എന്നാ ഇനി മുതല്‍ അങ്ങനെ അല്ല .. ഞാനും ഇനി ചോദിക്കും ... നാട്ടില്‍ ചെല്ലുമ്പോ മുട്ടാന്‍ വരുന്ന എല്ലാ അവന്മാരോടും ഞാന്‍ ചോദിക്കും .. സാലേ, കുത്തേ കമീനേ .. നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോടെയ് .. ?? എന്നിട്ട് ബുഹുഹുഹാ എന്ന് നീട്ടി ചിരിക്കുകേം ചെയ്യും ... മോഹന്‍ലാല്‍ പറഞ്ഞപോലെ ധാരാവി എന്ന സിംഹത്തിന്റെ മടയില്‍ ചെല്ലുകയും അവിടുത്തെ സൂപ്പര്‍ താരങ്ങളായ തമ്മനം ഷാജി , മട്ടാഞ്ചേരി ഷിബു തുടങ്ങിയവരുമായി ഏറ്റുമുട്ടുകയും, എല്ലാത്തിന്റെം ചന്തിക്ക് നാല് പെട കൊടുത്തിട്ട് സ്ലോ മോഷനില്‍ നടന്നു വരികയും ചെയ്തിട്ടൊന്നുമല്ല ഞാന്‍ ഇങ്ങനെ പറയുന്നത് .. എന്നാലും മറ്റെല്ലാ അവന്മാരെക്കാളും അത് പറയാനുള്ള യോഗ്യത ഇപ്പൊ എനിക്കാണ് ... ബ്ലോഗര്‍മാരേ അഭിമാനിക്കുവിന്‍ ...!! എനിക്ക് ഈ സുവര്‍ണ ചകോര ബഹുമതി ലഭിച്ചതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നതിനു ബഹു ( മോളിലും താഴെയും രണ്ടു കുത്ത് ) സെന്‍ട്രല്‍ റെയില്‍വേയോടാണ് ... ഇനി സസ്പെന്‍സ് വേണ്ട .. ഉള്ള കാര്യം പറയാം ..
മാര്‍ച്ച് മാസത്തിലെ ആദ്യവാരം മുംബൈ നഗരത്തിലെ ഒരു പ്രഭാതം പൊട്ടി വിരിഞ്ഞു .. ഇല്ല, വിരിഞ്ഞില്ല ... സാന്താക്രൂസ് വിമാനത്താവളത്തില്‍ ആളെ ഇറക്കാനായി താഴ്ന്നു പറക്കുന്ന അഞ്ചു പത്തിന്റെ നമ്മുടെ മല്യ അമ്മാവന്റെ വീമാനത്തില്‍ വെളുപ്പിന് വച്ച സുപ്രഭാതം റെക്കാഡ് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .. ഒന്‍പതു മണിക്ക് മുന്‍പേ ഓഫീസില്‍ ചെല്ലെണ്ടതാണ് .. അതിനുമുന്‍പ് എന്തെല്ലാം ജോലികള്‍ .. പല്ലുതേപ്പ് , കുളി തുടങ്ങിയ തീര്‍ത്തും അനാവശ്യമായ ചില കാര്യങ്ങള്‍ക്ക് പുറമേ അത്യാവശ്യമുള്ള ചോറും കറിയും ഉണ്ടാക്കുകയും വേണമല്ലോ .. കണ്ണ് തിരുമ്മി എഴുന്നേല്‍ക്കാന്‍ കൈ തപ്പി നോക്കിയപ്പോള്‍ ഇടത്തേ കൈ ലോ ബാറ്ററി കാണിച്ചു നില്‍ക്കുന്നു .. എന്നുവച്ചാ അത് അനങ്ങുന്നില്ല .. നല്ല വേദനയും ഉണ്ട് .. തലേ ദിവസം കുര്‍ള സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ കേറിയപ്പോ വാതില്പടിയിലെ കമ്പി വളയ്ക്കാന്‍ പോയതിന്റെ ആഫ്ടര്‍ എഫക്റ്റ് ... ഒരുതരത്തില്‍ എല്ലാം തീര്‍ത്തു ഓഫീസില്‍ പോകാന്‍ ഇറങ്ങി ... 7.30 ആയപ്പോ റെയില്‍വേ സ്റ്റേഷനില്‍ എത്തി ... അതാ വരുന്നു , സകല കൂതറകളേയും കുത്തി നിറച്ചുകൊണ്ട് ട്രെയിന്‍ വരുന്നു ... മുംബയിലെ ലോക്കല്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ ഉള്ള പെടാപ്പാടു കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല .. ഈ ഒരു സാമ്പിള്‍ വീഡിയോ കണ്ടു നോക്കൂ ...
