January 20, 2011

കവിതയുടെ കഥ - Kavitha's Kadha

കവിതയെ ഫോണ്‍ ചെയ്തു വിവാഹാശംസകള്‍ അറിയിച്ചിട്ട് അഞ്ചു നിമിഷമേ ആയിട്ടുള്ളൂ, ഈ നവംബര്‍ മുപ്പതിന് അവള്‍ വിവാഹിതയാകുന്നു, അതായത് നാളെ. മനസ്സ് അഞ്ചു കൊല്ലം പുറകിലേക്ക് പോയി. കവിതയെ ഞാന്‍ ആദ്യമായി കാണുന്നത് 2005 നവംബര്‍ ഇരുപത്തിയഞ്ച് വെള്ളിയാഴ്ചയാണ്. ഇന്നും ഞാന്‍ ആ ദിവസം വളരെ കൃത്യമായി ഓര്‍ത്തിരിക്കുന്നു കവിതയുടെ മൊബൈല്‍ നമ്പര്‍ പോലെ തന്നെ. പല തവണ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടും എന്റെ ഓര്‍മയില്‍ നില്‍ക്കുന്ന ഒരേ ഒരേ നമ്പര്‍ അത് മാത്രമാണെന്ന് ഞാന്‍ അത്ഭുതത്തോടെ മനസ്സിലാക്കുന്നു. ആര് മാസം മുന്‍പ് മാറ്റിയ എന്റെ മൊബൈല്‍ നമ്പര്‍ പോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഇനി ഒരിക്കലും വിളിക്കരുത് എന്ന് വിചാരിച്ച് എത്രയെത്ര പ്രാവശ്യം ഞാനവളുടെ നമ്പര്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ മാസങ്ങള്‍ കഴിയുമ്പോള്‍, വീണ്ടും വിളിക്കണമെന്ന് തോന്നുമ്പോള്‍, എത്ര തവണ എന്റെ വിരലുകള്‍ അറിയാതെ ആ നമ്പര്‍ ഡയല്‍ ചെയ്തില്ല!

മുംബയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ട്രാവല്‍ എജെന്‍സിയില്‍ ഇമ്പ്ലാന്റ് കൌണ്ടര്‍ സ്റാഫ് ആയി ജോയിന്‍ ചെയ്തതാണ് കവിത. അതായത് ഞങ്ങളുടെ കമ്പനിയെ പ്രധിനിധീകരിച്ച് ബി ബ്രൌണ്‍ എന്ന കോര്‍പ്പറേറ്റ് കമ്പനിയില്‍ ഇരുന്നുകൊണ്ട് അവര്‍ക്ക് വേണ്ടി ടിക്കറ്റ്‌ ഇഷ്യൂ ചെയ്യലായിരുന്നു കവിതയുടെ ജോലി. ആദ്യത്തെ ദിവസം തന്നെ കുളിക്കാതെയാണ് കവിത ജോലിയ്ക്ക് വന്നത്, അതെനിക്ക് മനസ്സിലാവുകയും ചെയ്തു. അല്ലെങ്കിലും പെണ്ണുങ്ങള്‍ കുളിച്ചില്ലെങ്കില്‍ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല, മുടി ശ്രദ്ധിച്ചാല്‍ മതി. എത്ര കട്ടിയില്‍ മേയ്കപ് ഇട്ടാലും മുഖവും വിളിച്ചു പറയും ഇന്ന് വെള്ളം കണ്ടിട്ടില്ലേ എന്ന്. അന്നുമിന്നും എനിയ്ക്ക് ദിവസവും കുളിക്കാത്ത പെണ്ണുങ്ങളെ ഇഷ്ടമല്ല. ഈയൊരു കാരണം കൊണ്ട് തന്നെ അവജ്ഞയാണ് ആദ്യം തന്നെ എനിയ്ക്ക് തോന്നിയത്, അവള്‍ നല്ല വെളുത്ത ഒരു സുന്ദരിയായിരുന്നിട്ടു കൂടി!. ഒരു വെള്ളിയാഴ്ചയാണ് കവിത ജോയിന്‍ ചെയ്തത്. ശനിയാഴ്ച ഞാന്‍ ഒരു ഇന്റര്‍വ്യൂവിനു പോയത് കാരണം ജോലിയ്ക്ക് പോയില്ല. അന്ന് കമ്പനിയില്‍ എല്ലാ മാസവും ഉണ്ടാകാറുള്ള മീറ്റിംഗ് ഉണ്ടായിരുന്നു. കൌണ്ടര്‍ സൂപ്പര്‍വയിസര്‍ ആയിരുന്ന ഹിതേഷ് സീനിയര്‍ കൌണ്ടര്‍ സ്റാഫ് ആയിരുന്ന സ്വാതിയെ കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. സ്വാതി, അന്ന് ജൂനിയര്‍ ആയിരുന്ന എന്നെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നു എന്ന ആരോപണം ഹിതേഷ് ഉന്നയിച്ചു. അന്നെല്ലാവരും സ്വാതിയെ കുറ്റപ്പെടുത്തുകയും എന്നെ അനുകൂലിച്ചു സംസാരിക്കുകയുമുണ്ടായത്രേ. അങ്ങിനെയാണ് കവിത എന്നെക്കുറിച്ച് കേള്‍ക്കുന്നത്. അവള്‍ക്കു കൌതുകം തോന്നാനുണ്ടായിരുന്ന കാരണം മീറ്റിങ്ങില്‍ എല്ലാവരും എന്നെ അനുകൂലിച്ചു സംസാരിച്ചതായിരുന്നു. ഇതെല്ലം പിന്നീട് കവിത പറഞ്ഞാണ് ഞാന്‍ അറിയുന്നത്. അടുത്ത തിങ്കളാഴ്ച ആദ്യമായി കവിത എന്റെ ഫോണില്‍ എന്നെ വിളിച്ചു. എന്റെ ഓഫീസിലെ അക്കൌണ്ടന്റ് കൊടുത്തതാണത്രേ എന്റെ നമ്പര്‍. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ന്റെ ഒരു ബുക്കിംഗ് അബാകസ് സിസ്റ്റം ഉപയോഗിച്ച് ചെയ്തു കൊടുക്കുമോ എന്നറിയാനായിരുന്നു വിളിച്ചത്. ബി ബ്രൌണ്‍ കമ്പനിയുടെ അക്കൗണ്ട്‌ നോക്കുന്ന ശിഖ അല്പം ജാഡ കാണിച്ചത് കാരണമാണ് കവിതയ്ക്ക് എന്നെ വിളിക്കേണ്ടി വന്നത്. പേര് പറഞ്ഞപ്പോള്‍ ആദ്യം എനിക്കോര്‍മ വന്നില്ല. പിന്നെ വെള്ളിയാഴ്ച ജോയിന്‍ ചെയ്ത കുട്ടി എന്ന് പറഞ്ഞപ്പോളാണ് എനിക്കോര്‍മ വന്നത്, കുളിക്കാത്ത കുട്ടി. എന്തായാലും ഒരു സഹായം ചോദിച്ചതല്ലേ ചെയ്തു കൊടുത്തേക്കാം എന്ന് കരുതി. പിന്നെ പെണ്ണല്ലേ വെറുതെ സംസാരിക്കാന്‍ ഒരു രസം. ഫ്ലെര്‍ട്ടിംഗ് ഒരു കലയാണെന്ന് മനസ്സിലാക്കിത്തുടങ്ങിയ നാളുകളായിരുന്നു ബോംബെയിലേത്. കുളിക്കാത്ത കവിതയുടെ മുഖം മനസ്സിലുണ്ടായിരുന്നെങ്കിലും വെറുതെ ഫോണിലൂടെ സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു രസത്തിന് വേണ്ടി മാത്രം ഞാന്‍ കവിത പറഞ്ഞ ബുക്കിംഗ് ചെയ്തതിനു ശേഷം തിരിച്ചു വിളിച്ചു. അന്ന് മാത്രം ഒരു പത്ത് തവണയെങ്കിലും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു കാണും. പിന്നീടതൊരു പതിവായി. എല്ലാ ശനിയാഴ്ചയും കവിത ഞാന്‍ ജോലി ചെയ്തിരുന്ന ഹെഡ് ഓഫീസില്‍ വരുമായിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ബി ബ്രൌണില്‍ ജോലി, ശനിയാഴ്ച ഒരു ദിവസം മാത്രം ഹെഡ് ഓഫീസില്‍. ആദ്യത്തെ ശനിയാഴ്ച കവിതയെ കണ്ടു ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. അന്നവള്‍ കുളിച്ചിരുന്നു, വൃത്തിയായി. അത്ര സുന്ദരിയായി, ഇന്നിതെഴുതുന്നത് വരെ, ഞാന്‍ ഒരു പെണ്ണിനേയും കണ്ടിട്ടില്ല. ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത് പോലുള്ള ഒരനുഭവം, ഇത് പക്ഷെ ലവ് അറ്റ്‌ സെകന്റ് സൈറ്റ് ആയിപ്പോയി എന്നേയുള്ള

