എന്റെ ഡയറിയുടെ നാല്പത്തി അഞ്ചാമത്തെ താളില്‍
നീ ഇങ്ങനെ എഴുതി ,
" പ്രണയം , അതു കടല്‍തീരത്ത് വന്നടിയുന്ന
ചിപ്പികളെ പോലെയാണ് ..
എത്ര കാതം അകലെയാണെന്നാലും,
എത്ര കാലം കഴിഞ്ഞുവെന്നാലും,
നെഞ്ചിനുള്ളില്‍ എന്നും
ഒരു കടലിരമ്പം അതു കാത്തു വക്കുന്നുണ്ട് ... "
നിന്റെ വാക്കുകള്‍ എന്നും അങ്ങിനെയായിരുന്നു ,
ചിലപ്പോള്‍ എന്നെ കൊല്ലാനും
പുനര്‍ജനിപ്പിക്കാനും കഴിവുള്ള വാക്കുകള്‍ ..
ചിലപ്പോള്‍ എന്നെ ചിരിപ്പിക്കാനും
മറ്റു ചിലപ്പോള്‍ കരയിക്കാനും കഴിവുള്ള വാക്കുകള്‍ ...
നിന്നെ അറിഞ്ഞു തുടങ്ങിയ കാലം മുതല്‍
വഴി പിരിഞ്ഞു നാം നടക്കാന്‍ തുടങ്ങിയ നിമിഷം വരെ
നിന്റെ വാക്കുകള്‍ മാത്രമായിരുന്നു എന്റെ ലോകം ..
അതു കൊണ്ടാണ് ഞാന്‍ ഇന്നും നീ എഴുതിയ
ഓരോ കുറിപ്പുകളും , വാക്കുകളും ഓര്‍ത്തു വക്കുന്നത് ....
എനിക്കയച്ച അവസാനത്തെ കുറിപ്പില്‍ നീ എഴുതി ,
" കാലം , അതു എല്ലാ മുറിവുകളും മായ്ക്കുന്ന
ഒരു മാന്ത്രിക മരുന്നാണ് ... "
ആയിരിക്കാം ,
പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും
പല ദിശകള്‍ അലഞ്ഞിട്ടും
ഇന്നോളം ഞാനെവിടെയും കണ്ടിട്ടില്ല ,
എന്റെ മുറിവുകളിലുമ്മ വച്ച് എന്നെയുറക്കാന്‍
കനിവുള്ള ഒരിളം കാറ്റിനെപ്പോലും ..
നിന്റെ ഓര്‍മകളെയില്ലാതാക്കി എന്നെയുണര്‍ത്താന്‍
കഴിവുള്ള ഒരു മഴതുള്ളിയെപ്പോലും ...
കാലം , അതെന്റെ ലോകത്തെ ഒരു പാടൊന്നും മാറ്റിയിട്ടില്ല ,
ആകെയുള്ള ഒരു മാറ്റം ,
നിന്നെപ്പോലെ എഴുതാന്‍ ഞാനും പഠിച്ചു എന്നതാണ്..
ലക്ഷ്യങ്ങളുള്ളതും ഇല്ലാത്തതുമായ
യാത്രകളാണ് അതെന്നെ പഠിപ്പിച്ചത് ...
പക്ഷെ ഞാനെഴുതി തുടങ്ങുന്നത്
നീ നിര്‍ത്തിയിടത്തു നിന്ന് മാത്രമാണ് ...
ഞാനെഴുതുന്നത് പലതും
നിന്റെ വാക്കുകള്‍ കടമെടുത്താണ് ...
എനിക്ക് വ്യക്തമായ ലക്ഷ്യങ്ങളും , മോഹങ്ങളും ഇല്ല
എഴുതിയെഴുതി നിന്നോളം വലുതാകണം എന്നുമില്ല ..
ഒരേ ഒരു സ്വപ്നം മാത്രം ,
അതും ഞാന്‍ നിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണ് ,
" ഒരു കവിതയെഴുതണം എനിക്ക് ,
നിന്റെ മിഴികളുടെ ഓരങ്ങളില്‍ തുടങ്ങി
എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ അവസാനിക്കുന്ന ഒരു കവിത ...
അതിനു വേണ്ടിയാണ് ഞാനിന്നും
നെഞ്ചിനുള്ളില്‍ ഒരു കടലിരമ്പം കാത്തുവക്കുന്നത് ... "
By: Subith Sivaraman