അറബി വീട്ടിലെ തിരക്കിനിടയില്‍ വെള്ളിയാഴ്ചകളില്‍ വീണു കിട്ടുന്ന അര ദിവസത്തെ ഇടവേളകളില്‍ സുനിതയും സലീമയും റോളയിലെത്തും. പാര്‍ക്കില്‍ അല്പ സമയം ചിലവഴിക്കും. മിണ്ടാനും പറയാനും ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു ഇരുവര്‍ക്കും. നല്ല ആത്മാര്‍ത്ഥതയുള്ള പയ്യന്‍. ഷാര്‍ജയില്‍ ഷിപ്പിങ് കമ്പനിയില്‍ ജോലിയാണെന്നാണ് പറഞ്ഞത്.
ബന്ധം വളര്‍ന്ന് ദുരന്തത്തിലേക്ക് വഴിമാറുന്നതൊന്നും യുവതികളറിഞ്ഞില്ല. ഒളിച്ചോറ്റിയ ഒട്ടകത്തിന്റെ കഥയിലേത് പോലെ അറബി വീട്ടില്‍ വിഴുപ്പലക്കിയും കോഴി പൊരിച്ചും മജ്ബൂസുണ്ടാക്കിയും മടുത്ത ‘ഒട്ടകം’ ഒരു നാള്‍ ഒളിച്ചോടി. ചെന്ന് പെട്ടതാകട്ടെ കുറ്റവാളികളുടെ കൈകളിലും. സാദിഖ് എന്നായിരുന്നു അവന്റെ പേര്. കൂട്ടിനായി അശോകന്‍ എന്ന മറ്റൊരുത്തനും. സുനിതയെ ഇവര്‍ ദുബായില്‍ ഒരു മുറിയില്‍ കുറെ ദിവസം താമസിപ്പിച്ചു. സുനിത ചതി തിരിച്ചറിയാന്‍ വൈകിപ്പോയി. അപ്പോഴേക്കും അവളുടെ അഭിമാനം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
മലയാളികള്‍ മാത്രമല്ല മറ്റു രാജ്യക്കാരും ഇത്തരം കെണികളില്‍ പെടുന്നു. 37 കാരിയായ ഉക്രെയിന്‍ വനിതയെ പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കവെ പോലീസ് ആവശ്യക്കാരന്റെ വേഷത്തിലെത്തി പിടികൂടുകയും പ്രസ്തുത കേസില്‍ ദുബായ് കോടതി ശിക്ഷിക്കുകയും ചെയ്തു.
ഈയിടെ യു. എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ യു. എ. ഇ. യെ വിമര്‍ശിക്കുകയുണ്ടായി. മനുഷ്യക്കടത്ത് വേണ്ട വിധത്തില്‍ നേരിടുന്നില്ലയെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ അത് ശരിയല്ലയെന്ന് NCCHT ചെയര്‍മാന്‍ ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് വ്യക്തമാക്കുകയും ചെയ്തു. യു. എ. ഇ. യുടെ ഭാഗത്തു നിന്ന് മനുഷ്യക്കടത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനു വേണ്ടിയുള്ള കമ്മിറ്റിയാണ് NCCHT (National Committee to Combat Human Trafficking). ഡോ. ഗര്‍ഗാഷ് വിദേശ കാര്യ മന്ത്രി കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിനെതിരായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ഈയിടെ യോഗം ചേരുകയുണ്ടായി. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുവാനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് മനസ്സ് വെച്ചാല്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയും. സ്ത്രീകളെ അടിമകളാക്കുകയും ഇരുപതിനായിരം മുപ്പതിനായിരം രൂപക്ക് വരെ വില്‍ക്കാനും തയ്യാറാകുകയും ചെയ്യുന്നു. ഇത്രയും പ്രാകൃതമായ കൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ വാങ്ങിച്ചു കൊടുക്കേണ്ടത് തീര്‍ച്ചയായും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
കുവൈത്ത് സര്‍ക്കാരും ഈയിടെയായി ഈ വിഷയത്തില്‍ കര്‍ക്കശമായ നടപടികളാണെടുക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണമുണ്ടാക്കി
ഇത്തരം ക്രിമിനലുകളെ ശിക്ഷാകാലാവധി കഴിയുന്നതോടെ നാട്ടിലും നടപടികള്‍ സ്വീകരിക്കാന്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്. ഗള്‍ഫില്‍ വളരെ ചുരുങ്ങിയ ശിക്ഷ മാത്രമേ ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്നുള്ളൂ. കേസിന്റെ തീവ്രത നിലനിര്‍ത്താനാവശ്യമായ തെളിവുകള്‍ ലഭ്യമാകാത്തതു തന്നെയാണ് പ്രധാന കാരണം. പല കേസുകളും തെളിവില്ലാതെ തള്ളുന്നു. ശിക്ഷിക്കുന്നതാകട്ടെ ദുര്‍ബലമായ കേസുകളുടെ അടിസ്ഥാനത്തിലും. കൊല നടത്തുന്ന കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ രക്ഷപ്പെടുന്നത് തെളിവിന്റെ അഭാവത്തിലാണ്. കെട്ടിടത്തിന്റെ നിര്‍മ്മാന രീതിയിലുള്ള ‘ആധുനികത’ - ജനലിനു തുറക്കാവുന്ന ചില്ലു ജാലകം മാത്രമേ കാണൂ, കമ്പി കാണില്ല - ഇതിനു സഹായിക്കുന്നതായി സൂചിപ്പിച്ചുവല്ലൊ.