കണ്ടോ ..? നാല് കൈ ഉണ്ടെങ്കില്‍ പറ്റില്ല പിന്നെയാ ഒരു കയ്യുമായി ഞാന്‍ ... അങ്ങനെ ആ ട്രെയിന്‍ പോയി .. പിന്നെയും മൂന്നു ട്രെയിന്‍ കൂടി എന്നേ കൊഞ്ഞനം കുത്തി കാണിച്ചോണ്ട് പാഞ്ഞുപോയി ... ഇനി ഇങ്ങനെ നിന്നാല്‍ ജോലി വേറെ ആമ്പിള്ളേര്‍ കൊണ്ടുപോകും .. എന്താ ഒരു വഴി ..?
പെട്ടെന്നാണ് തലയ്ക്കുള്ളില്‍ നിലാവെളിച്ചം വീണത് .. ആ വെളിച്ചമാണ് ഈ അഭിമാനര്‍ഹാമായ നേട്ടത്തിന് പിന്നില്‍ എന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ ... എന്തായിരുന്നു ആ വെളിച്ചം ...? അത് ഒരു ചെറിയ ആശയം ആയിരുന്നു .. എല്ലാ ലോക്കല്‍ ട്രെയിനിലും രണ്ടോ മൂന്നോ വികലാംഗ കമ്പാര്‍ട്ട്മെന്റ് കാണും .. തിക്കും തിരക്കും പിടിക്കാതെ സമാധാനമായി കേറാം , ഇറങ്ങാം ... ആഹാഹ .. ഒരര്‍ത്ഥത്തില്‍ ഞാനും ഇപ്പൊ വികലാംഗന്‍ ആണല്ലോ എന്ന ധൈര്യം മനസുല്‍ വച്ച് ഞാനും പതിയെ അതില്‍ കയറി കൂടി ... എന്തൊരു സുഖം .. ഇനി എന്നും ഇതില്‍ തന്നെ അങ്ങ് പോകാം എന്ന ഒരു വിചാരവും അപ്പൊ മനസ്സില്‍ വന്നു ... സത്യമായും ഇടി കൊള്ളാന്‍ വയ്യാഞ്ഞിട്ടാണ് ... തൊട്ടപ്പുറത്ത് ഞെങ്ങി ഞെരുങ്ങി കഷ്ട്ടപ്പെടുന്ന പാവങ്ങളെ കൊതിപ്പിച്ചുകൊണ്ട് ഞാന്‍ അങ്ങനെ നിന്നു .. അപ്പൊ ഞാന്‍ ഓര്‍ത്തതേ ഇല്ല , എന്തോ വലുത് വരാന്‍ പോവാണ് എന്ന് ...
അങ്ങനെ വണ്ടി ദാദര്‍ സ്റ്റേഷനില്‍ എത്തി ... ആദ്യത്തെ വികലാംഗന്‍ ആയി ഞാന്‍ ഇറങ്ങേണ്ട താമസം , അതാ തോളത്തൊരു കൈ .. !! എന്നിട്ട് ഒരു ചോദ്യവും , " സര്‍ട്ടിഫിക്കറ്റ് ??" പോയി .. സകല ഗ്യാസും പോയി ... റെയില്‍വേ പോലീസിന്റെ ചെക്കിംഗ് ആണ് .. ഞാന്‍ ആകെ കയില്‍ ഉള്ള റെയില്‍വേ പാസ് എടുത്തു കാണിച്ചു .. പോലീസുകാരന്റെ മുഖത്ത് ഒരു ചിരി പരന്നു .. വികലാംഗ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഞാനുണ്ടോ അറിയുന്നു ... സത്യത്തില്‍ ഞാന്‍ ഇപ്പൊ വികലാംഗന്‍ ആണെന്നും , കൈ വയ്യാത്തത് കൊണ്ടാണ് ഇവിടെ കയറിയത് എന്നും അറിയാവുന്ന ഹിന്ദി ഒക്കെ വച്ച് ഞാന്‍ പറഞ്ഞു ... കിലുക്കം സില്‍മേല്‍ സമര്‍ഖാനോട് നിശ്ചല്‍ ഹിന്ദി പറയുന്ന സന്ദര്‍ഭം നിങ്ങള്ക്ക് വേണമെങ്കില്‍ ഓര്‍ക്കാവുന്നതാണ് ..
എന്ത് പ്രയോജനം .. ദേ കിടക്കുന്നു ലോകകപ്പില്‍ സോറി ലോക്കപ്പില്‍ ...!! പുറത്തുനിന്നും അത് പൂട്ടി പോലീസുകാരന്‍ പോയപ്പോ കിരീടത്തിലെ മോഹന്‍ലാലിന്റെ ഭാവമായിരുന്നു എനിക്ക് ... ഒരു ചെറിയ കമ്പി വലയിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം .. ആള്‍ക്കാര്‍ സ്വതന്ത്രരായി അങ്ങനെ നടക്കുന്നത് കാണുമ്പോ ആണ് ബന്ധനത്തിന്റെ അസ്വസ്ഥത മനസിലാവുന്നത് ... നമ്മുട മുന്‍ മന്ത്രി ബാലകൃഷ്ണപിള്ള അദ്ദേഹം ജയിലി എല്ലാ സൌകര്യവും ഉണ്ടായിട്ടും പരോള്‍ വേണം പരോള്‍ വേണം എന്ന് വിളിച്ചു കൂവുന്നതിന്റെ കാര്യം ഇപ്പൊ അല്ലെ മനസിലായത് ... അങ്ങ് കേരളത്തില്‍ ഒരു ബഹുമാന്യ നായരെ പിടിച്ചു ജയിലില്‍ ഇട്ടിരിക്കുന്നു .. ഇങ്ങു മുംബൈയില്‍ വേറൊരു അതി ബഹുമാന്യ നായരെ പിടിച്ചു ലോക്കപ്പില്‍ ഇട്ടിരിക്കുന്നു .. നായന്മാര്‍ക്കെന്താ ഇവിടെ ജീവിക്കണ്ടേ ..??
എന്തായാലും അധികം ബോറടിക്കേണ്ടി വന്നില്ല .. ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഒന്നിന് പുറമേ ഒന്നായി സഹ തടവുകാര്‍ എത്തിക്കൊണ്ടിരുന്നു .. എല്ലാം ഒരേ കുറ്റം ... ഞാനായിരുന്നു ഇന്ന് പോലീസുകാരുടെ കണി .. അത് എന്തായാലും ഏറ്റു .. പന്ത്രണ്ടാമതായാണ് അയാള്‍ എത്തിയത് .. അമരീഷ് പുരിയുടെ അത്രേം വരില്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മാവന്റെ മോന്‍ ആകാന്‍ യോഗ്യത ഉള്ള ഒരു യമകണ്ടന്‍ സാധനം .. പോലീസുകാരോട് ഒരു അക്ഷരം പോലും പറയാതെ സ്വന്തമായി ലോക്കപ്പ് തുറന്നു അയാള് അകത്തു കേറി നിന്നു .. കേറിയപാടെ എല്ലാവരേം ഇരുത്തി ഒന്ന് നോക്കി .. ഇടിവെട്ട് അണ്ണാ ഇടിവെട്ട് ... എന്താ ഒരു സ്റ്റൈല്‍ .. ബിഗ് ബി സില്‍മേലെ മമ്മൂക്ക ഇതൊന്നു വന്നു കാണണം ... ചമ്മി പോയേനെ .. !!
പോലീസുകാരുടെ ക്വാട്ട തികഞ്ഞു എന്ന് തോന്നുന്നു , ഒരുത്തന്‍ വന്നു എല്ലാവരുടേം പേരും അഡ്രസ്സും എഴുതി എടുത്തു .. കൂട്ടത്തില്‍ ചെയ്ത കുറ്റവും .. നമ്മുടെ നാട്ടില്‍ പെറ്റി അടിക്കുമ്പോ പേരും അഡ്രസ്സും മാറ്റി "ബാബു - ബാബുഭവനം" എന്നൂക്കെ പറഞ്ഞു പോലീസുകാരെ ഊശിയാക്കുന്ന പരിപാടി എന്‍റെ മനസ്സില്‍ വന്നെങ്കിലും സ്ഥലം വേറെ ആയതുകൊണ്ട് വേണ്ടാന്ന് വച്ചു .. വീണ്ടും ആകാംക്ഷയുടെ മണിക്കൂറുകള്‍ .. എന്താ ഇവന്മാരുടെ അടുത്ത പരിപാടി ... അടുത്ത് നില്‍ക്കുന്ന ചിലരോട് ഞാന്‍ ഇങ്ങനെ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു ... പക്ഷെ അവരെല്ലാം എന്നെപ്പോലെ കന്നി അങ്കം ആയിരുന്നു ... അപ്പോഴാണ് ആ ഘനഗംഭീര ശബ്ദം മുഴങ്ങിയത് .. "കുച്ച് നഹീ കരേഗാ ഭായ് .. തും ഡരോ മത് .. അബ് വീ ടീ കോര്‍ട്ട് മേ ലേകേ ജായേഗാ .. " നമ്മുടെ ബിഗ് ബി അണ്ണന്‍ ആണ് .. പുള്ളി എക്സ്പീരിയന്‍സിഡ് ആണ് .. കോടതിയില്‍ കൊണ്ടുപോയി ഫൈന്‍ അടപ്പിക്കാന്‍ ആണ് പരിപാടി ... ഹാവൂ .. ആശ്വാസം .. !!
