയപിള്ള പിന്‍വാതിലിലൂടെ ഇറങ്ങി ഓടിയെന്നും രാത്രി വലിയപിള്ള വീട്ടിലേക്കു മടങ്ങിയപ്പോള്‍, ചെറിയപിള്ള മറന്നിട്ട "വസ്ത്രം" ദാക്ഷായണി വലിയ പിള്ളയുടെ കയ്യില്‍ കൊടുത്തുവിട്ടെന്നുമൊക്കെ നാട്ടില്‍ പല തമാശകളും കേള്‍ക്കുന്നു. അല്ലെങ്കിലും നല്ല മനുഷ്യരെപ്പറ്റി എന്താ പറയാന്‍ പാടില്ലാത്തത്..... സന്ധ്യക്ക് മാന്യന്മാര്‍ ആരെങ്കിലും വന്നാല്‍ ഉടനെ ദാക്ഷായണി ഭര്‍ത്താവായ കുഞ്ഞന്‍നായരെ മൂന്നുനാല് കിലോമീറ്റര്‍ ദൂരെയുള്ള ചാരായക്കടയിലേക്ക് പറഞ്ഞുവിടും. അഥിതിസല്ക്കാരതിനുള്ളതു വാങ്ങിച്ചുകൊണ്ടുവരാന്‍. കുഞ്ഞന്‍നായരെ സംബന്ധിച്ചിടത്തോളം ഈ ഡ്യൂട്ടി സന്തോഷകരമായിരുന്നു. കാരണം വൈകുന്നേരങ്ങളിലെ ഈ നടപ്പ് ഒരു എക്സര്സൈസുമാകും കൂടാതെ നൂറുമില്ലി ഷാപ്പില്‍വച്ചു അടിക്കാനുള്ള അനുവാദവുമുണ്ട്. പിന്നെ തിരിച്ചു വീട്ടിലെത്തുമ്പോള്‍ അഥിതിയെ സല്ക്കരിച്ചതിന്റെ ബാക്കി എന്തെന്കിലുമുന്ടെങ്കില്‍ അത് കുഞ്ഞന്‍നായര്‍ക്കുള്ള ബോണസ്‌ആണ്. കുഞ്ഞന്‍നായര്‍ തിരിച്ചെത്തുന്നതുവരെ മക്കള്‍ പഠനത്തിന്റെ തിരക്കിലാകുന്നതുകൊണ്ട് ദാക്ഷായണി അഥിതിയോട് നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമത്രേ. ഇങ്ങനെ സംസാരിച്ചു ക്ഷീണിച്ചിരിക്കുന്ന അഥിതി കുഞ്ഞന്‍നായര്‍ കൊണ്ടുവരുന്ന മരുന്നും കഴിച്ചു ഉന്മേഷവാനായി സ്ഥലംവിടും. അത്രമാത്രം.... ഇതിനാണ് നാട്ടുകാര്‍ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുകൂട്ടുന്നത്. കുഞ്ഞന്‍നായര്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്, അഥവാ നായര്‍ക്കു വീട്ടില്‍ സംസാരിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയേക്കാള്‍ അധികാരം പോളിറ്റ്‌ബ്യുറോക്കായിരുന്നു.
ഞാഞ്ഞൂലുവാസു പഠനത്തില്‍ വളരെ കേമാനായിരുന്നത്കൊണ്ട് പത്താംക്ലാസ്സ് കടന്നുകിട്ടുമോ എന്ന് വാസുവിനും, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ ആശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഒമ്പതാംക്ലാസ്സില്‍വച്ചു ഒരു ചുറ്റിക്കളി കേസിനു വാസുവിനെ സ്കൂളില്‍നിന്നു പിരിച്ചുവിട്ടു. ഈ കേസില്‍ താന്‍ കുറ്റക്കാരനല്ല എന്ന് വാസു ഇപ്പോഴും വിശ്വസിക്കുന്നു. സ്കൂളില്ലാത്ത ദിവസം ഒരു പെണ്‍കുട്ടി തന്നെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയാല്‍ താനെങ്ങനെ കുറ്റക്കാരനാകും...? എന്ത് ചെയ്യാം മുള്ള് ഇലയില്‍ ചെന്ന് വീണാലും ഇല മുള്ളില്‍ ചെന്ന് വീണാലും കേട് മുള്ളിന് തന്നെയാണല്ലോ..... മുന ഒടിഞ്ഞുപോകില്ലേ..? മനുഷ്യാവകാശസംഘടനകളും വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും ചാനലുകളും ഇന്നത്തെപ്പോലെ ശക്തമാല്ലതിരുന്നതുകൊണ്ട് ഈ പിരിച്ചുവിടലിനെതിരെ ആരും രംഗത്തുവന്നില്ല. ഏതായാലും ഈ സംഭവത്തോടെ വാസു വിദ്യാഭ്യാസ പ്രസ്ഥാനത്തോടുള്ള തന്റെ പിന്തുണ ഏകപക്ഷീയമായി പിന്‍വലിച്ചു. അല്ലെങ്കിലും വോട്ടവകാശമുള്ള താന്‍ സ്കൂളില്‍ പോകുന്നതിനോട് വാസുവിനും വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ഇതൊരു കാരണമായി എന്നുമാത്രം.