കണ്ടുമുട്ടിയതിന്റെ ആദ്യത്തെ ശനിയാഴ്ച കവിതയുടെ പിറന്നാളായിരുന്നു. ഡിസംബര്‍ രണ്ട്. അതിനു തൊട്ടു മുന്‍പ് കഴിഞ്ഞ ദീപാവലിയ്ക്ക് എനിക്ക് കമ്പനിയില്‍ നിന്നും ഗിഫ്റ്റ് കിട്ടിയ ഫേബര്‍ കാസ്റ്റലിന്റെ പേന ഉപയോഗിയ്ക്കാതെ വച്ചിരുന്നത്, കവിതയ്ക്ക് ഞാന്‍ പിറന്നാള്‍ സമ്മാനമായി കൊടുത്തു. അപ്പോഴവളുടെ മുഖത്ത് കണ്ട സന്തോഷം എന്നും കാണുന്നതിനായ് എന്തു ചെയ്യുവാനും ഞാന്‍ ഒരുക്കമായിരുന്നു. ആ ശനിയാഴ്ച വൈകുന്നേരം അന്ധേരി ജെബി നഗറിലുള്ള ഞങ്ങളുടെ ഓഫീസില്‍ നിന്ന് അന്ധേരി സ്റ്റേഷന്‍ വരെ ഞങ്ങള്‍ ഒരുമിച്ചു നടന്നു. എന്റെ ജീവിതത്തില്‍ അന്നേവരെയുള്ള എല്ലാ വിഷമങ്ങളും തീര്‍ന്നത് പോലെ എനിയ്ക്ക് തോന്നി. ഈയൊരു ദിവസത്തിന് വേണ്ടിയാണോ ഞാന്‍ ജീവിച്ചിരുന്നത് എന്നുപോലും തോന്നിപ്പോയി. അന്നൊരുപാട് നേരം ഞങ്ങള്‍ സംസാരിച്ചു. പക്ഷെ അവള്‍ക്കൊരു കാമുകനുണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ പ്രണയത്തിലാണെന്നും അവള്‍ പറഞ്ഞതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകരുകയല്ല ഉണ്ടായത് മറിച്ച് അവളെ വേണ്ടത്രേ ഗൌനിക്കാത്ത, ഫോണ്‍ ചെയ്‌താല്‍ ചീത്ത പറയുന്ന, കാണാന്‍ കൂട്ടാക്കാത്ത, ആ കാമുകനില്‍ നിന്നും അവളെ ഞാന്‍ സ്വന്തമാക്കും എന്ന് മനസ്സിലുറപ്പിക്കുകയാണുണ്ടായത്. അതൊരു പ്രത്യേക തരം ത്രില്ലായി എന്നെ ബാധിച്ചു. എന്നും രാവിലെ ഏഴുനേല്‍ക്കാനും, ഓരോ നിമിഷവും ജാഗ്രതയോടെയിരിക്കാനും, ഏറ്റവും നന്നായി സംസാരിക്കാനും നന്നായി ജോലി ചെയ്യാനും എന്നെ പ്രേരിപ്പിച്ച ഒരു തരം പ്രത്യേക അവസ്ഥ. എന്നെ ഞാനാക്കാനും, എന്റെ ഉള്ളില്‍ അതുവരെയുണ്ടായിരുന്ന അപകര്‍ഷതയെ ഇല്ലാതാക്കാനും എനിക്കത് ചെയ്തേ മതിയാകൂ എന്നെന്റെ മനസ്സ് ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വെറുതെ ഫ്ലെര്‍ട്ട് ചെയ്യാന്‍ മാത്രമായിരുന്നു ഞാന്‍ ആദ്യം ഫോണില്‍ സംസാരിച്ചിരുന്നത് എന്നുള്ള എന്റെ ഏറ്റുപറച്ചില്‍ അവളില്‍ മതിപ്പുളവാക്കിയിരിക്കണം. കുളിക്കാത്തത് എനിക്കിഷ്ടമാവാത്ത കാര്യവും ഞാന്‍ സൂചിപ്പിച്ചു. കുളിച്ചിട്ടു വന്നപ്പോള്‍ എന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റവും വള്ളിപുള്ളി തെറ്റാതെ അവളോട്‌ പറഞ്ഞിരുന്നു. എന്തോ അതിനു ശേഷം അവസാനം കാണുന്നത് വരെയും, കുളിക്കാതെ ഞാന്‍ കവിതയെ കണ്ടിട്ടില്ല. ഇപ്പോഴും അത് തുടരുന്നുണ്ടോ എന്നറിയില്ല, ഞാന്‍ ചോദിച്ചില്ല. കാരണം ഇനിയത് അറിയേണ്ട കാര്യം എനിക്കില്ലല്ലോ.

