1980-കള്‍ക്കുശേഷമാണ് രക്തസമ്മര്‍ദം മലയാളിയെ വലയം ചെയ്തു തുടങ്ങിയത്. ഫാസ്റ്റ് ഫുഡും അമിതാഹാരവും മാനസിക സഘര്‍ഷവും മരുന്നുകളുടെ അമിത ഉപയോഗവും ജീവിതത്തിന്റെ ഭാഗമായതോടെ ഉയര്‍ന്ന രക്തസമ്മര്‍ദവും കൂടെയെത്തി.
കാലത്ത് വൈകിയുള്ള ഭക്ഷണം അല്ലെങ്കില്‍ കാലത്ത് ഭക്ഷണം ഒഴിവാക്കുക, മാനസിക പിരിമുറുക്കം, ക്രമം തെറ്റിയുള്ള ഭക്ഷണക്രമങ്ങള്‍ ഇവ രക്തക്കുറവിനും കുറഞ്ഞ രക്തസമ്മര്‍ദത്തിനും വഴിതുറക്കുന്നു. കുറഞ്ഞരക്തസമ്മര്‍ദമുള്ളവരില്‍ ഉപ്പിന്റെ ഉപയോഗം കൂട്ടുവാനാണ് സാധാരണ നിര്‍ദേശിക്കുക.
ഹൃദയത്തിന്റെ പമ്പിങ് പ്രക്രിയയിലെ ഏറ്റക്കുറച്ചിലുകളാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിനു കാരണം. പ്രായവ്യത്യാസങ്ങള്‍ക്കനുസരിച്ചും മാനസിക-ശാരീരിക വ്യതിയാനങ്ങള്‍ക്കനുസരിച്ചും നേരിയ
വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും 140/ 90 മില്ലിമീറ്റര്‍ മെര്‍ക്കുറിക്ക് മുകളിലുള്ളതിനെ രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നും 100/60 നു താഴെയുള്ളതിനെ ന്യൂന രക്തസമ്മര്‍ദം അഥവാ കുറഞ്ഞ രക്തസമ്മര്‍ദം എന്നും പറയുന്നു.
രക്താതിമര്‍ദസമയത്ത് തലചുറ്റല്‍, ക്ഷീണം, മന്ദത, ഉറക്കക്കുറവ്, വേഗം ദേഷ്യംവരിക, ഉത്സാഹക്കുറവ്, വിശപ്പില്ലായ്മ, ഓര്‍മക്കുറവ്, കിതപ്പ്, കണ്ണില്‍ ഇരുട്ടുകയറുക, കൈകാല്‍ വിരലുകളില്‍ മരവിപ്പ്, സന്ധികളില്‍ വേദന, തലവേദന, ഛര്‍ദി തുടങ്ങിയവയില്‍ പലതും കണ്ടുവരുന്നു. ന്യൂനമര്‍ദ സമയത്തും ഇതിലെ പലതും പ്രകടമാകാറുണ്ട്.
രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും അപകടമാണ്. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ ബോധക്ഷയം സംഭവിക്കാം. ശിരസ്സിലേക്കുള്ള ധമനികള്‍ പൊട്ടി പക്ഷാഘാതത്തിനും മരണത്തിനും കാരണമാവാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം ചിലരില്‍ അന്ധതയ്ക്കും വഴിതെളിച്ചേക്കാം.
വൃക്കകളാണ് നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദം നോര്‍മലായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. വൃക്കകള്‍ ഉത്പാദിപ്പിക്കുന്ന 'റെനിന്‍' എന്ന ഹോര്‍മോണിന്റെ അളവുകൂടിയാല്‍ രക്തസമ്മര്‍ദമുയരും.
കൊളസ്റ്ററോള്‍ (കൊഴുപ്പ്) അടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ് സംക്രമണം മന്ദഗതിയിലാവുകയോ തടസ്സപ്പെടുകയോ ചെയ്യുന്നത് ഹൃദയസ്തംഭനത്തിനുവരെ കാരണമായേക്കാം. രോഗം വന്നശേഷം ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാനുള്ള ഉപാധി തേടുകയാണ്.
By: ഡോ. സന്തോഷ് മോഹന്‍
ചൈത്ര ഹോമിയോപ്പതിക് ക്ലിനിക്, തൃശ്ശൂര്‍
0 Comments:
Post a Comment