
ചൈനയോടൊപ്പം കുതിക്കുന്ന പുതിയ സാമ്പത്തിക ശക്‌തി' എന്നൊക്കെ മാധ്യമങ്ങള്‍ സ്‌ഥിരമായി ഉദ്‌ഘോഷിക്കുന്നതുകൊണ്ടാവാം, ചൈനക്കാര്‍ക്ക് ഇന്ത്യയെപ്പറ്റി അറിയാന്‍ വലിയ താത്‌പര്യമാണ്. ചൈന സന്ദര്‍ശിച്ചപ്പോള്‍ ഗൈഡായി കൂടെയുണ്ടായിരുന്ന സൂസന്‍ചാങ് എന്ന 26 കാരിയും ഇന്ത്യയെപറ്റി വലിയ ചോദ്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നവളാണ്. അഞ്ചുദിവസം ബീജിങില്‍ കഴിഞ്ഞശേഷം ഷാങ്‌ഹായിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ സൂസന്‍ പറഞ്ഞു: `ഗൈഡിനുള്ള പണം ഞാനാണ് തരേണ്ടത്. നിങ്ങള്‍ ചൈനയെപ്പറ്റി ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയെക്കുറിച്ച് ഞാന്‍ ചോദിച്ചറിഞ്ഞു' - നീണ്ട വരപോലെയുള്ള കുഞ്ഞിക്കണ്ണുകള്‍ കഴിയുന്നത്ര വലിച്ചുതുറന്ന് സൂസന്‍ ചിരിച്ചു. എന്നിട്ട് അവസാന ചോദ്യം: `എനിക്കൊരു വരനെ ഇന്ത്യയില്‍നിന്ന് കണ്ടെത്തിത്തരാമോ? അറേഞ്ച്‌ഡ് മാര്യേജ് ഒന്നു പരീക്ഷിക്കണമെന്നുണ്ട്...'
നാലുദിവസം മുമ്പ് ഞാന്‍ ബീജിങ്ങില്‍ കാല്‍കുത്തി അധികനേരം കഴിയുന്നതിനു മുമ്പ് സൂസന്‍ ചോദിച്ച ചോദ്യത്തിന്റെ ബാക്കിപത്രമായിരുന്നു, ഈ അവസാന ചോദ്യം. ഇന്ത്യയില്‍ വിവാഹബന്‌ധങ്ങള്‍ എങ്ങനെയാണ് എന്നായിരുന്നു, അവളുടെ ചോദ്യം. ഇന്ത്യയില്‍ ഏറെയും അറേഞ്ച്‌ഡ് മാര്യോജാണെന്നും പരസ്‌പരം സ്‌നേഹിച്ചുവിവാഹം കഴിക്കുന്നതരത്തിലുള്ള ബന്‌ധങ്ങള്‍ ഇപ്പോഴും അത്ര വ്യാപകമല്ലെന്നും ഞാന്‍ പറഞ്ഞപ്പോള്‍ വരപോലെയുള്ള കണ്ണുകള്‍ വിടര്‍ന്നു. അവള്‍ക്ക് അത് വിശ്വസിക്കാനാവുമായിരുന്നില്ല. ഒരു വിവാഹപരസ്യം, അല്ലെങ്കില്‍ വിവാഹദല്ലാള്‍ നല്‍കുന്ന സൂചന, അതിനെത്തുടര്‍ന്ന് ജാതകം നോട്ടം, പെണ്ണുകാണല്‍, അഞ്ചുമിനിട്ടുനീളുന്ന ചെറുക്കണ്‍ പെണ്ണ് സംവാദം, വിവാഹ നിശ്‌ചയം, വിവാഹം- കഴിഞ്ഞു, വിവാഹത്തിന്റെ `പ്രോസസ്' എന്ന സത്യം ഞാന്‍ മുഴുവനായും തുറന്നുപറഞ്ഞില്ല.
അപ്പോള്‍ പരസ്‌പരം ഒന്നുമറിയാതെയാണോ നിങ്ങള്‍ വിവാഹം കഴിക്കുന്നതെന്ന് അവള്‍ ചോദിച്ചു. പുതുപ്പെണ്ണിനെപ്പോലെ നാണിച്ചുകൊണ്ട് `അതേ' എന്നു ഞാന്‍ മറുപടി പറഞ്ഞു.