പിന്നീട് ശനിയാഴ്ച്ചകള്‍ക്കുവേണ്ടി ഞാന്‍ കാത്തിരുന്ന് തുടങ്ങി. ശനിയാഴ്ചകളില്‍ മാത്രം കണ്ടിരുന്ന ഞങ്ങള്‍ ഞായറാഴ്ചകളിലും ബാന്ദ്രയിലും മറൈന്‍ ഡ്രൈവിലും ഒക്കെ കറങ്ങിത്തുടങ്ങി. ഓഫീസിലുള്ളവര്‍ ഞങ്ങളെ പലയിടത്തും വച്ചു കാണുകയും ചെയ്തു. എല്ലാ ശനിയാഴ്ചകളും ഞങ്ങളെ കളിയാക്കാന്‍ വേണ്ടി അവര്‍ മാറ്റി വച്ചു. എല്ലാം ഞങ്ങള്‍ നിഷേധിച്ചുവെങ്കിലും അതെല്ലാം ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഞാനായിരുന്നിരിക്കും. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ കവിതയോട് പറഞ്ഞു, "കവിതാ, എനിക്ക് നിന്നോട് പ്രേമമാണെന്നാണ് തോന്നുന്നത്, കാരണം ദിവസവും ഒരു അഞ്ചു മണിക്കൂറെങ്കിലും നമ്മള്‍ ഫോണില്‍ സംസാരിക്കുന്നു, രാവിലെ നമ്മള്‍ രണ്ടു പേരുടെയും ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഫോണില്‍ സസാരിച്ചിട്ടാണ്, അതിനര്‍ത്ഥം....." പക്ഷെ ആ സംഭാഷണം മുഴുവിപ്പിയ്ക്കാന്‍ കവിത സമ്മതിച്ചില്ല. അതങ്ങനെയല്ലെന്നും നമ്മള്‍ നല്ല ഫ്രണ്ട്സ് മാത്രമാണെന്നും, നമ്മളുടെത് മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത ഒരു നല്ല ഫ്രെണ്ട്ഷിപ്പാണെന്നും അവള്‍ പറഞ്ഞു. അതിനെ പ്രേമമെന്നു പറഞ്ഞു തരംതാഴ്ത്തരുതെന്നും പറഞ്ഞു. എന്നാല്‍ ഇനി അവളെക്കൊണ്ടത് മാറ്റിപ്പറയിച്ചിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. കാര്യം എണ്ണായിരം രൂപയേ ശമ്പളമുണ്ടായിരുന്നുവെങ്കിലും, സൌകര്യങ്ങള്‍ കുറവായിരുന്നുവെങ്കിലും ജീവിതം പ്രതീക്ഷാനിര്‍ഭരമായിരുന്നു. ഒറ്റമുറിയില്‍ ഞാനും മറ്റു മൂന്നു കൂട്ടുകാരും ചേര്‍ന്ന് തിങ്ങിഞെരുങ്ങിയാണ് ഗോരേഗാവില്‍ കഴിഞ്ഞിരുന്നത്. വെള്ളത്തിനും ബുദ്ധിമുട്ടായിരുന്നു. ആഴ്ചയിലോ മാസത്തിലോ ഒരിക്കലുള്ള മദ്യപാനവും വല്ലപ്പോഴുമുള്ള സിനിമാ കാണലുമായിരുന്നു ആകെയുള്ള വിനോദം. എങ്കിലും ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകളായിരുന്നു അതെല്ലാമെന്ന് ഇന്ന് ഞാന്‍ മനസ്സിലാകുന്നു. എല്ലാ സന്തോഷവും കവിതയെ കേന്ദ്രീകരിച്ചായിരുന്നു എന്ന് ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ.

