''മുകേഷേ, നീ സൂക്ഷിച്ചോണം. നീ പുലിയാണെങ്കില്‍ അവന്‍ പുപ്പുലിയാണ്. കൗണ്ടറടിച്ച് നിന്നെ വീഴ്ത്തിക്കളയും'', മുകേഷിന് ജഗദീഷിന്റെ വാണിങ്.
പക്ഷേ, അതൊന്നും മൈന്‍ഡ് ചെയ്യാതെ മുകേഷ് പറഞ്ഞു, ''എടേയ്, സുരാജേ... ഇത് ഇത്തിരി കടുപ്പമായിപ്പോയി.''
''എനക്ക് മനസ്സിലാവ്ണില്ല അണ്ണാ... എന്തര് പറയണത്'', സുരാജ് അന്തംവിട്ടു.
''എടാ... കൊല്ലത്ത് നീ കണ്ടില്ലേ ആ ബോര്‍ഡ്?'', മുകേഷ് ചോദിച്ചു.
''യേത് ബോര്‍ഡ്? യാര് വെച്ച്? അമ്മാണെ എനിക്കൊന്നും മനസ്സിലാവ്ണില്ല അണ്ണാ'', സുരാജിന്റെ മുഖത്ത് പരിഭ്രമം.
''യെടാ... കൊല്ലം ടൗണില് 'ഡ്യൂപ്ലിക്കേറ്റി'ന്റെ വലിയൊരു ഫ്ലക്‌സ് ബോര്‍ഡ്. അതില്‍ നിന്റെ ചിത്രത്തിനടുത്ത് മമ്മൂക്കയുടെ കട്ടൗട്ട്. അതിനുതാഴെ എഴുതിയിരിക്കുന്നു ബെസ്റ്റ് അടിക്കുറിപ്പ് എഴുതുന്നവന് സമ്മാനമെന്ന്. പലരും പല അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. 'വാളെടുത്തവന്‍ വാളാല്‍', 'മണ്ണും ചാരിനിന്നവന്‍ പെണ്ണുംകൊണ്ട് പോയി', 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്നൊക്കെ. ഇത് നീയും നിന്റെ ഫാന്‍സുംകൂടി മമ്മൂക്കക്കിട്ട് ഒന്നു വെച്ചതല്ലേ'', മുകേഷ് ചോദിച്ചു.
''സത്യായിട്ടും ഞാനറിയാത്ത കാര്യങ്ങള് പറയര്ത് അണ്ണാ. മമ്മൂക്ക എനക്ക് ദൈവമാണ്... ദൈവോം'', സുരാജ് കരച്ചിലിന്റെ വക്കിലെത്തി. ഇതുകണ്ട് മുകേഷ് പൊട്ടിച്ചിരിക്കുന്നു. ''ശ്ശെടാ... യവനിത് എന്തു പറ്റി? ഞാനൊരു തമാശ പറഞ്ഞതല്ലടേയ്. അവിടെ അങ്ങനെയൊരു കട്ടൗട്ടുമില്ല, മണ്ണാങ്കട്ടയുമില്ല.''
സുരാജിന് അക്കിടി പറ്റിയെന്ന് ബോധ്യമായി, ''അണ്ണന്‍ പൊളപ്പന്‍ സാധനം തന്നണ്ണാ... പറേണത് കേട്ടാല്‍ സത്യമാണെന്നേ തോന്നൂ...''
മുകേഷ് ഇങ്ങനെയൊക്കെയാണ്. ആരെക്കുറിച്ച് പറയുമ്പോഴും ഒരു ബെല്ലും ബ്രേക്കുമില്ല. വെറുതെ കഥകളുണ്ടാക്കും. ഒരുപക്ഷേ, ഇങ്ങനെ ചെയ്യാന്‍ മുകേഷിനേ പറ്റൂ... കാരണം ആരേയും വ്രണപ്പെടുത്താനല്ല മുകേഷ് ഇങ്ങനെയൊന്നും പറയുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. അവരെക്കൂടി രസിപ്പിക്കുന്ന തമാശകളേ മുകേഷ് കഥയാക്കാറുള്ളൂ. മുകേഷിന്റെ കഥയില്‍ പലപ്പോഴും 'കുത്തേറ്റു'വീണിട്ടും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അവരെക്കുറിച്ച് കഥ മെനയാനുള്ള ലൈസന്‍സ് മുകേഷിന് കൊടുത്തിട്ടുണ്ട്.
