![](http://i596.photobucket.com/albums/tt42/fredyrony/Doordarshan.png)
ഏതോ തമിഴ് പ്രോഗ്രാം കണ്ട് അന്തംവിട്ടദിനം. പിന്നീട് കൊല്ലത്തെ ബന്ധുവീട്ടിലിരുന്ന് കൃഷിദര്ശന് കണ്ട മറ്റൊരു ദിവസം.
അന്നൊക്കെ കോട്ടയം ജില്ലക്കാര്ക്കുപോലും ദൂരദര്ശന് കിട്ടുമായിരുന്നില്ല. ഒടുവില്‍ 84 ല്‍ വീട്ടില്‍ ടി.വി. വന്നു. അന്നുമുതല്‍ മാറ്റിമറിയ്ക്കപ്പെട്ടു, ഒഴിവുവേളകളുടെ വിനോദസാധ്യതകള്‍! അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്താന്‍ കഴിയുന്ന ഈ വിഡ്ഢിപ്പെട്ടി മെല്ലെമെല്ലെ ദിവസത്തിന്റെ ഭൂരിഭാഗവും അപഹരിച്ചുതുടങ്ങി.
ഉച്ചയ്ക്ക് 2.30 നോ മറ്റോ കറങ്ങുന്ന ലോഗോയും പശ്ചാത്തലസംഗീതവുമായി ദൂരദര്‍ശന്റെ ചിഹ്നം തെളിയുമ്പോള്‍ മുതല്‍ അതിനു മുന്നില്‍ ആബാലവൃദ്ധം ജനങ്ങളും കുത്തിയിരുന്നു. സ്പൈഡര്മാന്, നുക്കഡ്, ബുനിയാദ്, സര്‍ക്കസ്, ഫൗജി, ചിത്രഹാര്‍, മാല്‍ഗുഡി ഡേയ്സ്, ഗുല്ഗുല്ഷര് ഗുല്‍ഫാം, രാമായണം, കൈരളീവിലാസം ലോഡ്ജ് - ഇങ്ങനെ ഏതു പരമ്പരയും കുത്തിയിരുന്നു കണ്ടുതീര്‍ത്തു. പ്രൈം ടൈമില്‍ പ്രത്യക്ഷപ്പെടുന്ന കൃഷിദര്ശന് മുതല്‍ `ആരോടും മമതയോ പരിഭവമോ' ഇല്ലാതെ വായിക്കപ്പെടുന്ന വാര്‍ത്തവരെ എല്ലാം കണ്ണിമചിമ്മാതെ കണ്ടുതീര്‍ത്തു. മനസുമടുപ്പിക്കുന്ന രംഗസജ്ജീകരണങ്ങളോടെ വരുന്ന നൃത്ത-ഗാനപരിപാടികളും മുഷിപ്പുകൂടാതെ കണ്ടു. കാരണം, അതേയുണ്ടായിരുന്നുള്ളൂ വഴി. ദൂരദര്ശന് പറയുന്നതെല്ലാം വേദവാക്യമായും കാണിക്കുന്നതെല്ലാം ലോകോത്തരദൃശ്യങ്ങളായും അംഗീകരിച്ചു ഇന്ത്യയിലെ ജനങ്ങള്‍.
അങ്ങനെയിരിക്കെ, സ്വകാര്യചാനലുകള്‍ വന്നു തിരതള്ളി. ആദ്യകാലത്തെ ആന്റിനകള്‍ വലിയ ഡിഷിനും പിന്നീടവ കേബിളിനും ഇപ്പോള്‍ പപ്പടപരുവത്തിലുള്ള ഡിഷിനും വഴിമാറി. ബി.ബി.സിയും നാഷണല്‍ ജ്യോഗ്രഫിക്കും പോലെയുള്ള വിസ്മയചിത്രങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ദൂരദര്‍ശനെ നാം അട്ടത്തു കയറ്റി. പിന്നീട് എണ്ണമറ്റ മലയാളം ചാനലുകളും വന്നു. അവ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നാം സഹിച്ചു. കാരണം, അവയുടെ കോപ്രായങ്ങള്പോലും ദൂരദര്‍ശന്റെ നിലവാരത്തിലും മേലെയാണ്!