പോകപ്പോകെ കവിത എല്ലാദിവസവും രാത്രി അന്ധേരി സഹറിലുള്ള അമ്മായിയുടെ വീട്ടില്‍ വന്നു നില്‍ക്കാന്‍ തുടങ്ങി. ശനിയാഴ്ച രാത്രി മാത്രം കല്യാണിലുള്ള സ്വന്തം വീട്ടിലേയ്ക്ക് മടങ്ങും. ബാന്ദ്ര-കുര്‍ള കോംപ്ലെക്സിലുള്ള ഓഫീസില്‍ സമയത്തിനെത്താന്‍ എന്നായിരുന്നു ന്യായം. അതിനു കാരണം ഞാനായിരിക്കുമോ എന്നുള്ള ചിന്ത എത്രയോ രാത്രികളില്‍ എന്‍റെ ഉറക്കം കേടുത്തിയിരിക്കുന്നു. അങ്ങിനെ എല്ലാ ദിവസം ജോലി കഴിഞ്ഞതിനു ശേഷം ഞാന്‍ അന്ധേരി സ്റ്റേഷനില്‍ കവിതയും കാത്ത് നില്‍പ്പ് തുടങ്ങി. സ്റ്റേഷനില്‍ നിന്നും സഹറിലേക്ക് അരമണിക്കൂര്‍ നേരത്തെ നടത്തവും, അതിനിടെയുള്ള സാഗര്‍ ഹോട്ടലിലെ ചായ കുടിയും എനിക്കു കിട്ടാവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളായി മാറി. ആ സമയത്ത് അവളെ ആരെങ്കിലും വിളിക്കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ ഫോണ്‍ വയ്ക്കാന്‍ അവള്‍ കാണിക്കുന്ന ഉത്സാഹം എന്‍റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തി. ആയിടയ്ക്കാണ് കവിതയുടെ ചേച്ചിയുടെ കല്യാണം നിശ്ചയിക്കുന്നത്. മുപ്പതു വയസ്സായിട്ടും ചേച്ചിയുടെ കല്യാണം നടക്കാത്തത് കാരണം വീട്ടുകാരും കവിതയും ഒരു പോലെ വിഷമത്തിലായിരുന്നു. വളരെ ഉത്സാഹത്തിലായിരുന്നു കവിത. കല്യാണം പ്രമാണിച്ച് രണ്ട് ദിവസത്തെ ലീവും അവളെടുത്തിരുന്നു. ലീവെടുത്ത് വീട്ടിലെത്തിയ അന്ന് രാത്രി വെളുക്കുവോളം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. അവളുടെ സന്തോഷം ഫോണിലൂടെ എനിക്കും പകര്‍ന്നു നല്‍കിയിട്ടാണ് അവള്‍ ഉറങ്ങാന്‍ പോയത്. കവിതയുടെ ചേട്ടനും കവിതയും കൂടി എല്ലാം മംഗളമാക്കാന്‍ ഓടി നടക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ ആ വാര്‍ത്ത‍ അവരുടെ സ്വപ്നങ്ങളുടെ മേല്‍ പതിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ചെക്കന്‍റെ അമ്മാവന്‍ മരിച്ചു. കല്യാണം നീട്ടിവയ്ക്കാതെ നിവൃത്തിയില്ല. എല്ലാവര്‍ക്കും അതൊരു ദുശ്ശകുനമായിട്ടാണ് തോന്നിയത്. വന്നു കയറാന്‍ പോകുന്ന പെണ്ണിന്‍റെ ഐശ്വര്യക്കേട്‌. എന്തായാലും രണ്ട് മാസത്തേക്ക് കല്യാണം നീട്ടി വയ്ക്കാന്‍ ധാരണയായി. അന്ന് ഫോണില്‍ കവിത എന്നെ വിളിച്ചു കുറെ നേരം കരഞ്ഞു. എന്നെക്കൊണ്ടാവുന്ന വിധം ഞാന്‍ അവളെ സമാധാനിപ്പിക്കുകയും ചെയ്തു, കാര്യം ഈ സംഭവത്തില്‍ എനിക്കു പ്രത്യേകിച്ചു വിഷമമൊന്നും ഉണ്ടാവാതിരുന്നിട്ടു കൂടി. ഈ സംഭവം അറിഞ്ഞയുടനെ അവളുടെ കാമുകനെയാണ് ആദ്യം കവിത വിളിച്ചത്. പക്ഷെ CA പരീക്ഷയുടെ ചൂടിലായിരുന്ന ആ വിദ്വാന്‍ ഫോണൊന്നെടുക്കാന്‍ പോലും മിനക്കെട്ടില്ല. ദൈവം എനിക്കായ് ഒരുക്കിയ ഒരവസരമായിത്തന്നെ ഈ സംഭവത്തെ കാണാനായിരുന്നു എനിക്കിഷ്ടം. ഞാനത് നന്നായി വിനിയോഗിക്കുകയും ചെയ്തു. എന്‍റെ സാന്ത്വനങ്ങളും ആശ്വാസ വാക്കുകളും കവിതയ്ക്ക് വല്ലാത്തൊരാശ്വാസമായിരുന്നിരിക്കണം അപ്പോള്‍. ജന്മനാ കിട്ടിയ സരസത കവിതയെ എന്നോടടുപ്പിക്കുന്നതിനു എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. "ദൈവമേ ഇത്ര സിമ്പിളായ, അഹങ്കാരമില്ലാത്ത, സുന്ദരിയായ ഈ പെണ്‍കുട്ടിയെ എനിക്കു തന്നെ തരേണമേ, കേരളത്തിലൊരിടത്തും അങ്ങെനിക്കു ഇത് പോലൊരു കുട്ടിയെ കാണിച്ചു തരാത്തത് കൊണ്ട് ഈ മഹാരാഷ്ട്രയില്‍ ഞാന്‍ സ്വയം കണ്ടെത്തിയ, ഈ വെളുത്ത് കൊലുന്നനെയുള്ള, മൃദുഭാഷിയായ അല്‍പസ്തനിയെ(കവിതയുടെ മാറിടം വളരെ ചെറുതായിരുന്നു. അവളുടെ മറ്റു ഗുണങ്ങള്‍ ഇഷ്ട്ടപ്പെട്ടപ്പോള്‍ ഞാനിതും ഇഷ്ട്ടപെട്ടതായിരിക്കും) എന്നോട് ചേര്‍ക്കേണമേ" എന്നുള്ള എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നതിന് തെളിവായിരുന്നു പിന്നീടുണ്ടായ സംഭവം.