പഠിപ്പുനിര്‍ത്തി അധികം താമസിയാതെ ദാക്ഷായണിയുടെ പിടിപാടുകൊണ്ട് ഞാന്ഞൂലിനു ആ നാട്ടില്‍കൂടി ഓടുന്ന ഒരേയൊരു സ്വകാര്യബസ്സില്‍ സീനിയര്‍കിളി തസ്തികയില്‍ ജോലികിട്ടി. അതും മുന്‍വാതിലിലെ കിളിയായിട്ടു. നേരത്തെതന്നെ പഠിപ്പുനിര്‍ത്തി ഈ ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെക്കുറിച്ച് വാസുവിന് കുറ്റബോധം തോന്നി. ഇപ്പോള്‍ ഞാഞ്ഞൂലുവാസു കിളിവാസുവാണ്. ജോലിത്തിരക്കിനിടയിലും വാസു തന്റെ ലീലാവിലാസങ്ങള്ക്കു സമയം കണ്ടെത്താറുണ്ടായിരുന്നു.
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞനേരം വാസു സമീപവാസിയായ ഒരു പൈങ്കിളിയെ വളച്ച് അവളുമായി കാടുപിടിച്ചുകിടന്ന ഒരു തോട്ടത്തില്‍ കയറി. ആ സമയം പശുവിനു പുല്ലു ചെത്താനായി തോട്ടത്തിലെത്തിയ പാല്‍ക്കാരന്‍ കൊച്ചാപ്പി വളരെ അപ്രതീക്ഷിതമായി ഇവരുടെ മുമ്പില്‍ ചെന്നുപെട്ടു. കൊച്ചാപ്പി കണ്ടെന്നു മനസ്സിലാക്കിയ പൈങ്കിളി വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയെപ്പോലെ പ്ലേറ്റ് മാറ്റി. ഞാന്‍ പരീക്ഷക്ക് പഠിക്കാന്‍ ഇവിടെ വന്നതാ... അപ്പഴാ ഈ ചന്തുവാങ്ങള...... കുഞ്ഞിരാമേട്ടന്‍ ഇപ്പോള്‍ വന്നില്ലായിരുന്നെങ്കില്‍.... എന്റെ ചാരിതാര്‍ത്ഥ്യം നഷ്ടപ്പെട്ടേനെ.... കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലേക്കോടി.... വാസു ഒന്ന് പതറിയെങ്കിലും 'നിന്നെ ഞാന്‍ എടുത്തോളാമെടാ...' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്, കൊച്ചാപ്പിയെ ഉഗ്രമായോന്നു നോക്കിയിട്ട് സ്ഥലം വിട്ടു. കൊച്ചാപ്പി നേരെ കണ്ണപ്പചേകവരെയും ആരോമല്‍ചേകവരെയും കണ്ടു കാര്യങ്ങളുടെ നിജസ്ഥിതി അറിയിച്ചു. ആരോമല്‍ ചേകവര്‍ നേര്‍പെങ്ങള്‍ക്കുനേരെ ഉടവാളെടുത്തെങ്കിലും കണ്ണപ്പച്ചേകവര്‍ തടഞ്ഞു. ഈ വിവരം തങ്ങള്‍ മൂന്നാള്‍ഒഴികെ മറ്റൊരാള്‍ അറിയാന്‍ പാടില്ലെന്നു കണ്ണപ്പച്ചേകവര്‍ കൊച്ചാപ്പിയുടെ കാലുപിടിച്ചപേക്ഷിച്ചു. ഈക്കഥ നാളെ പാണന്മാര്‍ പാടിനടന്നാല്‍ പുത്തൂരം തറവാടിനും ഉണ്ണിയാര്‍ച്ചക്കും ഉണ്ടായേക്കാവുന്ന അപമാനവും, അങ്ങനെ സംഭവിച്ചാല്‍ അങ്കചേകവന്മാരുടെ വാള്‍മുനയില്‍ തൂങ്ങി നില്‍ക്കുന്ന തന്റെ തലയും അകക്കണ്ണില്‍ കണ്ട കൊച്ചാപ്പി ഇത് നാലമതൊരാള്‍ അറിയാനിടവരില്ലെന്നു ലോകനാര്‍കാവിലമ്മയെയും അന്തോനീസുപുണ്യവാളനെയും പിടിച്ചു സത്യം ചെയ്തുകൊടുത്തു. അധികം പെരുദോഷമുണ്ടാക്കുന്നതിനുമുമ്പേ കണ്ണപ്പച്ചേകവര്‍ കോലത്തുനാട്ടില്‍ നിന്നും ഒരു കുഞ്ഞിരാമനെ കണ്ടുപിടിച്ചു ഉണ്ണിയാര്‍ച്ചയുടെ പുടമുറി നടത്തിച്ചു.