അവള്‍ അത് ചോദിക്കും. കാരണം ചൈനയില്‍ വിവാഹം അത്ര വ്യാപകമല്ല. ഒരുമിച്ച് ജീവിക്കുക, വേണ്ടെന്ന് തോന്നുമ്പോള്‍ ലാല്‍സലാം പറഞ്ഞ്‌പിരിയുക - അതാണ് രീതി. സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ കാമുകനും കാമുകിയുമൊക്കെയായി ഒരുതരം അമേരിക്കന്‍ സ്‌റ്റൈല്‍ ജീവിതമാണ്‌ചൈനയില്‍..
പക്ഷേ കനല്‍മൂടിക്കിടന്ന സൂസന്റെ ചോദ്യം എന്റെ മനസില്‍ വീണ്ടും ആളിക്കത്തിയത് മെയ് ഒന്നാംതീയതിയാണ്. ആരുടെയും മനസിനെ മരിവിപ്പിക്കുന്ന ഒരു വാര്‍ത്ത അന്നു പത്രത്തില്‍ വായിച്ചു: വിവാഹം, കഴിഞ്ഞിട്ട് കേവലം ആറുദിവസം കഴിഞ്ഞപ്പോള്‍ വരന്‍ വധുവിനെ കൊന്നു; ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. മകള്‍ക്ക് ഭര്‍ത്താവിനോടൊപ്പം പുതിയ വീട്ടില്‍ താമസം തുടങ്ങാനായി വീട്ടുസാധനങ്ങളുമായെത്തിയ അച്‌ഛനും സഹോദരനുമാണ് ആ നടുക്കുന്ന കാഴ്‌ച ആദ്യം കണ്ടത്.
ചേതനയറ്റ മകളുടെ ശരീരം. ഞരമ്പുമുറിച്ച് മരണാസന്നനായി കിടക്കുന്ന മരുമകന്‍..
ജീവിതം തിരികെകിട്ടിയപ്പോള്‍ നവവരന്‍- ബിജോയ് സാമുവല്‍ - ആ കഥ പറഞ്ഞു. കൊലപാതകത്തില്‍ കലാശിച്ച ആറുദിനരാത്രങ്ങളുടെ കഥ. ഈ കഥ നമ്മുടെ അറേഞ്ച്‌ഡ് മാര്യേജുകളുടെ പൊള്ളത്തരത്തിന്റെ കഥകൂടിയാണ്. കേള്‍ക്കുക.
വീട്ടുകാര്‍ നിശ്‌ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു, ബിജോയ്‌യുടെയും രഞ്‌ജിനിയുടെയും. വിവാഹത്തിനുമുമ്പ് ഒരുതവണ മാത്രം കണ്ട് സംസാരിച്ചവര്‍. വിവാഹശേഷം ആദ്യരാത്രി മുതല്‍ ഇരുവരും തമ്മില്‍ വഴക്കുതുടങ്ങി. ബിജോയ്‌യെ തനിക്ക് ഇഷ്‌ടമായില്ലെന്ന് രഞ്‌ജിനിക്ക് ആദ്യരാത്രിയില്‍ത്തന്നെ തുറന്നുപറയേണ്ടിവന്നു. ശാരീരികബന്‌ധംപോലും അവള്‍ അനുവദിച്ചില്ല. പിന്നെ, വഴക്കുകളുടെ മാത്രം ദിനങ്ങള്‍. ആറാം ദിവസം വഴക്കിന്റെ മൂര്‍ധന്യാവസ്‌ഥയില്‍ അവന്‍ അവളെ കൊന്നു. ആ യാഥാര്‍ത്ഥ്യം മനസിലാക്കിയപ്പോള്‍ അവന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. 33 കാരനായ ബിജോയ്‌യുടെ ജീവിതം ഇനി തടവറയ്‌ക്കുള്ളിലായിരിക്കും. അറേഞ്ച്‌ഡ് മാര്യേജിന്റെ ഇര!