കവിതയുടെ അച്ഛന്‍ ആശുപത്രിയില്‍, കാരണം അമിതമായ മദ്യപാനം. അച്ഛനും അമ്മായിയച്ഛനും നല്ല ചേര്‍ച്ചയായിരിക്കും എന്നു ഞാന്‍ മനസ്സിലോര്‍ത്തു. അവളുടെ ചേട്ടനാണെങ്കില്‍ പൂനെയില്‍ ഒരു ട്രെയിനിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. സീരിയസ് ഒന്നുമല്ലതായിരുന്നിട്ടു കൂടി കവിത ആകെ പതറിപ്പോയി. രണ്ട് ദിവസം ലീവെടുത്ത് ഞാനും നിന്നു ആശുപത്രിയില്‍. മരുന്ന് വാങ്ങാനും മറ്റുള്ള കാര്യങ്ങള്‍ക്കും ഞാന്‍ തന്നെ മുകൈ എടുത്തു. അല്പം സാമ്പത്തിക സഹായവും ചെയ്യാന്‍ കഴിഞ്ഞു. സ്വന്തം അച്ഛനെ നോക്കുന്നത് പോലെ, എല്ലാത്തിനും ഞാന്‍ കവിതയുടെ കൂടെ നിന്നു. അവളുടെ ചേട്ടന്‍ അടുത്തില്ലാത്തതിന്റെ വിഷമം അവളുടെ കുടുംബത്തിനറിയാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, ആത്മാര്‍ഥമായിത്തന്നെ. എന്തായാലും ഈയൊരു സംഭവത്തോട് കൂടി കവിതയുടെ മനസ്സ് പൂര്‍ണ്ണമായും എന്നിലെക്കൊഴുകുന്നത് ഒരു തിരശ്ശീലയിലെന്നവണ്ണം എനിക്കു കാണാന്‍ കഴിഞ്ഞു, കൂടെ അവളുടെ കാമുകനോടുള്ള അവളുടെ മനോഭാവം പതുക്കെ എന്നാല്‍ വ്യക്തമായിത്തന്നെ മാറുന്നതും അവിടെ വെറുപ്പ്‌ പടരുന്നതും ഞാന്‍ കണ്ടു.

ഇതെല്ലാം കഴിഞ്ഞുള്ള ഒരു വെള്ളിയാഴ്ച, അന്ധേരിയില്‍ നിന്ന് സഹറിലേയ്ക്കുള്ള വഴിയിലുള്ള സാഗര്‍ ഹോട്ടലിന്റെ ആളൊഴിഞ്ഞ മുകളിലത്തെ നിലയില്‍ ഇരിക്കുമ്പോള്‍ എന്‍റെ കൈ പിടിച്ചു കൊണ്ട് കവിത പറഞ്ഞ ഈ വാക്കുകള്‍ ഇന്നലെ കഴിഞ്ഞത് പോലെ ഞാനോര്‍ക്കുന്നു, "നീയെനിക്കെന്തൊരാശ്വാസമായിരുന്നെന്നോ. ഈ കഴിഞ്ഞ രണ്ടാഴ്ച ഞാനെത്രമാത്രം വിഷമിച്ചുവെന്നു നിനക്കറിയാമല്ലോ. നീയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് എനിയ്ക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞതെന്നെനിയ്ക്ക് ഉറപ്പാണ്‌. യോഗെന്‍(കാമുകന്‍) ഒന്ന് വിളിച്ചത് പോലുമില്ല. നീയില്ലാത്ത ഒരു ദിവസത്തെക്കുറിച്ചു എനിക്കിപ്പോള്‍ ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഇപ്പോഴും നിന്റെ വിചാരമാണ് മനസ്സില്‍. ഞാന്‍ തെറ്റാണോ ചെയ്യുന്നത്" ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കരുതെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അവളുടെ വിരലുകള്‍ എന്‍റെ വിരലുകളെ മുറുക്കെ പിടിച്ചിരിക്കുകയായിരുന്നു.