വാസുവാകട്ടെ കൊച്ചാപ്പിക്കു ഒരു പണി കൊടുക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ചകഴിഞ്ഞു റേഷന്‍കടയില്‍നിന്നും അരിയുംവാങ്ങി വരുന്ന കൊച്ചാപ്പിയെ തോടിനരികിലെ വഴിയില്‍വച്ചു കണ്ടുമുട്ടിയത്. പരിസരത്തെങ്ങും മാനും മനുഷ്യനുമില്ല. നല്ല തരിപ്പിലായിരുന്ന വാസു കൊച്ചാപ്പിയെ കണ്ടതോടെ കീരിക്കാടന്‍ജോസായി മാറി കൊച്ചാപ്പിയെ ശരിക്കൊന്നു മെടഞ്ഞു. ഒരു താക്കീതും കൊടുത്തു... നായിന്റെമോനെ... എത്ര കഷ്ടപ്പെട്ടിട്ടാ ഞാന്‍ അവളെ അവിടെ കൊണ്ടുവന്നതെന്നറിയാമോ...? ഇനി മേലാല്‍ എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ $&^മോനെ പണ്ടത്തില്‍ ഞാന്‍ കത്തികേറ്റും.... @#*&.... %@&^^^ .... കൊച്ചാപ്പി നക്ഷത്രം എണ്ണി. മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് ലോകനാര്‍കാവിലമ്മയെയും അന്തോനീസുപുണ്യവാളനെയും പിടിച്ചു വാസുവിനും സത്യം ചെയ്തുകൊടുത്തു. പോകുന്ന പോക്കിന് വാസു കൊച്ചാപ്പിയുടെ ഉടുമുണ്ട് പറിച്ചു അതും തലയില്‍ കെട്ടിക്കൊണ്ടു തടിപ്പാലം കടന്നു നടന്നു നീങ്ങി. വാസുവിന്റെ തലയിലിരുന്നു രാജ്കീയമായിട്ടു അകന്നകന്നു പോകുന്ന തന്റെ ഉടുമുണ്ടിനെ കൊച്ചാപ്പി നിര്‍നിമേഷനായി നോക്കിനിന്നു. പെട്ടെന്ന് കൊച്ചാപ്പിക്കു ബോധോദയമുണ്ടായി. തന്റെ ശരീരത്തിലുണ്ടായിരുന്ന ഒരേയൊരു വസ്ത്രാലങ്കാരമാണ് ആ പോകുന്നത്. കിം കരണീയം എന്ന് ആകുല വ്യാകുല മാനസനായി കുറച്ചുനേരം ആലോചിച്ചു നിന്നു. പാടത്തിന്റെ അങ്ങേക്കരയിലൂടെ സ്കൂള്‍ വിട്ടുവരുന്നകുട്ടികളെ കണ്ടതും കൊച്ചാപ്പി നിലത്തു വീണ അരിസഞ്ചിയുമെടുത്ത് തോട്ടുവക്കത്തെ പൊന്തക്കാട്ടിലേക്ക് ചാടി. തല്ക്കാലം അവിടെ ഒളിക്കാം. ഇരുട്ടുവീഴുമ്പോള്‍ എങ്ങനെയെങ്കിലും വീട്ടിലെത്താം എന്ന ചിന്തയോടെ കൊച്ചാപ്പി ആ പൊന്തക്കാടിനുള്ളില്‍ ഇരിപ്പുറപ്പിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ കടവില്‍ പെണ്ണുങ്ങള്‍ കുളിക്കാന്‍ വന്നു. ആ കാഴ്ച കൊച്ചാപ്പിക്കു ഒരു പുതിയ അനുഭവമായിരുന്നു. മഹാകവി പാടിയതുപോലെ " കട്ടുറുമ്പു കടിച്ചിട്ടും കാമുകന്‍മാരനങ്ങാതെ കുട്ടിമാന്‍കണ്ണിയെ പാര്‍ത്തു....." എങ്കിലും കൊച്ചാപ്പിയുടെ മനസ്സ് എന്റെ പിഴ...