അത്തരം സന്ദര്‍ഭങ്ങളില്‍ യൂ ട്യൂബ് തപ്പാനാണ് ഞങ്ങള്‍ സുഹൃത്തിനെ ഉപദേശിക്കാറ്. അതില്‍ 'സില്‍സില' എന്ന ആല്‍ബത്തിന്റെയും 'കൃഷ്ണനും രാധയും' എന്ന സിനിമയിലെ പാട്ടുരംഗങ്ങളുടെയും അടിയില്‍ കമന്റിന്റെ രൂപത്തില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ നല്‍കിയിരിക്കുന്ന പ്രയോഗങ്ങള്‍ നല്ലൊന്നാന്തരം ഒരു റഫറന്‍സ് ഗ്രന്ഥമാണ്. കൊടുങ്ങല്ലൂരിലെ പൂരപ്പാട്ടുകളും നിയമസഭയിലെ സ്ഥിരം കലാപരിപാടിയുമൊന്നും ഇതിന്റെ 32 അയലത്തുപോലും വരില്ല.
അത്രമേല്‍ 'സ്വീകാര്യര്‍' ആണ് സില്‍സിലയുടെ രചന, സംഗീതം, സംവിധാനം, പാട്ട്, അഭിനയം എല്ലാം ചേര്‍ത്ത് നിര്‍വഹിച്ച ഹരിശങ്കറും നാട്ടിലുള്ള സകല കലാപരിപാടികളും മൊത്തമായി ഏറ്റെടുത്ത് നിര്‍വഹിച്ച സന്തോഷ് പണ്ഡിറ്റും. അങ്ങനെ യൂ ട്യൂബില്‍ കിടന്ന് കറങ്ങിയിരുന്ന യുവത്വത്തിന് എല്ലാ കെട്ടുകളും പൊട്ടിച്ച് പുറത്തുവരാന്‍ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്തന്നെ അവസരമൊരുക്കി ഈ കഴിഞ്ഞ വെള്ളിയാഴ്ച. ഇന്റര്‍നെറ്റില്‍ സര്‍വര്‍ ബ്ലോക്ക് സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് എറണാകുളം എം.ജി. റോഡിലും തൃശൂര്‍ ബിന്ദു തിയറ്ററിന്റെ മുന്നിലും ട്രാഫിക് ബ്ലോക്ക്തന്നെ തീര്‍ത്തു. കോടിക്കണക്കിന് രൂപ മുടക്കി സൂപ്പര്‍ താരങ്ങള്‍ ഹോങ്കോങ്ങിലും സീഷെല്‍സിലും ദുബായിലും മരുഭൂമിയിലും കൊടുങ്കാട്ടിലുമൊക്കെ ഘോരഘോരമായി കഷ്ടപ്പെട്ട് പിടിച്ചെടുത്തിട്ടും ആദ്യദിവസം തന്നെ തിയറ്ററിലെ ഇരുട്ടില്‍ തലകുത്തി വീഴുന്ന മലയാള സിനിമയില്‍ ആദ്യദിവസംതന്നെ 'കൃഷ്ണനും രാധയും' എന്ന സിനിമാ വൈകൃതം സൂപ്പര്‍ ഹിറ്റ്. സാധാരണ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാണ് പുതുമുഖമായ ഒരു നടനും സംവിധായകനുമൊക്കെ സൂപ്പര്‍ സ്റ്റാറുകള്‍ ആവുക. ഉദയാനാണ് താരത്തിലെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ കണ്ടവര്‍ ആ കഥാപാത്രം അതിശയോക്തികള്‍ നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടാവാം. അവരുടെയും വായടപ്പിക്കും ഈ പണ്ഡിതന്‍. അത്രയ്ക്ക് സൂപ്പറായി കഴിഞ്ഞു. ഒരൊറ്റ സിനിമ കൊണ്ട്.