അറേഞ്ച്‌ഡ് മാര്യേജ് നിലനില്‍ക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടുത്തെ ദാമ്പത്യബന്‌ധങ്ങളുടെ കെട്ടുറപ്പ് മറ്റു രാജ്യക്കാരെ അസൂയപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
പക്ഷേ കാലം മാറി. പഴയ ഇന്ത്യയില്‍ സ്‌ത്രീകളെ - പലപ്പോഴും പുരുഷന്മാരെയും - നായ്‌ക്കളെപ്പോലെ അടച്ചിട്ടു വളര്‍ത്തിയിരുന്നു. തറവാട്, വീട്, അന്തസ്, ജാതി, ആഭിജാത്യം - ഇങ്ങനെ ജനിക്കുമ്പോള്‍ മുതല്‍ ഓതിക്കൊടുക്കുന്ന പാരമ്പര്യത്തിന്റെയും കുലമഹിമയുടെയും തൂവല്‍ത്തൊപ്പികള്‍ മരിക്കുംവരെ അണിയാനായിരുന്നു അവളുടെ/അവന്റെ യോഗം. വീട്ടുകാര്‍ കണ്ടെത്തുന്ന വധുവിനെ/വരനെ വേള്‍ക്കുകയും എത്ര ഭീകരമായ സ്വരച്ചേര്‍ച്ചയില്ലായ്‌മ സംഭവിച്ചാലും തൂവല്‍ത്തൊപ്പികളെ ഓര്‍ത്ത് അതു ക്ഷമിക്കുകയും ചെയ്‌തുവന്നവരാണ് ഇന്ത്യക്കാര്‍.
കാലംമാറി. മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ലോകം വിരല്‍ത്തുമ്പിലായി. അടിച്ചമര്‍ത്തലുകളുടെ ചങ്ങലകളും പാരമ്പര്യത്തിന്റെ തൂവല്‍ത്തൊപ്പികളുമൊന്നും ആരും എടുത്തണിയാറില്ല. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലമുറ ഇവിടെ വളര്‍ന്നുമുറ്റിയിരിക്കുന്നു.
അവരെ അവരുടെ വഴിക്കുവിടുന്നതല്ലേ നല്ലത്? മകള്‍/മകന്‍ മറ്റൊരു ജാതിക്കാരനെ പ്രേമിച്ചാല്‍ കയറെടുക്കുന്ന അച്‌ഛനമ്മമാര്‍ ആ കയറില്‍ത്തന്നെ തൂങ്ങുന്നതാണ് കാലഘട്ടത്തിനു ചേരുന്ന കാര്യം. രഞ്‌ജിനിയുടെ ദുരന്തം അവര്‍ക്കു സംഭവിച്ചാലും അത് സ്വയം തിരഞ്ഞെടുത്തതാണെന്നെങ്കിലും അച്‌ഛനമ്മമാര്‍ക്ക് സമാധാനിക്കാമല്ലോ.
പ്രേമവിവാഹങ്ങള്‍ പരാജയപ്പെടുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടെന്നുതന്നെയാണുത്തരം. യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന പതിവ് കാമുകി - കാമുകന്മാര്‍ക്ക് ഇല്ലാത്തതുകൊണ്ടാണത്. വിവാഹം കഴിച്ചപ്പോഴാണ് തനിസ്വഭാവം മനസിലായത് എന്ന പരിദേവനം അതില്‍ നിന്നാണുണ്ടാകുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ഹൃദയം കൈമാറിയുള്ള പ്രണയബന്‌ധങ്ങള്‍ വിവാഹജീവിതത്തിലും വിജയിക്കും എന്നതാണ് നേര്.
ഒരു ജീവിതം മുഴുവന്‍ ഒരുമിച്ച് ജീവിച്ചുതീര്‍ക്കേണ്ടവര്‍ പെണ്ണുകാണലിനിടയ്‌ക്കുള്ള അഞ്ചുമിനിട്ടുമാത്രം സംസാരിച്ചാല്‍ മതിയോ? എന്തൊരു കൊടുംപാതകമാണത്! പുരോഗമനത്തിന്റെ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യ മാറിച്ചിന്തിക്കേണ്ട കാലമായില്ലേ? നമ്മുടെ മക്കള്‍ ജീവിതപങ്കാളിയെ നന്നായി മനസിലാക്കിയശേഷം വിവാഹം കഴിക്കുന്നതിനെ പ്രോത്‌സാഹിപ്പിക്കുകയല്ലേ വേണ്ടത്? രഞ്‌ജിനിമാരും ബിജോയ്‌മാരും സമൂഹത്തിന്റെ തീരാദുഃഖങ്ങളല്ലേ?
വാല്‍ക്കഷണം: പ്രേമവിവാഹം കഴിക്കുന്നവരെ ഹരിയാനയിലെ ജാട്ട്‌വംശക്കാര്‍ ജനകീയ വിചാരണനടത്തി കൊല്ലുന്ന പതിവ് ഇപ്പോഴും തുടരുന്നുണ്ടത്രേ. മരിക്കണമെന്നില്ലെങ്കില്‍, അവര്‍ക്ക് കുട്ടികളുണ്ടെങ്കില്‍പ്പോലും തുടര്‍ന്ന് സഹോദരീസഹോദരന്മാരെപ്പോലെ ജീവിക്കാമെന്ന് സമ്മതിക്കണമത്രേ!
ബിജിങ്ങിലെ സൂസനോട് ഞാന്‍ ഇത്രയുമൊന്നും വിശദമായി പറഞ്ഞില്ല. ഇന്ത്യ വെറും `കണ്‍ട്രി'യാണെന്ന് അവള്‍ അറിയരുതല്ലോ...
By: ബൈജു എന്‍. നായര്‍
3 Comments:
ഒരു വിവാഹം അങ്ങനെ ആയി എന്ന് കരുതി……..
എല്ലാ വിവാഹങ്ങളും അറെഞ്ചിട് മാര്യയേജ് അല്ലാണ്ടായാൽ……..
കുറച്ച് നാൾ ഒന്നിച്ച് താമസിച്ച് രണ്ട് കുട്ടികളുമായിട്ട് പിരിഞ്ഞാൽ……..
ഈ ലോകം .
ഇവിടെ ജനിക്കുന്ന കുട്ടികൾ……..
കുടുബം ……
എല്ലാം വെറും കെട്ടുകാഴച്ചകൾ
ചുമ്മ കുറച്ച് നാൾ ഒന്നിച്ച് ജീവിച്ച്…….
ലൈംഗിക സുഖം ആസ്വദിച്ച് …………
പ്ന്നെ പുതിയ കൂട്ട്കെട്ട്
അതിലും കുറെ ലൈംഗിക സുഖം.
ചിന്തിക്കുമ്പോൾ എല്ലാം ചിന്തിക്കേണ്ടേ…… അത് കൊണ്ടാ.
അമേരിക്കയിലെയും യുരോപ്പിലെയും പിന്നെ അവരെക്കാള്‍ വലിയ സായിപ്പന്മാരകാന്‍ പരിശ്രമിക്കുന്ന ചില ആഫ്രികന്‍ ഏഷ്യന്‍ 'കണ്ട്രീസി'ലെയും പോലെ (ഉദാ: ഫിലിപ്പിന്‍സ് ,സൌത്താഫ്രിക ) തന്തയില്ലാത്ത കുട്ടികളുടെ നാടായി ഇന്ത്യയെയും കാണണോ. താങ്കളുടെ ചയിനക്കാരിയോടു സ്കൂളില്‍ പിതാവിന്റെ പെരെഴുത്താനുള്ള കോളം പൂരിപ്പിച്ച എത്ര ശതമാനം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ടെന്നു ചോതിച്ചുനോക്കൂ . ഇന്ത്യ യിലെ കോടിക്കണക്കിനു കുട്ടികള്‍ക്ക് ആ കാര്യത്തിലെങ്കിലും ആശ്വസിക്കാം.
We must give freedom to the girl and boy to understand each other by communcating each other before making a final decision.
And our youngsters should approach this in a realistic manner---share each others view and concepts and think in critisistic manner before marriage--
Try to take decisions practically --
Post a Comment