ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്റെ പ്രണയം. അതിന്റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള് വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള് പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്ക്കുന്ന ആ ചെമ്പകത്തിന്റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്റെ അടുത്ത ഉന്നം.
തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന് കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള് എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള് വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള് വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള്‍ ആത്മാര്‍ഥമായി പ്രണയിച്ചു.
എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...
അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്റെ വീട്ടില്‍ ചേട്ടന്മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന് ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.
എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.
ദൈവത്തിനു നന്ദി!
ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.
അവളുടെ അപ്പന് ഇറച്ചിവെട്ടുകാരന് അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.
ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.
അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്റെ ചങ്കുപൊട്ടി.
ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന് സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.
നമുക്ക് ആത്മഹത്യ ചെയ്യാം....?!!!
ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്റെ ഉള്ള ജീവന് അതോടെ പോയിക്കിട്ടി!!!
പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
എങ്ങനെ മരിക്കണം???
തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള് തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!
മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???
തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള് തിരുത്തിത്തന്നു.
പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള് എടുത്തു ചാടി.
ഡും!!
ഞങ്ങളു മരിച്ചു.
പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല് കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.
ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.
ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.
ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.
ദൈവം റൊമാന്റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.
പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.
രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.
ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.
പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര് ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.
എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള് എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.
എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല് പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....
എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.
പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്റെ പിന്നാലെ നടക്കരുത്!!!
നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്റെ പട്ടിപോകും!!!
പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.
എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!
By: Sunish
6 Comments:
Go man this is not for everyone i am enjoying my life with my wife life partner is God's precious gift
Superb....................kALAkALAKKAN..!!
ഇത് ഏതോ ഒരു ന്യൂസ് പേപ്പറില്‍ വന്നയിരുന്നല്ലോ.....
തുടക്കം ഭയങ്കര റൊമാന്റിക് ആയിരുന്നു. ഇതിനെ നല്ലൊരു പ്രണയകഥ ആക്കാമായിരുന്നു.
ha ha good work,,, now only I came to know in heaven people use slippers..
sunish... i posted this story in my blog also.. any issues please send ur reply
Post a Comment