മുകേഷെന്തിനാ എല്ലാത്തിനും ഒരു കഥ കൂട്ടിച്ചേര്‍ത്ത് പറയുന്നത് എന്നു ചോദിച്ചാല്‍ പുള്ളിക്കാരന്‍ മറ്റൊരു കഥ പറയും
മമ്മൂട്ടിയുടെ ചിയേഴ്‌സ്
സിനിമയില്‍ ഏറ്റവും ചിട്ടയോടെ ജീവിക്കുന്ന ഒരാള്‍ ചിലപ്പോള്‍ മമ്മൂട്ടിയായിരിക്കും. തന്റെ സ്വഭാവത്തെക്കുറിച്ച് ആരുംതന്നെ മോശമായി സംസാരിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. പക്ഷേ ഇതുകൊണ്ട് ചില പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടാകാറുണ്ട്.
'സൈന്യം' എന്ന സിനിമയുടെ ഷൂട്ടിങ് ബാംഗ്ലൂരില്‍ നടക്കുന്ന സമയം. ഒരുപാട് നടീനടന്മാരുണ്ട് ആ സിനിമയില്‍. ഞങ്ങളൊക്കെ ഒരുമിച്ചൊരിടത്താണ് താമസം. മമ്മൂക്ക മാത്രം വേറൊരിടത്തും. വൈകീട്ട് ഷൂട്ടിങ് കഴിഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരുമൊരുമിച്ച് ടൗണില്‍ കറങ്ങാനിറങ്ങും. പബ്ബുകളിലും മറ്റുമായി രസികന്‍ കറക്കം. പക്ഷേ മമ്മൂക്ക മാത്രം എങ്ങോട്ടും വരില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ മുറിയിലെത്തി കതകടച്ചിരിക്കും. പുറത്തിറങ്ങി നടന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇമേജിനെ ബാധിക്കുമോ എന്ന ഭയമായിരുന്നു പുള്ളിക്കാരന്.
ഇത് ഞാന്‍ ശ്രദ്ധിച്ചു. 'പുള്ളിയെ ഒന്ന് വാട്ടിയെടുത്തിട്ടുതന്നെ കാര്യം', ഞാന്‍ മനസ്സിലുറപ്പിച്ചു. പിറ്റേന്ന് ലൊക്കേഷനില്‍ എത്തിയയുടന്‍ മമ്മൂക്ക കേള്‍ക്കെ ഞാന്‍ ഉറക്കെ പറഞ്ഞു, ''ഇന്നലെ ആ പബ്ബില്‍ എന്തുരസമായിരുന്നു. ബിയറുകുടി, സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ഡാന്‍സ്. കെട്ടിപ്പിടുത്തം ഒന്നും പറയണ്ട... ഇതാണ് ജീവിതം.''
ഇങ്ങനെ പ്രലോഭനമുണ്ടാക്കുന്ന പലതും ഓരോ ദിവസവും ഞാന്‍ വന്ന് ലൊക്കേഷനില്‍ പറയും. ഒരുദിവസം മമ്മൂക്ക എന്റെയടുത്ത് വന്ന് സ്വരം താഴ്ത്തി ചോദിച്ചു, ''അല്ല മുകേഷേ.. നീ ഈ പറയുന്നതൊക്കെ സത്യമാണോ?''
''സത്യമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം വന്നുനോക്ക്,'' |ഞാന്‍ പറഞ്ഞു.