പടം റിലീസായ വെള്ളിയാഴ്ചത്തെ ആദ്യ ഷോയ്ക്ക് യുവജനങ്ങളുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ എറണാകുളം എം.ജി. റോഡിനരികിലെ കാനൂസ് തിയറ്ററിനുമുന്നില്‍ പൊലീസിന് നന്നേ പണിപ്പെടേണ്ടിവന്നു. നടന്നുപോകാന്‍ അല്ലെങ്കില്‍തന്നെ ബുദ്ധിമുട്ടുള്ള കൊച്ചിയിലെ റോഡില്‍ വാഹനങ്ങള്‍ നിരന്നുകിടന്നു നിലവിളിച്ചു. ചുവരുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ 'സുന്ദരമായ' പോസ്റ്ററുകള്‍ നോക്കി ജയ് വിളിക്കുന്ന ചെറുപ്പക്കാര്‍. തിയറ്ററിനകത്ത് പടം തുടങ്ങുന്നതിനുമുമ്പുതന്നെ തകര്‍പ്പന്‍ പൂരപ്പാട്ടുകള്‍. ടൈറ്റിലുകള്‍ എഴുതിക്കാണിക്കാന്‍ അല്‍പം സമയം മതി. കാരണം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നൃത്തം, ഗാനരചന, സംഗീതം, സംഘട്ടനം തുടങ്ങി ഒരു സിനിമയില്‍ ക്യാമറ ഒഴികെ മറ്റെന്തെല്ലാമുണ്ടോ അതെല്ലാം ഈ മൂപ്പര്‍ ഒറ്റയ്ക്കാണ് നിര്‍വഹിച്ചിരിക്കുന്നത്. ആ വകുപ്പില്‍ വേണമെങ്കില്‍ ഒരു ഗിന്നസ് സാധ്യതയുമുണ്ട്. ക്യാമറ മൂപ്പിലാന് പറ്റാത്ത പണിയായതുകൊണ്ടല്ല. ക്യാമറയ്ക്ക് പിന്നില്‍ നിന്നാല്‍ പിന്നെ മുന്നില്‍നിന്ന് 70 എം.എം വിസ്താരമുള്ള ചിരി പാസാക്കാന്‍ പിന്നെ ആരെ കിട്ടും? ആ ഒരൊറ്റ കാണത്താലാണ് ടിയാന്‍ ആ മേഖലയില്‍ കൈവെക്കാതിരുന്നത്. ദോഷം പറയരുതല്ലോ നായികമാരെല്ലാം സുന്ദരിമാര്‍തന്നെയാണ്. ഇത്രയും കാലത്തെ യൂ ട്യൂബ് സഹവാസത്താല്‍ ചിരപരിചിതമായ ദൃശ്യങ്ങള്‍ സ്ക്രീനില്‍ കാണുമ്പോള്‍ ഭ്രാന്തമായ ആവോശത്തോടെ ഒരു തിയറ്റര്‍ ഒന്നാകെ നൃത്തം വെയ്ക്കുന്നു. ശരിക്കും ഭ്രാന്ത്തന്നെ. മുന്നിലെ ദൃശ്യം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. അവരും തുള്ളുന്നു. ഓരോ സീനിലും സന്തോഷ് പണ്ഡിറ്റ് നിറഞ്ഞങ്ങനെ നില്‍ക്കുന്നു. കൂക്കിവിളികളില്‍ ഒരു വാക്കുപോലും കേള്‍ക്കാന്‍ പറ്റുന്നില്ല. ഇടയ്ക്കിടെ സരോജ്കുമാറിനെപ്പോലെ മുഖം വക്രിച്ചും ഗോഷ്ഠികള്‍ കാണിച്ചും സന്തോഷ് പണ്ഡിറ്റ് കാണികളെ വെല്ലുവിളിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് ഇടിക്കുന്നു. സന്തോഷ് പണ്ഡിറ്റ് ഡയലോഗുകള്‍ ചറപറാന്ന് പറയുന്നു. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ദാ നിരന്നുനില്‍ക്കുന്നു ചാനല്‍ കാമറകള്‍. ചോദിക്കുന്നവരും ഉത്തരം പറയുന്നവരും ചിരിച്ച് അര്‍മാദിക്കുന്നു. വൈകിട്ട് ചാനലില്‍ സന്തോഷ് പണ്ഡിറ്റ് കുഷ്യനില്‍ അമര്‍ന്നിരുന്ന് തന്റെ സിനിമയെക്കുറിച്ച് അതിവാചാലമായി സംസാരിക്കുന്നു. എല്ലാ ചാനലുകള്‍ക്കും കൂടി ഒരു സന്തോഷ് പണ്ഡിറ്റ്. സി.