വീണ്ടും കുറെ സമയം കൂടി ബോര്‍ അടിച്ചു ഇരിക്കേണ്ടി വരും എന്ന് ഉറപ്പായിരുന്നു ... എന്നാ നമ്മുടെ അണ്ണനെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി .. ആറര അടി പൊക്കത്തിനു മുകളിലേക്ക് നോക്കിയാണ് ചോദിച്ചത് .. ഹിന്ദിയാണ് .. നിങ്ങള്ക്ക് മലയാളത്തില്‍ പറഞ്ഞു തരാം .. എവിടുന്നു വരുന്നണ്ണാ ?? അപ്പൊ വന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടിത്തരിച്ചു ... " ധാരാവി " ... വേറെ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു ... മിണ്ടാതെ ഒരു മൂലയ്ക്ക് പോയി നിന്നു .. കുറച്ചു കഴിഞ്ഞപ്പോ പഴയ പോലീസുകാരന്‍ യൂണിഫോമില്‍ വന്നു , മുന്നില്‍ നിന്ന രണ്ടു പേരെ ചേര്‍ത്ത് നിര്‍ത്തി ഓരോ കൈ വീതം തൂവാല കൊണ്ട് കെട്ടുകയാണ് .. ഇത് എന്താ സെറ്റപ്പ് ... ഓ .. സിംബോളിക് ആയിരിക്കും .. അവസാനം രണ്ടു പേര്‍ മാത്രം ആയി .. ആരൊക്കെയാ .. ഞാനും ആ അണ്ണനും ... പോലീസുകാരന്‍ അണ്ണനെ മൊത്തത്തില്‍ ഒന്ന് നോക്കി .. എന്നിട്ട് എവിടെക്കോ പോയിട്ട് വന്നു .. ഈശ്വരാ ദേ ഒറിജിനല്‍ വിലങ്ങ് ..!! അണ്ണന്റെ സെറ്റപ്പ് ഒക്കെ കണ്ടു ഒരു പന്തികേട് ഒക്കെ തോന്നിയിട്ടാവും ... അതാ വയ്ക്കുന്നു കൈകളില്‍ വിലങ്ങ് .. എന്‍റെ വലതു കയ്യും അണ്ണന്റെ ഇടതു കയ്യും ... എന്നിട്ട് ഒരു കല്പനയും .. " ആഗെ ചലോ " .. അങ്ങനെ ഞങ്ങളെ ഏറ്റവും മുന്‍പില്‍ കൊണ്ട് നിര്‍ത്തി .. ആനയും ആടും ചേര്‍ന്ന് നിന്നാല്‍ എന്താണെന്ന് നിങ്ങള്‍ ഊഹിച്ചു നോക്കിക്കോളൂ ..
ട്രെയിനുകളില്‍ തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു .. എല്ലാവരും നടക്കാന്‍ ഉള്ള ആജ്ഞ വന്നു .. തിരക്കുള്ള പ്ലാട്ഫോമിലൂടെ ഞങ്ങളെ എങ്ങോട്ടോ നടത്തുകയാണ് .. ഞാനും അണ്ണനും ഏറ്റവും മുന്നില്‍ .. ട്വന്റി - ട്വന്റി സില്‍മേലെ ലാലേട്ടനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സീന്‍ ആണ് ഓര്‍മ വന്നത് .. വന്നു പൊയ്ക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ യാത്രക്കാരും , പ്ലാട്ഫോമില്‍ നില്‍ക്കുന്നവരും ഞങ്ങളെ ഇങ്ങനെ നോക്കുകയാണ് ... ഉടനെ വന്നു അണ്ണന്റെ കമന്റ് .. "30 കോടി കട്ടവന്‍ വെറുതെ നടക്കുന്നു , ഇന്നലെ 3 കൊച്ചു പെണ്‍കുട്ടികളെ താനെയില്‍ ബലാല്‍സംഗം ചെയ്തു ..അവനും വെറുതെ നടക്കുന്നു .. നീ എവിടെ പോയതാ ..?" "ഓഫീസില്‍" .. ഞാന്‍ പറഞ്ഞു .. "ഇതാ ഈ പട്ടികളെ ഒന്നും ധാരാവിയില്‍ കയറ്റാത്തത് , അവിടെ ഈ വിലങ്ങുമായി ഒരുത്തനും വരില്ല .. !!" സത്യത്തില്‍ അയാളുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി ഉണ്ടായിരുന്നു ... !!