''നീയിങ്ങനെ നാശമാവരുത്. നീ ഷൂട്ടിങ് കഴിയുമ്പോള്‍ എന്റെ മുറിയില്‍ വാ. അവിടെ നമുക്ക് തമാശയൊക്കെ പറഞ്ഞ് ഇരിക്കാം.'' മമ്മൂക്ക ഉപദേശത്തിലോട്ട് കടന്നു.
''സോറി മമ്മൂക്ക. ഞങ്ങള്‍ക്ക് ബിയര്‍ കഴിക്കണം. സുന്ദരികളായ പെണ്ണുങ്ങളെ കാണണം. ഇതൊന്നും മുറിക്കകത്ത് പറ്റില്ലല്ലോ.'' ഞാന്‍ പറഞ്ഞു.
പിറ്റേന്ന് വീണ്ടും പുള്ളിയെ ചൂടാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു, ''ഇന്നലത്തെ ദിവസം ഞാന്‍ മരിക്കുവോളം മറക്കില്ല. എന്തൊരു രസമായിരുന്നു. എന്നും ജീവിതം ഇങ്ങനെയായിരുന്നെങ്കില്‍.''
മമ്മൂക്ക അടുത്തെത്തി, ''നീയിന്ന് വൈകീട്ട് ടൗണില്‍ പോകുമ്പോള്‍ ഞാന്‍ കൂടി വരാം.''
''കൂടെ വരുന്നതൊക്കെ കൊള്ളാം. പക്ഷേ ഒരു കണ്ടീഷനുണ്ട്. ഞങ്ങളുടെ ഗ്യാങ്ങില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ ഇതുപോലെ മസില് പിടിച്ച് നടക്കാനൊന്നും പറ്റില്ല. എല്ലാവരും ഭായി ഭായി.'' ഞാന്‍ നിബന്ധന വച്ചു.
''സമ്മതിച്ചിരിക്കുന്നു,'' മമ്മൂക്കയുടെ മറുപടി.
''പിന്നെ വേറൊരു കണ്ടീഷന്‍. ഞങ്ങള്‍ ബിയര്‍ കഴിക്കും. നിങ്ങളും കഴിക്കണം,'' ഞാന്‍ പറഞ്ഞു.
'' അതൊന്നും പറ്റില്ല... പറ്റില്ല... ബിയര്‍ കഴിക്കണതൊക്കെ ആരെങ്കിലും കണ്ടാല്‍ അതുമതി ജീവിതം കുളമാകാന്‍,'' മമ്മൂക്ക പേടിയോടെ പറഞ്ഞു.
''എന്നാല്‍ മമ്മൂക്ക വരേണ്ട,'' ഞാന്‍ നിബന്ധന കര്‍ശനമാക്കി.
''എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം. നിങ്ങള് എല്ലാവരും ബിയറ് കഴിച്ചോ. എന്റെ മുന്നില്‍ ഒരു ഒഴിഞ്ഞഗ്ലാസ് വെച്ചാല്‍ മതി. ഞാന്‍ കുടിക്കുന്നതായി നിങ്ങള്‍ സങ്കല്പിച്ചാല്‍ മതിയല്ലോ,'' മമ്മൂക്ക വീണ്ടും അയഞ്ഞു.
വൈകീട്ട് ഞങ്ങള്‍ മമ്മൂക്കയുടെ മുറിയില്‍ പോകുന്നു. അദ്ദേഹത്തെക്കൂട്ടി നഗരത്തിലേക്ക്.
ആദ്യം ഞങ്ങള്‍ ഒരു ബാറില്‍ കയറി. അവിടെയെങ്ങും ആരുമില്ല. മമ്മൂക്കക്ക് സന്തോഷമായി,''ഇവിടെ മതി. ഇവിടെയാകുമ്പോള്‍ ആരും കാണില്ല.''
ഞാന്‍ പറഞ്ഞു, ''അതു ശരിയാകില്ല. കുറച്ച് ആള്‍ക്കാരും ബഹളവുമൊക്കെ വേണം. കാണാന്‍ ഭംഗിയുള്ള പെണ്‍പിള്ളേര് വേണം എന്നാലേ ഒരു രസം കിട്ടൂ.''
മമ്മൂക്കയുടെ മുഖം വിളറി. പരിചയക്കാര്‍ ആരെങ്കിലും കാണുമോ എന്ന് ശങ്കിച്ചാണ് പുള്ളിക്കാരന്റെ നടപ്പ്. നേരെ ഞങ്ങള്‍ 'ബ്ലാക് കാഡിലാക്' എന്ന പബ്ബില്‍ പോയി. അവിടെ ആവശ്യത്തിന് തിരക്കുണ്ട്. ഭംഗിയുള്ള പെണ്‍പിള്ളാരുണ്ട്, ഡാന്‍സുണ്ട്. ''ഓ.കെ. ഇവിടെ മതി,'' ഞാന്‍ പറഞ്ഞു.
പെട്ടെന്ന് ആളുകളുടെ ശ്രദ്ധ എത്താത്തിടത്ത് പോയി ആദ്യമേ മമ്മൂക്ക സീറ്റ് പിടിച്ചു. എല്ലാവരും ഒരുമിച്ചിരുന്നു. ഞങ്ങള്‍ ബിയര്‍ ഓര്‍ഡര്‍ ചെയ്തു. മമ്മൂക്കയുടെ ഗ്ലാസില്‍ മാത്രം ബിയര്‍ ഒഴിക്കുന്നില്ല. എന്നാലും പുള്ളി ഗ്ലാസുയര്‍ത്തി ചിയേഴ്‌സ് പറഞ്ഞു. അപ്പോഴും നാലുപാടും പേടിയോടെ നോക്കുകയാണ് മമ്മൂക്ക. ആരെങ്കിലും കണ്ടാല്‍ അതോടെ ജീവിതം തുലഞ്ഞതുതന്നെ എന്ന മട്ടില്‍.
പെട്ടെന്ന് ഞാനൊരു കാര്യം ശ്രദ്ധിച്ചു. സുന്ദരിമാരായ രണ്ട് കോളേജ് കുമാരിമാര്‍ തൊട്ടടുത്ത മേശയിലിരിക്കുന്നു. രണ്ടുപേരും മദ്യം കഴിക്കുന്നുണ്ട്. അവര്‍ ഞങ്ങളെ ഇടയ്ക്കിടെ നോക്കുന്നുണ്ട്. ഞാന്‍ അവരെ നോക്കി കൈ കാണിച്ച് ചിരിച്ചു. അവര്‍ തിരിച്ച് എന്നെയും വിഷ് ചെയ്തു.
ഉടനെ മമ്മൂക്കയുടെ എല്ലാ കണ്‍ട്രോളും പോയി; ''ഇതു പറ്റില്ല. ഞാന്‍ നിങ്ങളുടെ കൂടെ വന്നത് നിങ്ങളുടെ തമാശയില്‍ പങ്കെടുക്കാനും കുറച്ചുനേരം സംസാരിച്ചിരിക്കാനുമാണ്. നിങ്ങളിത്... ഛെ ചീപ്പ്.''
ഉടനെ ഞാന്‍ പറഞ്ഞു, ''ഇതൊക്കെ ഞങ്ങളുടെ ഗ്യാങ്ങിനകത്ത് ഉള്ളതാണ്. ഞങ്ങള്‍ പെണ്‍പിള്ളാരെ നോക്കും, കമന്റടിക്കും ചിലപ്പോള്‍ കെട്ടിപ്പിടിച്ചെന്നും വരും.''
മമ്മൂക്ക മിണ്ടാതെയിരുന്നു. ''കണ്ടാല്‍ മലയാളി പെണ്‍കുട്ടികളെ പോലെയുണ്ട്. ഒന്ന് വളച്ചാലോ,'' ഞാന്‍ പറഞ്ഞു.