ഐ.ഡി. മൂസയില്‍ ദിലീപ് പറയുന്നപോലെ ഇടയ്ക്കിടെ ''അറിയുമോ, ഞാനൊരു സംഭവമാ'' എന്ന മട്ടില്‍ സ്വയം പ്രശംസിച്ചുകൊണ്ടേയിരിക്കുന്നു. നല്ല സിനിമകള്‍ ഇറങ്ങിയിരുന്ന ഒരു കാലത്ത്് ഏറ്റവും ഭ്രാന്തനായ ആളുപോലും ഇത്തരമൊരു സാഹസത്തിന് മുതിരുമായിരുന്നില്ല. ഇപ്പോള്‍ ആഴ്ചതോറും ഇറങ്ങിക്കൊണ്ടിരിക്കുന്ന സിനിമകള്‍ ഇത്തരമൊരു ചിത്രത്തെ സാധൂകരിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ അഭിനയിച്ച് പുറത്തുവരുന്ന സിനിമകള്‍ സന്തോഷ് പണ്ഡിറ്റ് സിനിമകളെക്കാള്‍ ഏറെയൊന്നും മുന്നിലല്ല. കുറച്ചുകൂടി പരിചയസമ്പന്നരായവര്‍ എടുക്കുന്നുവെന്നേയുള്ളു. പിന്നെ എല്ലാ പണിയും ഒരാള്‍തന്നെ എടുക്കുമ്പോള്‍ ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളു എന്നു കരുതി സമാധാനിക്കുക. കാരണം ഇനിയുള്ള നാളുകള്‍ സന്തോഷ് പണ്ഡിറ്റുമാരുടേതാണ്. സിനിമയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും ജീവിതത്തിലും. അല്ലെങ്കില്‍ നമ്മളെല്ലാം ഓരോ സന്തോഷ് പണ്ഡിറ്റുമാരല്ലേ?
തൊടുകുറി: ഒന്നുകില്‍ ഇയാള്‍ ലോകത്തിലെ ഏറ്റവും വലിയ വിഢിയാണ്. അല്ലെങ്കില്‍ ഈ കാലഘട്ടത്തെ നോക്കി അയാള്‍ അസാമാന്യമായ ഒരു ലോജിക്കോടെ സമര്‍ഥമായി ചിരിച്ചുകൊണ്ട് അയാള്‍ അല്ലാത്ത എല്ലാവരെയും വിഢികളാക്കുകയാണ്. നമ്മുടെ സിനിമക്കാര്‍ സിനിമയെന്ന പേരില്‍ പടച്ചുവിടുന്ന വൈകൃതങ്ങള്‍തന്നെയാണ് സന്തോഷ് പണ്ഡിറ്റുമാരെ സൃഷ്ടിച്ചത്. നാളെ അവര്‍ ഇയാളുടെ വീട്ടിനുമുന്നില്‍ ഡേറ്റിന് വേണ്ടി കാത്തുകിടക്കില്ലെന്ന് ആരു കണ്ടു?
“തള്ളയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കൊട്ട് ധരിച്ചു കൊണ്ടാണ് ഇദേഹം ഭൂജാതനായതെന്നു തോന്നുന്നു ...ആളേക്കാള്‍ വലിയ കോട്ടും മുത്ത് തോല്‍ക്കുന്ന കൊന്ത്രപല്ലും കൂടി ആകെപാടെ ഒരു അഴകൊഴമ്പന്‍ ലുക്ക് ...നായകനാവാന്‍ പറ്റിയ കോലം!!!”.........എന്നൊക്കെ പറഞ്ഞു ഞാനും സന്തോഷിനെ കുറെ കളിയാക്കിയിട്ടുണ്ട് ...പക്ഷെ .. ഇന്ന് എനിക്കതില്‍ കുറ്റബോധമുണ്ട്.... എന്തിനാണ് അയാളെ ഞാനടക്കം പ്രബുദ്ധരെന്നു സ്വയം പുകഴ്ത്തുന്ന മലയാളികള്‍ അവഹേളിക്കുന്നത്??? കളിയാക്കി ചിരിക്കാനാണെങ്കിലും, തെറി വിളിക്കാനാണെങ്കിലും ഇന്ന് കേരളം മുഴുവന്‍ ഹൗസ്‌ഫുള്‍ ആയി ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു എങ്കില്‍ അത് അയാളുടെ കഴിവ് തന്നെയാണ്....