പ്ലാട്ഫോമിന്റെ അങ്ങേ അറ്റത്തു ചെന്നപ്പോ വന്ന ഒരു ദീര്‍ഘ ദൂര ട്രെയിനില്‍ കയറ്റി ഞങ്ങളെ സി എസ് ടി കോടതിയില്‍ എത്തിച്ചു ... പണ്ട് അജ്മല്‍ കസബ് കേറി മേഞ്ഞ സ്ഥലത്തുകൂടി ആണ് ഞങ്ങളെ കൊണ്ടുപോകുന്നത് .. സത്യമായും ആ സ്ഥലത്ത് പോകുമ്പോ ഇപ്പോഴും എന്‍റെ ശരീരത്തു കൂടി ഒരു തണുപ്പ് കേറും ... കോടതിക്ക് പുറത്തുവച്ച് വിലങ്ങഴിച്ചു .. ഇനി ജഡ്ജി അങ്ങുന്നിന്റെ വരവും കാത്തുള്ള ഇരിപ്പാണ് .. നീണ്ട ഒന്നര മണിക്കൂര്‍ അവിടെ .. അവസാനം അങ്ങുന്നു വന്നു .. ഓരോ ബാച്ച് ആയി പേര് വിളിച്ചു ചെയ്ത കുറ്റവും അതിനുള്ള ശിക്ഷയും എല്ലാം അവിടെ നിന്ന പോലീസുകാരന്‍ തന്നെ പറഞ്ഞു .. ജഡ്ജി ഉറങ്ങുകയാണോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു ... തല കുലുക്കുന്നതല്ലാതെ മിണ്ടാന്‍ പാടില്ലെന്ന് ട്രെയിനില്‍ വച്ചു അണ്ണന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ മിണ്ടാതെ നിന്നു ... അവസാനം ശിക്ഷ വന്നു .. നൂറ്റി എഴുപതു രൂപ ഫൈന്‍ ...!!! പച്ച തെറിയാണ് ആദ്യം വായില്‍ വന്നത് ... ഇതിനു വേണ്ടിയാണോ ഈശ്വരാ ഇത്രേം നാടകം നടത്തിയത് ..? ഫൈന്‍ അടച്ചു പുറത്തേക്കു ഇറങ്ങുന്നതിന്റെ തൊട്ടുമുന്‍പ് ആ പോലീസുകാരനോട് ഇത്രമാത്രം ചോദിച്ചു .. " ഫോട്ടോ സെഷന്‍ ഒന്നും ഇല്ലേ സാര്‍ " .. അയാള് ഒന്നും മിണ്ടിയില്ല എങ്കിലും എന്‍റെ അണ്ണന്‍ ബുഹഹുഹ്ഹുഹ്ഹ എന്ന് ചിരിച്ചു ... ഒന്ന് കയ്യില്‍ പിടിച്ചിട്ടു അയാള് തിരക്കില്‍ എങ്ങോട്ടോ അലിഞ്ഞുപോയി ... എന്‍റെ അടുത്ത ഓട്ടം ആരംഭിക്കുകയാണ് , മണി മൂന്നാകുന്നു , ഓഫീസില്‍ ചെല്ലണം , കാര്യം പറയണം .. അടുത്ത ടിക്കറ്റ് എടുത്തു തിരക്കില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ കയറി ... വണ്ടി വിട്ടപ്പോ വാതില്‍ക്കല്‍ ചാടിക്കേറിയ ഒരു പയ്യന്‍ എന്നെ കടുപ്പിച്ചൊന്നു നോക്കി .. ഒട്ടും മടിക്കാതെ നല്ല പച്ച മലയാളത്തില്‍ ഞാന്‍ ചോദിച്ചു ... എന്താടാ .. നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ..? എന്തേയ് ..??
By: പുതിയോടന്‍