താരതമ്യേന ഇത്തരം കേസുകള്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നത് സൌദി അറേബ്യയാണ്. സൌദിയില്‍ ഇത്തരം കേസുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. മനുഷ്യത്വപരമായ പരിഗണന നല്‍കി പല രാജ്യങ്ങളും സ്വീകരിക്കുന്ന ശിക്ഷയിലുള്ള മിതത്വം കുറ്റവാലികള്‍ ദുരുപയോഗപ്പെടുത്തുകയാണ്.
ഗവണ്മെന്റിന്റെ (ഇന്ത്യ) മോണിറ്ററിങ് സംവിധാനം ഉണ്ടാകുകയാണെങ്കില്‍ വിസ സംബന്ധമായ തട്ടിപ്പുകള്‍ക്കും ഒരു പരിധി വരെ തട നല്‍കാനാകും. വിസ ഒറിജിനലാണോ? നിലവില്‍ അത്തരം സ്ഥാപനമുണ്ടോ? സ്ഥാപനത്തിനു ആളെ ആവശ്യമുണ്ടോ എന്നൊക്കെ എന്തു കൊണ്ട് പരിശോധിക്കുന്നില്ല? ഈ ലേഖകന്‍ കഴിഞ്ഞ മാസം ജൊനാഥന്‍ എന്ന ഒരു ഫിലിപ്പൈന്‍ തൊഴിലാളിയുടെ കരാര്‍ അറ്റസ്റ്റ് ചെയ്യിക്കാന്‍ അവരുടെ കോണ്‍സുലേറ്റില്‍ കൊടുത്തയച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടറുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പരും എഴുതാന്‍ വിട്ടു പോയിരുന്നു. കമ്പനിയുടെ വിലാസവും ഓഫീസ് ഫോണും എഴുതിയിട്ടുണ്ട്. എന്നാല്‍ കോണ്‍സുലേറ്റുകാര്‍ (ഫിലിപ്പൈന്‍) ഡയറക്ടറുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പരും എഴുതി ചേര്‍പ്പിച്ച ശേഷം മാത്രമേ കോണ്‍ട്രാക്ട് ഒപ്പിട്ടുള്ളൂ എന്നു മാത്രമല്ല ഡയറക്ടര്‍ രമേഷ് മേത്തയെ അവിടെ വെച്ചു തന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുകയും ചെയ്തു.
അത് ഫിലിപ്പൈന്‍ സ്റ്റൈല്‍! നമ്മുടെ സര്‍ക്കാര്‍ എത്ര പേര്‍ക്ക് തൊഴില്‍ കരാറുണ്ടാക്കുന്നുണ്ട്?
നിയമങ്ങള്‍ ഉണ്ടായിരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും. ഒപ്പം തൊഴിലാളികള്‍ക്ക് അവന്‍ - അവള്‍ - ചെല്ലുന്ന രാജ്യത്തെ നിയമങ്ങളും ചുറ്റുപാടുകളെക്കുറിച്ചും എംബസികളെക്കുറിച്ചും ചെറിയ ഒരവബോധമുണ്ടാക്കുകയും ഒരു ലഘുലേഖ നല്‍കുകയും ചെയ്താല്‍ നമുക്കെന്താ ഒരു കുറച്ചില്‍?
By- പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
How to post comments?: Click here for details
Join Facebook Fan club: Click here to be a fan