സൂപ്പര്‍താരങ്ങളുടെ അമാനുഷികകഥാപാത്രങ്ങളെ കണ്ട് ആര്‍പ്പ് വിളിക്കുന്ന, ഒരു നല്ല സിനിമ ഇറങ്ങിയാല്‍ അത് തിയേറ്ററില്‍ പോയി കാണാന്‍ മനസ്സ് കാണിക്കാത്ത,,,,, വല്ലവനും ഉണ്ടാക്കി വെച്ചത് അനുഭവിക്കാന്‍ മാത്രം അറിയുന്ന കപടആസ്വാദനത്തിന്റെ മൂര്‍ത്തരൂപമായ മലയാളിയുടെ സങ്കുചിതമായ മനോഭാവത്തിന് മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയാണ് സന്തോഷ് ആ സിനിമ റീലീസ് ചെയ്തത്...ഇന്നലത്തോടെ അയാള്‍ മുടക്കിയതിനേക്കാള്‍ കൂടുതല്‍ അയാള്‍ക്ക് തിരിച്ചു കിട്ടിയിട്ടുണ്ടാകും... സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലും, യുടുബിലും അയാളുടെ പിതാമഹന്മാരെ വരെ തെറി വിളിച്ചു ഇവിടെത്തെ സൂപ്പര്‍സ്റ്റാര്‍കള്‍ക്ക് പോലും ഇല്ലാത്ത മാര്‍ക്കറ്റ് അയാള്‍ക്ക് ഉണ്ടാക്കി കൊടുത്ത ബുദ്ധിയില്ലാത്ത മലയാളികളെ
ഓര്‍ത്ത് സന്തോഷ് സഹതപിക്കുന്നുണ്ടാകും...സന്തോഷ് പണ്ഡിറ്റ് എന്ന പേരിനു മേല്‍ കിട്ടുന്ന ഓരോ മൗസ് ക്ലിക്കും ഡോളര്‍ ആയി അയാളുടെ പോക്കറ്റില്‍ വീഴുന്നത് തെറി
എഴുതി സമയം കളഞ്ഞ ഒരുത്തനും അറിഞ്ഞില്ല....അല്ലെങ്കിലും മലയാളിക്ക് ഇതൊക്കെ കിട്ടിയില്ലെങ്കിലെ അല്ബുധമുള്ളൂ!!!
തനിക്ക് കഴിയാത്തത് ആരെങ്കിലും ചെയ്തു കണ്ടാല്‍ അപ്പോള്‍ തുടങ്ങും വിമര്‍ശനങ്ങള്‍....ഒരു വരി നേരെ ചൊവ്വേ എഴുതാനോ , ഒരു വരി സംഗീതം ചെയ്യാനോ കഴിവില്ലാത്തവര്‍ പോലും അയാള്‍ ചെയ്തത് മുടിയിഴ കീറി വിമര്‍ശിക്കും...ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് അവരെ ദുഷിപ്പിക്കുന്ന വേറൊരു സമൂഹം ഈ ലോകത്തുണ്ടോ??? എനിക്ക് തോന്നുന്നില്ല....മോഹന്‍ലാലിനെ കടത്തി വെട്ടുന്ന മഹത്തായ അഭിനയമോ, അടൂരിനേക്കാള്‍ അവാര്‍ഡിനര്‍ഹമായ സംവിധാന മികവോ ഉണ്ടെന്നല്ല ഞാന്‍ വാദിക്കുന്നത്....അയാള്‍ക്ക് അങ്ങിനെ ഒരു അഭിരുചി ഉണ്ടെങ്കില്‍ അയാളെ അത് ചെയ്യാന്‍ നമുക്ക് അനുവദിക്കാം...ഇതൊന്നു കാണൂ...ഇതൊന്നു കാണൂ..എന്ന് പറഞ്ഞ് അയാള്‍ ആരെയെങ്കിലും നിര്‍ബന്ധിച്ചില്ലല്ലോ...അപ്പൊ പിന്നെ എന്തിനാണ് ഇത്തരം വ്യക്തി ഹത്യകള്‍???
അടൂരിന്‍റെ സിനിമകള്‍ തിയേറ്ററില്‍ വന്നാല്‍ പത്ത് ആളുപോലും കാണാന്‍ തികച്ചുണ്ടാവില്ല....വീട്ടിലേക്കുള്ള വഴി..ടി ഡി ദാസന്‍ ..തുടങ്ങിയ സിനിമകള്‍ തിയേറ്റര്‍ കണ്ടിട്ട് പോലുമില്ല.... വാക്കസ്തെ...സവാരി ഗിരി ഗിരി ...ബെസ്റ്റ് കണ്ണാ ബെസ്റ്റ് തുടങ്ങിയ ഇന്ക്വിലാബില്കള്‍ കേട്ട് കയ്യടിക്കാന്‍ കാശ് ചിലവാക്കുന്ന മലയാളിയാണ് ഒരു പാവം സിനിമ സ്നേഹിയെ കൊന്നു കൊല വിളിക്കുന്നത്... ഇനി എന്നാണാവോ ഈ മലയാളികള്‍ നന്നാവുക!