ഉടന്‍ മമ്മൂക്ക ചൂടാവാന്‍ തുടങ്ങി, ''മലയാളി പെണ്‍കുട്ടികളാണെങ്കില്‍ നീയെന്താ അവരെയങ്ങ് വളയ്ക്കുമോ. നിനക്കും ലാലിനുമൊക്കെ
ഒരു വിചാരമുണ്ട്. ആര്‍ക്കും എപ്പോഴും വളയ്ക്കാവുന്ന ഉപകരണമാണ് പെണ്ണെന്ന്.''
ഞാന്‍ പറഞ്ഞു, ''അതു പറയരുത്. വേണമെങ്കില്‍ ഞാന്‍ വളച്ചുകാണിച്ചുതരാം. അയ്യായിരം രൂപ ബെറ്റ്.''
''എന്നാല്‍ നീയത് ചെയ്യ്,'' മമ്മൂക്ക വെല്ലുവിളിച്ചു.
ഞാന്‍ പെണ്‍കുട്ടികള്‍ക്കടുത്തേക്ക് പോകാനെണീറ്റപ്പോഴേ പുള്ളി പറഞ്ഞു, ''ഞാന്‍ തോറ്റു. നീ പോകണ്ട.''
ഞാന്‍ പറഞ്ഞു, ''അതു പറ്റില്ല. മുകേഷ് പറഞ്ഞാല്‍ പറഞ്ഞത് ചെയ്തിരിക്കും.'' മമ്മൂക്കയുടെ മുട്ട് വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം.
ഞാന്‍ എണീറ്റ് പെണ്‍കുട്ടികള്‍ ഇരിക്കുന്നിടത്തേക്ക് പോയി.
''നിങ്ങള്‍ കോട്ടയത്താണോ, എറണാകുളത്താണോ,'' ഞാന്‍ ചോദിച്ചു.
''ഞങ്ങള്‍ മലയാളികളല്ല. കന്നടക്കാരാണ്,'' അവര്‍ പറഞ്ഞു.
''പിന്നെ നിങ്ങളെന്തിനാ ഞങ്ങളെ നോക്കി ചിരിച്ചത്'', എന്റെ ധൈര്യം മുഴുവന്‍ ചോരാന്‍ തുടങ്ങി.
''ഞങ്ങള്‍ നിങ്ങളെയല്ല നോക്കിയത്. അവിടെ ഇരിക്കുന്നത് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണോ എന്ന് സംശയം തോന്നി നോക്കിയതാണ്,'' അവര്‍ പറഞ്ഞു.
ഞാന്‍ ശരിക്കും കുഴഞ്ഞു. ''എന്റെ പൊന്നു സഹോദരിമാരെ അവിടെയിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. നിങ്ങളുടെ കൂട്ടത്തിലിരുന്ന് ഒരു ബിയര്‍ ഷെയര്‍ ചെയ്ത് കഴിച്ചുകാണിക്കാമെന്ന് ഞാനദ്ദേഹവുമായി ബെറ്റ് വച്ചിരിക്കുകയാണ്. സഹായിക്കണം. ഈ ബിയറിന്റെ പൈസ ഞാന്‍ കൊടുത്തുകൊള്ളാം,'' ഞാന്‍ കേണപേക്ഷിച്ചു.
അവര്‍ ഓ.കെ. പറഞ്ഞു. ഞങ്ങള്‍ ബിയര്‍ ഗ്ലാസുകളിലേക്ക് ഒഴിച്ചു. ചിയേഴ്‌സ് പറയാനൊരുങ്ങവേ മമ്മൂക്ക ചാടിയെണീറ്റു. ''വാ... വാ.. പോകാം. ഇനിയിവിടെ നില്‍ക്കണ്ട. ഇനി നിന്നാല്‍ ആകെ നാറും. നാളെ നാട്ടുകാര് പറയും മമ്മൂട്ടിയും സംഘവും ഹോട്ടലില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്ന്. അതു മതി ജീവിതം നശിക്കാന്‍,'' മമ്മൂക്ക ഒറ്റയോട്ടമാണ് കാറിലേക്ക്.
Sibi Gopalakrishnan
International American University
1 Comments:
ഇതൊക്കെ സത്യങ്ങള്‍ തന്നെടെ?
Post a Comment