അരമണിക്കൂര്‍പോലും തിരുവനന്തപുരം ദൂരദര്‍ശന്റെ സ്ക്രീനില്‍ നോക്കിയിരിക്കാന്‍ പറ്റില്ല. അത്രയ്ക്ക് അസഹ്യം. വെറും അഭിമുഖത്തിന്റെ പോലും പശ്ചാത്തലസജ്ജീകരണങ്ങള് ആലപ്പി തീയറ്റേഴ്സിന്റെ സ്റ്റേജിനെ ഓര്‍മ്മിപ്പിക്കും. യാതൊരു സെന്സുമില്ലാത്ത ആശാരിമാരോ രംഗശില്പികളോ ആണ് ആ ചാനലിന്റെ വിഷ്വല്‍ ബ്യൂട്ടി നശിപ്പിച്ചു കുട്ടിച്ചോറാക്കിയത്. എന്തൊക്കെയോ നിറങ്ങള്‍ വാരിപ്പൂശി, രാജസ്ഥാനി ഹവാമഹലിന്റെ വികൃതാനുകരണം പോലെയാണ് നൃത്ത-ഗാന രംഗസജ്ജീകരണങ്ങള്‍. ഇന്റര്‍വ്യു ചെയ്യുന്നവരും പരിപാടികള്‍ അവതരിപ്പിക്കുന്നവരും വീട്ടില്‍നിന്ന് വഴക്കുണ്ടാക്കിയിട്ട് ഇറങ്ങിവന്നവരാണെന്നു തോന്നും.
ബി.ബി.സിയും ഒരു ഭരണകൂട സ്ഥാപനമാണ്. ലോകം കീഴടക്കിയ ചാനല്‍. അങ്ങനെ വലിയ `സംഭവ'മൊന്നുമായില്ലെങ്കിലും മനുഷ്യന് കാണാന്‍ കൊള്ളാവുന്ന സജ്ജീകരണങ്ങളും പരപാടികളും ഒരുക്കാനെങ്കിലും ശ്രമിക്കണം. കുടപ്പനക്കുന്നിനപ്പുറത്തെ ലോകം കണ്ടിട്ടില്ലാത്ത ദൂരദര്ശന് പ്രൊഡ്യൂസര്‍മാരെയും ജീവനക്കാരെയും നിരന്തരം ക്ലാസ്കൊടുത്ത് ലോകത്തിന്റെ മത്സരഗോദയിലിറങ്ങാന് പ്രാപ്തരാക്കണം. കൂടുതല്‍ സൗന്ദര്യബോധമുള്ളവരാക്കിമാറ്റണം. ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഏജീസ് ഓഫീസിലെ ക്ലാര്‍ക്കിന്റെ ജോലിയല്ല, ദൂരദര്‍ശനിലെ ജീവനക്കാരന്റേതെന്ന് പറഞ്ഞുമനസിലാക്കിക്കൊടുക്കണം.
അല്ലെങ്കില്‍ മറ്റൊരു എയര്‍ ഇന്ത്യയായി ഏറെത്താമസിയാതെ ദൂരദര്ശന് മാറും.
By: ബൈജു എന്‍. നായര്‍
4 Comments:
OK.. but it is really harasing... and cut the programs in inhalf time without notification..?
ya u r said the right thing....i am also think about such this things many times
ദൂരദര്‍ശനില്‍ മാത്രമുള്ളതും, മറ്റു ചാനലുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ഒരു പരിപാടിയാണ് “ തടസ്സം”
തിരുവോണത്തിന് സുപ്പെര് ഹിറ്റ് ചലച്ചിത്രം റോജ . അവിട്ടം ദിന സ്പെഷ്യല്‍ ചലച്ചിത്രം മൃഗയ .. ഓണത്തിന് ഒപ്പന, പെരുന്നാളിന് മാര്‍ഗംകളി ,ക്രിസ്സ്മസ്സിനു തിരുവാതിര ... അങ്ങിനെ പോണു ക്രൂരധര്ശന്റെ പരിപാടികള്‍ ....ഒരു സംശയം ... റോജ കണ്ടുപിടിക്കുന്നതിനു മുമ്പ് സ്വാതന്ത്ര്യദിനവും തിരുവോനതിനും ഒക്കെ എന്താ ചെയ്തിരുന്നത് ???
Post a Comment