കാര്യങ്ങള്‍ ഒന്ന് കൂടി സുഗമമാക്കാനെന്നവണ്ണം മറ്റൊരു സംഭവം കൂടി നടന്നു. ദുബായില്‍ എമിരേറ്റ്സ് ഹോളിഡയ്സില്‍ ജോലി ശരിയാക്കാം എന്നു പറഞ്ഞു ഒരു കൂട്ടുകാരന്‍ എന്നെ വിളിക്കുന്നത്‌ അപ്പോഴാണ്‌. അവന്‍ പറഞ്ഞത് പോലെ സീവിയും അയച്ചു കൊടുത്തു. രണ്ട് മാസത്തിനകം സംഗതി നടക്കും എന്നൊരുറപ്പും അവന്‍ തന്നു. ഫോണില്‍ ഇത് കേട്ട കവിത ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നതും, പിന്നീടൊരു തേങ്ങിക്കരച്ചില്‍ എന്‍റെ കാതുകളെ തലോടിയതും ഞാന്‍ എങ്ങിനെ മറക്കാനാണ്. ഞാന്‍ എന്‍റെ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നെന്റെ മനസ്സ് പറഞ്ഞു, അതോടൊപ്പം അവളെ നഷ്ട്ടപ്പെട്ടാല്‍ ഭ്രാന്ത് പിടിക്കുമെന്നുള്ള സത്യവും. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ്‌ കണ്ടപ്പോള്‍ അവളാകെ ഉദാസീനയായി കാണപ്പെട്ടു. സാഗറില്‍ പതിവുള്ള ചായകുടിക്കിടെയില്‍ അവളധികമൊന്നും സംസാരിച്ചില്ല. "നീ പോയാല്‍ പിന്നെ ബോംബെയില്‍ വരുമോ? എന്നെ വിളിക്കുമോ? എവിടെ.. നീയതൊക്കെ മറക്കും, അവിടെ പുതിയ കൂട്ടുകാര്‍, പുതിയ ബന്ധങ്ങള്‍, എന്നാലും വല്ലപ്പോഴും എന്നെ വിളിക്കാന്‍ മറക്കരുത്, അല്ലാ, നിനക്ക് പോകാതിരുന്നുകൂടെ?" ഇത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ എന്നോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. ഞാനൊന്നും പറഞ്ഞില്ല. പതുക്കെ അവളുടെ കയ്യെടുത്ത് പിടിച്ചു അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. എന്‍റെ കണ്ണുകളെ നേരിടാന്‍ വയ്യാ എന്നത് പോലെ അവള്‍ നോട്ടം പതിയെ മാറ്റി. ആ നനുത്ത വിരലുകള്‍ വിറയ്ക്കുന്നത് ഞാനറിഞ്ഞു. മൌനം വാക്കുകളെക്കാള്‍ വാചാലമാകുന്ന നിമിഷങ്ങള്‍. അവള്‍ പൂര്‍ണ്ണമായും എന്‍റെതായ്ക്കഴിഞ്ഞു എന്നെനിക്കു ബോധ്യമായി. ആ സുന്ദര നിമിഷങ്ങള്‍ വര്‍ണ്ണിക്കാന്‍ എന്‍റെ സര്‍ഗ്ഗാത്മകത പോരാതെ വരും. ഇനിയുമൊരിക്കല്‍ കൂടി അതുപോലെയുള്ള നിമിഷങ്ങളില്‍ കൂടി കടന്നു പോകാന്‍ ഞാനെത്ര ആഗ്രഹിച്ചു, പക്ഷെ അതൊരിക്കലും ഉണ്ടായില്ല. യഥാര്‍ത്ഥ പ്രേമം ഒരിക്കലേ ഉണ്ടാക്കൂ ജീവിതത്തില്‍ എന്നാരോ പറഞ്ഞതെത്ര ശരി.

കവിതയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നു തോന്നുന്നു, എമിരേറ്റ്സ് ഹോളിഡയ്സില്‍ ജോലി വാങ്ങിച്ചു തരാം എന്നു പറഞ്ഞു പോയവനെ ഞാന്‍ പിന്നീടിന്നു വരെ കണ്ടിട്ടില്ല. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. വല്ലവരും തല്ലിക്കൊന്നുകാണും അവനെയൊക്കെ. അതിനിടയ്ക്ക് ഞങ്ങള്‍ രണ്ട് പേരും കൂടി ഒരുമിച്ച് അറ്റന്‍ഡ് ചെയ്ത HRG SITA യിലെ ഇന്റര്‍വ്യൂവിന്റെ റിസള്‍ട്ട്‌ വന്നു, രണ്ട് പേരെയും തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷെ എമിരേറ്റ്സ് ഹോളിഡയ്സ് മനസ്സിലുള്ളത് കൊണ്ട്‌ ഞാനത് വേണ്ടെന്നു വയ്ക്കുകയും കവിതയെ നിര്‍ബന്ധിച്ചു HRG SITA യില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും ചെയ്തു. എല്ലാം അവളുടെ നല്ലതിന് വേണ്ടി. ശമ്പളവും ഒരു ആറായിരം രൂപ കൂടുതലുണ്ട് അപ്പോഴുണ്ടായിരുന്നതിനേക്കാള്‍. പക്ഷെ ഒരു പ്രശ്നം ഉണ്ടായി. ഞങ്ങള്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജര്‍ പ്രശ്നമുണ്ടാക്കി, ഒരാഴ്ച നോട്ടീസ് കൊടുത്തത് കുറവാണ് പോലും. അദ്ദേഹം അവളുടെ പുതിയ ഓഫീസില്‍ വന്നു പ്രശ്നമുണ്ടാക്കും എന്നു പറഞ്ഞു ചെറുതായി കവിതയെ ഒന്ന് ഭീഷണിപ്പെടുത്തി. അതോടെ കവിത ഒന്ന് ഭയന്നു, കാരണം ഓഫര്‍ ലെറ്ററില്‍ ഒരു മാസമാണ് നോട്ടീസ് പിരിയഡ്. പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്നു പറഞ്ഞ് ഞാന്‍ അവളെ സമാധാനിപ്പിച്ചു. മാനേജരെ ഞാന്‍ കണ്ടു കാര്യങ്ങള്‍ ഒക്കെ ശരിയാക്കി. ഭാഗ്യത്തിന് പുതിയ ഒരു സ്റാഫ് ജോയിന്‍ ചെയ്യുകയും ചെയ്തു ഞങ്ങളുടെ കമ്പനിയില്‍. പിന്നെ അദ്ദേഹം അത് വിട്ടു. ഓഫീസിലെ അവസാന ദിവസം കവിത ആകെ വിഷമത്തിലായിരുന്നു. മറ്റു പല സ്റാഫുകളും അവളോട്‌ മിണ്ടിയില്ല കാരണം അവള്‍ പോകുന്നതോടെ ഞങ്ങളുടെയൊക്കെ ജോലിഭാരം കൂടുമല്ലോ. എങ്ങിനെയൊക്കെയോ ആറ് മണിയാകുന്നത് വരെ കഴിച്ചു കൂട്ടി. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. ജെബി നഗറില്‍ നിന്നും ബസ്സില്‍ കുര്‍ള വരെ. ബസ്സില്‍ വച്ചും അവളൊന്നും മിണ്ടിയില്ല, എന്‍റെ തോളില്‍ തല ചായ്ച്ച് അവള്‍ ഇരുന്നു. കുര്‍ള സ്റ്റേഷനില്‍ വച്ചു കല്യാണിലേയ്ക്കുള്ള ട്രെയിന്‍ വരുന്നതിനു മുന്‍പ് യാത്ര പറയാന്‍ നേരം അവളെന്നെ കെട്ടിപ്പിടിച്ചു, കണ്ണുകള്‍ നിറഞ്ഞിരുന്നു. ആദ്യമായിട്ടായിരുന്നു ഞാനവളെ ആശ്ലേഷിക്കുന്നത്. എല്ലാം മറന്നു അഞ്ചു മിനിട്ടോളം ഞങ്ങള്‍ നിന്നു. പോകാന്‍ നേരം, " am gonna miss you " എന്നു മാത്രം പറഞ്ഞു അവള്‍. എന്നെ സ്നേഹിക്കുന്നു എന്നവള്‍ ഒരിക്കല്‍ പോലും പറഞ്ഞില്ലെകിലും അവളുടെ മനസ്സെനിക്ക് വായിക്കാമായിരുന്നു. അവള്‍ കൈ വീശുന്നത് നോക്കി നിന്നപ്പോള്‍തന്നെ എനിക്കവളെ നഷപ്പെടാന്‍ പോവുകയാണ് എന്ന ഒരു തോന്നല്‍ ഉണ്ടായി. എന്തോ ഒരു തരം അരക്ഷിത ബോധം എന്നെ പിടികൂടി. മനസ്സാകെ കലങ്ങി മറിഞ്ഞു.

"ഛെ, വേണ്ടിയിരുന്നില്ല, അവളെ ആ ഇന്റെര്‍വ്യൂവിനു കൊണ്ട്‌ പോകേണ്ടിയിരുന്നില്ല" എന്ന തോന്നല്‍ മനസ്സില്‍ ശക്തമായി. "ഇന്ന് മദ്യപിക്കാതെ ഉറക്കം വരില്ല എന്നു തോന്നുന്നു". ഉയിരിന്നുയിരായ സഹമുറിയന്‍ നമ്പൂതിരിയേയും കൂട്ടി അടുത്തുള്ള ബാറില്‍ പോയി. വിസ്ക്കിയില്‍ ബിയര്‍ ചേര്‍ത്തടിച്ചു. ബോധം പോകട്ടെ.