എന്റെ പിഴ... എന്റെ വലിയപിഴ...എന്ന് മനസ്തപിച്ചു. കൊച്ചാപ്പി കാഴ്ചകള്‍ കണ്ടുകൊണ്ടു സന്ധ്യയാകാനായി കാത്തിരുന്നു. കടവിലെ തിരക്കൊഴിഞ്ഞു.ദൂരെ പടിഞ്ഞാറെ കുന്നിന്മുകളിലെ ആകാശത്തില്‍ സൂര്യരശ്മികള്‍ ശോണിമ പടര്‍ത്തുന്നതും... അല്പാല്പമായി സൂര്യന്‍ എരിഞ്ഞടങ്ങുന്നതും അന്നാദ്യമായി കൊച്ചാപ്പി ശ്രദ്ധിച്ചു കണ്ടു... ഇരുട്ടു വീണെങ്കിലും മറ്റൊരു പാര കിഴക്കുനിന്നും ഉയര്‍ന്നുവന്നു. വെളുത്തവാവാണെന്ന് തോന്നുന്നു..... കര്‍ത്താവേ ഈ അവസ്ഥയിലും നീ എന്നെ പരീക്ഷിക്കുകയാണോ...? നാട്ടു വഴിയിലൂടെ ഒന്നും ഒറ്റയുമായി ആള്‍ക്കാര്‍ നടക്കുന്നുണ്ട്. രാത്രി പതിനൊന്നുമണി കഴിഞ്ഞിട്ടും ആള്‍ക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടല്ലോ... കൊച്ചാപ്പിക്കു ക്ഷമ നശിച്ചു. പാതിരാ കഴിഞ്ഞു ഇടക്കൊരു ഗ്യാപ് കിട്ടിയപ്പോള്‍ കൊച്ചാപ്പി പൊന്തക്കാട്ടില്‍ നിന്നു പുറത്തുചാടി വീട്ടിലേക്കുള്ള വഴിയെ നടന്നുതുടങ്ങി. അല്പം നീങ്ങിയപ്പോള്‍ എതിരെനിന്നും ആരോ ടോര്ച്ചടിച്ച്ചുകൊണ്ട് നടന്നുവരുന്നു. കൊച്ചാപ്പി പെട്ടെന്ന് ഒരു മരത്തിനു പുറകില്‍ ഒളിച്ചു. ഇവന്മാര്‍ക്കൊന്നും ഉറക്കവുമില്ലേ കര്‍ത്താവേ..? ഹല്ലാ...ഇവമാര്‍ക്ക് വഴിയിലേക്കു ടോര്‍ച്ച്ചടിച്ചാല്‍ പോരെ..? ചുറ്റുവട്ടം മുഴുവനും ലൈറ്റടിച്ചു കൊണ്ടാണോ വഴിനടക്കുന്നത്..? ഹോ... കഷ്ടിച്ച് രക്ഷപ്പെട്ടു...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZP68bBQYr-W4MyTQtOI6oKtnqAib-NYkFsmFJUhIQFZUV-lKAB9StQM0EgKutwyJvsmzpEMiXNV9TxsqGxEVtNMnzMdKA75KWP3CSKfyU5WLEun3VLxiWl7zGG-Ld8uYaBMQ-51Zd3baz/s320/2.jpg)
By: Mathew Philip
1 Comments:
പറുദീസായില്‍ നിന്നു പുറത്താക്കപ്പെട്ട ആദാമിനെ നേരിട്ട് കണ്ട കൊച്ചുകുട്ടികള്‍ അന്തംവിട്ടുനിന്നു
വായിച്ച് വന്ന് ഈ വരിയില്‍ അറിയാതെ ചിരിച്ചു, നല്ല ഹ്യൂമര്‍ സെന്‍സുള്ള വരികള്‍
Post a Comment