പുതിയ ഓഫീസില്‍ കവിത ആകെ ബിസിയായി, പഴയത് പോലെ വിളിക്കാന്‍ സമയം കിട്ടാത്ത അവസ്ഥ. എന്നാലും കാലത്തും വൈകീട്ടും ഉള്ള വിളി തുടര്‍ന്നു. എങ്കിലും അവളെന്നെ ഒഴിവാക്കുകയാണോ എന്നൊക്കെ എനിക്കു തോന്നിത്തുടങ്ങി. ചില ദിവസങ്ങളില്‍ വിളിക്കാതെയുമായി അവള്‍. എന്‍റെ പ്രതിഷേധം പിന്നെ വഴക്കിലെത്തി. പല ദിവസങ്ങളിലും ഞങ്ങള്‍ സംസാരിക്കതെയായി. അവളുടെ പഴയ കാമുകന്‍ ആയിടെയ്ക്കാണ്‌ വീണ്ടും സജീവമായി രംഗത്തിറങ്ങിയത്. ആശാനെ ആരോ വിളിച്ചു പറഞ്ഞു എന്നു തോന്നുന്നു ഞാനും കവിതയും തമ്മിലുള്ള ബന്ധം. ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോള്‍ എത്ര സമയം ഫോണില്‍ സംസാരിച്ചാലും ദിവസം ഒരു ഇമെയില്‍ അവള്‍ എനിക്കയക്കുമായിരുന്നു, ഞാന്‍ തിരിച്ചും. ജോലി മാറിയതില്‍ പിന്നെ അയക്കുന്ന മെയിലിനോന്നും മറുപടി കിട്ടതായിത്തുടങ്ങി. മദ്യപിച്ച് ബോധം പോയ എത്രയെത്ര രാത്രികളില്‍ ഞാനവളെ ചീത്ത വിളിച്ചില്ല. അതെല്ലാം ഞങ്ങള്‍ തമ്മിലുള്ള അകലം കൂട്ടാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. കപ്പിനും ചുണ്ടിനും ഇടയ്ക്ക് എനിക്കെന്റെ ലക്‌ഷ്യം നഷ്ടമായി എന്ന ചിന്ത എന്നെ തളര്‍ത്തിക്കളഞ്ഞു. എല്ലാം എന്‍റെ കഴിവ് കേടാണ് എന്നുള്ള ചിന്ത എന്നെ ഭ്രാന്തു പിടിപ്പിച്ചു. അവളുടെ കാമുകന്‍ അവളെ തിരികെക്കിട്ടാന്‍ എന്തൊക്കെ ചെയ്തു കാണുമെന്ന് ഒരു രൂപവുമില്ലാതായ്. അവളയച്ച ഓരോ ഇമെയില്‍ കാണുമ്പോഴും നെഞ്ചില്‍ കൊളുത്തിപ്പിടിക്കുന്ന ഒരു വേദന തോന്നിയിരുന്നു. പിന്നെപ്പിന്നെ എനിക്കും വാശിയായി. ഞാനും വിളിക്കാതെയായി, ഇടയ്ക്ക് അവള്‍ വിളിച്ചിരുന്നെങ്കിലും ഞാന്‍ ഫോണ്‍ എടുക്കാന്‍ പോയില്ല. കവിത പോയി കൃത്യം രണ്ട് മാസം കഴിഞ്ഞപ്പോള്‍ എനിക്കു ജെറ്റ് എയര്‍വെയിസില്‍ ജോലി ശരിയായി, ട്രാവല്‍ എജെന്‍സിയില്‍ ജോലി തുടങ്ങിയ കാലത്തേ ഉള്ള സ്വപ്നം. പിന്നെ ഞാനും ബിസിയായി. വിചാരിച്ചതിലും ഉയര്‍ന്ന ശമ്പളം, വര്‍ണ്ണശഭളമായ പുതിയ ജോലി, പുതിയ അന്തരീക്ഷം, ജീവിത നിലവാരത്തിലുണ്ടായ മാറ്റം എല്ലാം എന്‍റെ മസസ്സില്‍ ഉണ്ടായ നീറ്റല്‍ മായ്ച്ചു കളയാന്‍ സഹായിച്ചിരുന്നിരിക്കണം. ഗോരെഗാവിലെ ഒറ്റ മുറിയില്‍ നിന്നും മുളുണ്ടിലെ ഫ്ലാറ്റിലേക്കുള്ള മാറ്റം എന്‍റെ ജീവിതത്തില്‍ വരാന്‍ പോകുന്ന ഒരുപാട് മാറ്റങ്ങളുടെ തുടക്കമായിരുന്നു.

നീണ്ട നാല് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ കവിതയെ വിളിച്ചു. ഈ നാല് വര്‍ഷങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരുന്നു, ഇപ്പോള്‍ അവളോട്‌ ഒരു വെറുപ്പും തോന്നുന്നില്ല, ഞാന്‍ അല്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ അവളെ നഷ്ടപ്പെടില്ലായിരുന്നു എന്നു തോന്നി. പോയ ബുദ്ധി ആന പിടിച്ചാല്‍ തിരികെ കിട്ടില്ലല്ലോ. ശാന്തമായ മനസ്സോടെ വെറുതെ പഴയ നമ്പര്‍ ഒന്ന് ഡയല്‍ ചെയ്തു നോക്കിയതാണ്, അത്ഭുതമേന്നെ പറയേണ്ടൂ അതാ അപ്പുറത്ത് കവിത, നമ്പര്‍ ഇത് വരെ മാറ്റിയിട്ടില്ല. കുറെ സംസാരിച്ചു ഞങ്ങളന്ന്. കല്യാണം തീരുമാനിച്ചിരിക്കുകയാണ് എന്നു പറഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ലേ? അറിയില്ല. പഴയ കാമുകനെത്തന്നെയാണ് കെട്ടാന്‍ പോകുന്നത്, നവംബര്‍ മുപ്പതിനാണ് കല്യാണം. നന്നായി, അവള്‍ക്കു നല്ലത് വരട്ടെ. ഓര്‍ക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ സമ്മാനിച്ച അവളെ ഞാനെങ്ങനെ വെറുക്കും? ഒരിക്കലുമില്ല. കല്യാണത്തിന് മുന്‍പ് വിളിക്കാം എന്നു പറഞ്ഞ് വച്ചു. എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും അവള്‍ക്കൊപ്പമുണ്ടാകും എന്നും.

അവളയച്ച പഴയ ഇമെയിലുകളെല്ലാം എല്ലാം ഇന്ന് ഞാന്‍ ഡിലീറ്റ് ചെയ്തു. ഫോണ്‍ നമ്പര്‍ മറക്കാന്‍ മനസ്സിനോട് പറഞ്ഞ് നോക്കാം, നടക്കുമോ എന്നറിയില്ല എങ്കിലും....

By: ചേര്‍ക്കോണം സ്വാമികള്‍ : പൂര്‍വ്വാശ്രമത്തിലെ കാര്യങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന ഒരു സന്യാസി.
How to post comments?: Click here 

0 Comments:

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon